Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുകപള്ളിയുടെ മകന്റെ വിവാഹത്തിന് നേതാക്കൾക്ക് കേരളത്തിലെത്തണം; അവധിക്കാലത്തെ സമ്മേളനം തട്ടിക്കൂട്ടി നടത്തി കറുകപള്ളിയുടെ ഉറ്റ അനുയായിയെന്ന് തെളിയിച്ച് മാധവൻ നായർ; നായർ സംഘടനയുമായെത്തി സംഘടന പിടിച്ച പ്രസിഡന്റിനെതിരെ കലാപം ഉയരുന്നു; ആദ്യ പിളർപ്പിലൂടെ 'ഫോമ'യെത്തിയപ്പോൾ നേരിട്ടതിനേക്കാൾ പ്രതിസന്ധിയിൽ അമേരിക്കൻ മലയാളി സംഘടന; ഫൊക്കാന വീണ്ടും പിളർപ്പിലേക്കോ? തിരുവനന്തപുരം സമ്മേളനത്തിൽ പൊട്ടിത്തെറി ഉറപ്പ്

കറുകപള്ളിയുടെ മകന്റെ വിവാഹത്തിന് നേതാക്കൾക്ക് കേരളത്തിലെത്തണം; അവധിക്കാലത്തെ സമ്മേളനം തട്ടിക്കൂട്ടി നടത്തി കറുകപള്ളിയുടെ ഉറ്റ അനുയായിയെന്ന് തെളിയിച്ച് മാധവൻ നായർ; നായർ സംഘടനയുമായെത്തി സംഘടന പിടിച്ച പ്രസിഡന്റിനെതിരെ കലാപം ഉയരുന്നു; ആദ്യ പിളർപ്പിലൂടെ 'ഫോമ'യെത്തിയപ്പോൾ നേരിട്ടതിനേക്കാൾ പ്രതിസന്ധിയിൽ അമേരിക്കൻ മലയാളി സംഘടന; ഫൊക്കാന വീണ്ടും പിളർപ്പിലേക്കോ? തിരുവനന്തപുരം സമ്മേളനത്തിൽ പൊട്ടിത്തെറി ഉറപ്പ്

എം മനോജ് കുമാർ

തിരുവനന്തപുരം:അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന വീണ്ടും പിളരുമോ? കടുത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം 2006-ൽ ഫോക്കാന പിളർന്നാണ് ഫോമ വന്നത്. ഇപ്പോൾ ഫോക്കാനോയിൽ നിന്ന് വീണ്ടും പിളർപ്പിന്റെ സൂചനകൾ ഉയരുകയാണ്. ഈ മാസം 29-30 തീയതികളിൽ ഫൊക്കാനോയുടെ സമ്മേളനം തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുകയാണ്, ഈ സമ്മേളനത്തോട് കൂടി തന്നെ ഫൊക്കാനോയുടെ പിളർപ്പും കൂടി സംഭവിക്കുമോ എന്നാണ് അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫൊക്കാനയുടെ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നത്. ഈ ഉദ്ഘാടന സമ്മേളനത്തിൽ തന്നെ ഫൊക്കാന പിളരുമോ എന്ന് സംശയം ഉയരുന്നത്.

തിരുവനന്തപുരത്ത് നടത്തുന്ന ഫൊക്കാന കൺവെൻഷനെക്കുറിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ഫോക്കാനയിലെ ഉന്നതനാണ് പോൾ കറുകപ്പള്ളി. കറുകപ്പള്ളിയുടെ മകന്റെ വിവാഹം ഈ മാസം നടക്കുകയാണ്. അതിനായി ഫൊക്കാന ഉന്നതർക്ക് കേരളത്തിൽ എത്തണം. ഇതിന്റെ ഭാഗമായാണ് അവധിക്കാലത്തിനു പകരം സമ്മേളനം നേരത്തെ നടത്തുന്നത്. ഈ പ്രശ്നവും സംഘടനയിൽ കലാപത്തിനു വഴിമരുന്നിട്ടുണ്ട്. കറുകപ്പള്ളിയുടെ വലം കൈയാണ് മാധവൻനായർ. വിവാഹത്തിനു അനുബന്ധമായി കറുകപ്പള്ളിയും മാധവൻ നായരും കൂടി നടത്തുന്ന നാടകമാണ് ഈ സമ്മേളനം എന്നാണ് ഉയരുന്ന ആരോപണം. കറുകപ്പള്ളിയാണ് മാധവൻനായരെ പ്രസിഡന്റ് ആക്കാൻ സഹായിച്ചതും.

ഡോക്ടർ അനിരുദ്ധന്റെയും ഡോക്ടർ എം.വിപിള്ളയുടെ ഒക്കെ നേതൃത്വമുണ്ടായിരുന്ന കാലത്ത് ഫൊക്കാനയ്ക്കുണ്ടായിരുന്ന മികവ് ഇപ്പോഴത്തെ ഫൊക്കാനയ്ക്ക് ഇല്ല. അതുകൊണ്ടു തന്നെയാണ് നിലവിലെ ഫൊക്കാന പ്രസിഡന്റ് ആയ മാധവൻ നായർക്ക് എതിരെ ഫൊക്കാനോയിൽ പടയൊരുക്കം നടക്കുന്നത്. നിലവിൽ ആഭ്യന്തര സംഘർഷങ്ങളാൽ കലുഷിതമാണ് ഫൊക്കാനോ. പ്രസിഡന്റിനെതിരെ ശക്തമായ ഗ്രൂപ്പ് ഫൊക്കാനോയിൽ മറുവശത്തുണ്ട്.

കാനഡയിലുള്ള ടോമി കൊക്കാടിന്റെ നേതൃത്വത്തിലാണ് മാധവൻനായർക്കെതിരെയുള്ള നീക്കം ഫൊക്കാനയിൽ നടക്കുന്നത്. ഫൊക്കാനയുടെ കാനഡയിൽ ഉള്ള ഒരേ ഒരു ഭാരവാഹി ടോമിയാണ്. ടോമിയും ഇപ്പോൾ ടോമിക്ക് ഒപ്പമുള്ള ശക്തമായ ഗ്രൂപ്പും ചേർന്നാണ് മാധവൻ നായരെ പുറത്താക്കാൻ ശ്രമം നടത്തുന്നത്. തലപ്പത്തുള്ളവർക്ക് ആളാവാനും രാഷ്ട്രീയം കളിക്കാനുമുള്ള ഉപാധിയായതോടെയാണ് ഫൊക്കാന പിളരുന്നത്. ഇങ്ങിനെയാണ് ഫോമ നിലവിൽ വന്നത്.

വളരെ ശക്തമായ ആക്ഷേപങ്ങളാണ് നിലവിലെ പ്രസിഡന്റ് മാധവൻ നായർക്ക് നേരെ ഉയരുന്നത്. നാമം എന്നുപേരുള്ള സംഘടന വഴിയാണ് മാധവൻ നായർ ഫൊക്കനോയുടെ തലപ്പത്ത് എത്തുന്നത്. നായന്മാർക്ക് വേണ്ടി അമേരിക്കയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണിത്. ഈ സംഘടനയ്ക്ക് ഫൊക്കാനോ നിയമങ്ങൾ അനുസരിച്ച് ഫൊക്കനോയിൽ അംഗത്വം നൽകാൻ കഴിയില്ല. മതസംഘടനകൾക്ക് ഫൊക്കാനോയിൽ അംഗത്വമില്ല.

വളരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയായതിനാലാണ് മതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകൾക്ക് അംഗത്വം നൽകാൻ ഫൊക്കനോ തയ്യാറാകാത്തത്. നാമം പോലെയുള്ള ഒരു സംഘടനയുടെ സ്ഥാപകന് എന്നിട്ടും ഫൊക്കനോയുടെ പ്രസിഡന്റ് ആകാൻ കഴിഞ്ഞു. ഇതുമുതലാണ് ഫൊക്കാനോയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. കൃത്രിമം കാണിച്ചാണ് മാധവൻ നായർ ഫൊക്കാനോയുടെ പ്രസിഡന്റ് ആയത് എന്നാണ് ആക്ഷേപം. നാമം സ്ഥാപിച്ച മാധവൻ നായർ നാമത്തിൽ നിന്ന് തീയതി തിരുത്തി രാജിവെച്ചു എന്നാണ് മറുവിഭാഗം ആക്ഷേപിക്കുന്നത്. ഇത് സംബന്ധിച്ച് അമേരിക്കൻ കോടതിയിൽ ഒരു കേസും നടക്കുന്നുണ്ട്.

ഫൊക്കാനോ തിരഞ്ഞെടുപ്പ് സമയത്ത് വൻ ആക്ഷേപങ്ങളാണ് മാധവൻ നായർക്ക് നേരെ ഉയർന്നത്. ജാതി സംഘടനയുടെ സ്ഥാപകനെ ഫൊക്കാനോയുടെ പ്രസിഡന്റ് ആക്കരുത് എന്നാണ് ആക്ഷേപം ഉയർന്നത്. പക്ഷെ പണത്തിന്റെ ബലത്തിൽ രണ്ട് വർഷം മുൻപ് മാധവൻ നായർ ജയിച്ചു കയറുകയായിരുന്നു. ഫൊക്കാന കൺവെൻഷനെക്കുറിച്ച് ഫൊക്കാനക്കാർ തന്നെ പറയുന്നത് ഇങ്ങിനെയാണ്. കൺവൻഷൻ സമയമാകുമ്പോൾ ഫൊക്കാനയുമായി പുലബന്ധം പോലുമില്ലെങ്കിലും കയ്യിൽ പണമുള്ള ഏതെങ്കിലും സ്വാർത്ഥതാല്പര്യക്കാരെ പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്ത് എഴുന്നെള്ളിച്ചു കൊണ്ടുവരും.

അവരുടെ ചെലവിൽ നിർലോഭം തിന്നുതിമർത്ത് കൺവൻഷൻ അവസാനിക്കും. സ്പോൺസർ പ്രസിഡന്റ് ആവുകയും ചെയ്യും. ഇങ്ങിനെ വന്ന പ്രസിഡന്റ് എന്നതാണ് മാധവൻനായരെക്കുറിച്ചുള്ള ആക്ഷേപം. തിരഞ്ഞെടുപ്പ് കൃത്രിമത്തിനു തന്നെയാണ് ഫൊക്കാനയുമായി ബന്ധമുള്ളവർ മാധവൻനായർക്കെതിരെ കേസ് നൽകിയിരിക്കുന്നതും. ഈ കേസ് ശക്തമാക്കി മാധവൻ നായരെ ഫൊക്കാന തലപ്പത്ത് നിന്നും ഒഴിവാക്കാനാണ് ടോമിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന്റെ ഇപ്പോഴുള്ള ശ്രമം.

വ്യക്തികൾക്കല്ല സംഘടനകൾക്കാണ് ഫൊക്കാനോയിൽ പ്രാമുഖ്യം. സംഘടനകൾ വഴിയാണ് ഫൊക്കാനോയിൽ വ്യക്തികൾ കയറിപ്പറ്റുന്നത്. ഇങ്ങിനെ കടലാസ് സംഘടനകൾ ഉണ്ടാക്കിയാണ് പലരും ഫൊക്കാനോയുടെ തലപ്പത്ത് എത്തിയത്. വ്യാജ മെമ്പർഷിപ്പുകൾ വഴിയാണ് അമേരിക്കയിലെ കടലാസ് സംഘടനകൾ സംഘടന കെട്ടിപ്പൊക്കുന്നത്. മെമ്പർമാരുടെ എണ്ണം കൂട്ടി സംഘടനയുടെ കരുത്ത് തെളിയിച്ചാൽ മാത്രമേ ഫൊക്കാനയിലും മറ്റും മെമ്പർഷിപ്പ് ലഭിക്കുകയുള്ളൂ.

ഇതിന്റെ പേരിൽ കടലാസ് സംഘടനകൾ ഫൊക്കാനയിൽ സമർപ്പിക്കുന്ന കണക്കുകൾ പലതും വ്യാജമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ അമേരിക്കൻ മലയാളികളുടെ ശ്രദ്ധ ഫൊക്കാനയുമായി അടുപ്പമുള്ളവരും നോക്കുന്നത് ഫൊക്കാനയുടെ തിരുവനന്തപുരം സമ്മേളനം പിളർപ്പിൽ കലാശിക്കുമോ എന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP