Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംരക്ഷണം നൽകുന്ന കാര്യം പറയുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ ഒരു പേപ്പർ ഉയർത്തി കാട്ടി പറഞ്ഞത്: അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്.. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്; എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; സുപ്രീംകോടതിയിൽ വെള്ളിയാഴ്ച നടന്നതെന്ത്? മാധ്യമപ്രവർത്തകൻ ബാലഗോപാൽ.ബി.നായരുടെ കുറിപ്പ് വൈറലാകുന്നു

ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സംരക്ഷണം നൽകുന്ന കാര്യം പറയുന്നതിനിടെയാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ ഒരു പേപ്പർ ഉയർത്തി കാട്ടി പറഞ്ഞത്: അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്.. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്; എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി; സുപ്രീംകോടതിയിൽ വെള്ളിയാഴ്ച നടന്നതെന്ത്? മാധ്യമപ്രവർത്തകൻ ബാലഗോപാൽ.ബി.നായരുടെ കുറിപ്പ് വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല കയറിയ ബിന്ദുവും കനകദുർഗ്ഗയും സംരക്ഷണം തേടി ഹർജി സമർപ്പിച്ചപ്പോൾ അഭിഭാഷകർ ബന്ധപ്പെട്ട പല വിഷയങ്ങളും ഉന്നയിച്ചെങ്കിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് ഇന്നലെ പരിഗണിച്ചത് സുരക്ഷാ പ്രശ്‌നം മാത്രം. നാല്പത്തി എട്ടാമത്തേതായിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ച അവസാനത്തെ ഹർജിയും ഇതായിരുന്നു. ബിന്ദുവിനും കനകദുർഗ്ഗയ്ക്കും വേണ്ടി ഹാജരായ ഇന്ദിരാ ജയ്‌സിങ്ങിനോട് വിഷയം പറയാൻ കോടതി ആവശ്യപ്പെട്ടപ്പോൾ അയ്യപ്പഭക്തരുടെ വക്കാലെത്തെടുത്ത മാത്യൂസ് നെടുമ്പാറ ഇടപെട്ടു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ കോടതി തീരുമാനം അറിയാൻ കാത്തിരിക്കുകയാണെന്നും മറ്റും പറഞ്ഞു. യുവതികൾക്ക് സുരക്ഷ നൽകുന്ന കാര്യം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ 'അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്, എന്ന് പറഞ്ഞ് പേപ്പർ ഉയർത്തിക്കാട്ടിയത്. അപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി 'എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു' എന്ന് വ്യക്തമാക്കിയത്. തുടർന്നും വിജയ് ഹൻസാരി ഇടപെട്ടപ്പോൾ,' ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം, എന്ന് കോടതി തീർത്തുപറഞ്ഞത്. കോടതി നടപടികൾ ഇന്നലെ തൽസമയം നിരീക്ഷിച്ച മാധ്യമപ്രവർത്തകൻ ബാലഗോപാൽ. ബി.നായർ അതിമനോഹരമായി ഫേസ്‌ബുക്കിൽ ഇക്കാര്യങ്ങൾ വിവരിക്കുന്നു. കുറിപ്പ് ഇതിനകം വൈറലായി കഴിഞ്ഞു.

ബാലഗോപാൽ.ബി.നായരുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

ജസ്റ്റിസ് മാരായ ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉണ്ടായിരുന്നതിനാൽ ഇന്ന് സുപ്രീം കോടതിയിൽ കേസ്സുകൾ കേട്ട് തുടങ്ങിയത് 11.15 ന് ആയിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിച്ച ശേഷം ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുമ്പോഴാണ് തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ വാസുവിനെ കണ്ടത്. സമയം 10. 50. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാന്റിങ് കൗൺസിൽ പി എസ് സുധീറും ആയി സംസാരിച്ച് നിൽക്കുക ആയിരുന്നു വാസു.

11.10 ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ വാസു ചീഫ് ജസ്റ്റിസ് കോടതിയിലേക്ക് കയറി. വിസിറ്റേഴ്‌സ് ഗാലറിയിലെ ആദ്യ നിരയിൽ ഇരുന്നു. കൈയിൽ ഒരു ഫയലും.

11.15 ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് നാഗേശ്വർ റാവു, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവർ ചീഫ് ജസ്റ്റിസ് കോടതിയിൽ എത്തി. ആദ്യ ഇനം വിധി പ്രസ്താവം. ജസ്റ്റിസ് നാഗേശ്വർ റാവു വിധി പ്രസ്താവം ആരംഭിച്ചു.

ഇതിനിടെ ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഇറങ്ങി ഞാൻ രണ്ടാം നമ്പർ കോടതിയിലേക്ക് പോയി. അവിടെ ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കോടതിയിലെ ആദ്യ ദിവസത്തെ നിമിഷങ്ങൾ കാണാൻ വേണ്ടി പോയതാണ്. ഒന്നാം നമ്പർ കോടതിയിൽ നിന്ന് ഞാൻ ഇറങ്ങിയതും സംസ്ഥാന സർക്കാരിന്റെ അഭിഭാഷകരിൽ ഒരാൾ ആയ ജിഷ്ണു കോടതിയിൽ കയറുന്നതും ഒരുമിച്ച് ആയിരുന്നു.

ചീഫ് ജസ്റ്റിസ് കോടതിയിലെ മെൻഷനിങ് വീക്ഷിക്കാൻ ആയിരുന്നു ജിഷ്ണു വന്നത് എന്ന് പിന്നീട് മനസിലായി. ശബരിമല വിഷയം ആരെങ്കിലും മെൻഷൻ ചെയ്യും എന്ന് സർക്കാർ കരുതിയിരുന്നു എന്ന് തോന്നുന്നു. എന്നാൽ ആരും മെൻഷൻ ചെയ്തില്ല.

11.30. സുപ്രീം കോടതിയുടെ മുകളിലൂടെ വ്യോമസേനയുടെ വിമാനങ്ങൾ ചീറി പായുന്നു. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലന പറക്കൽ ആയിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധ ആകാശത്തേക്ക്. ഇതിനിടെ സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ ജി പ്രകാശ് ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് പുറത്ത് എത്തുന്നു. കൈയിൽ ഒരു പേപ്പർ ബുക്കും, അഞ്ച് ഷീറ്റ് ഉള്ള ഒരു പേപ്പർ കെട്ടും. കോടതിയിൽ എന്തെങ്കിലും സമർപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി ഒരു ചിരി മാത്രം.

11.40 ഓടെ സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ആയ ജയ്ദീപ് ഗുപ്ത ചീഫ് ജസ്റ്റിസ് കോടതി മുറിക്ക് മുന്നിൽ എത്തി. തൊട്ട് പിന്നാലെ വിജയ് ഹൻസാരിയയും. ശബരിമല യുവതി പ്രവേശന കേസിൽ സമീപ കാലത്ത് ആണ് വിജയ് ഹൻസാരിയ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആകാൻ തുടങ്ങിയത്. വിജയ് ഹൻസാരിയ, ജയ്ദീപ് ഗുപ്ത, ജി പ്രകാശ് എന്നിവർ കോടതിക്ക് ഉള്ളിലേക്ക് കയറി.

തൊട്ട് പിന്നാലെ അയ്യപ്പ ഭക്തർക്ക് ആയി ഹാജർ ആകുന്ന മാത്യൂസ് നെടുമ്പാറ, ശബരിമല ആചാര സംരക്ഷണ സമിതിക്ക് വേണ്ടി ഹാജർ ആകുന്ന എം ആർ അഭിലാഷ്, ആചാര സംരക്ഷണ ഫോറത്തിന് വേണ്ടി ഹാജർ ആകുന്ന വി കെ ബിജു, ഹർജിക്കാരി ആയ അഭിഭാഷക ഉഷ നന്ദിനി ഒക്കെ കോടതിയിൽ എത്തി. ബിന്ദുവിനും കനക ദുർഗയ്ക്കും പുറമെ സംസ്ഥാന സർക്കാരിന് രണ്ട് സീനിയർ അഭിഭാഷകരും, തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും ഹാജർ ആകുന്നു എന്ന് അവരിൽ പലരും അറിയുന്നത് അപ്പോഴാണ്. ചിലരുടെ മുഖം വാടി കണ്ടു.

12 മണി. തന്ത്രി കണ്ഠരര് രാജീവരക്ക് വേണ്ടി ഹാജർ ആകുന്ന സീനിയർ അഭിഭാഷകൻ വി ഗിരി കോടതിയിൽ എത്തി. മുഖത്ത് പതിവിലും ഗൗരവം. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സ്റ്റാന്റിങ് കൗൺസിൽ ബീന മാധവൻ. 36 മതത്തെ കേസ് കോടതി പരിഗണിച്ച് കൊണ്ട് ഇരിക്കെ ആണ് ബിന്ദുവിനും, കനക ദുർഗ്ഗയ്ക്കും വേണ്ടി ഹാജർ ആകുന്ന ഇന്ദിര ജയ്സിങ് കോടതിയിൽ എത്തുന്നത്. തൊട്ട് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സീനിയർ അഭിഭാഷകൻ രാകേഷ് ദിവേദിയും എത്തി.

സമയം 12.10

കോർട്ട് മാസ്റ്റർ : 48 ( നാല്പത്തി എട്ടാമത്തെ ഹർജി ആയിരുന്നു ബിന്ദുവും കനക ദുർഗ്ഗയും നൽകിയ ഹർജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ച അവസാനത്തെ ഹർജിയും).

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) യെസ് മാഡം.

ഇന്ദിര ജയ് സിങ് എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അഭിഭാഷകൻ ആയ മാത്യൂസ് നെടുമ്പാറ ഇടപെട്ടു.

മാത്യൂസ് നെടുമ്പാറ : ലോർഡ് ഷിപ്പ്, ലക്ഷകണക്കിന് ഭക്തർ ഈ കോടതിയുടെ തീരുമാനം അറിയാനായി കാത്തിരിക്കുക ആണ്. അൻപതിൽ അധികം പുനഃ പരിശോധന ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. അവ കോടതി പരിഗണിക്കാൻ ഇരിക്കുകയാണ്. നാളെ കഴിഞ്ഞാൽ ശബരിമല ക്ഷേത്രം അടയ്ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്റെ വലത് ഭാഗത്തേക്ക് ചരിഞ്ഞു. ജസ്റ്റിസ് നാഗേശ്വർ റാവു വും ആയി ചർച്ച തുടങ്ങി. ഇരുവരും ഹർജിയിലെ ആവശ്യം ഉൾപ്പെടുന്ന പേജുകൾ ആണ് വായിച്ചത് എന്ന് വ്യക്തം. മൂന്ന് മിനുട്ടിൽ അധികം സമയം ഈ ചർച്ച നീണ്ടു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : (ഇന്ദിര ജയ് സിംഗിനോട്) സുരക്ഷ സംബന്ധിച്ച നിങ്ങളുടെ ആവശ്യത്തിൽ ഞങ്ങൾ ഉത്തരവ് ഇടാം.

ഇന്ദിര ജയ് സിങ്: ഞാൻ അവരുടെ അഡ്രെസ്സ് മുദ്ര വച്ച കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്.

വിജയ് ഹൻസാരിയ : ഞങ്ങൾ അവർക്ക് (ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും) സുരക്ഷ നൽകുന്നുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ ആർക്ക് വേണ്ടി ആണ് ഹാജർ ആകുന്നത് ?

വിജയ് ഹൻസാരിയ : സംസ്ഥാന സർക്കാരിന് വേണ്ടി.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : നിങ്ങൾ നൽകുന്ന സുരക്ഷ തുടർന്നോളൂ. പക്ഷേ അവർ (ബിന്ദുവും കനക ദുർഗ്ഗയും) വന്ന സാഹചര്യത്തിൽ അവർക്ക് പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടും.

വിജയ് ഹൻസാരിയ : (ഒരു പേപ്പർ ഉയർത്തി പിടിച്ച് കൊണ്ട്), അവിടെ ഇപ്പോൾ യുവതികൾ വരുന്നുണ്ട്. 51 പേര് ഇതിനോടകം വന്നിട്ടുണ്ട്.

മാത്യൂസ് നെടുമ്പാറ : 51 യുവതി കളോ. ഇത് പച്ച കള്ളം ആണ്. ഈ കോടതിയെ സമീപിച്ച രണ്ട് പേര് മാത്രം ആണ് വന്നത്.

എം ആർ അഭിലാഷ് : 51 യുവതികൾ കയറി എന്നത് കമ്മ്യുണിസ്റ്റ് സർക്കാരിന്റെ തെറ്റായ ആശയ പ്രചാരണം ആണ്. വസ്തുതയും ആയി ഒരു ബന്ധവും അതിന് ഇല്ല.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: എത്ര പേര് കയറി എന്നത് ഞങ്ങളുടെ വിഷയം അല്ല. ഹർജിക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം മാത്രമേ ഞങ്ങൾ കേൾക്കുകയുള്ളു.

വിജയ് ഹൻസാരിയ : കേരള ഹൈക്കോടതി വിരമിച്ച രണ്ട് ജഡ്ജിമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അടങ്ങുന്ന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഈ സമിതി നടപ്പിലാക്കാൻ പ്രയാസം ഉള്ള ചില ഉത്തരവുകൾ നൽകുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: അങ്ങേയ്ക്ക് (വിജയ് ഹൻസാരിയോട്) ഞങ്ങള് പറയുന്നത് മനസിലാകുന്നില്ലേ ? സുരക്ഷ ഒഴിച്ചുള്ള ഒരു വിഷയവും ഞങ്ങൾ പരിഗണിക്കുന്നില്ല. ഞങ്ങൾക്ക് എല്ലാം അറിയാം. പക്ഷേ ഇപ്പോൾ സുരക്ഷ മാത്രമാണ് വിഷയം.

ഇന്ദിര ജയ് സിങ് : മറ്റൊരു പ്രധാനപ്പെട്ട വിഷയം ഉണ്ട്. ഈ യുവതികൾ അവിടം സന്ദർശിച്ച ശേഷം അവിടെ ശുദ്ധി ക്രീയ ........

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ആവശ്യം പരിഹരിച്ചു. നിങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷ നൽകാൻ ഞങ്ങൾ ഉത്തരവ് ഇടുന്നു.

(ചീഫ് ജസ്റ്റിസ് ഉത്തരവ് ഡിക്ടേറ്റ് ചെയ്യുന്നു. ഡിക്ടേഷൻ കഴിഞ്ഞ ഉടനെ മൂന്ന് ദേഫേദർമാർ കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് ബെൽ അമർത്തി. ദേഫേദർമാർ കോടതിക്ക് ഉള്ളിലേക്ക് വരുന്നു)

ഇന്ദിര ജയ് സിങ് : ഈ റിട്ട് പെറ്റീഷൻ പുനഃ പരിശോധന ഹർജികൾക്ക് ഒപ്പം ടാഗ് ചെയ്ത് കേൾക്കണം. വളരെ പ്രധാനപ്പെട്ട വിഷയം ആണ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്: നിങ്ങളുടെ ഹർജി തീർപ്പാക്കി. ആ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഇനി ഇതിൽ ഒന്നും ഇല്ല.

ചീഫ് ജസ്റ്റിസും മറ്റ് രണ്ടു ജഡ്ജിമാരും എണീറ്റു.

ഇന്ദിര ജയ് സിങ് : എങ്കിൽ എനിക്ക് പുതിയ ഹർജി ഫയൽ ചെയ്യേണ്ടി വരും. അത് ഹർജികളുടെ എണ്ണം കൂട്ടും

ഇന്ദിര ജയ്സിങ് ഇത് പറയുന്നത് മൈൻഡ് ചെയ്യാതെ ചീഫ് ജസ്റ്റിസും മറ്റ് രണ്ട് ജഡ്ജിമാരും കോടതിക്ക് പുറത്തേക്ക് പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP