Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൻഡീലെ ഫെക്‌ലുക്‌വായോയെ നിറം പറഞ്ഞ് അധിക്ഷേപിച്ച പാക് നായകന് പണി കിട്ടി; നാല് മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കി; ഷൊയ്ബ് മാലിക് പകരം നായകൻ

അൻഡീലെ ഫെക്‌ലുക്‌വായോയെ നിറം പറഞ്ഞ് അധിക്ഷേപിച്ച പാക് നായകന് പണി കിട്ടി; നാല് മത്സരങ്ങളിൽ നിന്ന് താരത്തെ വിലക്കി; ഷൊയ്ബ് മാലിക് പകരം നായകൻ

സ്പോർട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കൻ താരം അൻഡീലെ ഫെക്‌ലുക്‌വായോയ്‌ക്കെതിരെ വംശീയച്ചുവയുള്ള പരാമർശം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ സർഫ്രാസ് അഹമ്മദിന് നാലു മൽസരങ്ങളിൽനിന്ന് വിലക്ക്. ഇതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിൽനിന്ന് സർഫ്രാസിന്റെ ഒഴിവാക്കി. ഇതിനു പുറമെ അടുത്ത ഏകദിനവും ട്വന്റി20 പരമ്പരയിലെ രണ്ടു മൽസരങ്ങളു സർഫ്രാസിനു നഷ്ടമാകും. ഷോയ്ബ് മാലിക്കാണ് പകരം ടീമിനെ നയിക്കുന്നത്.

ഡർബനിൽ നടന്ന ദക്ഷിണാഫ്രിക്കപാക്കിസ്ഥാൻ രണ്ടാം ഏകദിനത്തിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ദക്ഷിണാഫ്രിക്കൻ ടീമിലെ കറുത്ത വർഗക്കാരനായ ഫെലൂക്വായോയെ നിറത്തിന്റെ പേരിൽ അഭിസംബോധന ചെയ്താണ് സർഫ്രാസ് വിവാദത്തിൽപ്പെട്ടത്. ക്രിക്കറ്റ് ലോകം ഒന്നാകെ വിമർശനവുമായി രംഗത്തെത്തിയതോടെ ട്വിറ്ററിലൂടെ താരം ക്ഷമ ചോദിച്ചിരുന്നു.

മൽസരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യവെ 37ാം ഓവറിലായിരുന്നു സംഭവം. കൈപ്പിടിയിലൊതുങ്ങിയെന്നു കരുതിയ വിജയം ഇരുവരും ചേർന്ന് തട്ടിയെടുക്കുന്നത് കണ്ടപ്പോഴാണ് പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ കൂടിയായ സർഫ്രാസ് അഹമ്മദിനു നിയന്ത്രണം നഷ്ടമായത്. 37ാം ഓവർ ബോൾ ചെയ്ത ഷഹീൻ അഫ്രീദിയുടെ ഒരു പന്ത് ഇൻസൈഡ് എഡ്ജിൽ തട്ടി പുറകിലേക്ക് പാഞ്ഞു. ഇതിനു പിന്നാലെയാണ് പാക് നായകന്റെ വാക് പ്രയോഗമെത്തിയത്.

'എടാ കറുമ്പാ.. നിന്റെ അമ്മ എവിടെയാണിരിക്കുന്നത്? നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാൻ അവർ എന്താണ് പ്രാർത്ഥിച്ചത്?' ഇതായിരുന്നു സർഫ്രാസിന്റെ വാക്കുകൾ. ഉറുദുവിലായിരുന്നു അധിക്ഷേപം. ഭാഷ അറിയാത്തതിനാൽ ഫെലൂക്വായോ പ്രതികരിച്ചില്ല. എന്നാൽ സ്റ്റംപ് മൈക്ക് വാക്കുകൾ കൃത്യമായി പിടിച്ചെടുത്തു. സർഫ്രാസ് എന്താണ് പറഞ്ഞതെന്ന് കമന്ററി ബോക്‌സിൽ മൈക്ക് ഹയ്‌സ്മാൻ മുൻ പാക്കിസഥാൻ താരം കൂടിയായ റമീസ് രാജയോട് ആരാഞ്ഞെങ്കിലും, 'വലിയ വാചകമായതിനാൽ പരിഭാഷപ്പെടുത്താൻ ബുദ്ധിമുട്ടാണ്' എന്നായിരുന്നു മറുപടി.

എന്നാൽ, സംഭവം പുറത്തായതോടെ പാക് താരത്തിനെതിരെ വൻപ്രതിഷേധം അലയടിച്ചു. പാക് താരങ്ങൾ പോലും സർഫ്രാസിനെതിരെ രംഗത്തെത്തി. മുൻ താരം ഷോയ്ബ് അക്തറും രൂക്ഷവിമർശനമുയർത്തി. ഇതോടെ പ്രതിരോധത്തിലായ സർഫ്രാസ് ട്വിറ്ററിലൂടെയാണ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സർഫ്രാസ് കുറിച്ചു. ഭാവിയിൽ മൈതാനത്ത് മാന്യമായി പെരുമാറാനും എതിരാളികളെ ബഹുമാനിക്കാനും താൻ ശ്രദ്ധിക്കുമെന്നും താരം ട്വിറ്ററിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP