Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇസ്ലാം സ്വീകരിക്കണമെങ്കിൽ ഇനി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം; ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രവും നൽകാം; നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെടും; സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശരീയത്ത് റൂളിനെ തള്ളിപ്പറഞ്ഞ് സമസ്ത; ഭാഗികമായി അനുകുലിച്ച പികെ ഫിറോസ് വെട്ടിൽ

ഇസ്ലാം സ്വീകരിക്കണമെങ്കിൽ ഇനി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം; ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ  വിസമ്മതപത്രവും നൽകാം; നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെടും; സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശരീയത്ത് റൂളിനെ തള്ളിപ്പറഞ്ഞ് സമസ്ത; ഭാഗികമായി അനുകുലിച്ച പികെ ഫിറോസ് വെട്ടിൽ

ടി പി ഹബീബ്

കോഴിക്കോട്: മുമ്പ് അനായാസമായിരുന്നു ഇസ്ലാമിലേക്കുള്ള മതംമാറ്റം സർക്കാർ ഇടപെട്ടെ സങ്കീർണ്ണമാക്കിയെന്ന ആരോപണവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രംഗത്ത്. സംസ്ഥാന സർക്കാർ പുറത്തിറക്കിയ ശരീയത്ത് റൂളിനെ സംഘടന നിശിതമായി വിമർശിക്കയാണ്. ഇസ്ലാം സ്വീകരിക്കണമെങ്കിൽ ഇനി തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം, ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർക്ക് വിസമ്മതപത്രവും നൽകാം തുടങ്ങിയ വ്യവസ്ഥകളാണ് സംഘടനയെ ചൊടിപ്പിച്ചത്. നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെടുമെന്ന് സമസ്ത പറയുന്നു.ഇതിനെ ഭാഗികമായി അനുകൂലിച്ചു എന്നതിന്റെപേരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ നേർക്കും സമസ്ത നേതാക്കൾ ഉറഞ്ഞു തുള്ളുകയാണ്. സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അടക്കമുള്ളവർ പികെ ഫിറോസിനെ വിമർിച്ചെ് പോസ്റ്റ് ഇട്ടിട്ടുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റത് മുതൽ പി.കെ.ഫിറോസും ഇ.കെ.വിഭാഗം സുന്നികളം തമ്മിൽ പ്രശ്നങ്ങളുണ്ട്.അമിതമായ മതേതര സ്വഭാവം പ്രകടിപ്പിക്കാൻ വേണ്ടി ഫിറോസ് ശ്രമങ്ങൾ നടത്തുന്നുവെന്നതാന്നാണ് സമസ്ത ഇ.കെ.വിഭാഗം നേതാക്കൾ പറയുന്നത്. സംസ്ഥാന സർക്കാർ പുതുതായി കൊണ്ട് വന്ന ശരീഅത്ത് റൂളിന്റെ പശ്ചാത്തലത്തിൽ പി.കെ.ഫിറോസ് നടത്തിയ വാർത്താ സമ്മേളനമാണ് സമസ്തയെ ചൊടിപ്പിച്ചത്.ശരീഅത്ത് റൂളിനെ ചൊല്ലി സമസ്തയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും സമസ്തയുടെ വാദങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാറിന് ഭേദഗതി സമർപ്പിച്ചതെന്നുമാണ് ഫിറോസ് പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ ശരിയല്ലെന്നും ശരീയത്ത് റുളുമായി ബന്ധപ്പെട്ട സമസ്തയുടെ അഭിപ്രായം.

ശരീഅത്ത് റൂളുമായി ബന്ധപ്പെട്ട സമസ്തയുടെ അഭിപ്രായം സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് സമസ്തയുടെ നിയമകാര്യ ചുമതലയുള്ള അഡ്വ:തയ്യിബ് ഹുദവി വ്യകതമാക്കി.അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെയാണ്. 'കഴിഞ്ഞ ദിവസം മുസ്ലിം ലീഗിന്റെ നേതൃത്തിൽ കോഴിക്കോട്ട് നടന്ന നിയമജ്ഞരുടെ യോഗത്തിൽ ഞാനും സംബന്ധിച്ചിരുന്നുവെങ്കിലും അവസാനം നിവേദനത്തിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയപ്പോൾ വിനീതൻ നിർദ്ദേശിച്ച പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സമർപ്പിക്കപ്പെട്ട ആ ഭേദഗതിയിൽ സമസ്തയുടെ വക്കീലെന്ന നിലക്ക് ചില ആശങ്കകൾ ഞാൻ കാണുന്നുണ്ട്. ഇക്കാര്യം ബഹുമാനപ്പെട്ട കെ.പി.എ.മജീദ് സാഹിബിന്റെ ശ്രദ്ധയിൽ യോഗ ദിവസം തന്നെ പെടുത്തുകയും അദ്ദേഹം അത് ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട്. സമസ്ത നേതാക്കളെ കഴിഞ്ഞ ദിവസം വഖഫ് മന്ത്രി ക്ഷണിച്ച പ്രകാരം നടത്തിയ ചർച്ചയിൽ റൂളുമായി ബന്ധപ്പെട്ട് സമസ്തയുടെ അഭിപ്രായം ലോ വകുപ്പിന് എഴുതി സമർപ്പിക്കാനും ചർച്ച നടത്താനും ധാരണയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉടൻ തന്നെ സമസ്തയുടെ അഭിപ്രായം സംസ്ഥാന സർക്കാരിനെ അറിയിക്കുന്നതാണ്.യൂത്ത് ലീഗ് സെക്രട്ടരി ജ ഗ ഫിറോസ് ഇന്നലെ കോഴിക്കോട്ട് നടത്തിയ പത്ര സമ്മേളനത്തിൽ റൂൾ ഭേദഗതിയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളിൽ തെറ്റിദ്ധാരണയുണ്ടാകാൻ ഇടയുള്ളതിനാലാണ് ഈ വിശദീകരണം നൽകുന്നത്. '- ഹുദവി വ്യക്താമക്കുന്നു.

സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഇങ്ങനെ എഴുതുന്നു

കേരള ഗവൺമെന്റ് പുറത്തിറക്കിയ ശരീഅത്ത് റൂൾ അത്യന്തം അപകടകരമാണ്. ഈ പറയുന്ന ആക്ട് അനുസരിച്ച് താഴെ പറയുന്ന പ്രശ്നങ്ങൾ നിലനിൽക്കുന്നു.

1- കേരളത്തിലെ മുഴുവൻ മുസ്സീംകളും ശരീഅത്ത് നിയമം തങ്ങൾക്ക് ബാധകമാകണമെങ്കിൽ പ്രത്യേക രേഖ സർക്കാരിന് സമർപ്പിക്കണം.(കെ.എൻ.എ ഖാദർ MLA യുടെ ഹരജിയെ തുടർന്ന് ശരീഅത്ത് ബാധകമാക്കാൻ താൽപര്യമില്ലാത്തവർ മാത്രം വിസമ്മതപത്രം നൽകിയാൽ മതി എന്ന് ഭേദഗതി വരുത്തിയിട്ടുണ്ട്.)ഈ ഭേദഗതിയും സുരക്ഷിതമല്ല. ഇസ്സാമിക ശരീഅത്ത് പാലിക്കുന്നതിൽ നിന്ന് യഥേഷ്ടം മുസ്ലിംകൾക്ക് പുറത്ത് പോകാൻ അവസരം നൽകുന്നു. ഒരു വിസമ്മതപത്രം മാത്രം മതി.
താൻ ഉദ്ദേശിക്കുന്നവർക്ക് അനന്തരാവകാശം തടയാൻ തനിക്ക് ഇസ്ലാമിക ശരീഅത്ത് ബാധകമല്ലെന്ന് എഴുതി കൊടുത്താൽ മതി. ശരീഅത്തിൽ നിന്ന് പുറത്ത് പോയ ആൾ ഇസ്സാമിലേക്ക് പിന്നീട് എങ്ങിനെ തിരിച്ച് വരും എന്നതുൾപ്പെടെ നിരവധി സങ്കീർണ്ണമായ പ്രശ്നങ്ങളുണ്ട്.

2 ഒരാൾക്ക് ഇസ്ലാം സ്വീകരിക്കണമെങ്കിൽ അയാൾ തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കണം. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. അഥോറിറ്റിക്ക് തൃപ്തികരമാണെങ്കിൽ മാത്രം ഇസ്ലാം സ്വീകരിക്കാൻ അനുമതി നൽകും. ഇല്ലെങ്കിൽ അപേക്ഷ തള്ളും. അഡീഷനൽ ട്രിസ്ട്രിക്ട് മജിസ്ത്രേറ്റിന്റെ മുന്നിൽ അപ്പീൽ നൽകാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശമുണ്ട്.ഇസ്ലാം മതാശ്ലേഷണാവകാശം എ ഡി എമ്മിന്റെ തീരുമാനത്തിന് വിധേയമാണ്.

3 - തഹസിൽദാർക്ക് നൽകിയ അപേക്ഷയിൽ മിനിമം നാൽപത്തി അഞ്ച് ദിവസത്തിനകം തീരുമാനമെടുത്താൽ മതി. ഇതിന് രണ്ട് ദോഷമുണ്ട്.
1) 'സർക്കാർ കാര്യം മുറപോലെ' എന്നറിയാമല്ലോ. ഇത്തരം അപേക്ഷകൾ തീരുമാനമാകാതെ മേശപ്പുറത്ത് കിടക്കും.
2) ഈ വിവരം ചോർന്ന് പോകുന്നതോടെ കുടുംബത്തിലെ എതിർപ്പുകാർ രംഗത്ത് വരികയും തഹസിൽദാർക്ക് പരാതി നൽകുകയും ചെയ്യും. വിദ്യഭ്യാസവും തന്റേടവും ഉണ്ടായിട്ടും ഹാദിയ അനുഭവിച്ചത് അറിയാമല്ലൊ.

4ക്രിസ്തുമതം ഹിന്ദുമതം തുടങ്ങി ഒരു മത വിഭാഗത്തിനുമില്ലാത്ത പ്രത്യേക നിയമം മുസ്ലിംകൾക്ക് മാത്രം അടിച്ചേൽപിക്കുന്നു.
ഒരു നിമിഷം കൊണ്ട് സാധ്യമാകുന്ന ലളിതമായ പ്രക്രിയയാണ് ഇസ്ലാമികാശ്ലേഷണം. ഈ നിയമം മൂലം വിഷയം സങ്കീർണ്ണമാക്കുക മാത്രമല്ല ആഗ്രഹിക്കുന്ന 90% ആളുകൾക്കും ഇസ്ലാമിലേക്ക് വരാൻ സാധിക്കാതെ വരും.

5 നിലവിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് അംഗീകാരം നൽകാൻ അധികാരമുള്ള കോഴിക്കോട് തർബിയ്യത്ത്, പൊന്നാനി മഊനത്ത് എന്നീ സ്ഥാപനങ്ങളുടെ ആധികാരികത നഷ്ടപ്പെട്ടേക്കും.ഈ റൂൾ സമഗ്രമായി പരിഷ്‌കരിക്കണമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സമസ്ത നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഖേദകരമെന്ന് പറയട്ടെ പി.കെ ഫിറോസ് ഈ റൂൾ സ്വാഗതം ചെയ്തിരിക്കയാണ്. ഇസ്ലാമിനനുകൂലമായി ഈ നിയമം പരിഷ്‌കരിക്കുന്നതിന് യൂത്ത് ലീഗ് നേതൃസ്ഥാനം അലങ്കരിക്കുന്ന ഫിറോസിന്റെ നിലപാട് വിഘാതമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ നിയമം ശരി വെച്ച ഫിറോസ് അതിൽ നിന്ന് പിൻവാങ്ങേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ മാതൃസംഘടന നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ തന്റെ പ്രസ്താവന അദ്ദേഹം പിൻവലിച്ചേ തീരൂ.ഇതിന് മുമ്പ് വിവാഹ പ്രായ വിഷയത്തിലും മുത്വലാഖ് വിഷയത്തിലും വിദ്യാർത്ഥി യുവജന നേതാക്കൾ സ്വീകരിച്ച നിലപാട് പിന്നീട് ശരീഅത്ത് ഭേദഗതിക്കാർക്ക് സഹായകമായ അനുഭവം നമ്മുടെ മുമ്പിലുണ്ടല്ലോ.-ഇങ്ങനെയാണ് അമ്പലക്കടവിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഇതിനുപിന്നാലെ പി കെ ഫിറോസിനുനേര രൂക്ഷ വിമർശനം ഉയർത്തി സമസതയുടെ അണികൾ രംഗത്തെത്തി. ശരീഅത്ത് റൂളിന്റെ പേരിൽ എന്തിനാണ് ഫിറോസ് സമസ്തയെയും ഒരു സമുദായത്തെയും പ്രതികൂട്ടിൽ നിർത്തുന്നുവെന്നാണ് മിഥിലാജ് അബ്ദുൽ സലാമിനെപ്പോലുള്ള സമസ്ത പ്രവർത്തകൾ ചൂണ്ടികക്കാട്ടുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

പി കെ ഫിറോസ് എന്തിനു നിരന്തരം ഇങ്ങനെ സമസ്തയെയും ഒരു സമുദായത്തെയും പ്രതിസ്ഥാനത്തും മാപ്പുസാക്ഷി കൂട്ടിലും കയറ്റുന്നു എന്ന് മനസ്സിലാകുന്നില്ല . അദ്ദേഹം ആദ്യം റൂളിനെ സ്വാഗതം ചെയ്തു. പിന്നീട് സമസ്തയും നിയമ വിദഗ്ധരും ലീഗിലെ തന്നെ കെ എൻ എ ഖാദറും പി എം സാദിഖലിയും വിമർശനവുമായി മുന്നോട്ടു വന്നപ്പോൾ ഒട്ടും സ്വാഗതാര്ഹമല്ലാത്തതും സമസ്തയുടെ പ്രധാന ആശങ്കളുമായി ബന്ധപ്പെടാത്തതുമായ ഒരു ഭേദദഗതി മാത്രം( ജാതി സർട്ടിഫിക്കറ്റ് ഒഴിവാക്കുകയും എൻക്വയറിക്ക് പകരം വെരിഫിക്കേഷൻ വേണമെന്നുമുള്ള ഭേദഗതി) നിർദ്ദേശിച്ച് റൂളിനെ ന്യായീകരിച്ചു. ഇന്നലെ വീണ്ടും പത്ര സമ്മേളനത്തിൽ സമസ്തയുടെ അഭിപ്രായങ്ങളിൽ കഴമ്പില്ലെന്ന് ആരോപിക്കുകയും സമസ്ത കൂടി നിർദ്ദേശിച്ച ഭേദഗതി സർക്കാരിന് നൽകിയിട്ടുണ്ടെന്ന് വ്യാജ വാദം ഉന്നയിക്കുകയും ചെയ്തിരിക്കുന്നു.

?സമസ്തയുടെ മൗലികമായ ആവശ്യങ്ങൾ നോക്കൂ നാം . ഒന്ന്, പൊന്നാനി-തർബിയ്യത്ത് തുടങ്ങിയ സ്ഥാപനങ്ങൾ വഴി മതം മാറ്റം എളുപ്പമായിരുന്ന പൂർവ്വ സ്ഥിതി നില നിൽക്കണം. രണ്ട്, മതം മാറ്റം പോലുള്ള ഒരു മൗലികാവകാശം തഹസിൽദാർ, എ ഡി എം തുടങ്ങി എക്സിക്യൂട്ടീവുകൾക്ക് മുമ്പിൽ ഏത്തമിട്ടു സ്വീകരിക്കേണ്ട സാഹചര്യം 'ഹാദിയാ'നന്തര കേരളത്തിൽ ആശാസ്യമല്ല. മൂന്നു, ശരീഅത്ത് ബാധകമാക്കാൻ എല്ലാവരും ഡിക്ലറേഷൻ നൽകേണ്ടി വരുന്ന നിയമ സാഹചര്യം വലിയ പ്രശനങ്ങൾ സൃഷ്ടിക്കും.

ഏറെ ഭീഷണമായതും അതെ സമയം പൊതു സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മതനിരപേക്ഷ സമൂഹത്തിൽ പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കാനിടയുള്ളതുമായ ഇത്തരം ആശങ്കകളെ ഒന്ന് പോലും അഡ്രസ് ചെയ്യാതെയല്ലേ , പി കെ ഫിറോസ് സമസ്തയെ പരിഹസിക്കുന്നത് ?! എന്നിട്ട് ഇതിന്റെ പേരിൽ വിമര്ശിക്കപ്പെടുമ്പോഴാകട്ടെ 'എന്നെ ഒറ്റപ്പെടുത്തുന്നേ' എന്ന് കരയുകയും ചെയ്യുന്നു ! എന്തൊരു കഷ്ടമാണിത് പുതിയ വിജ്ഞാപനം പൊന്നാനി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ തഹസിൽദാർ നൽകുന്ന അംഗീകാര പത്രത്തിന് മുന്നിൽ അപ്രസക്തമാക്കുന്നത് ഫിറോസ് കാണുന്നില്ല. അദ്ദേഹം ഇപ്പോഴും ജാതി സർട്ടിഫിക്കറ്റ് മാത്രം ഒഴിവാക്കി തഹസിൽദാർ നൽകുന്ന അംഗീകാരത്തെ തന്നെ അനുകൂലിക്കുകയാണ്. എല്ലാവരും ഡിക്ളറേഷൻ നൽകേണ്ടി വരുന്ന സാങ്കേതിക പ്രശ്നത്തെ കെ എൻ എ ഖാദറിന് പുറമെ സർക്കാരിന്റെ മുൻ അഡ്വക്കറ്റ് ജനറൽ പോലും ഭീഷണിയായി കാണുമ്പോൾ ഫിറോസ് അങ്ങനെ ഒന്നില്ലെന്നു നിഷേധിക്കുന്നു
ഇതൊക്കെ ഒന്ന് കൃത്യമായി ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴാകട്ടെ യൂത്ത് ലീഗ് മാത്രമേ നിയമപോരാട്ടത്തിനു മുന്നിലുണ്ടായുള്ളൂ എന്ന് പായാരം പറയുകയും ചെയ്യുന്നു! ഇനി എന്ത് ചെയ്യണമെന്ന് ദയവു ചെയ്ത് യൂത്ത് ലീഗ് തന്നെ പറഞ്ഞു തരൂ

കുറച്ച് മുമ്പ് ഫാറൂഖ് കോളജിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു ഒരു അദ്ധ്യാപകനെ പി കെ ഫിറോസ് ഉൾപ്പെടെയുള്ളവർ വിമർശിച്ചപ്പോൾ അഭിവന്ദ്യനായ സി കെ സുബൈർ സാഹിബ് അന്ന് നൊമ്പരപ്പെട്ടിരുന്നു . ഞാൻ ഏത് പക്ഷത്ത് എന്നതല്ല വിഷയം , നമ്മളുള്ള വലിയൊരു പക്ഷം ദുർബലമാകുന്നു എന്നതാണ്!

പ്രിയങ്കരനായ സി കെ സുബൈർ, പി എം സാദിഖലി ഉൾപ്പെടെയുള്ള പക്വതയുള്ള നേതൃത്വം ദയവു ചെയ്ത് ഒരിക്കൽ കൂടി പി കെ ഫിറോസിനെ അത് ബോധ്യപ്പെടുത്തണം. - ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.

ലീഗും സമസ്തയും തമ്മിൽ മുമ്പൊന്നുമില്ലാത്ത തർക്കമാണ് ഇപ്പോൾ ഫിറോസും സമസ്ത ഇ.കെ.വിഭാഗവും തമ്മിൽ ഉടലെടുത്തിരിക്കുന്ന തർക്കം. ശരീഅത്ത്, മുത്തലാഖ്, പെൺകുട്ടികളുടെ വിവാഹ പ്രായം, പർദ ധരിക്കൽ, ഫറൂഖ് കോളേജിലെ ആൺ പെൺ ഒരുമിച്ചിരിക്കൽ, ജൗഹർമാഷിന്റെ പ്രസംഗം, ഹാദിയ വിഷയങ്ങളിൽ ഫിറോസ് സ്വീകരിച്ച നിലപാടാണ് സമുദായത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് സമസ്തയിലെ നേതാക്കൾ വിശദീകരിക്കുന്ന. കാന്തപുരം എ.പി.വിഭാഗത്തിനെ പിണക്കാൻ ഇത് വരെ ഫിറോസ് തയ്യാറായിട്ടില്ലെന്നതാണ് വസ്തുത.

എ.പി.വിഭാഗം സുന്നികളുടെ മർക്കസ് സമ്മേളനത്തിൽ പോയി ഇ.കെ.വിഭാഗത്തിനെതിരെ പ്രസംഗിച്ച് കൈയടി വാങ്ങിയതിന് പിന്നിൽ ബിസിനസ് താൽപര്യമുണ്ടെന്നും ഇവർ ആരോപിക്കുന്നു.എ.പി.വിഭാഗം സമസ്തയുടെ ഉന്നത നേതാവിന്റെ മകനുമായുള്ള റിയൽ എസ്റ്റേറ്റ് ബന്ധത്തിൽ കോടികളുടെ ഇടപാടാണ് നടന്നതെന്ന് ലീഗിലെ പല നേതാക്കൾക്കും വ്യക്തമായി അറിയാം.അടുത്ത ലോകസഭാ സീറ്റ് മോഹിച്ച് നിയമസഭാ സീറ്റ് തരപ്പെടുത്താനുള്ള അതി ബുദ്ധിയാണ് ഫിറോസ് കാണിക്കുന്നതെന്നും ഇവർ പറയുന്നു.റിയൽ എസ്റ്റേറ്റ് രംഗത്തെ കുതിപ്പിൽ സീറ്റ് വാങ്ങാനുള്ള ശക്തി ഫറോസിന് ഉണ്ടെന്നാണ് സമസ്തയിലെ ചില നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ ഇതെല്ലാം അപവാദങ്ങൾ മാത്രമാണെന്നും തനിക്ക് റിയൽ എസ്റ്റേറ്റ് അടക്കമുള്ള ഒരു ബിസിനസും ഇല്ലെന്നും വിഷയങ്ങളിൽ പ്രശ്നാധിഷ്ഠിത നിലപാടാണ് എടുക്കാറുള്ളതെന്നമാണ് പികെ ഫിറോസ് പറയുന്നത്. ഇതുസംബദ്ധിച്ച് വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് അദ്ദേഹം അണികൾക്ക് നൽകിയ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP