Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എംഎൽഎമാരെ കോൺഗ്രസ് നിലയ്ക്കു നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് കുമാരസ്വാമി; കോൺഗ്രസ് ഗുമസ്തനെപ്പോലെ കാണുന്നു എന്ന് പറഞ്ഞ് നേരത്തേ പിണങ്ങിയ ദൾ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിൽ എന്ന് സൂചന; ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന് നാന്ദികുറിച്ച കർണാടക സർക്കാർ മാസങ്ങൾ പിന്നിടുമ്പോൾ അടിച്ചുപിരിയുമോ? പ്രതിസന്ധി രൂക്ഷമായത് സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെ തുടർന്ന്

എംഎൽഎമാരെ കോൺഗ്രസ് നിലയ്ക്കു നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് കുമാരസ്വാമി; കോൺഗ്രസ് ഗുമസ്തനെപ്പോലെ കാണുന്നു എന്ന് പറഞ്ഞ് നേരത്തേ പിണങ്ങിയ ദൾ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിൽ എന്ന് സൂചന; ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന് നാന്ദികുറിച്ച കർണാടക സർക്കാർ മാസങ്ങൾ പിന്നിടുമ്പോൾ അടിച്ചുപിരിയുമോ? പ്രതിസന്ധി രൂക്ഷമായത് സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പിന്നീട് ഗോവയിലും ബിജെപിയുടെ കളികൾക്ക് മുന്നിൽ അധികാരം വിട്ടുകൊടുത്ത കോൺഗ്രസിന് ഒടുവിൽ കിട്ടിയ കർണാടകത്തിലും അടിപതറുന്നോ? കോൺഗ്രസിന്റെ കരുത്തനായ കെസി വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ബിജെപിയുടെ കുതിരക്കച്ചവട നീക്കം പൊളിച്ചുവെന്ന് ആശ്വസിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വീണ്ടും ജനതാദളും കോൺഗ്രസും തമ്മിൽ അടിതുടങ്ങി. ഇതോടെ മാസങ്ങൾ മാത്രം മാത്രം പ്രായമായ കോൺഗ്രസ്-ദൾ ബാന്ധവവും കരിനിഴലിലായിരിക്കുകയാണ്. ഇങ്ങനെയെങ്കിൽ വരാൻപോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കർണാടകത്തിലും വലിയ പ്രതീക്ഷ വച്ചുപുലർത്തേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.

ഈ വർഷം ആദ്യം തുടങ്ങിയ പ്രതിസന്ധി കടുത്ത സ്ഥിതിയിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് എംഎൽഎമാരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ താൻ രാജിവച്ചൊഴിയുമെന്ന് പറഞ്ഞ കുമാരസ്വാമി സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ കോൺഗ്രസ്-ദൾ സഖ്യം കർണാടകത്തിൽ അടിച്ചുപിരിയുന്ന സ്ഥിതിയിലെത്തി. കർണാടകയിൽ ഭരണപക്ഷത്തെ തർക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെ കോൺഗ്രസ് നിയമസഭാംഗങ്ങൾക്ക് എതിരെ രംഗത്ത് എത്തിയതോടെയാണ് ദൾ-കോൺഗ്രസ് ഭരണം അവസാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നത്.

കോൺഗ്രസ് നിയമസഭാംഗങ്ങളെ പാർട്ടി നേതൃത്വം നിലയ്ക്കു നിർത്തണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയാറാണെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ് എംഎൽഎമാർ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണെന്ന് പറഞ്ഞ കുമാരസ്വാമി ദൾ-കോൺഗ്രസ് തർക്കം അതീവ ഗുരുതരമാണെന്ന സൂചനകളാണ് നൽകിയത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെ തുടർന്നാണ് കുമാരസ്വാമി കടുത്ത നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ആൾ താനല്ലെന്നും പരാമർശങ്ങൾ തുടരാനാണു കോൺഗ്രസ് നേതാക്കളുടെ തീരുമാനമെങ്കിൽ സ്ഥാനം ഉപേക്ഷിക്കാനും തയാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ആഹ്വാനം ചെയ്ത എംഎൽഎയ്ക്ക് കോൺഗ്രസ് നേതൃത്വം നോട്ടിസ് അയച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും കോൺഗ്രസ് അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് എംഎൽഎമാർ കുമാരസ്വാമിക്കെതിരെ രംഗത്തുവന്നതെന്നും സൂചനകളുണ്ട്. അവരുടെ പ്രതികരണവും അത്തരത്തിലാണ്. അഭിപ്രായം അറിയിക്കുന്നതിൽ എന്താണു തെറ്റെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര പ്രതികരിച്ചതുതന്നെ ഇതിന്റെ സൂചനയായി. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്? ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെന്ന നിലയിൽ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര വ്യക്തമാക്കി. സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കർണാടക മന്ത്രി എം ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ള കോൺഗ്രസ് നിയമസഭാംഗങ്ങൾ നിലപാടെടുത്തിതോടെയാണ് ഒരുവിധം അടങ്ങിയിരുന്ന തർക്കം വീണ്ടും കടുത്തത്.

ഈ മാസം ആദ്യം ബിജെപി നടത്തിയ കുതിരക്കച്ചവട നീക്കത്തിൽ ചില കോൺഗ്രസ് എംഎൽഎമാരും ദൾ എംഎൽഎമാരും മറുകണ്ടം ചാടാൻ സാധ്യത തെളിഞ്ഞിരുന്നു. നേതൃത്വവുമായി പിണങ്ങിയവരെ കയ്യിലെടുക്കാൻ ബിജെപി നടത്തിയ നീക്കം ഒട്ടൊക്കെ വിജയിച്ചെങ്കിലും ദള്ളും കോൺഗ്രസും തമ്മിലുള്ള പടലപ്പിണക്കം ഇപ്പോൾ കൂടുതൽ ആഴത്തിലേക്ക് എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയെന്ന നിലയിൽ കുമാരസ്വാമിയുടെ പ്രവർത്തനങ്ങളെ കോൺഗ്രസ് നിയമസഭാംഗങ്ങൾ ചോദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ വൻ തുക നൽകി സ്വന്തമാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓപറേഷൻ താമര ഇപ്പോഴുമുണ്ടെന്നും ഞെട്ടിക്കുന്ന തുകകളാണു വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. എന്നാൽ കുമാരസ്വാമിയുടെ ആരോപണം ബിജെപി തള്ളി. അതേസമയം, ഇരു പാർട്ടികളും തമ്മിൽ തന്നെ പ്രശ്‌നം വഷളായതോടെ ഈ സഖ്യം ദീർഘനാൾ മുന്നോട്ടുപോകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.

ദൾ-കോൺഗ്രസ് സഖ്യം പൊളിഞ്ഞാൽ വലിയ നേട്ടം ബിജെപിക്ക്

2018 പകുതിയോടെ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി എത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. ഇതിനായി ഗവർണറെ വരെ ഉപയോഗിച്ച് നീക്കം നടന്നെങ്കിലും ചുരുങ്ങിയ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസും ദള്ളും ചേർന്ന് ധാരണയിലെത്തി സർക്കാർ രൂപീകരിക്കുകയായിരുന്നു. സുപ്രീംകോടതി പാതിരാത്രി പിന്നിട്ട് പോലും വാദംകേട്ട് തീർപ്പുകൽപ്പിക്കേണ്ട നിലയിലേക്ക് ചരിത്രത്തിലാദ്യമായി കാര്യങ്ങളെത്തിയതോടെ ഇക്കഴിഞ്ഞ കർണാടക അസംബ്‌ളി തിരഞ്ഞെടുപ്പ് അതുകൊണ്ടും ശ്രദ്ധേയമായി. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ട് ദേവഗൗഡയേയും മകൻ കുമാരസ്വാമിയേയും അനുനയിപ്പിച്ച് കൂടേക്കൂട്ടിയാണ് ബിജെപിക്കെതിരെ ഒരു സംസ്ഥാനത്തിൽ അധികാരത്തിലെത്തുകയെന്ന മോഹം കോൺഗ്രസ് സാക്ഷാത്കരിച്ചത്. കർണാടകത്തിൽ ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്താനും സർക്കാർ രൂപീകരിക്കാനും ചുക്കാൻ പിടിച്ചതുകൊണ്ടു കൂടിയാണ് കെസി വേണുഗോപാൽ എഐസിസി സംഘടനാ ജനറൽസെക്രട്ടറിയായി അവരോധിതനായതും.

ഇത്തരത്തിൽ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത അധികാരം കർണാടകത്തിൽ കളഞ്ഞുകുളിച്ചാൽ അത് കോൺഗ്രസിന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടിയായി മാറും. ഇത് കൃത്യമായി അറിയാവുന്ന ബിജെപി അതിനായി കളമൊരുക്കാൻ തുടക്കംമുതലേ ശ്രമം നടത്തുകയും ചെയ്തിരുന്നു. ബിജെപിക്ക് ജയിച്ചുകയറാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു കർണാടകം. എന്നാൽ അവസാന ഘട്ടത്തിൽ സംസ്ഥാനത്തെ നിർണായക ജാതിരാഷ്ട്രീയക്കളിയാണ് കോൺഗ്രസിന് കുറച്ചെങ്കിലും തുണയായത്. ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളാണ് സംസ്ഥാനത്ത് വിധി നിർണയിക്കുന്നതിൽ നിർണായകം. അവരുടെ സ്വാധീനം ബിജെപിക്കൊപ്പം തന്നെ ആയിരുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെ കഴിഞ്ഞതവണ അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ ലിംഗായത്ത്- വീരശൈവ സമുദായത്തിന് അവരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വതന്ത്ര മതപദവി അനുവദിച്ചു നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഇത്തരമൊരു നീക്കത്തിലൂടെ കോൺഗ്രസിന് അവരുടെ പിന്തുണ നേടാനുമായി.

ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജനതാദള്ളും ഒറ്റയ്‌ക്കൊറ്റയ്ക്ക് കളത്തിലിറങ്ങിയതോടെ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനായി. തിരഞ്ഞെടുപ്പിന് മുമ്പ് ദള്ളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിയാതിരുന്നത് വലിയ വീഴ്ചയായെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ദൾ-കോൺഗ്രസ് സർക്കാരിന് അധികാരത്തിലെത്താൻ സാഹചര്യമുണ്ടാവുകയായിരുന്നു. ഇത്തരത്തിൽ കഷ്ടപ്പെട്ട് അധികാരം നേടിയത് കോൺഗ്രസിന് ദേശീയ തലത്തിൽ പുത്തൻ ഉണർവാണ് സൃഷ്ടിച്ചത്.

പൊളിയുക ബിജെപി വിരുദ്ധ സഖ്യസാധ്യതകൾ

ബിജെപിക്കെതിരെ മറ്റു കക്ഷികളുമായി ചേർന്ന് ഐക്യത്തോടെ നീങ്ങിയാൽ അവരെ ദേശീയ തലത്തിൽ അധികാരത്തിൽ നിന്ന് നീക്കാനാകുമെന്ന ആത്മവിശ്വാസം കോൺഗ്രസിന് മാത്രമല്ല, ബിജെപിയെ എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്കും വന്നത് ഇങ്ങനെയാണ്. ഇതിന്റെ പ്രതിഫലനം പിന്നീട് ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം അവസാനം നടന്ന മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു. തെലങ്കാനയിലും മിസോറാമിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ഇടം നൽകാതെ പ്രാദേശിക കക്ഷികൾ അധികാരത്തിലെത്തി.

ഇത്തരത്തിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പാർട്ടികളുടെ ഐക്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതിന് ചുവടുവയ്പായത് കർണാടകമായിരുന്നു. കുമരസ്വാമി സർക്കാരിന്റെ അധികാരമേൽക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയ പിണറായിയും യെച്ചൂരിയും മമതയും മായാവതിയും അഖിലേഷ് യാദവും ശരത് യാദവും മാത്യു ടി തോമസും ഉൾപ്പെടെ രാഹുലിനും സോണിയക്കും ഒപ്പം കൈകോർത്തു നിന്നു. ഇത്തരത്തിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന്റെ ചുവടുവയ്പായി വ്യാഖ്യാനിക്കപ്പെട്ട വിജയം ബിജെപിയെ തെല്ലൊന്നുമല്ല വിറളിപിടിപ്പിച്ചത്. അതിന്റെ പ്രതിഫലനം ദേശീയ തലത്തിൽ ഉണ്ടായാൽ വീണ്ടും ദേശീയ തലത്തിൽ അധികാരത്തിലെത്തുക അത്ര എളുപ്പമല്ലെന്ന് മോദിയും അമിത്ഷായും തിരിച്ചറിഞ്ഞതോടെയാണ് കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ചരടുവലികളും പിന്നീടും തുടർന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കർണാടകത്തിലെ ദൾ-കോൺഗ്രസ് സഖ്യം പൊളിക്കാനായാൽ അത് ബിജെപിക്ക് വലിയ നേട്ടമാകും. കർണാടകത്തിലെ കുറച്ചു സീറ്റുകൾ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ അതിന്റെ പ്രതിഫലനവും ഉണ്ടാകും. തന്നെ വെറുമൊരു ഗുമസ്തന്റെ നിലയിലാണ് കോൺഗ്രസ് കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി തന്നെ തുറന്നുപറഞ്ഞതിന് പിന്നാലെ ബിജെപി കർണാടകത്തിൽ അധികാരം തിരിച്ചുപിടിക്കാൻ നീക്കം ശക്തമാക്കി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കർണാടകത്തിൽ ദൃശ്യമാകുന്നത്. ഈ നീക്കം വിജയിക്കുകയും കുമാരസ്വാമിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP