Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ വോട്ടിങ്ങ് യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റ്; ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്; അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ല; വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല; അതിനാൽ ഹാക്കിങ്ങ് അസാധ്യം; കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലുവിളിച്ചിട്ടും ഏറ്റെടുക്കാൻ ഒരു പാർട്ടിയും തയ്യാറല്ല; ഇന്ത്യൻ വോട്ടിങ്ങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതം; ബാലറ്റിലേക്ക് മടങ്ങണമെന്ന് വാദം അശാസ്ത്രീയം

ഓരോ വോട്ടിങ്ങ് യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റ്; ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്; അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ല; വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല; അതിനാൽ ഹാക്കിങ്ങ് അസാധ്യം; കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലുവിളിച്ചിട്ടും ഏറ്റെടുക്കാൻ ഒരു പാർട്ടിയും തയ്യാറല്ല; ഇന്ത്യൻ വോട്ടിങ്ങ് യന്ത്രങ്ങൾ പൂർണമായും സുരക്ഷിതം; ബാലറ്റിലേക്ക് മടങ്ങണമെന്ന് വാദം അശാസ്ത്രീയം

കെ വി നിരഞ്ജൻ

ന്യൂഡൽഹി: ഇന്ത്യൻ വോട്ടിങ്ങ് യന്ത്രങ്ങളിൽ നുഴഞ്ഞുകയറി 2014ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന അമേരിക്കൻ ഹാക്കറുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിവാദവും കൊടുമ്പിരികൊള്ളുകയാണ്. എന്നാൽ ശാസ്ത്രത്തിന്റെയും സാങ്കേതികതയുടെ അടിസ്ഥാന ചില വിവരങ്ങൾ മനസ്സിലാക്കിയാൽ വോട്ടിങ്ങ് യന്ത്ര ഹാക്കിങ്ങ് എന്നത് ഒരു കെട്ടുകഥമാത്രമാണെന്ന് മനസ്സിലാക്കാം.

പരസ്പരം കണക്റ്റഡ് ആയ ഒരു നെറ്റ് വർക്കിൽ നുഴഞ്ഞു കയറുക എന്നാണതിന്റെ ഹാക്കിങ്ങ് എന്ന വാക്കിന്റെ അർഥമെന്ന് ഇതുസംബന്ധിച്ച് പഠിക്കുന്ന സന്ദീപ് പാർഥ സാരഥിയെപ്പോലുള്ള ഐടി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ അനധികൃതമായി കടന്നുകയറി തിരിമറി നടത്തുന്നതിനെയും ഹാക്കിങ് എന്നു പറയാം. വോട്ടിങ് യന്ത്രങ്ങളിൽ അത് സാധ്യമല്ല. കാരണം ഓരോ യന്ത്രവും ഓരോ സ്വതന്ത്ര യൂണിറ്റാണ്. വയേർഡായോ വയർലെസായോ അവ ഒരു ശൃംഖലയുമായും ബന്ധിപ്പിച്ചിട്ടില്ല. ഒറ്റത്തവണ പ്രോഗ്രാം ചെയ്യാവുന്ന മൈക്രോ ചിപ്പാണ് യന്ത്രത്തിലുള്ളത്. അത് റീഡ് ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിയില്ല.

വോട്ടിങ്ങ് മെഷീൻ ഒരു നെറ്റ് വർക്കുമായും കണക്റ്റഡ് അല്ല. അതായത് വോട്ടിങ്ങ് മെഷീൻ പ്രവർത്തിക്കുമ്പോൾ അതിലേക്കോ അതിൽ നിന്നോ വൈദ്യുത കാന്തിക തരംഗങ്ങൾ അകത്തേക്കോ പുറത്തേക്കോ പോകുന്നില്ല. ഒരു ചിഹ്നത്തിൽ അമർത്തുമ്പോൾ അതിൽ സീൽ പതിയുന്ന തരത്തിൽ നിർമ്മിക്കപ്പെട്ട ഇലക്ട്രോണിക്ക് ഉപകരണം ആണ് വോട്ടിങ്ങ് മെഷീൻ. അതിൽ സീൽ പതിപ്പിക്കപ്പെട്ട നിലയിൽ പ്രി-ലോഡ് ചെയ്യാനും കഴിയില്ല.

വോട്ടിങ്ങ്മെഷീൻ പൂർണമായും സുരക്ഷിതം

വോട്ടിങ്ങ് നടക്കുമ്പോൾ പുറത്ത് നിന്ന് കൺട്രോൾ ചെയ്യാൻ, വോട്ടിങ്ങ് മെഷീൻ നെറ്റ്‌വർക്കുകളുമായി കണക്ട് അല്ലാത്തതിനാൽ അതും സാധ്യമല്ല. റിമോട്ട് നിയന്ത്രണത്തിന് യന്ത്രത്തിൽ വയർലെസ് സങ്കേതമുള്ള ഡിസ്‌പ്ലേയോ എക്‌സ്ട്രാ സർക്ക്യൂട്ട് ബോർഡോ സ്ഥാപിക്കണം. ഇലക്ഷൻ കമ്മിഷന്റെ ആദ്യ പരിശോധന കഴിഞ്ഞ് സൂക്ഷിക്കുന്ന യന്ത്രങ്ങൾ മറ്റാർക്കും കൈകാര്യം ചെയ്യാൻ കിട്ടില്ല. വോട്ടിങ്ങ് മെഷീനിൽ കൃത്രിമം നടത്താൻ കഴിയും എന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സകല രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാൻ ഒരു പാർട്ടിയും മുന്നോട്ട് വന്നിട്ടില്ല.

വോട്ട് ഡാറ്റ സ്റ്റോർ ചെയ്യുന്ന മെമ്മറി ചിപ്പിൽ തിരിമറി നടത്താൻ മെമ്മറി മാനിപ്പുലേറ്റർ ഐ.സി ഘടിപ്പിക്കണം. അതിന് വോട്ടെടുപ്പിന് ശേഷം കൺട്രോൾ യൂണിറ്റുകൾ തിരിമറിക്കാർക്ക് കിട്ടണം. അത് അസാധ്യമാണ്. വോട്ടെടുപ്പിന് ശേഷം യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോംങ് റൂമിന് രണ്ട് സുരക്ഷാ വലയങ്ങളുണ്ട്. സ്ഥാനാർത്ഥികളുടെ പ്രതിനിധികളും അടുത്തുണ്ടാവും. സ്ട്രോങ് റൂമിന്റെ സീലും പൂട്ടും തകർക്കണം. അതൊന്നും നടക്കില്ല.വോട്ടെടുപ്പിന് മുൻപ് മൈക്രോ ചിപ്പ് മാറ്റണമെങ്കിൽ യന്ത്രങ്ങൾ സൂക്ഷിക്കുന്ന വെയർഹൗസിൽ കയറണം. അത് സാദ്ധ്യമല്ല. മൈക്രോ ചിപ്പ് മാറ്റിയാൽ തന്നെ വോട്ടെടുപ്പിന് മുൻപുള്ള ആദ്യ പരിശോധനയിൽ കണ്ടെത്തും. ആദ്യ പരിശോധനയ്ക്ക് ശേഷം സ്‌ട്രോംങ് റൂമിൽ കയറി മാറ്റാനും പറ്റില്ല. അവിടെ വോട്ടിങ് യന്ത്രങ്ങൾ പിങ്ക് പേപ്പർ സീൽ പതിച്ചാണ് സൂക്ഷിക്കുന്നത്. ആ സീൽ പൊട്ടിക്കണം.

ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും തമ്മിൽ മാത്രമേ കണക്ട് ചെയ്യാനാവൂ. മറ്റേതെങ്കിലും യന്ത്രവുമായി കണക്ട് ചെയ്താൽ പ്രവർത്തനം തകരാറിലാകും ( എറർ മോദിലാകും )ഡാറ്റാ തിരിമറി നടത്താനുള്ള ട്രോജൻ വൈറസിനെ കടത്തിവിടണമെങ്കിൽ മൈക്രോ ചിപ്പ് റീപ്രോഗ്രാം ചെയ്യണം. ചിപ്പ് ഒറ്റത്തവണയേ പ്രോഗ്രാം ചെയ്യാനാവൂ.അല്ലെങ്കിൽ ചിപ്പ് നിർമ്മാതാവ് ചെയ്യണം. നിർമ്മാതാവ് ട്രോജൻ കടത്തിവിട്ടാൽ ഇലക്ഷൻ കമ്മിഷന്റെ വിദഗ്ദ്ധരുടെ കോഡ് പരിശോധനയിൽ കണ്ടെത്താം.

അവസാന വോട്ടും ചെയ്തശേഷം കൺട്രോൾ യൂണിറ്റിലെ ക്ലോസ് ബട്ടൺ അമർത്തി പ്രോഗ്രാം അവസാനിപ്പിക്കും. സ്ഥാനാർത്ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ യന്ത്രം സീൽ ചെയ്യും. ക്ലോസ് ബട്ടൺ അമർത്തിയ ശേഷം വോട്ട് ചെയ്യാനാവില്ല. ക്ലോസ് ബട്ടൺ അമർത്തുന്ന സമയം യന്ത്രത്തിലും പോളിങ് ഓഫീസറുടെ ഡയറിയിലും രേഖപ്പെടുത്തും. പിന്നീട് വോട്ട് ചെയ്താൽ അറിയാൻ പറ്റും.



എല്ലാ നെറ്റ് വർക്കുകളിലും കയറാൻ ഹാക്കർമാർക്ക് കഴിയില്ല

ഇനി എല്ലാ നെറ്റ്‌വർക്കുകളിലും നുഴഞ്ഞുകയറാനും സാധിക്കില്ല. സാധാരണയായി വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് നാം കേൾക്കാറുള്ളത്. അതേ സമയം എ.ടി.എം. ബൂത്തുകളിലെ മെഷീനുകൾ എല്ലാം നെറ്റ്‌വർക്കിൽ ബന്ധിക്കപ്പെട്ടതാണ്. അതുകൊണ്ടാണല്ലൊ നമുക്ക് ഏത് എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നത്. ഈ എ.ടി.എം. ആർക്കെങ്കിലും ഹാക്ക് ചെയ്യാൻ കഴിയുമോ? ഇല്ല. അങ്ങനെ എല്ലാ നെറ്റ്‌വർക്കുകളിലും നുഴഞ്ഞു കയറാൻ ഹാക്കർമാർക്ക് കഴിയുമായിരുന്നെങ്കിൽ ലോകത്ത് ഇന്റർനെറ്റിൽ ഒന്നും നടക്കില്ലായിരുന്നു.

നമ്മൾ ഒരു പാസ്വേർഡ് അല്ലെങ്കിൽ ഒരു പിൻ നമ്പർ ടൈപ്പ് ചെയ്ത് എന്റർ അടിക്കുമ്പോൾ അത് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. എന്തായിരുന്നു ആ പാസ്വേർഡ് അല്ലെങ്കിൽ പിൻ നമ്പർ എന്ന് ലോകത്ത് ഒരു ഹാക്കർക്കും മനസ്സിലാക്കാൻ കഴിയില്ല. ഇപ്പോൾ വാട്ട്സാപ്പിൽ അയയ്ക്കുന്ന മെസ്സേജ് പോലും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. അയയ്ക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും അല്ലാതെ മൂന്നാമതൊരാൾക്ക് വാട്ട്സാപ്പ് മെസ്സേജുകൾ വായിക്കാൻ കഴിയില്ല.

ബാലറ്റിലേക്ക് മടങ്ങണമെന്ന വാദം ബാലിശം

ഇന്ത്യയിൽ നാല് പതിറ്റാണ്ടായി ഇലക്ട്രോണിക് വോട്ടിങ്യന്ത്രം ഉപയോഗിക്കുന്നുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെ ചോദ്യം ചെയ്യുകയും യന്ത്രത്തിൽ തിരിമറി ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈ കക്ഷികളെല്ലാം യന്ത്രത്തിലെ ഫലം അംഗീകരിക്കുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കയെക്കാൾ മുമ്പേ വോട്ടിങ് യന്ത്ര സാങ്കേതിക വിദ്യ 'പെർഫെക്ട്' ആക്കിയ രാജ്യമാണ് ഇന്ത്യയെന്ന് വിദഗ്ദ്ധർ പ്രശംസിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ അത് മാറ്റി ബാലറ്റിലേക്ക് പോകണമെന്ന വാദം കാളവണ്ടി യുഗത്തിലേക്ക് പോകണം എന്നതിന് തുല്യമാണ്.

1982ൽ കേരളത്തിലെ പരവൂർ നിയമസഭാ മണ്ഡലത്തിലെ 50 പോളിങ് സ്റ്റേഷനുകളിൽ ആദ്യമായി ഉപയോഗിച്ച വോട്ടിങ് യന്ത്രം പിന്നീട് പല തിരഞ്ഞെടുപ്പുകളിലും ഭാഗികമായി ഉപയോഗിച്ചു. 2000 മുതലാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും പേപ്പർ ബാലറ്റ് വേണ്ടെന്നും വോട്ടിങ് യന്ത്രം മാത്രം മതിയെന്നും തീരുമാനിച്ചത്. ഇക്കാലത്തിനിടെ മൂന്ന് തവണ ( 2006, 2010, 2013 വർഷങ്ങളിൽ) വോട്ടിങ് യന്ത്രം സാങ്കേതികമായി പരിഷ്‌കരിക്കുകയും ചെയ്തു. വിശ്വാസ്യത വർദ്ധിപ്പിക്കാൻ ചെയ്ത വോട്ട് തിരിച്ചറിയാനുള്ള പേപ്പർ രസീത് ലഭിക്കുന്ന 'വിവിപാറ്റ്' സങ്കേതവും നടപ്പാക്കി. വരുന്ന പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്താകെ വിവിപാറ്റ് യൂണിറ്റ് ഉൾപ്പെടുന്ന വോട്ടിങ് യന്ത്രങ്ങളാവും ഉപയോഗിക്കുക.

നിർമ്മാണം മുതൽ വോട്ടെണ്ണൽ വരെ സുരക്ഷാ പരിശോധനയുടെയും മുൻകരുതലുകളുടെയും ഒട്ടേറെ ഘട്ടങ്ങളിലൂടെയാണ് വോട്ടിങ് യന്ത്രങ്ങൾ സാങ്കേതിക മികവിന്റെ മാതൃകകളാകുന്നതെന്ന് ഇലക്ഷൻ കമ്മിഷന്റെ പ്രസന്റേഷൻ രേഖ വ്യക്തമാക്കുന്നുണ്ട്.അതായത്് ഇലട്രോണിക്ക് വോട്ടിങ്ങ് മെഷീൻ ഒഴിവാക്കി ബാലറ്റിലേക്ക് മടങ്ങണം എന്നത് ഒക്കെ കഥഅറിയാതെയുള്ള ആട്ടം കാണൽ മാത്രമാണ്്.

പിന്നിൽ ഹോകസ് ഗ്രൂപ്പോ?

പ്രശസ്തിയും പണവും ലക്ഷ്യമിട്ടുള്ള ഹോക്‌സ് ഗ്രൂപ്പുകളെന്നന്ന് പൊതുവെ വിളിക്കുന്ന ഒരു സംഘം ഒപ്പിക്കുന്ന വേലയാണോ ഇതെന്ന് ഗാർഡിയൻ പത്രവും സംശയിക്കുന്നുണ്ട്. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയത്വരെ വ്യാജമാണെന്ന് പറഞ്ഞ് വൻതോതിൽ പുസ്തകങ്ങളും വീഡിയോകളം വിറ്റഴിച്ച സംഘമാണിത്. ഒരു സംശയത്തെ വ്യാഖ്യാനിച്ച്് പർവതീകരിച്ച് ആളുകളെ ഭീതിയിലാഴ്‌ത്തുന്ന ഒരു നീതി വിദേശരാജ്യങ്ങളിൽ പൊതുവെയുണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.കെന്നഡിയൊ കൊന്നത് സോവിയറ്റ് യൂണിയാനാണെന്ന 'തെളിവ്' ഉണ്ടാക്കുകപോലുള്ള നിരവധി വ്യാജ സംഭവ പരമ്പരകൾ ഇവർ സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തിൽ തിരിമറി നടത്താൻ സാധിക്കുമെന്നും അങ്ങനെയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ പിടിച്ചുലച്ചിരിക്കുകയാണ് സയീദ് ഷുജ എന്ന സൈബർ വിദഗ്ധൻ. ഹൈദരാബാദിൽനിന്നുള്ള ഷുജ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിരുന്നെന്നാണു സ്വയം അവകാശപ്പെട്ടത്. എന്നാൽ ഇന്ത്യൻ ജേണലിസ്റ്റ്‌സ് അസോസിയേഷൻ ലണ്ടനിൽ നടത്തിയ പരിപാടിയിൽ എങ്ങനെയാണു യന്ത്രങ്ങൾ ഹാക്ക് ചെയ്യുന്നതെന്ന് ഷുജ ലൈവ് വിഡിയോയിൽ കാണിച്ചില്ല. ഇതാണു സംശയങ്ങൾക്കു വഴി തുറന്നത്.

വോട്ടിങ് യന്ത്രം നിർമ്മിച്ച എൻജിനീയറിങ് സംഘത്തിൽ താനുമുണ്ടായിരുന്നെന്നാണു ഷുജയുടെ അവകാശവാദം. എന്നാൽ ഷുജയുടെ ആരോപണങ്ങളെല്ലാം ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ തള്ളി. സ്ഥാപനത്തിൽ ഇതേ പേരുള്ള ഒരു ജീവനക്കാരൻ ജോലി ചെയ്തിട്ടില്ലെന്നാണു വ്യക്തമാകുന്നത്. അതേ സമയം വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കാൻ സ്ഥാപനം ഇതുവരെ തയാറായിട്ടില്ല.

2,200 ജോലിക്കാരാണ് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലുള്ളത്. ഇതിൽ 80 ശതമാനം പേരും എൻജിനീയർമാരാണ്. തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിങ് യന്ത്രം നിർമ്മിച്ചത് ഒരു കൂട്ടം യുവ എൻജിനീയർമാരാണ്. വോട്ടിങ് യന്ത്ര നിർമ്മാണത്തിൽ പങ്കാളിയായി പിന്നീട് യുഎസിലേക്കു താമസം മാറിയ ഒരു എൻജിനീയർ ഇല്ലെന്നാണു ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിലപാട്. ഇതൊരു തെറ്റായ കഥ മാത്രമാണെന്നു സ്ഥാപനം പറയുന്നത്.

കപിൽ സിബലിന്റെ സാന്നിധ്യം സംശയാസ്പദം

വോട്ടിങ് യന്ത്രങ്ങൾ തിരിമറി നടത്തിയെന്ന യു.എസ് ഹാക്കറുടെ വെളിപ്പെടുത്തലിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ സാന്നിധ്യം. ലണ്ടനിൽ നടന്ന പത്രസമ്മേളനത്തിൽ സിബൽ പങ്കെടുത്തത് ചൂണ്ടിയാണ് ആരോപണങ്ങളെ ബിജെപി പ്രതിരോധിക്കുന്നത്.

അട്ടിമറി ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കപിൽ സിബൽ കോൺഗ്രസിന് വേണ്ടി സാഹചര്യങ്ങൾ നിരീക്ഷിക്കാനാണ് പോയത്. കോൺഗ്രസ് സ്പോൺസേർഡ് പരിപാടിയാണ് നടന്നത്. 2014ലെ ജനവിധിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കോൺഗ്രസ് അപമാനിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
എന്നാൽ കപിൽ സിബൽ പങ്കെടുത്തത് കോൺഗ്രസിനെ പ്രതിനിധീകരിച്ചല്ലെന്ന് അഭിഷേക് സിങ്വി പറഞ്ഞു. മാധ്യമപ്രവർത്തകർ ക്ഷണിച്ചതിനാൽ സ്വന്തംനിലയിലാണ് സിബിൽ പോയതെന്നും സിങ്വി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP