Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ 18 സീറ്റും ഉറപ്പാക്കണമെന്ന് പ്രിയങ്കയുടെ കർശന നിർദ്ദേശം; വിജയം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യത ഉയരുന്നു; തൃശൂരിൽ വി എം സുധീരന്റെ പേരു സജീവമാക്കുന്നതും വിജയ സാധ്യത കണക്കിലെടുത്ത്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ വേണുഗോപാലിന് പകരം വിഷ്ണുനാഥിനെ ആലപ്പുഴയിൽ ഇറക്കാൻ നീക്കം; വടകരയിൽ അഭിജിത്തിനും വയനാട്ടിൽ സിദ്ദിഖിനും തന്നെ കൂടുതൽ സാധ്യത; ചാലക്കുടി നോട്ടമിട്ട് ബെന്നി ബെഹന്നാനും ബാബുവും; കോൺഗ്രസ് സീറ്റ് ചർച്ചകളുടെ ചൂടിലേക്ക്

കേരളത്തിൽ 18 സീറ്റും ഉറപ്പാക്കണമെന്ന് പ്രിയങ്കയുടെ കർശന നിർദ്ദേശം; വിജയം ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കാനുള്ള സാധ്യത ഉയരുന്നു; തൃശൂരിൽ വി എം സുധീരന്റെ പേരു സജീവമാക്കുന്നതും വിജയ സാധ്യത കണക്കിലെടുത്ത്; സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായതോടെ വേണുഗോപാലിന് പകരം വിഷ്ണുനാഥിനെ ആലപ്പുഴയിൽ ഇറക്കാൻ നീക്കം; വടകരയിൽ അഭിജിത്തിനും വയനാട്ടിൽ സിദ്ദിഖിനും തന്നെ കൂടുതൽ സാധ്യത; ചാലക്കുടി നോട്ടമിട്ട് ബെന്നി ബെഹന്നാനും ബാബുവും; കോൺഗ്രസ് സീറ്റ് ചർച്ചകളുടെ ചൂടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് കിഴക്കൻ യുപിയുടെ ചുമതലയാണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നൽകിയിട്ടുള്ളത്. ഇതിനൊപ്പം കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. കോൺഗ്രസിന് തൂത്തുവാരാൻ കഴിയുന്ന സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ എഐസിസി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും പ്രിയങ്ക സജീവമായി ഇടപെടും. സ്ഥാനാർത്ഥി ചർച്ചകളുടെ ഭാഗവുമാകും. കേരളത്തിൽ 18 സീറ്റിൽ യുഡിഎഫ് ജയിക്കണമെന്നാണ് പ്രിയങ്ക കേരള നേതാക്കൾക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. 14 കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് കേരളത്തിൽ നിന്ന് ജയിക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

ഇതോടെ ഉമ്മൻ ചാണ്ടിയുടെയും വി എം. സുധീരന്റെയും ഉൾപ്പെടെ പേരുകൾ മത്സരരംഗത്തേക്ക് വീണ്ടും ഉയർന്നുവരുന്നു. ഉമ്മൻ ചാണ്ടി മത്സരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. എന്നാൽ ഇടുക്കിയിൽ മത്സരിക്കണമെന്ന് ഉമ്മൻ ചാണ്ടിയോട് പ്രിയങ്ക ആവശ്യപ്പെടും. ഉമ്മൻ ചാണ്ടിക്ക് അനുയോജ്യമായ മണ്ഡലം കോട്ടയമാണ്. നിലവിൽ അത് കേരള കോൺഗ്രസിന്റെ പക്കലാണ്. അതുകൊണ്ട് ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കണമെന്നാണ് ആവശ്യം. ഏത് സീറ്റിൽ നിന്നാലും ഉമ്മൻ ചാണ്ടി ജയിക്കും. കോട്ടയത്ത് കേരളാ കോൺഗ്രസിന് ജയിക്കാനാകും. അതുകൊണ്ട് തന്നെ ഇടുക്കിയിൽ ജോയ്‌സ് ജോർജിനെ തോൽപ്പിച്ച് സീറ്റ് യുഡിഎഫ് പക്ഷത്ത് എത്തിക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗാപാലും ഒഴിച്ചുള്ള സിറ്റിങ് എംപിമാരെല്ലാം വീണ്ടും കളത്തിലിറങ്ങുമെന്ന് ഏറക്കുറെ ധാരണയായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്ത് യു.ഡി.എഫിന് മൊത്തത്തിൽ ഉണർവ്വുണ്ടാക്കുമെന്ന വികാരവും ശക്തമായിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്. കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുകയും കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിന് പകരം ഇടുക്കി നൽകുകയുമെന്ന ഫോർമുലയും കോൺഗ്രസിനകത്ത് ചർച്ചയാവുന്നു. എന്നാൽ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിക്ക് സാധ്യത ഏറെയുള്ളതു കൊണ്ട് ഇത്തരമൊരു നീക്കം വേണ്ടെന്നാണ് പൊതുവേ ഉയരുന്ന നിലപാട്. ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), കെ.വി. തോമസ് (എറണാകുളം), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവരാണ് വീണ്ടും മത്സരിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞതവണ കൈവിട്ട തൃശ്ശൂർ തിരിച്ചുപിടിക്കാൻ വേണ്ടിവന്നാൽ വി എം. സുധീരൻ മത്സരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. താൻ മത്സരത്തിനില്ലെന്ന് സുധീരൻ പറയുന്നുണ്ടെങ്കിലും ഹൈക്കമാൻഡിനെ സുധീരൻ ധിക്കരിക്കില്ല. സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായതിനാൽ കെ.സി. വേണുഗോപാൽ ഇനി മത്സരിക്കാൻ സാധ്യതയില്ല. വേണുഗോപാലിനെ തിരഞ്ഞെടുപ്പു രംഗത്തുനിന്നുമാറ്റിയാൽ ആലപ്പുഴയിൽ എ.ഐ.സി.സി. സെക്രട്ടറി പി.സി. വിഷ്ണുനാഥിന് സാധ്യത തെളിയും. ചാലക്കുടിയിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബെഹനാനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിന് മുൻതൂക്കമുണ്ട്.

കഴിഞ്ഞപ്രാവശ്യം തോറ്റ പി.സി. ചാക്കോ ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആറ്റിങ്ങലിൽ അടൂർ പ്രകാശ് പ്രാദേശിക പരിപാടികളിൽ പങ്കെടുത്തുതുടങ്ങി. സിറ്റിങ് എംഎ‍ൽഎയായിട്ടും അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കുന്നതും ജയസാധ്യത മുന്നിൽ കണ്ടാണ്. കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര മണ്ഡലത്തിൽ കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനാണ് മുൻഗണന. യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.പി. അനിൽകുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.

ചാലക്കുടിയിലേക്ക് കെപി ധനപാലനെ പരിഗണിക്കാനും സാധ്യതയുണ്ട്. എ ഗ്രൂപ്പിൽനിന്നുതന്നെ മുന്മന്ത്രി കെ. ബാബുവും ചാലക്കുടിക്കായി ശ്രമിക്കുന്നുണ്ട്. അങ്കമാലിക്കാരനായ രാഷ്ട്രീയത്തിലിറങ്ങിയ ബാബു, ചാലക്കുടിയിലൂടെ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള ടി.എൻ. പ്രതാപന്റെ പേരും ചാലക്കുടിയിൽ ചർച്ചയാകുന്നുണ്ട്. പ്രൊഫഷണൽ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനുമായി മാത്യു കുഴൽനാടൻ ചാലക്കുടിക്കായി രംഗത്തുണ്ട്. സീറ്റ് എ വിഭാഗത്തിന്റേതാണെന്നും ചെറുപ്പക്കാരനെയാണ് പരിഗണിക്കുന്നതെങ്കിൽ ജെയ്സൺ ജോസഫിന് കൊടുക്കണമെന്നും വാദിക്കുന്നവരുമുണ്ട്.

പത്തനംതിട്ടയിലേക്ക് പക്ഷേ പി.ജെ. കുര്യനും നോട്ടമിട്ട് നിൽക്കുന്നുണ്ട്. യു.ഡി.എഫ് ഉറച്ച കോട്ടയായി കണക്കാക്കുന്ന വയനാട് മണ്ഡലത്തിൽ അന്തരിച്ച എം.ഐ. ഷാനവാസിന്റെ ഒഴിവിലേക്ക് പലരും നോട്ടമിട്ട് നിൽക്കുന്നു. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം.ഹസ്സൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ. കാസർകോട്ട് മുൻ എംപി അന്തരിച്ച ഐ. രാമറൈയുടെ മകൻ സുബ്ബണ്ണറൈയാണ് പരിഗണനയിൽ. കണ്ണൂരിൽ സതീശൻ പാച്ചേനിയും അബ്ദുള്ളക്കുട്ടിയുമാണ് മുന്നിൽ. പാലക്കാട്ട് ഷാഫി പറമ്പിൽ എംഎ‍ൽഎയുടെയും വി.കെ. ശ്രീകണ്ഠന്റെയും പേരുകളുയരുമ്പോൾ, എറണാകുളത്ത് കെ.വി. തോമസിന് പകരം അപ്രതീക്ഷിതമായി ഹൈബി ഈഡൻ എംഎ‍ൽഎയുടെ പേരുമുയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP