Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാം സീറ്റിനായി സമ്മർദ്ദം മുറുക്കുന്നതിനിടെ മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാർത്ഥി നിശ്ചയത്തിൽ വ്യക്തമായ ധാരണയുമായി ലീഗ് ഒരുപടി മുന്നിൽ; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും മാറ്റുരയ്ക്കാൻ സാധ്യത; മൂന്നാം സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് നോട്ടം; സർവസ്വതന്ത്രനെ തിരഞ്ഞുള്ള നെട്ടോട്ടത്തിൽ സിപിഎമ്മും ഇടതുമുന്നണിയും; മലപ്പുറത്ത് സീറ്റ് ചർച്ചകൾ സജീവമാകുന്നത് ഇങ്ങനെ

മൂന്നാം സീറ്റിനായി സമ്മർദ്ദം മുറുക്കുന്നതിനിടെ മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാർത്ഥി നിശ്ചയത്തിൽ വ്യക്തമായ ധാരണയുമായി ലീഗ് ഒരുപടി മുന്നിൽ; മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും വീണ്ടും മാറ്റുരയ്ക്കാൻ സാധ്യത; മൂന്നാം സീറ്റ് കിട്ടിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് നോട്ടം; സർവസ്വതന്ത്രനെ തിരഞ്ഞുള്ള നെട്ടോട്ടത്തിൽ സിപിഎമ്മും ഇടതുമുന്നണിയും; മലപ്പുറത്ത് സീറ്റ് ചർച്ചകൾ സജീവമാകുന്നത് ഇങ്ങനെ

എം പി റാഫി

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ ഇരു മുന്നണികളും സ്ഥാനാർത്ഥി ചർച്ചകളിൽ സജീവമായിരിക്കുകയാണ്. മലപ്പുറം, പൊന്നാനി, വയനാട് പാർലമെന്റ് മണ്ഡലങ്ങളുടെ ഭൂപ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് മലപ്പുറം ജില്ല. മുസ്ലിംലീഗ് മത്സരിക്കുന്ന കേരളത്തിലെ രണ്ട് മണ്ഡലമാണ് പൊന്നാനിയും മലപ്പുറവും. ഇരു മണ്ഡലത്തിലും ലീഗ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും സിപിഎം സ്ഥാനാർത്ഥി ആരെന്ന് വ്യക്തമായിട്ടില്ല. സർവ്വസ്വതന്ത്രനെ തിരഞ്ഞുള്ള നെട്ടോട്ടത്തിലാണ് ഇടതു മുന്നണിയും സിപിഎമ്മും.

നിലവിലുള്ള രണ്ട് സീറ്റുകൾക്കു പുറമെ ഒരു പാർലമെന്റ് സീറ്റിനായുള്ള സമ്മർദം ശക്തമാക്കാനാണ് മുസ്ലിംലീഗിന്റെ തീരുമാനം. ഇതുസംബന്ധിച്ച് യുഡിഎഫ് നേതാക്കളുമായി ലീഗ് നേതൃത്വം പ്രാഥമിക ചർച്ച നടത്തിയതായാണ് വിവരം. പൊന്നാനിക്കും മലപ്പുറത്തിനും പുറമെ ലീഗിന് മേൽകൈയുള്ള വയനാട് മണ്ഡലത്തിനായാണ് മുസ്ലിംലീഗ് സമ്മർദം ശക്തമാക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കളിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. നിലവിൽ കോൺഗ്രസ് ഐ വിഭാഗത്തിന്റേതാണ് വയനാട് പാർലമെന്റ് മണ്ഡലം. എം.ഐ ഷാനവാസ് പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്നാണ് കണക്കുകൂട്ടൽ.

18 എംഎൽഎമാരുള്ള മുസ്ലിം ലീഗിന് മൂന്നാമതൊരു സീറ്റുകൂടി ലഭിക്കേണ്ടതുണ്ടെന്നാണ് ലീഗിലെ ആവശ്യം. എന്നാൽ ലീഗിനെ പിണക്കാതെ ആവശ്യം പരിഹരിക്കുകയെന്നുള്ളതാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ലീഗിനെ പരിഗണിക്കുന്നതിൽ ഘടകകക്ഷി നേതാക്കളിലും ഭിന്ന അഭിപ്രായമില്ല. എന്നാൽ യുഡിഎഫിലെ മറ്റു കക്ഷികളും അവകാശമാദം ഉന്നയിച്ചെത്തുന്നത് കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.
മലപ്പുറം മണ്ഡലത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറും തുടർന്നും മത്സരിക്കാനാണ് നിലവിലെ സാധ്യത. വയനാട് സീറ്റ് ലഭിച്ചാൽ ഇതിൽ മാറ്റം വന്നേക്കാം. മൂന്ന് സീറ്റിൽ മത്സരിക്കുകയാണെങ്കിൽ അബ്ദുസമദ് സമദാനിയെ പരിഗണിച്ചേക്കും. ഉഭയകക്ഷി ചർച്ചകളിലൂടെയായിരിക്കും ഘടകകക്ഷികളുമായി ചർച്ച നടത്തുക. മൂന്നാം സീറ്റ് ലീഗിന് നൽകിയില്ലെങ്കിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് അധികം നൽകി ലീഗിനെ തൃപ്തിപ്പെടുത്താനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി ശ്രേയാംസ്‌കുമാർ ആയിരുന്നു കൽപ്പറ്റയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ജനദാദൾ (എസ്) യുഡിഎഫ് വിട്ടതോടെയാണ് കൽപ്പറ്റ സീറ്റിൽ ലീഗിന് സാധ്യത തെളിയുന്നത്.

നിലവിൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. ഐ ഗ്രൂപ്പിലെ, മലബാറിൽ നിന്നുള്ള മുസ്ലിം സ്ഥാനാർത്ഥിക്കാണ് കൂടുതൽ സാധ്യത. മലപ്പുറം ഡിസിസി സെക്രട്ടറി കെ.പി മജീദ് മാത്രമാണ് ഐ ഗ്രൂപ്പ് നേതാവായി ഉയർന്നു കേൾക്കുന്ന പേര്. അഡ്വ.ടി സിദ്ദീഖ്, എം.എം ഹസൻ, ആര്യാടൻ ഷൗക്കത്ത്, വിവി പ്രകാശ് തുടങ്ങി ഉയർന്നു കേൾക്കുന്ന മറ്റു പ്രമുഖരെല്ലാം 'എ' ഗ്രൂപ്പുകാരാണ്. കോൺഗ്രസിൽ ആർക്കു സീറ്റു നൽകണമെന്നതിനെ ചൊല്ലി ഇതുവരെ തീരുമാനമായിട്ടില്ല. ഗ്രൂപ്പ് സമവാക്യം തിട്ടപ്പെടുത്തിയ ശേഷമായിരിക്കും കോൺഗ്രസിനകത്ത് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കുക.

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ എൽ.ഡി.എഫിൽ നിന്നും ആരെ മത്സരിപ്പിക്കണമെന്നത് നിലവിൽ തീരുമാനമായിട്ടില്ല. അനുയോജ്യനായ സർവ്വസ്വതന്ത്രനെ കിട്ടിയില്ലെങ്കിൽ ഡിവൈഎഫ്ഐ നേതാവ് അഡ്വ.എം.ബി ഫൈസലിനെ വീണ്ടും സിപിഎം ചിഹ്നത്തിൽ മത്സരിപ്പിച്ചേക്കും. പൊന്നാനി മണ്ഡലത്തിൽ ഏറെ പ്രതീക്ഷ വച്ചാണ് ഇത്തവണ ഇടതു മുന്നണി തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങാനിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഇടതു മുന്നേറ്റമാണ് പൊന്നാനി പാർലമെന്റിൽ സിപിഎമ്മിന് ആത്മവിശ്വസം നൽകുന്നത്. എന്നാൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ മത്സര രംഗത്തിറക്കാൻ സ്ഥാനാർത്ഥിയെ കിട്ടിയില്ലെന്നതാണ് സിപിഎമ്മിനെ പൊന്നാനിയിലും കുഴക്കുന്നത്. കെ.ടി ജലീലും വി.അബ്ദുറഹ്മാനും മത്സര രംഗത്തില്ലെന്ന് നേതാക്കളെ അറിയിച്ചതായാണ് സൂചന. സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്തിനെയും ഇടതുമുന്നണി പൊന്നാനിയിലേക്ക് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭയിൽ തിരൂരങ്ങാടി മണ്ഡലത്തിൽ പി.കെ അബ്ദുറബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു നിയാസ് പുളിക്കലകത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP