Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സച്ചിൻ തെണ്ടുൽക്കറുടെ 29 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നേപ്പാളിലെ 16കാരൻ; രാജ്യാന്തര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രോഹിത് പൗഡൽ; യുഎഇയ്‌ക്കെതിരെ 58 പന്തിൽ 55 റൺസ് നേടുമ്പോൾ രോഹിത്തിന് പ്രായം 16 വയസും 146 ദിവസവും

സച്ചിൻ തെണ്ടുൽക്കറുടെ 29 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നേപ്പാളിലെ 16കാരൻ; രാജ്യാന്തര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി രോഹിത് പൗഡൽ; യുഎഇയ്‌ക്കെതിരെ 58 പന്തിൽ 55 റൺസ് നേടുമ്പോൾ രോഹിത്തിന് പ്രായം 16 വയസും 146 ദിവസവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുൽക്കറുടെ 29 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച് നേപ്പാളിലെ പതിനാറുകാരൻ. നേപ്പാൾ ദേശീയ ക്രിക്കറ്റ് ടീമിൽ അംഗമായ രോഹിത്ത് പൗഡലാണ് ഇപ്പോൾ കായിക ലോകത്തെ പ്രധാന ചർച്ചാ വിഷയം. സച്ചിനൊപ്പം തന്നെ പാക്ക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ റെക്കോർഡും കൂടിയാണ് ഈ കൊച്ചു മിടുക്കൻ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ ദിവസം നേപ്പാളും യുഎഇയും തമ്മിൽ നടന്ന മത്സരത്തിലാണ് രോഹിത്തിന്റെ മിന്നും പ്രകടനം റെക്കോർഡുകൾ തിരുത്തികുറിക്കുന്നതായി മാറിയത്. 58 പന്തിൽ 55 റൺസ് നേടിയതോടെ സച്ചിന്റെ റെക്കോർഡ് രോഹിത്തിന് വഴിമാറി.

ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ അർധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് റെക്കോർഡ് രോഹിത്തിന് സ്വന്തമാകുകയായിരുന്നു. യുഎഇയ്‌ക്കെതിരെ അർധസെഞ്ചുറി നേടുമ്പോൾ 16 വർഷവും 146 ദിവസവുമാണ് രോഹിതിന്റെ പ്രായം. പാക്കിസ്ഥാനെതിരെ ഫൈസലാബാദിൽ നടന്ന ടെസ്റ്റ് മൽസരത്തിൽ അർധസെഞ്ചുറി നേടി സച്ചിൻ റെക്കോർഡ് സ്ഥാപിക്കുമ്പോൾ പ്രായം 16 വർഷവും 213 ദിവസവും. ദിവസങ്ങളുടെ വ്യത്യാസത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് രോഹിത്തിന്.

എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് മാത്രം പരിഗണിച്ചാൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സച്ചിനു തന്നെ. അതേസമയം, ഏകദിനത്തിൽ അർധസെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരം ഇനി രോഹിത്താണ്. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി 16 വർഷവും 216 ദിവസവും പ്രായമുള്ളപ്പോൾ നേടിയ അർധസെഞ്ചുറിയുടെ റെക്കോർഡാണ് രോഹിത് തിരുത്തിയത്. അന്ന് ശ്രീലങ്കയ്‌ക്കെതിരെ 37 പന്തിൽനിന്നും സെഞ്ചുറി നേടിയ അഫ്രീദിയുടെ പേരിലായിരുന്നു ഏകദിനത്തിലെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോർഡ്.

രോഹിതിന്റെ ഇന്നിങ്‌സിന്റെ കൂടി ബലത്തിൽ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ നേടിയത് 242 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇയെ 19.3 ഓവറിൽ 97 റൺസിന് പുറത്താക്കി നേപ്പാൾ 145 റൺസിന്റെ കൂറ്റൻ വിജയവും നേടി. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 11ന് ഒപ്പമെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP