Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശതകോടികളുടെ സ്വത്തുണ്ടായിട്ടെന്താ കാര്യം? വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാവാതെ ബിജു രമേശും കുടുംബവും; താൻ കംസനെന്നും തന്നെ കൊല്ലാൻ പിറന്ന ശ്രീകൃഷ്ണനെന്നും പറഞ്ഞ് സഹോദരീ പുത്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ബാറുടമ പൊലീസിൽ; പിതാവ് നൽകിയ സ്വത്ത് കൈവശപ്പെടുത്തി തന്നേയും മകനേയും ഇറക്കി വിടാൻ ബിജു രമേശ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹോദരി ചിത്രയും; രമേശൻ കോൺട്രാക്ടറുടെ മരണത്തോടെ തുടങ്ങിയ വ്യവസായ കുടുംബത്തിലെ തമ്മിലടിക്ക് പുതുമാനം

ശതകോടികളുടെ സ്വത്തുണ്ടായിട്ടെന്താ കാര്യം? വീട്ടിൽ സമാധാനത്തോടെ ഉറങ്ങാനാവാതെ ബിജു രമേശും കുടുംബവും; താൻ കംസനെന്നും തന്നെ കൊല്ലാൻ പിറന്ന ശ്രീകൃഷ്ണനെന്നും പറഞ്ഞ് സഹോദരീ പുത്രൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പരാതിയുമായി ബാറുടമ പൊലീസിൽ; പിതാവ് നൽകിയ സ്വത്ത് കൈവശപ്പെടുത്തി തന്നേയും മകനേയും ഇറക്കി വിടാൻ ബിജു രമേശ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹോദരി ചിത്രയും; രമേശൻ കോൺട്രാക്ടറുടെ മരണത്തോടെ തുടങ്ങിയ വ്യവസായ കുടുംബത്തിലെ തമ്മിലടിക്ക് പുതുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎം മാണിക്കെതിരെ ഒരു കോടിയുടെ അഴിമതി ആരോപണം ഉയർത്തിയതോടെയാണ് ബിജു രമേശിന്റെ ജീവിതം കേരളം ചർച്ചയാക്കിയത്. ഒരു ഡിക്ടറ്റീവ് നോവൽ പോലെ ഉദ്വേഗഭരിതവും ജിജ്ഞാസ ജനിപ്പിക്കുന്നതുമായിരുന്നു അത്. തലസ്ഥാനത്തെ ഒരു കാലത്ത് നിയന്ത്രിച്ച രമേശൻ കോൺട്രാക്ടറുടെ മൂന്ന് മക്കളിൽ ഒരാളാണ് ബിജു രമേശ്. ആരേയും കൂസാക്കാതെ ബിസിനസ് നടത്തി തലസ്ഥാനം പിടിച്ച രമേശൻ കോൺട്രാക്ടറുടെ മകൻ. എതിരാളികൾ ആരും ഇല്ലാത്തവണ്ണം അച്ഛന്റെ പിൻഗാമിയായി ബിജു രമേശും തിരുവനന്തപുരത്ത് ബിസിനസ് നടത്തി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്നുള്ള രാജധാനിയിൽ രാജാവിനെ പോലെ ബിജു എല്ലാം നിയന്ത്രിച്ചു. ബാർ കോഴയിലെ വെളിപ്പെടുത്തലും ഇടപെടലുകളും അച്ഛനേക്കാൾ വാർത്താ പ്രാധാന്യം നേടുന്ന മകനാക്കി ബിജു രമേശിനെ മാറ്റി. എന്നാൽ ഇന്ന് ബിജു രമേശ് അത്ര സന്തോഷവാനല്ല. സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങൾ ബിജു രമേശിനെ പിടിച്ചുലയ്ക്കുകയാണ്. കുടുംബത്തിലെ ബാക്കി അംഗങ്ങളെല്ലാം ബിജു രമേശിനെതിരെ അണിനിരക്കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. പൊലീസ് കേസിലേക്ക് പോലും കുടുംബ വഴക്ക് എത്തുന്ന സ്ഥിതിതയാണുള്ളത്.

കുടുംബകലഹത്തേത്തുടർന്ന് ബിജുവും സഹോദരി ചിത്ര രമേശും സംരക്ഷണമാവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. മാതാവിനും തനിക്കും മകനും സംരക്ഷണം വേണമെന്നാണു ചിത്രയുടെ ആവശ്യം. സഹോദരീപുത്രൻ അഭിലാഷ് വധഭീഷണി മുഴക്കുന്നുവെന്നുവെന്നാണു ബിജുവിന്റെ പരാതി. 'ഞാൻ കംസനാണെന്നും എന്നെ വധിക്കാൻ ജനിച്ച ശ്രീകൃഷ്ണനാണു താനെന്നും എതിർകക്ഷി പലരോടും പറഞ്ഞിട്ടുണ്ട്. എന്നെ പലപ്പോഴും ഈ വിധത്തിൽ ഭീഷണിപ്പെടുത്തുന്നു'- ബിജു പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇത്തരമൊരു പരാതിയുമായി ബിജു രമേശ് എത്തുമെന്ന് പൊലീസും ഒരിക്കലും കരുതിയതല്ല. തിരുവനന്തപുരത്തെ ഇപ്പോഴും നിയന്ത്രിക്കുന്ന ബിജു രമേശിന് കുടുംബത്തിൽ എത്രമാത്രം പ്രശ്‌നമുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്നാണ് പൊലീസും വിശദീകരിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തോട് ചേർന്നാണ് രാജധാനിയെന്ന ബിസിനസ് സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന വീട്. രണ്ട് വീടുകൾ ചേർന്നിരിക്കുന്നു. ഈ സ്ഥലത്തേയും വീട്ടിലേക്കുള്ള വഴിയെ കുറിച്ചുള്ള തർക്കമാണ് പ്രശ്‌നങ്ങൾക്കെല്ലാം കാരണം.

പരാതികളുടെ അടിസ്ഥാനത്തിൽ രണ്ടുകൂട്ടർക്കും സംരക്ഷണം നൽകാനാണു പൊലീസിന്റെ തീരുമാനം. കുറേ നാളായി ഫോർട്ട് പൊലീസിന്റെ ഉറക്കം കെടുത്തുകയാണ് ഈ കടുംബ പ്രശ്‌നം. രണ്ട് പേരും തമ്മിലെ പ്രശ്‌നങ്ങൾ സ്ഥിരമാണ്. അടിയാകുമ്പോൾ സ്‌റ്റേഷനിലേക്ക് വിളിയെത്തും. പൊലീസ് ഇരുവരേയും പിടിച്ചു മാറ്റും. അങ്ങനെയാണ് കുടുംബത്തിലെ പ്രശ്‌നങ്ങൾ കൈവിടാതെ പൊലീസ് നോക്കുന്നത്. എന്നാൽ ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. സ്വത്ത് പ്രശ്‌നത്തിന് സിവിൽ കോടതിയിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്ന് ഇരുകൂട്ടരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിവിൽ തർക്കമായതു കൊണ്ടാണ് കേസ് എടുക്കാത്തതും. എന്നാൽ ക്രമസമാധാന പ്രശ്‌നമായി മാറിയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് രണ്ട് കൂട്ടരേയും പൊലീസ് അറിയിച്ചിട്ടുമുണ്ട്.

ഈ വിഷയത്തിൽ രമേശൻ കോൺട്രാക്ടറുടെ മറ്റൊരു മകനായ ഡോ ബിനു രമേശിന്റെ പിന്തുണയും ചേച്ചി ചിത്രയ്ക്കാണ്. ഇതെല്ലാം ബിജു രമേശിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. തിരുവനന്തപുരത്തു നിരവധി ബാറുകളും ഹോട്ടലുകളും ഭൂസ്വത്തുമുള്ള ബിജുവും ചിത്രയും തമ്മിലെ സ്വത്ത് തർക്കം രാഷ്ട്രീയ നേതൃത്വങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ചിത്രയുടെ മകനാണ് അഭിലാഷ്. തലസ്ഥാനത്ത് കിഴക്കേക്കോട്ടയിലെ രാജധാനി സമുച്ചയത്തിൽ രണ്ടു വീടുകളിലായാണു ബിജുവും മൂത്തസഹോദരി ചിത്രയും താമസിക്കുന്നത്. താനും അമ്മയും തന്റെ മക്കളും താമസിക്കുന്ന 'സംതൃപ്തി' എന്ന വീട് പിതാവ് വിൽപ്പത്രപ്രകാരം തന്നതാണെന്നും അതു കൈവശപ്പെടുത്താൻ ബിജു ശ്രമിക്കുന്നുവെന്നുമാണു ചിത്രയുടെ പരാതി. മദ്യലഹരിയിൽ കഴിഞ്ഞമാസം ഡ്രൈവർക്കൊപ്പം വീട്ടിൽക്കയറി മകനെ പിടിച്ചുതള്ളിയെന്നും വീടൊഴിഞ്ഞില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ബിജുവിനെതിരേ അമ്മയും മരിക്കുന്നതിനു മുമ്പ് അച്ഛൻ രമേശനും പൊലീസിനെ സമീപിച്ചിരുന്നെന്നും ചിത്ര വെളിപ്പെടുത്തുന്നു. ആൾബലവും ധനശേഷിയും സ്വാധീനവുമുള്ള ബിജുവിനെതിരേ തങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. അച്ഛന്റെ മരണശേഷം, വീടിന് അവകാശമുന്നയിച്ച് കോടതിയിൽ ഹർജി നൽകിയതിന്റെ പേരിലാണ് അഭിലാഷ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നു ബിജുവിന്റെ പരാതിയിൽ പറയുന്നു. താനും കുടുംബവും ആ വീട്ടിൽക്കൂടിയാണു സ്വന്തം വീട്ടിലേക്കു പോകുന്നത്. അവിടെ കടക്കാൻ അനുവദിക്കുന്നില്ല. കഴിഞ്ഞമാസം വഴിതടഞ്ഞ് തന്നെ മർദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇപ്പോൾ ജോലിക്കാർക്കുള്ള വഴിയിലൂടെയാണു വീട്ടിലേക്കു പോകുന്നത്. ഈ വഴിയിലെ അവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശൻ കോൺട്രാക്ടറുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ പക്ഷം പിടിക്കാൻ പോലും ആകാതെ വലയുകയാണ് രാഷ്ട്രീയക്കാരും പൊലീസുകാരും.

ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. ലളിത ജീവിതമായിരുന്നു രമേശൻ കോൺട്രാക്ടർ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളർച്ചയുടെ കാരണവും രമേശൻ കോൺട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോൺട്രാക്ടറിൽ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം. ബിജൂ രമേശാണ് രാജധാനി ഗ്രൂപ്പ് നോക്കുന്നത്. ബാറും ഹോട്ടലും തന്നെയാണു പ്രധാനം. പത്തോളം ഹോട്ടലുകൾ, എഞ്ചിനീയറിങ്ങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മൊത്ത വിതരണ കമ്പനികൾ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നിൽ രമേശൻ കോൺട്രാക്ടർ എന്ന ഒറ്റവ്യക്തിയാണെന്നാണ് മറ്റു മക്കളുടെ നിലപാട്. ഇതാണ് കുടുംബത്തിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടി. കെ. ദിവാകരന്റെ വിശ്വസ്തനായി. ഇതോടെയാണ് രാജധാനിയുടെ വളർച്ച തുടങ്ങുന്നത്.

പൊതുമരാമത്തിലെ കരാറു പണികൾ രമേശൻ കോൺട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972 ൽ ഹോട്ടൽ വ്യവസായത്തിന് തുടക്കമിട്ടു. ഇതിനിടയിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേർന്ന് രാജധാനി ബിൽഡിംഗും രമേശൻ കോൺട്രാക്ടറുടേതായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശൻ കോൺട്രാക്ടർ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേർന്ന് രാജധാനി ബിൽഡിംഗിന് നടുവിൽ വീട് പണിത് താമസമാക്കുകയും ചെയ്തു. അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശൻ കോൺട്രാക്ടർ. ലീഡർക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോൺട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവർത്തനങ്ങളിലും സജീവമായി. എസ്.എൻ.ഡി.പി. യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേർന്ന് കോൺട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോൺട്രാക്ടറുടെ അടുപ്പക്കാർ എംഎ‍ൽഎ മാരും എംപി മാരും പിന്നെ മന്ത്രിമാരുമായി. ഇവരെല്ലാം ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ നിർണ്ണായക സ്വാധീനമുള്ള വ്യക്തികളാണ്. മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകനാണ് ബിജു രമേശിന്റെ മകളുടെ ഭർത്താവ്.

രമേശൻ കോൺട്രാക്ടറുടെ ആരെയും കൂസാത്ത സ്വഭാവം മകൻ ബിജു രമേശിനും ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതമുതൽ വ്യാജ മദ്യവിൽപ്പനവരെയുള്ള അനേകം ആരോപണങ്ങളെ പുഷ്പം പോലെ അതിജീവിച്ചാണ് ബിജു രമേശ് വളർന്നത്. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള രമേശൻ കോൺട്രാക്ടറിന്റെ സൗഹൃദവും പ്രസിദ്ധമാണ്. ഇതു തന്നെയാണ് വിവാദ വിഷയങ്ങളിൽ നിന്ന് തലയൂരി രക്ഷപ്പെടാൻ ബിജുവിന് തുണയായതെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഈ ആരോപണങ്ങളെ എല്ലാം അതിജീവിച്ച് അച്ഛൻ കെട്ടിപ്പെടുത്തതിന് അപ്പുറം രാജധാനി ഗ്രൂപ്പിനെ ബിജു വളർത്തി. ചാരായക്കച്ചവടക്കാരനെന്ന രമേശൻ കോൺട്രാക്ടറിന്റെ പ്രതിച്ഛായയെ മറികടന്ന് ബിസിനസ് വിപുലപ്പെടുത്തി ബിജുരമേശ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ വൻകിട കുത്തകകളുടെ ഡീലർഷിപ്പ് വരെ ബിജുവിനുണ്ട്. ചാരായ നിരോധനത്തിന് ശേഷമാണ് ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയത്.

ബിജു രമേശിന് എത്ര കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജുവിന് പോലും നിശ്ചയം ഉണ്ടാകില്ല. ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്തെ ബിജുവിന്റെ ആസ്തി മാത്രം മതി ഏത് സമ്പന്നനും ഞെട്ടിപ്പോകാൻ. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ തടസ്സമായിരിക്കുന്നതും ഇതിലെ ചില കെട്ടിടങ്ങൾ ആണെന്ന് റിപ്പോർട്ടുണ്ട്. ഈ സ്ഥലത്തിൽ ചിലത് ക്ഷേത്രത്തിന്റെ ആണെന്നും ആരോപണം ഉണ്ട്. ഇത് സംബന്ധിച്ചുള്ള ഒരു കേസ് ഒന്നര പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലാണ്. ഇതിനോട് ചേർന്ന വീടിനെ ചൊല്ലിയാണ് ഇപ്പോൾ കുടുംബ തർക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP