Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സജീവതീരത്തുനിന്നും നടത്തുന്ന സീവാഷിങ്ങ് ഖനനരീതി പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം; കരയിൽ നിന്നുള്ള ഖനനത്തെ കൂടുതൽ ആശ്രയിക്കണം; കാലവർഷക്കാലത്ത് എല്ലാ ഖനനപ്രവർത്തനവും നിർത്തണം; പ്രദേശവാസികളിൽനിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ ഖനനം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും മണ്ണിട്ട് നികത്തി ഉടമകൾക്ക് തിരികെ നൽകുകയും വേണം; ആലപ്പാട് ഖനന പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

സജീവതീരത്തുനിന്നും നടത്തുന്ന സീവാഷിങ്ങ് ഖനനരീതി പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണം; കരയിൽ നിന്നുള്ള ഖനനത്തെ കൂടുതൽ ആശ്രയിക്കണം; കാലവർഷക്കാലത്ത് എല്ലാ ഖനനപ്രവർത്തനവും നിർത്തണം; പ്രദേശവാസികളിൽനിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ ഖനനം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും  മണ്ണിട്ട് നികത്തി ഉടമകൾക്ക് തിരികെ നൽകുകയും വേണം; ആലപ്പാട് ഖനന പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പാട് കരിമണൽ ഖനന വിഷയത്തിൽ പ്രതികരണവുമായി ശാസ്ത്രസാഹിത്യ പരിഷത്ത്. പരിഷത്തിന്റെ പഠന സംഘം നടത്തിയ റിപ്പോർട്ടിൽ സജീവതീരത്തുനിന്നും നടത്തുന്ന സീവാഷിങ്ങ് ഖനനരീതി പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യണമെന്ന് നിർദേശിക്കുന്നു.കരയിൽ നിന്നുള്ള ഖനനത്തെ കൂടുതൽ ആശ്രയിക്കണമെന്നും കാലവർഷക്കാലത്ത് എല്ലാ ഖനനപ്രവർത്തനവും നിർത്തണമെന്നും റിപ്പോർട്ട് പറയുന്നു. പ്രദേശവാസികളിൽനിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ ഖനനം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും മണ്ണിട്ട് നികത്തി ഉടമകൾക്ക് തിരികെ നൽകുകയും വേണമെന്നും പാട്ടത്തുക പുതക്കണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.

ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നോട്ടു വെക്കുന്ന ചില നിരീക്ഷണങ്ങളും ബദൽ നിർദ്ദേശങ്ങളും:

രാജ്യത്തെ കരിമണൽ നിക്ഷേപങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നീണ്ടകര തൊട്ട് തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്ത് ഉള്ളത്. ഇതിന് പുറമെ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും തീരദേശ കരിമണൽ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഖനനം നടക്കുന്നത് കേരളത്തിലെ നീണ്ടകര-ആലപ്പാട്, തമിഴ്‌നാട്ടിലെ മണവാളക്കുറിച്ചി - തുത്തുക്കുടി, ഒഡീഷയിലെ ഗോപാൽപുർ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ ഖനനം പൊതുമേഖലാ സ്ഥാപനങ്ങളാണ് നടത്തുന്നത്. തുത്തുക്കുടി, വിശാഖപട്ടണം, രത്‌നഗിരി തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യസംരംഭങ്ങളും പ്രവർത്തിക്കുന്നുണ്ട്.

മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കരിമണൽ നിക്ഷേപം വലിയ ജനസാന്ദ്രതയുള്ള തീരമേഖലയിലാണ്. അതുകൊണ്ടുതന്നെ മറ്റ് കരിമണൽ ഖനനമേഖലകളിൽ നിന്നും വ്യത്യസ്തമായി, കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളും വിവിധ താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷവും ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.
നീണ്ടകര-ചവറ-പൊന്മന-ആലപ്പാട് മേഖലകളിൽ കരിമണൽ ഖനനം ആരംഭിച്ചിട്ട് ഏതാണ്ട് 100 വർഷത്തിനുമേലെയായി. പൊതുമേഖലാ സ്ഥാപനങ്ങളയ കെ.എം.എം.എല്ലും ഐ.ആർ.ഇയും ഖനനം ഏറ്റെടുത്തിട്ട് 60 വർഷത്തോളമായി. ഖനനം ആരംഭിച്ച കാലങ്ങളിൽ വളരെ വിസ്തൃതമായ, ജനവാസം ഇല്ലാത്ത മണൽത്തീരം നിലനിന്നിരുന്നു. കൂടുതലും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു മണൽത്തീരം ഉപയോഗിച്ചിരുന്നത്. അന്ന് കരിമണൽ ഖനനം ഒരു വലിയ പ്രശ്‌നമായി ജനങ്ങൾക്ക് അനുഭവപ്പെട്ടില്ല.

കുറച്ചുപേർക്ക് തൊഴിൽ കിട്ടുകയും കമ്പനികൾ നടത്തിയിരുന്ന പ്രവർത്തനങ്ങളിൽ പൊതുവേ ജനങ്ങൾ സംതൃപ്തരുമായിരുന്നു. ക്രമേണ ജനസാന്ദ്രത വർധിക്കുകയും ഖനനത്തിലൂടെ മണൽത്തീരം കുറഞ്ഞുവരികയും ചെയ്തു. ഇതോടെ ജനവാസമേഖലയിൽ ഞെരുക്കം അനുഭവപ്പെടാനും പരമ്പരാഗത മത്സ്യബന്ധനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാനും തുടങ്ങി. തീരം ഇല്ലാതായപ്പോൾ കടലാക്രമണത്തിന്റെ ആഘാതം, വിശിഷ്യാ മൺസൂൺ കാലത്ത് രൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങി. തീരസംരക്ഷണത്തിനായി കടൽഭിത്തി നിർമ്മാണവും മത്സ്യബന്ധനത്തിനായി നീണ്ടകര ഹാർബറും കായംകുളം ഹാർബറും നിർമ്മിക്കുകയും ചെയ്തു. മണൽത്തീരം നൽകിയിരുന്ന സുരക്ഷ കടൽഭിത്തിക്ക് നൽകാനാവില്ലെന്ന തിരിച്ചറിവും സുനാമിയും ഓഖിയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസങ്ങളും ജലവിതാന ഉയർച്ചയുമെല്ലാം തീരജനതയുടെ ആശങ്കകൾ ക്രമേണ വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഉയരുന്ന ജനസാന്ദ്രതയും കായലിനും കടലിനുമിടയിൽ നേർത്തുവരുന്ന ഈ പ്രദേശത്തിന്റെ സ്ഥലപരിമിതികളും ആശങ്കകൾ കൂടുതൽ വർധിപ്പിച്ചു.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് തദ്ദേശീയ ജനങ്ങളുടെ എതിർപ്പും സമരങ്ങളും പലപ്പോഴായി നടന്നിട്ടുണ്ട്. ആറാട്ടുപുഴയിൽ കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ 2002-ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ചു സ്വീകരിക്കേണ്ട സമീപനങ്ങളെക്കുറിച്ചും ലഘുലേഖ തയ്യാറാക്കി തീരദേശസംരക്ഷണ ജാഥയിലൂടെ പ്രചരിപ്പിച്ചിരുന്നു. തീരസംരക്ഷണത്തിനായി സർക്കാരും കരിമണൽ ഖനനകമ്പനികളും പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായി നടത്താനുള്ള പഠനങ്ങൾ നടത്തുകയും ഖനനത്തിനായി പരിസ്ഥിതി ആഘാതപഠനം നടത്തുകയും പാരിസ്ഥിതിക അനുമതി നേടുകയും ചെയ്തു. ഇതൊന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാവുകയോ ആശങ്ക അകറ്റുകയോ ചെയ്യാൻ പര്യാപ്തമായില്ല എന്നാണ് സമീപകാല സംഭവങ്ങൾ കാണിക്കുന്നത്. ഖനനം നടത്തുന്ന രീതികളെക്കുറിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നടത്തിയിട്ടുള്ള നടപടികളെക്കുറിച്ചും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും ഒരു പുനഃപരിശോധന ആവശ്യമാണ്.

ലഭ്യമായ വിവരങ്ങൾ പരിശോധിച്ചതിന്റെയും ഖനനപ്രദേശങ്ങൾ സന്ദർശിച്ച് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ബന്ധപ്പെട്ട കമ്പനി അധികാരികളുടെയും സർക്കാരിന്റെയും പരിഗണനക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് താഴെ പറയുന്ന കാര്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു.

കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കാത്തതും ഉത്തരവാദിത്തപൂർണമായ ഒരു ഖനനരീതി(Responsible Mining)യാണ് അനുവർത്തിക്കേണ്ടത്. പാരിസ്ഥിതിക അനുമതികൾ നൽകിയപ്പോൾ നിർദേശിച്ചിട്ടുള്ള പരിപാലനരീതികളും കമ്പനികൾ നടത്തിയ പഠനങ്ങളിൽ നിർദേശിച്ചിട്ടുള്ള രീതിയിലും തന്നെയാണ് ഖനനപ്രവർത്തനങ്ങൾ നടക്കുന്നത് എന്ന് ഉറപ്പക്കാൻ വിദഗ്ധരും തദ്ദേശഭരണസ്ഥാപന പ്രതിനിധികളും തദ്ദേശജനങ്ങളുടെ പ്രതിനിധികളും അടങ്ങുന്ന ഒരു മേൽനോട്ടസമിതി രൂപീകരിക്കുക.

കമ്പനി ഖനനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പഠനങ്ങളും പരിസ്ഥിതി ആഘാതപഠനങ്ങളും മേൽപ്പറഞ്ഞ സമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കുക.

Atomic Minerals Dept (AMD) നീണ്ടകര, ചവറ, ആലപ്പാട്, കരുനാഗപ്പള്ളി, കായംകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി മേഖലയിലെയും തീരക്കടലിലെയും കരിമണൽ ലഭ്യതയെ വിശദമായി വിലയിരുത്തിയിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല ഖനനപദ്ധതികൾ തയ്യാറാക്കി ഫലപ്രദമായ ചർച്ചയ്ക്കു വിധേയമാക്കുക.

IRELDഉം KMMLഉം ഒരേ വിഭവം ഒരേ മേഖലയിൽ നിന്നുമാണ് ഖനനം നടത്തുന്നത്. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാത പഠനങ്ങളും കരിമണൽ ബജറ്റ് പഠനങ്ങളും ഈ രണ്ടു കമ്പനികളും നടത്തുന്ന ഖനന പ്രവർത്തനങ്ങളെ ഒന്നിച്ചു കണക്കിലെടുത്തുകൊണ്ട് നടത്തണം.

കാലങ്ങളായി നടത്തുന്ന ഖനനപ്രക്രിയയിലൂടെ കരിമണൽ വിഭവത്തിനും ലഭ്യതക്കും വന്നിട്ടുള്ള കുറവുകളും വ്യത്യാസങ്ങളും തീരത്തിന്റെയും ഭൂപ്രകൃതിക്കു വന്നിട്ടുള്ള മാറ്റങ്ങളെയും കണക്കിലെടുത്തുകൊണ്ടുവേണം പഠനങ്ങൾ നടത്തേണ്ടത്.

കരിമണൽ ഖനനം കരയിൽനിന്നും സജീവമായ തീരത്തുനിന്നും (Active Coast) നടത്തുന്നുണ്ട്. കരയിൽ നിന്നും നടത്തുന്ന ഖനനം (Deep Mining) തീരത്തെ വലുതായി ബാധിക്കുന്നില്ല. എന്നാൽ സജീവതീരത്തുനിന്നും നടത്തുന്ന ഖനനം (Sea Washing) തീരപ്രകൃതിയെ സാരമായി ബാധിക്കുന്നു.

സജീവതീരത്തുനിന്നും നടത്തുന്ന Sea Washing എന്ന ഖനനരീതി പൂർണമായി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും കരയിൽ നിന്നുള്ള ഖനനത്തെ കൂടുതൽ ആശ്രയിക്കുകയും ചെയ്യുക.

തീരശോഷണം സംഭവിക്കുന്ന കാലവർഷക്കാലത്ത് Sea Washing രീതിയിലുള്ള എല്ലാ ഖനനപ്രവർത്തനവും തീരത്തു നടത്തുന്ന അനുബന്ധപ്രവർത്തനങ്ങളും പൂർണമായും ഉപേക്ഷിക്കുക.

കാലവർഷേതര മാസങ്ങൾ ബീച്ച് പുനർനിർമ്മാണ മാസങ്ങളാണ്. പരിമിതമായ രീതിയിൽ തീര പുനർനിർമ്മാണം നടക്കുന്ന ഈ മാസങ്ങളിൽ തീരമണൽ ബജറ്റ് (Sediment budget) പഠനങ്ങളിൽ നിർദേശിച്ച രീതിയിൽ മാത്രം ഖനനം നടത്തുക. ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്തു കൊണ്ടുള്ള തീരമണലിന്റെ ലഭ്യത പഠനങ്ങൾ സമയബന്ധിതമായി നടത്തുക.

മേഖലകൾ തിരിച്ച് ഇതിനുള്ള ദീർഘകാല/ഹ്രസ്വകാല പദ്ധതികൾ ഉണ്ടാക്കുകയും ചർച്ചയ്ക്കു വിധേയമാക്കി നടപ്പാക്കുകയും ചെയ്യുക.

തീരസംരക്ഷണം ഫലപ്രദമായി നടപ്പിലാക്കുക. ഇപ്പോൾ നടപ്പില്ലാക്കിവരുന്ന തീരസംരക്ഷണ രീതിക്ക് പകരം പരിസ്ഥിതി സൗഹൃദമായ സാങ്കേതികവിദ്യകളുടെ സാധ്യത പരിശോധിച്ചു നടപ്പാക്കുക.

നീണ്ടകര തൊട്ട് കായംകുളം ഹാർബർ വരെയുള്ള തീരമേഖലയെ ഒരു അവസാദ കള്ളിയായി (Sediment Cell)കണ്ടുകൊണ്ട് ഈ മേഖലയ്ക്ക് മുഴുവനായുള്ള തീരസംരക്ഷണ പദ്ധതികൾ പഠനങ്ങൾക്കനുസൃതമായി നടപ്പാക്കുക.

കരമണൽ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളെകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഖനനപദ്ധതികളും അധിവാസപദ്ധതികളും (Settlement Plan) പരിസ്ഥിതി സംരക്ഷണപദ്ധതികളും ആവശ്യമാണ്. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പദ്ധതികളിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടും അവയെ സംയോജിപ്പിച്ചുകൊണ്ടുമുള്ള ഒരു മാസ്റ്റർ പ്ലാൻ ഖനനവുമായും തീരസമൂഹത്തിന്റെ ഉപജീവനവും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ആവശ്യമാണ്.

ഖനനത്തിനായി പ്രദേശവാസികളിൽനിന്ന് പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ ഖനനം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും ഖനനസ്ഥലം മണ്ണിട്ട് നികത്തി ഉടമകൾക്ക് തിരികെ നൽകുകയും വേണം.

ഇന്നുള്ള പാട്ടത്തുക അപര്യാപ്തമാണ്. അത് കാലോചിതമായി പുനർനിർണയിക്കണം.

ഓരോ പാട്ടഭൂമിയുടെയും ഖനനപ്ലാനും റീഫില്ലിങ് പ്ലാനും പാട്ടക്കരാറിന്റെ ഭാഗമായി പരസ്പരം അംഗീകരിച്ച് ഒപ്പുവയ്ക്കണം.

IRE ഇപ്പോൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുലിമുട്ട് Beach Nourishing നായി നിശ്ചയിക്കണം.

Mining Area Welfare Bodyഎന്നത് ഫലപ്രദവും അതിന്റെ പ്രവർത്തനം സുതാര്യവുമാകണം. അർഹമായ പുനരധിവാസം ലഭിക്കുക എന്നത് തദ്ദേശീയരുടെ അവകാശമായി അംഗീകരിക്കണം.

ഇന്ന് അനുവർത്തിക്കുന്ന ഖനന രീതികളിലെ അശാസ്ത്രീയതകൾ പരിഹരിക്കുകയും ഖനന പ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിച്ചുകൊണ്ടും വിലപ്പെട്ട ഈ പ്രകൃതി വിഭവത്തെ കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുവാൻ വേണ്ട കൂട്ടായ ശ്രമമായാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP