Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണബ് മുഖർജിക്കുള്ള ഭാരതരത്‌ന ആർസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിനെ പുകഴ്‌ത്തിയതിനുള്ള ഉപകാര സ്മരണയായി; നാനാജി ദേശ്മുഖിനും പുരസ്‌ക്കാരം നൽകിയത് ആർഎസ്എസുമായുള്ള ഹൃദയബന്ധം സൂക്ഷിച്ചതിന്; സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിൽ കൈനോക്കിയയത് ബിജെപിക്കൊപ്പം; ഇത്തവണത്തെ 'ഭാരത് രത്‌ന, 'ഭാഗവത് രത്ന'ആയെന്ന ആക്ഷേപം ശക്തമാക്കി ജേതാക്കളുടെ 'സംഘബന്ധം'

പ്രണബ് മുഖർജിക്കുള്ള ഭാരതരത്‌ന ആർസ്എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിനെ പുകഴ്‌ത്തിയതിനുള്ള ഉപകാര സ്മരണയായി; നാനാജി ദേശ്മുഖിനും പുരസ്‌ക്കാരം നൽകിയത് ആർഎസ്എസുമായുള്ള ഹൃദയബന്ധം സൂക്ഷിച്ചതിന്; സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിൽ കൈനോക്കിയയത് ബിജെപിക്കൊപ്പം; ഇത്തവണത്തെ 'ഭാരത് രത്‌ന, 'ഭാഗവത് രത്ന'ആയെന്ന ആക്ഷേപം ശക്തമാക്കി ജേതാക്കളുടെ 'സംഘബന്ധം'

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ ഭാരത് രത്ന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ പുരസ്‌ക്കാരം നൽകിയത് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. സംഘപരിവാര വിധേയത്വത്തെ കടന്നാക്രമിച്ച് ദേശീയ ദിനപത്രമായ 'ദ ടെലഗ്രാഫ്' തലക്കെട്ട് എഴുതിയത് 'ഭാരത്, നോട്ട്, ഭാഗവത് രത്ന' എന്നാണു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവാർഡ് നിർണയത്തിൽ രാഷ്ട്രീയം കലർത്തിയെന്നാണു ടെലഗ്രാഫിന്റെ വിമർശനം. ഈ വിമർശനത്തിന്റെ വസ്തുത പരിശധിക്കുമ്പോൾ വ്യക്തമാകുന്നത് അങ്ങനെ തന്നെയാണെന്നാണ്.

കർമരംഗങ്ങളിൽ രത്‌നം പോലെ തിളങ്ങുന്ന വ്യക്തിത്വങ്ങൾക്കുള്ളതത്രേ രാജ്യത്തിന്റെ 'ഭാരതരത്‌നം' ഇക്കുറി രാഷ്ട്രീയ പുരസ്‌ക്കാരമാക്ക മാറ്റുകയായിരുന്നു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ പ്രതിഭ ഭൂപേൻ ഹസാരികയും ഗ്രാമനന്മ സ്വപ്നം കണ്ട നാനാജി ദേശ്മുഖും ആണ് ഇക്കുറി രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന്റെ തിളക്കത്തിൽ നിൽക്കുന്നത്. ഇതിൽ രണ്ടുപേർക്ക് മരണാനന്തര ബഹുമതി ആയാണ് പുരസ്‌ക്കാരം നൽകിയത്. എന്നാൽ, ആ പുരസ്‌ക്കാരത്തിലും നിഴലിക്കുന്നത് രാഷ്ട്രീയ ബന്ധമാണ്.

ആർഎസ്എസ് വേദിയിൽ പ്രസംഗിക്കാൻ പോയ കോൺഗ്രസുകാരൻ എന്ന പരിഗണനയാവില്ല പ്രണബ് മുഖർജിയെ പുരസ്‌കാരത്തിന് അർഹനാക്കിയതെന്ന് ആർക്കും മനസിലാകുന്നതേയുള്ളു. കൂടാതെ ബംഗാൾ പിടിക്കാനുള്ള അടവു നയത്തന്റെ ഭാഗമാണെന്നും വ്യക്തം. ആർഎസ്എസ് നേതാവ് ഹെഡ്‌ഗേവാറിനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനക്കുള്ള പ്രതിഫലമായി വേണം പ്രണബിന്റെ ഭാരത രത്‌നയെ കാണാൻയ

ഇന്ത്യയുടെ പ്രഥമ പൗരനായും അതിനു മുൻപ് മികച്ച ഭരണാധികാരിയായും ജനപ്രതിനിധിയായുമെല്ലാം മാറ്റു തെളിയിച്ചയാളാണ് പ്രണബ്. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ, കഴിഞ്ഞ ജൂണിൽ നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തതു മാത്രമാണ് ഇക്കാലത്തിനിടെ പ്രണബിനുള്ള ഏക ആർഎസ്എസ് ബന്ധം. അവിടെയും തന്റെ നിലപാടു വ്യക്തമാക്കി പ്രണബ് മടങ്ങിയതോടെ, സന്ദർശനത്തെക്കുറിച്ചുയർന്ന ആശങ്കകൾ അസ്തമിച്ചിരുന്നു.

നാഗ്പൂരിലെ ആർഎഎസ്എസ് വേദിയിലെത്തി എട്ടാം മാസമാണ് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയെ തേടി മോദി സർക്കാരിന്റെ ഭാരത് രത്ന എത്തിയിരിക്കുന്നത്. പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് പ്രണബ് കഴിഞ്ഞ വർഷം ജൂലൈ ഏഴിന് നാഗ്പൂരിലെ ആർഎസ്എസ് ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയത്. അതിനും കൃത്യം ഒരു വർഷം മുൻപത്തെ ജൂലൈ മാസത്തിലാണ് കോൺഗ്രസ് നൽകിയ പ്രസിഡന്റ് പദത്തിൽ നിന്ന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി അദ്ദേഹം ഒഴിഞ്ഞത്.

എതിരാളികൾക്ക് രാഷ്ട്രീയനേട്ടം സമ്മാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം 'പ്രണബ് ദാ' തള്ളി. മകളും കോൺഗ്രസ് പ്രവർത്തകയുമായ ശർമിഷ്ഠ മുഖർജി പരസ്യമായി പ്രകടിപ്പിച്ച എതിർപ്പും ചെവിക്കൊള്ളാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ആയിരക്കണക്കിന് സംഘ് പ്രവർത്തകരെ അഭിംസംബോധന ചെയ്ത് പ്രണബ് മുഖർജി സംസാരിച്ചു. ബഹുസ്വരതയേക്കുറിച്ചും സഹിഷ്ണുതയേക്കുറിച്ചും പ്രസംഗിച്ച അദ്ദേഹം ആർഎസ്എസ് സ്ഥാപക സർസംഘ്ചാലക് കെ ബി ഹെഡ്ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. 'ഭാരത മാതാവിന്റെ മഹാനായ പുത്രന് എന്റെ ആദരവും അഭിവാദ്യവും അർപ്പിക്കാനാണ് ഞാനിന്ന് ഇവിടെ എത്തിയതെന്ന്' സന്ദർശക രജിസ്റ്ററിൽ എഴുതിച്ചേർക്കുകയും ചെയ്തു. ആർഎസ്എസിനേയും ബിജെപിയേയും മുമ്പില്ലാത്ത വിധം എതിർക്കുന്നതിനിടെയുണ്ടായ പ്രണബിന്റെ നാഗ്പൂർയാത്ര വൻ തിരിച്ചടിയാണ് കോൺഗ്രസിന് നൽകിയത്. സന്ദർശനത്തെ എതിർത്ത കോൺഗ്രസിന്റേത് സങ്കുചിത കാഴ്‌ച്ചപ്പാടാണെന്ന് ആരോപിച്ച ആർഎസ്എസ് പ്രണബ് മുഖർജി പക്വതയും അനുഭവപരിചയവുമുള്ള നേതാവാണെന്ന് വാഴ്‌ത്തി.

നഷ്ടപ്പെട്ട പ്രധാനമന്ത്രിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ പ്രണബിനെ വിശേഷിപ്പിക്കുന്നത്. പി വി നരസിംഹ റാവുവിനും ആർ വെങ്കിട്ടരാമനും ഒപ്പം ഇന്ദിരാ/രാജീവ് ഭരണകാലങ്ങളിലെ ത്രിമൂർത്തികളിൽ ഒരാളായിരുന്ന അദ്ദേഹം. 1980-82 കാലഘട്ടത്തിലും 1984ലും ഇന്ദിരാ ഗാന്ധി സർക്കാരിലെ ധനമന്ത്രിയായിരുന്നു പ്രണബ്. അതേ കാലയളവിൽ തന്നെ റിസർവ്വ് ബാങ്ക് ഗവർണറായിരുന്ന മന്മോഹൻ സിങ് സോണിയാ ഗാന്ധിയുടെ അപ്രതീക്ഷിതനീക്കത്തിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം പ്രധാനമന്ത്രിയായി. മനസ്സില്ലാമനസ്സോടെ രാഷ്ട്രീയ രംഗപ്രവേശം ചെയ്ത സോണിയാ ഗാന്ധിക്ക് വഴി കാട്ടിയായതും പ്രണബ് മുഖർജിയായിരുന്നു. തെരഞ്ഞെടുപ്പിലും മന്ത്രി പദവിയിലും പാർട്ടി നേതാവിന്റെ റോളിലും തിളങ്ങിയ പ്രണബ് പ്രധാനമന്ത്രി പദത്തിന് അർഹനായ പേരുകളിൽ ഒന്നായിരുന്നു. പ്രണബ് ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാവല്ല എന്ന ന്യായീകരണം മാത്രമാണ് ചോദ്യങ്ങളെ പ്രതിരോധിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ഉപയോഗിച്ചത്. കോൺഗ്രസ് വെച്ചുനീട്ടിയ രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചെങ്കിലും പ്രണബ് തൃപ്തൻ അല്ലായിരുന്നു എന്ന് തന്നെ വേണം കരുതാൻ.

പ്രണബിന്റെ അസംതൃപ്തിയാണ് ആർഎസ്എസും ബിജെപിയും ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ചുവടുറപ്പിക്കാൻ ഏതു തന്ത്രവും പയറ്റുമെന്ന നിലപാടിലാണ് ബിജെപി. രഥയാത്ര നടത്തുന്നത് പോയിട്ട് അമിത് ഷായുടെ ഹെലികോപ്ടർ പോലും ഇറക്കില്ലെന്ന തരത്തിൽ മമതാ ബാനർജി ബിജെപി പ്രചാരണങ്ങളെ പ്രതിരോധിക്കുന്നു. നിലവിൽ രണ്ട് ലോക്സഭാ സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ബംഗാളിലുള്ളത്. 34 സീറ്റുകളുള്ള തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളികൾ തങ്ങളാണെന്ന് സ്ഥാപിക്കാൻ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഭാരതരത്‌ന പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

അതേസമയം ഭാരതരത്‌നം നേടിയ നാനാജി ദേശ്മുഖിനും ആർഎസ്എസ് ബന്ധമുണ്ട്. അഞ്ഞൂറോളം ഗ്രാമങ്ങളിൽ സാമൂഹ്യക്ഷേമ പരിപാടികൾക്കു നേതൃത്വം നൽകിയ വിപ്ലവത്തിന്റെ കരുത്തിൽ തന്നെയാവും നാനാജി ദേശ്മുഖിന്റെ പേരിനു മുന്നിൽ രാജ്യം ഇനി ഭാരത്രത്‌ന ചേർക്കുക. പക്ഷേ, അദ്ദേഹത്തിനുമുണ്ട് ആർഎസ്എസുമായി ഹൃദയബന്ധം. ജനതാപാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ആർഎസ്എസിന്റെ ഉറച്ച നേതാക്കളിൽ ഒരാളായിരുന്നു. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിൽ തുടങ്ങി, ഇന്ദിരയെ വീഴ്‌ത്തിയ ജനതാപാർട്ടി മുന്നേറ്റത്തിൽ വരെ പങ്കുവഹിച്ച നാനാജി മധുലിമായെക്കൊപ്പം ജനതാപാർട്ടിയുടെ അമരത്തിരുന്നയാളാണ്. രാജ്യത്തെ ആദ്യ ഗ്രാമീണ സർവകലാശാലയായ ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും തുടക്കമിട്ടത് നാനാജി തന്നെയായിരുന്നു.

സംഗീതത്തിൽ കൈവച്ച മേഖലയിലെല്ലാം തിളങ്ങിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിലും പയറ്റിനോക്കിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂപേൻ ഗുവാഹത്തി മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സജീവ രാഷ്ട്രീയം ഉപയോഗിച്ചെങ്കിലും ബിജെപി നേതാക്കളുമായുള്ള അടുപ്പം മരിക്കുന്നതു വരെയും തുടരാൻ അദ്ദേഹത്തിനായി. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ തുടങ്ങി പല മേഖലകളിൽ കയ്യൊപ്പു ചാർത്തിയാണ് ഭൂപേൻ രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിളക്കത്തിലേക്കെത്തിയതെന്നു വ്യക്തം.

അതിനിടെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീത മേത്ത പത്മശ്രീ പുരസ്‌ക്കാരം നൽകിയതും രാഷ്ട്രീയം കണ്ടാണ്. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞു കൊണ്ടു തന്നെ അവർ പുരസ്‌ക്കാരം നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്‌ക്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്നാണ് ഗീത മേത്തയുടെ നിലപാട്. നവീൻ പട്‌നായിക്കിന്റെ ബിജുജനതാദളിനെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗീത പത്മ പുരസ്‌ക്കാരം നിരസിക്കുന്നത്.

ന്യൂയോർക്കിൽ നിന്ന് ഗീതാ മേത്ത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: പത്മശ്രീ പുരസ്‌കാരത്തെയും അത് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയും ബഹുമാനിക്കുന്നു. എന്നാൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പുരസ്‌കാരം സ്വീകരിക്കുന്നത് പലവിധ തെറ്റിദ്ധാരണകളുമുണ്ടാക്കുമെന്നും ഖേദത്തോടെ നിരസിക്കുന്നതായും ഗീതാ മേത്ത വ്യക്തമാക്കി. ബിഹാറിൽ നവീൻ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡിയും ബിജെപിയും തമ്മിൽ അവിശുദ്ധകൂട്ടുകെട്ടാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപണമുന്നയിക്കുന്നതിനിടെയാണ് ഗീതാ മേത്തയെ പത്മശ്രീ നൽകി ആദരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ഗീതാ മേത്തയും ഭർത്താവ് സോണി മേത്തയും മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികവസതിയിലെത്തി സന്ദർശിച്ചിരുന്നു. ഗീത മേത്ത നരേന്ദ്ര മോദിയുടെ ജീവിതകഥ എഴുതുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഗീതാ മേത്ത എഴുതിയ അമേരിക്കൻ പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തകങ്ങൾ ദശലക്ഷകണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP