Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിക്കും ബിജെപിക്കും പ്രതീക്ഷ നൽകികൊണ്ട് യുപിയിലെ ബദൽ സഖ്യം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കൂടുതൽ സീറ്റു മോഹിച്ചു കോൺഗ്രസിനെ തഴഞ്ഞു ബിഹാറിൽ എസ്‌പി- ബിഎസ്‌പി സഖ്യം ഉണ്ടാക്കാൻ കൂടിയാലോചനകളുമായി തേജസ്വി യാദവ്; കരുത്തു തെളിയിക്കാൻ പട്‌നയിൽ പടുകൂറ്റൻ റാലി നടത്താൻ രാഹുൽ ഗാന്ധിയും: മോദി വിരുദ്ധ സഖ്യം തെരഞ്ഞെടുപ്പിന് മുമ്പേ ഭിന്നിക്കുന്നതിൽ ആശങ്കപ്പെട്ട് കോൺഗ്രസ് വൃത്തങ്ങൾ

മോദിക്കും ബിജെപിക്കും പ്രതീക്ഷ നൽകികൊണ്ട് യുപിയിലെ ബദൽ സഖ്യം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കൂടുതൽ സീറ്റു മോഹിച്ചു കോൺഗ്രസിനെ തഴഞ്ഞു ബിഹാറിൽ എസ്‌പി- ബിഎസ്‌പി സഖ്യം ഉണ്ടാക്കാൻ കൂടിയാലോചനകളുമായി തേജസ്വി യാദവ്; കരുത്തു തെളിയിക്കാൻ പട്‌നയിൽ പടുകൂറ്റൻ റാലി നടത്താൻ രാഹുൽ ഗാന്ധിയും: മോദി വിരുദ്ധ സഖ്യം തെരഞ്ഞെടുപ്പിന് മുമ്പേ ഭിന്നിക്കുന്നതിൽ ആശങ്കപ്പെട്ട് കോൺഗ്രസ് വൃത്തങ്ങൾ

മറുനാടൻ ഡെസ്‌ക്‌

പട്‌ന: പ്രതിപക്ഷ ഐക്യം കൊണ്ട് മോദിയെയും ബിജെപിയെയും ഭരണത്തിൽ നിന്നും താഴെ ഇറക്കാമെന്ന പ്രതീക്ഷയിലാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. എന്നാൽ ആ പ്രതിപക്ഷ ഐക്യനിരയിൽ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭിന്നത രൂപം കൊണ്ടിരിക്കയാണ്. ഈ ഭിന്നതയിലാണ് മോദിക്കുള്ള പ്രതീക്ഷയും. ഉത്തർപ്രദേശിൽ കോൺഗ്രസിനെ തഴഞ്ഞ് എസ്‌പിയും ബിഎസ്‌പിയും സഖ്യത്തിലായത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. അതേപാതയാണ് ബിഹാറിൽ ഇപ്പോൾ തേജസ്വി യാദവും കൈക്കൊള്ളത്. ഇത് കോൺഗ്രസിനെ അലോസരപ്പെടുത്തിയിട്ടുണ്ട്.

യുപിയിൽ കോൺഗ്രസിനെ തഴഞ്ഞ എസ്‌പി, ബിഎസ്‌പി കക്ഷികളെ ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാക്കാനുള്ള ആർജെഡി നേതാവ് തേജസ്വി യാദവിന്റെ തീരുമാനത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയാണ് ഉണ്ടായിരിക്കുന്നത്. എസ്‌പി ബിഎസ്‌പി നേതാക്കളെ തേജസ്വി യാദവ് സന്ദർശിച്ചു പിന്തുണ അറിയിച്ചതും കോൺഗ്രസ് സംശയത്തോടെയാണു വീക്ഷിക്കുന്നത്. ബിഹാറിലെ മഹാസഖ്യ വിപുലീകരണത്തിൽ കോൺഗ്രസുമായി കൂടിയാലോചിക്കാതെ തേജസ്വി യാദവ് നടത്തുന്ന നീക്കങ്ങൾ സഖ്യത്തിൽ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 സീറ്റുകളിൽ ആർജെഡി 27 സീറ്റിലും കോൺഗ്രസ് 13 സീറ്റിലുമാണു മൽസരിച്ചത്. ഇത്തവണ പുതിയ കക്ഷികളും മഹാസഖ്യത്തിലുണ്ട്. ഇത് കൂടാതെ ഇടതുപക്ഷ കക്ഷികളായ സിപിഐയും സിപിഎമ്മുമായി സീറ്റു ധാരണയും ആർജെഡിയുടെ പദ്ധതിയിലുണ്ട്. സിപിഐയുടെ വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനു ബേഹുസരായി മണ്ഡലം ഉറപ്പു നൽകിയിട്ടുണ്ട്. സിപിഎമ്മിനും ഒരു സീറ്റു നൽകിയേക്കും. ഇതിനു പുറമേയാണ് എസ്‌പി, ബിഎസ്‌പി കക്ഷികൾക്ക് ഓരോ സീറ്റുകൾ തേജസ്വി യാദവ് നൽകുന്നത്.

സഖ്യകക്ഷികൾ വർധിച്ചതിനാൽ കോൺഗ്രസിന് ഇത്തവണ ഏഴു സീറ്റു നൽകിയാൽ മതിയെന്നാണ് ആർജെഡിയുടെ നിലപാട്. ബിജെപി വിമതരായ ശത്രുഘ്‌നൻ സിൻഹ, കീർത്തി ആസാദ് എന്നിവർക്കു പാർട്ടി ടിക്കറ്റ് നൽകാൻ കോൺഗ്രസിനു താൽപര്യമുണ്ടെങ്കിലും ഇവർക്കായി പട്‌ന സാഹിബ്, ദർഭംഗ മണ്ഡലങ്ങൾ വിട്ടു കൊടുക്കാമെന്ന് ആർജെഡി ഉറപ്പു നൽകിയിട്ടില്ല. ഇത് കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കിയിട്ടുണ്ട്. ഇതോടെ സ്വന്തം നിലയിൽ കാര്യങ്ങൾ നീക്കാൻ രാഹുൽ ഗാന്ധിയും തീരുമാനിച്ചിട്ടുണ്ട്.

രാഹുൽഗാന്ധിയെ പ്രതിപക്ഷനിരയുടെ നേതൃപദവിയിൽ പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങൾക്കു തുടക്കമിട്ട് കോൺഗ്രസ്. ഇതിന്റെ ഭാഗമായി ബിഹാറിലെ പട്‌നയിൽ ഫെബ്രുവരി 3നു മഹാറാലി നടത്തും. 28 വർഷത്തിനുശേഷമാണു പട്‌നയിൽ കോൺഗ്രസ് സ്വന്തം നിലയിൽ റാലി നടത്തുന്നത്. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സമ്മേളനങ്ങളിലും റോഡ് ഷോകളിലും രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.പൊതു തിരഞ്ഞെടുപ്പ് നരേന്ദ്ര മോദിയും രാഹുലും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണെന്ന മുദ്രാവാക്യം കോൺഗ്രസ് ഉയർത്തും

ബിഹാറിൽ സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവ് (ആർജെഡി), ഉപേന്ദ്ര ഖുഷ്‌വാഹ (ആർഎൽഎസ്‌പി), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ), ജീതൻ റാം മാഞ്ചി (എച്ച്എഎം) എന്നിവർ രാഹുലിന് ഐക്യദാർഢ്യമർപ്പിച്ചു ചടങ്ങിനെത്തും. വിവിധസംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിപക്ഷ കക്ഷി നേതാക്കൾക്കും ക്ഷണമുണ്ട്. നേരത്തെ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിര വളർത്താൻ വലിയ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നതിൽ അവർക്ക് അതൃപ്തിയുണ്ട് താനും. എന്തായാലും പ്രതിപക്ഷ പാളയത്തിലെ വിള്ളൽ മോദിക്ക് ആശ്വാസമാകുമെന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP