Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യപിച്ച് വാഹനമോടിച്ചപ്പോൾ ചെക്കിങിൽ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു; ജാമ്യക്കാരെ കാത്ത് നിന്നപ്പോൾ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി ചെറുപ്പമല്ലേ എന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു; വഴിയിൽ കണ്ടപ്പോൾ ക്ലാസിന് പോകാൻ വീണ്ടും ഉപദേശിച്ചു; ട്രാഫിക് സ്റ്റേഷനിലെ ക്ലാസിനും കൂട്ടായ്മയ്ക്കും ശേഷം മദ്യപാനം ഉപേക്ഷിക്കാൻ പ്രേരണയായ പേരൂർക്കടയുടെ `ആക്ഷൻ ഹീറോ ബിജു` എസ്‌ഐ സമ്പത്തിന് നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പ്

മദ്യപിച്ച് വാഹനമോടിച്ചപ്പോൾ ചെക്കിങിൽ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു; ജാമ്യക്കാരെ കാത്ത് നിന്നപ്പോൾ അടുത്ത് വന്ന് കാര്യങ്ങൾ തിരക്കി ചെറുപ്പമല്ലേ എന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു; വഴിയിൽ കണ്ടപ്പോൾ ക്ലാസിന് പോകാൻ വീണ്ടും ഉപദേശിച്ചു; ട്രാഫിക് സ്റ്റേഷനിലെ ക്ലാസിനും കൂട്ടായ്മയ്ക്കും ശേഷം മദ്യപാനം ഉപേക്ഷിക്കാൻ പ്രേരണയായ പേരൂർക്കടയുടെ `ആക്ഷൻ ഹീറോ ബിജു` എസ്‌ഐ സമ്പത്തിന് നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നമുക്ക് മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവൻ പോലും അപകടത്തിലാകാൻ സാധ്യതയുള്ള സംഭവമാണ് മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ പൊലീസ് പിടിക്കും എന്ന് അറിയാമെങ്കിലും നാം വീണ്ടും വീണ്ടും ഇത് ആവർത്തിക്കും. പലപ്പോഴും പൊലീസ് ചെക്കിങ് ഇല്ലാത്ത വഴി കണ്ട് വെച്ച് വീട്ടിലെത്താൻ ശ്രമിക്കുകയും പൊലീസുകാർ കൈകാണിച്ചാൽ നിർത്താതെ പോവുകയും ചെയ്യുന്ന വിരുതന്മാരുമുണ്ട് നാട്ടിൽ. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചപ്പോൾ പൊലീസ് പിടികൂടുകയും തുടർന്ന് മദ്യപാനം നിർത്തി സന്മാർഗത്തിലൂടെ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്ത ഒരു യുവാവിന്റെ കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്.

മദ്യപിച്ച് വാഹനം ഓടിച്ചപ്പോൾ പേരൂർക്കട സബ് ഇൻസ്‌പെക്ടർ കെ എൽ സമ്പത്ത് തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയതും തുടർന്ന് മദ്യപാനം നിർത്തുന്നതിലേക്ക് താൻ എത്തിയതുമാണ് യുവാവ് കുറിപ്പിൽ പറയുന്നത്. സ്റ്റേഷനിലെത്തിയ തന്നോട് വളരെ മാന്യമായിട്ടാണ് പൊലീസുകാരും പ്രത്യേകിച്ച് എസ്‌ഐയും പെരുമാറിയത് എന്നും പിന്നീട് എസ്‌ഐ തന്നെ വിളിച്ച് സംസാരിച്ചതിന് ശേഷം വിട്ടയക്കുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു ബോധവത്കരണ ക്ലാസിന് പോകാൻ എസ്‌ഐ പറഞ്ഞെങ്കിലും പിന്നീടൊരിക്കൽ വഴിയിൽ കണ്ടപ്പോൾ വീണ്ടും അദ്ദേഹം അത് ആവർത്തിച്ചതിനെ തുടർന്ന് ക്ലാസിന് പോയതാണ് ജീവിതം തന്നെ മാറ്റി മറിച്ചതെന്നും യുവാവ് പറയുന്നു


യുവാവിന്റെ കുറിപ്പ് ഇങ്ങനെ

ബഹുമാന്യനായ പേരൂർക്കട പൊലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ K L സമ്പത്ത്. ഈ സാറ് എനിക്ക് വളരെ പരിചിതനാണെങ്കിലും എന്നെ സാറിന് വലിയ പരിചയമൊന്നുമില്ല. എപ്പോൾ കണ്ടാലും സാറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരിയുണ്ടാവാറുണ്ട്. ഇനി കാര്യത്തിലേക്ക് കടക്കാം. 26 വയസ്സാണ് എനിക്ക് (തുറന്ന് പറയുന്നതിൽ എനിക്ക് ഒരു മാനക്കേടുമില്ല.വയസിന്റെ കാര്യമല്ല എന്റെ സ്വഭാവത്തിന്റെ കാര്യം.രണ്ട് മാസം മുൻപ് വഴയില ജംഗ്ഷനിൽ വച്ച് Police കൈകാണിച്ചു ഞാൻ വണ്ടി നിർത്തി. അപ്പോൾ കൂടെയുണ്ടായിരുന്ന ഒരു CPO എന്നോട് ചോദിച്ചു നീ മദ്യപിച്ചിട്ടുണ്ടോ എന്ന്. ഞാൻ പറഞ്ഞു ഇല്ല എന്ന്. ഞാൻ പറഞ്ഞത് പച്ചക്കള്ളമായിരുന്നെന്ന് എനിക്കും സമ്പത്ത് സാറിനും മറ്റു പൊലീസുകാർക്കും അറിയാമായിരുന്നു.അതു കൊണ്ട് തന്നെ എന്നെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സൗമ്യമായ പെരുമാറ്റമായിരുന്നു.

സമ്പത്ത് സാറ് അടുത്തുവന്നു. എന്നിട്ട് പറഞ്ഞു രണ്ട് ജ്യാമ്യക്കാർ വന്നാൽ നിന്നെ ഇപ്പോ വിടാമെന്ന്. Phone ചെയ്യാനുള്ള അനുവാദവും തന്നു. ഉടനെ ഞാൻ എന്റെ രണ്ട് സുഹൃത്തുക്കളെ ജ്യാമ്യത്തിനായി വിളിച്ചു അവര് രണ്ട് പേര് വന്നു. എനിക്ക് ജാമ്യം കിട്ടി. ഞാൻ പുറത്തിറങ്ങി. വീണ്ടും സമ്പത്ത് സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു അനിയാ നിനക്ക് 26 വയസ്സ് അല്ലേ ആയുള്ളൂ? ഇനിയും കുറേക്കാലം ജീവിക്കേണ്ടവനല്ലേ? അതുകൊണ്ട് നീ നിനക്ക് സമയം കിട്ടുമ്പോൾ പട്ടം ട്രാഫിക് സ്റ്റേഷനിൽ വ്യാഴാഴ്‌ച്ചയും ഞായറാഴ്‌ച്ചയും നടത്തി വരുന്ന ഒരു ബോധവത്ക്കരണ കൂടിക്കാഴ്‌ച്ചയിൽ പങ്കെടുക്കണം എന്ന്.. ഞാൻ അത് അപ്പോൾ നിരസിച്ചിരുന്നില്ല.

ഇന്നലെ വീണ്ടും സാറിനെ അവിചാരിതമായി കണ്ടു.നീ ക്ലാസിന് പോയില്ലേ ടേ എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു ഇല്ല എന്ന്..; മ് നാളെയും ക്ലാസ്സുണ്ട്, നെനക്ക് വേണോങ്കി പോ ഇതായിരുന്നു മറുപടി. രണ്ടും കല്പിച്ച് ഞാൻ ഇന്ന് ക്ലാസിന് പോയി. അവിടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവസാനം ഞാനൊരു കൂട്ടായ്മയിലും എത്തി. വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ഞാൻ ആ കൂട്ടായ്മയിൽ ചെലവഴിച്ചു. ആ കൂട്ടായ്മയുടെ പേര് ഇതാണ്. Alcoholics അഥവാ മദ്യപാനം അജ്ഞാതമാണ്.

ഈ പോസ്റ്റിലൂടെ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ, അജ്ഞാതമായ ജീവിതത്തിൽ നിന്നും എന്നെ കരകയറ്റാനുള്ള വളരെ വലിയ ശ്രമത്തിൽ എന്റെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ചെറുതായിട്ടെങ്കിലും സഹകരിച്ച സമ്പത്ത് സാറിനുള്ള നന്ദിയാണ്. ബഹുമാനത്തിനേക്കാളും ജനങ്ങളുടെ സ്‌നേഹം മാത്രം കാംഷിക്കുന്ന സമ്പത്ത് Sir ന് Love you സമ്പത്ത് സർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP