Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം

ആരും ക്ഷണിക്കാതെ അമൃതാനന്ദമയിയെ തേടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമനം ആശ്രമത്തിൽ എത്തിയത് ഇന്നത്തെ യോഗത്തിൽ സർക്കാറിനെ വിമർശിക്കരുത് എന്ന അപേക്ഷയുമായി; തികഞ്ഞ ഭക്തനായി എത്തി അമ്മയെ തൊട്ടു നമസ്‌ക്കരിച്ച് കെട്ടിപ്പിടിച്ചും ദേവസ്വം മന്ത്രിയുടെ വിശ്വാസ പ്രകടനം; പുത്തരിക്കണ്ടം യോഗത്തിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ അമൃതാനന്ദമയി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിശ്വാസികൾക്ക് എതിരല്ലെങ്കിലും കമ്മ്യൂണിസ്റ്റ് തത്വങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരാകണം സിപിഎമ്മുകാർ എന്നാണ് പൊതുവേ പാർട്ടിയുടെ ചട്ടക്കൂടിൽ പറയാറ്. എന്നാൽ, സിപിഎമ്മിലെ മുതിർന്ന നേതാക്കൾ വരെ തികഞ്ഞ ഭക്തന്മാരാണെന്ന കാര്യം അണികൾക്കും നാട്ടുകാർക്കും അറിവുള്ള കാര്യമാണ്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പിണറായി മന്ത്രിസഭയിലെ വിശ്വാസിയായ മന്ത്രിമാരിൽ ഒരാൾ. തിരുവനന്തപുരത്തുകാർക്കുള്ള പൊതുഭക്തിയുടെ കൂട്ടത്തിൽ പെടുന്ന ആളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ശബരിമല വിഷയത്തിൽ അടക്കം അദ്ദേഹം കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു. യുവതികളെ കയറരുതെന്ന ഭക്തരുടെ വികാരം മനസിലാക്കുമെങ്കിലും പാർട്ടി നിലപാടിന് വിരുദ്ധമായി നിൽക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ദേവസ്വം മന്ത്രി.

യുവതീപ്രവേശനവും സുപ്രീംകോടതിയിലെ ലിസ്റ്റു പുലിവാലായതോടെ ഭക്തിമാർഗ്ഗത്തിലേക്ക് വീണ്ടും നീങ്ങുകയാണ് കടകംപള്ളി സുരേന്ദ്രൻ. ശബരിമല വിഷയത്തിൽ ശബരിമല കർമ്മ സമിതിയുടെ ദേശീയ നേതാവു കൂടിയായ മാതാ അമൃതാനന്ദമയിയെയാണ് ദേവസ്വം മന്ത്രി മനഃശാന്തി കിട്ടാൻ വേണ്ടി അഭയം പ്രാപിച്ചത്. തിരുവനന്തപുരത്തെ കൈമനം ആശ്രമത്തിൽ അമ്മ എത്തിയ വേളയിലാണ് ദർശനത്തിനായി മന്ത്രി എത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തികഞ്ഞ ഭക്തനായി എത്തിയ മന്ത്രി അമ്മയെ നമസ്‌ക്കരിച്ചും കെട്ടിപ്പിടിച്ചും അനുഗ്രഹം തേടി.

ഇന്ന് പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ചിക്കുന്ന അയ്യപ്പഭക്തസംഗമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നുണ്ട്. സർക്കാറിനെതിരായ സമരം എന്ന നിലയിലുള്ള പരിപാടിയിൽ അമ്മ പങ്കെടുക്കുന്നത് സർക്കാറിന് വലിയ തിരിച്ചടിയായി മാറുമെന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യലാണ് മന്ത്രിയുടെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ഇത്തവണ അമൃതാനന്ദമയി തിരുവനന്തപുരത്ത് എത്തിയ വേളയിൽ പതിവിൽ നിന്നും വ്യത്യസ്തമായി രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഒ രാജഗോപാലും വി എസ് ശിവകുമാറും മാത്രമാണ് കൈമനത്തെ ആശ്രമത്തിൽ എത്തിയത്. ഇതിൽ തന്നെ രാജഗോപാലിന് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്. ഇതിനിടെയാണ് ആരും ക്ഷണിച്ചില്ലെങ്കിലും മന്ത്രി അമ്മയെ കാണാൻ എത്തിയത്.

മഠത്തിൽ എത്തിയ ശേഷം മാതാ അമൃതാനന്ദമയിയെ നേരിൽകണ്ട് ചില കാര്യങ്ങളും പറഞ്ഞു. സമരത്തിൽ എത്തുന്ന വേളയിൽ രാഷ്ട്രീയം പരാമർശിക്കരുതെന്നും സർക്കാറിനെ വിമർശിക്കരുതെന്നുമാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. രാഷ്ട്രീയം പറഞ്ഞാൽ അത് വിവാദമാകുമെന്നും സർക്കാറിന് തിരിച്ചടിയാകുമെന്നും ഉറപ്പുള്ളതിനാലാണ് മന്ത്രി സർക്കാറിന്റെ കൂടി ദൂതനായി എത്തിയത്. അതേസമയം ഇന്നത്തെ പുത്തരിക്കണ്ടം സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി എത്തുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

രാഷ്ട്രീയസമരത്തിൽ അമ്മ പങ്കെടുക്കരുതെന്ന മുന്നറിയിപ്പെന്ന വിധത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയി സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടും നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്ന് കോടിയേരി ചോദിച്ചിരുന്നു. വലത്പക്ഷ ഏകീകരണത്തിന്റെ ഭാഗമായാണ് അമൃതാന്ദമയി പങ്കെടുക്കുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. രണ്ട് ലക്ഷം അയ്യപ്പഭക്തർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്ധ്യാത്മിക നേതാക്കളെയും മതനേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അയ്യപ്പസംഗമത്തിന് ആർഎസ്എസ് ആണ് ചുക്കാൻ പിടിക്കുന്നത്. സംഗമത്തിന്റെ മന്നോടിയായി ഇന്നലെ വൈകിട്ട് നഗരത്തിൽ മഹിളാ വാഹന വിളംബര ജാഥ നടന്നു തിരുവനന്തപുരത്തിന് പുറമേ കൊല്ലം, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള അയ്യപ്പഭക്തരെ അണിനിരത്തി വിശാലമായ സമ്മേളനമാണ് ലക്ഷ്യമിടുന്നത്. വൈകിട്ട് മൂന്ന് മണിക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാരംഭിക്കുന്ന നാമജപ ഘോഷയാത്രയോടെയാണ് അയ്യപ്പസംഗമത്തിന് തുടക്കമാവുക, കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംഗമത്തിനെത്തും. മാതാ അമൃതാനന്ദമയി അയ്യപ്പസംഗമത്തിനെത്തുന്നത് ഗുണകരമാവുമെന്നാണ് കർമസമിതി കണക്കുകൂട്ടുന്നത്.

അയ്യപ്പസംഗമത്തോടെ രാഷ്ട്രീയമായ മെച്ചമുണ്ടാകുമെന്നാണ് ആർ എസ് എസും ശബരിമല കർമ സമിതിയും കണക്കൂകൂട്ടുന്നത്. ശബരിമല വിഷയത്തിൽ സർക്കാര് സ്വീകരിച്ച് സമീപനങ്ങൾ വിശ്വാസുകളുടെ മുന്നിൽ തുറന്നകാട്ടാനുള്ള രാഷ്ട്രീയവേദിയാക്കി അയപ്പസംഗമത്തെ മാറ്റുകയാണ് ബിജെപിയുടെയും. ഇതിൽ മാതാ അമൃതാനന്ദമായി രാഷ്ട്രീയ വിമർശനം നടത്തിയാൽ അത് ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്ത സാഹര്യത്തിൽ തിരിച്ചടിയാകുമെന്ന ഭയത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് മന്ത്രി നേരിട്ട് എത്തിയതും.

അമൃതാനന്ദമയി മഠം സാധാരണയായി രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ്. ധാരാളം വിശ്വാസികൾ അവർക്കൊപ്പമുണ്ട്. ഇവർ ആരും കമ്യൂണിസ്റ്റ് വിരോധികളല്ല. ഇപ്പോൾ ശബരിമലയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അമൃതാനന്ദമയിയെ പങ്കെടുപ്പിക്കുകവഴി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് മുതലെടുപ്പിനാണ് ആർഎസ്എസ് ശ്രമമെന്ന വിലയിരുത്തലിലാണ് സിപിഎം. നേരത്തെ ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ വ്യാപക ആക്രമണം ഉണ്ടായിരുന്നു. കർമ്മസമിതിയുടെ നേതൃത്വത്തിൽ അമൃതാനന്ദമയിയും ഉണ്ടെന്നിരിക്കേ ഇവർക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. കോടതി നിഷ്‌ക്കർഷിച്ചത് പോലെ പൊതുമുതൽ നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇവരിൽ നിന്ന് തന്നെ ഈടാക്കണമെന്ന ആവശ്യമായിരുന്നു ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP