Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാത്രപുറപ്പെടാൻ മുറികൾ ഒഴിഞ്ഞപ്പോൾ സ്ത്രീകൾ പൊട്ടിക്കരഞ്ഞതായി മൊഴി നൽകി റിസോർട്ട് ജീവനക്കാർ; രണ്ടുദിവസമായിട്ടും ബോട്ടിനെ പറ്റി വിവരമൊന്നും ഇല്ലാത്തതിനാൽ ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് സംഘം പോയോ എന്നുപോലും സ്ഥിരീകരിക്കാൻ ആവാതെ അന്വേഷകർ; ബോട്ടിന്റെ നിറവും പേരും മാറ്റിയിരിക്കാമെന്നും ശ്രീലങ്കൻ സേനയുടേയോ കടൽകൊള്ളക്കാരുടേയോ കയ്യിൽ അകപ്പെട്ടിരിക്കാമെന്നും സംശയങ്ങൾ; ദുരൂഹതമാറാതെ മുനമ്പം മനുഷ്യക്കടത്ത്

യാത്രപുറപ്പെടാൻ മുറികൾ ഒഴിഞ്ഞപ്പോൾ സ്ത്രീകൾ പൊട്ടിക്കരഞ്ഞതായി മൊഴി നൽകി റിസോർട്ട് ജീവനക്കാർ; രണ്ടുദിവസമായിട്ടും ബോട്ടിനെ പറ്റി വിവരമൊന്നും ഇല്ലാത്തതിനാൽ ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് സംഘം പോയോ എന്നുപോലും സ്ഥിരീകരിക്കാൻ ആവാതെ അന്വേഷകർ; ബോട്ടിന്റെ നിറവും പേരും മാറ്റിയിരിക്കാമെന്നും ശ്രീലങ്കൻ സേനയുടേയോ കടൽകൊള്ളക്കാരുടേയോ കയ്യിൽ അകപ്പെട്ടിരിക്കാമെന്നും സംശയങ്ങൾ; ദുരൂഹതമാറാതെ മുനമ്പം മനുഷ്യക്കടത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മുനമ്പം തീരത്തുനിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടന്നോ എന്നും യാത്രികരെ ബോട്ടുമാർഗമാണോ അതോ വിമാനമാർഗമാണോ കൊണ്ടുപോയതെന്നും പോലും സ്ഥിരീകരിക്കാനാവാതെ അന്വേഷണം. തീരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗുകളിൽ നിന്ന് തുടങ്ങിയ അന്വേഷണത്തിൽ രണ്ടുദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് സൂചനകൾ.

അതേസമയം, മനുഷ്യക്കടത്തുസംഘത്തിന്റെ ഇരകളായവരെ നിർബന്ധപൂർവം കൊണ്ടുപോയതാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സംഘാംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ മുറികൾ ഒഴിയുമ്പോൾ സ്ത്രീകൾ ഉൾപ്പെടെ പൊട്ടിക്കരഞ്ഞതായും ഇവർ പരിഭ്രാന്തിയിൽ ആയിരുന്നെന്നും ഹോട്ടലിലും മറ്റും ഉണ്ടായിരുന്ന ജീവനക്കാർ അന്വേഷകരോട് വ്യക്തമാക്കി. ആപത്തിന് ഏറെ സാധ്യതയുള്ള യാത്രയാണെന്നതിനാൽ ആവാം ഇത്തരത്തിൽ പരിഭ്രമം ഉണ്ടായതെന്നും സംശയം ഉയർന്നിട്ടുണ്ട്.

പത്തുലക്ഷം രൂപയ്ക്ക് ഇന്ധനം വാങ്ങിയെന്നും ചെറായിയിൽ താമസിച്ചെന്നും സംഘത്തിൽ നാല് ഗർഭിണികൾ ഉണ്ടെന്നുമെല്ലാമാണ് വിവരം പുറത്തുവന്നിട്ടുള്ളത്. ഇവർക്ക് താമസത്തിന് റിസോർട്ടുകളും ഹോംസ്‌റ്റേകളും ചട്ടങ്ങൾ പാലിക്കാതെയാണ് സൗകര്യം നൽകിയതെന്നും വ്യക്തമായി. ഇതോടെ സംഘം താമസിച്ചതെന്നു കരുതുന്ന റിസോർട്ടുകളും ഹോട്ടലുകളും പൊലീസ് പൂട്ടി സീൽ ചെയ്തു. ഐബിയുടെ നിർദേശത്തെ തുടർന്നാണു നടപടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചേറായിയിൽ മാത്രം റിസോർട്ടുകളും ഹോംസ്‌റ്റേകളുമായ ആറ് സ്ഥാപനങ്ങൾ പൂട്ടി. അവശേഷിക്കുന്ന തെളിവുകളുണ്ടെങ്കിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് പൊലീസ് വിശദീകരണം. അതേസമയം ഈ സ്ഥാപനങ്ങൾ സംഘമായി എത്തുന്ന താമസക്കാരുടെയെല്ലാം തിരിച്ചറിയൽ രേഖകൾ വാങ്ങി സൂക്ഷിക്കണമെന്ന ചട്ടം പാലിച്ചിട്ടില്ല. ഒരു സംഘത്തിൽ ഒരാളുടെ മാത്രം ഐഡി വാങ്ങി മുറി നൽകുകയായിരുന്നു. ഇവ വ്യാജവുമായിരുന്നു.

ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സംഘത്തിലെ എല്ലാവരേയും കടത്തിയിട്ടില്ലെന്നും പൊലീസ് സംശയിക്കുന്നു. ഇതോടൊപ്പം ഇവർ ബോട്ടിൽ ഇത്രയും ദീർഘവും ദുർഘടവുമായ യാത്രയ്ക്ക് തയ്യാറായോ എന്നും സംശയമുയർന്നിട്ടുണ്ട്. അതിനാൽ തന്നെ വിമാനമാർഗം മറ്റു രാജ്യങ്ങളിലേക്ക് കടന്ന് അവിടെനിന്ന് യാത്ര ബോട്ടിലോ മറ്റോ ആക്കിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. യാത്രയ്‌ക്കെത്തിയ ഒരു സംഘം മാത്രമായിരിക്കും പോയിട്ടുണ്ടാകുകയെന്നും മറ്റൊരു സംഘത്തിനു യാത്രയ്ക്കു തടസമുണ്ടായിട്ടുണ്ടാകും എന്നതിന്റെ സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധന ശക്തമാക്കി.

ഒരു സംഘമെങ്കിലും കടൽ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ട സമയം കഴിഞ്ഞതായാണ് പ്രാഥമിക നിഗമനം. പുറപ്പെട്ടു രണ്ടു ദിവസം പിന്നിട്ടാലും അവരെ കണ്ടെത്താൻ നാവികസേനയ്ക്കും തീരസേനയ്ക്കും കഴിയേണ്ടതാണ്. എന്നാൽ അത് ഫലവത്തായിട്ടില്ല. അതിനാൽ തന്നെ ബോട്ടിൽ പോയിട്ടുണ്ടെങ്കിൽ ബോട്ടിന്റെ പെയ്ന്റും പേരും മാറ്റിയിരിക്കാനും സാധ്യത കാണുന്നുണ്ട്. എല്ലാം വിറ്റു പെറുക്കിയുള്ള യാത്രയായതിനാൽ തന്നെ ഇവർ കൈവശം കൂടുതൽ ലഗേജ് എടുത്തിരിക്കാമെന്നും ഇതിൽ കുറച്ച് ഇവിടെ ഉപേക്ഷിക്കാൻ നിർബന്ധിതരായതാകാം എന്നുമാണ് മറ്റൊരു നിഗമനം. വിമാനം വഴി കടന്നോ എന്ന സംശയം ഉയർത്തുന്നതും ഇക്കാര്യം തന്നെ. കടൽവഴിയുള്ള യാത്രയിൽ എന്തെങ്കിലും തടസം നേരിട്ടിട്ടുണ്ടെങ്കിൽ ഒരു പക്ഷേ വിമാനമാർഗം മറ്റേതെങ്കിലും രാജ്യത്തെത്തി അവിടെനിന്നു കടൽവഴി യാത്ര ചെയ്യാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്.

കൊച്ചിയിൽ നിന്നു മലേഷ്യയിലേക്കു കയറി അവിടെനിന്നു ബോട്ടിൽ ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെടാമെന്ന സാധ്യതയാണ് പരിശോധിക്കുന്നത്. വിമാനത്തിൽ കയറ്റാവുന്നതിൽ കൂടുതൽ ബാഗേജ് ഉണ്ടായിരുന്നതാവാം ഉപേക്ഷിച്ചതെന്നും സംശയിക്കുന്നു. എന്നാൽ സ്വർണാഭരണം ബാഗിൽ പെട്ടുപോയത് അറിയാതെ പെട്ടതാകാമെന്നാണ് നിഗമനം. കൊടുങ്ങല്ലൂർ, മുനമ്പം, മാല്യങ്കര പ്രദേശങ്ങളിൽനിന്ന് പൊലീസ് ഇതുവരെ 73 ബാഗുകൾ കണ്ടെത്തിയെങ്കിലും സംഭവത്തിലേക്ക് വെളിച്ചംവീശുന്ന കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയിട്ടില്ല.

മനുഷ്യക്കടത്ത് സംഭവം പുറത്തറിയുകയും വാർത്തകൾ വരികയും ചെയ്ത സാഹചര്യത്തിൽ രക്ഷപ്പെടാനായി ബോട്ടിന്റെ നിറവും പേരും മാറ്റിയിരിക്കാമെന്നും അതാകാം ഇതുവരെ കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്നും സംശയം ശക്തമായിട്ടുണ്ട്. രണ്ടു ബോട്ടുകൾ ചേർത്തിട്ട് മണിക്കൂറുകൾ കൊണ്ട് പെയിന്റിങ് പൂർത്തിയാക്കി പേരുമാറ്റാനാകുമെന്നതിനാലാണ് ഇത്തരമൊരു സംശയം. തുടർ യാത്രകൾക്ക് മറ്റു ബോട്ടുകളുടെ രേഖകൾ ഉപയോഗിച്ചാൽ പിന്നീട് കണ്ടെത്തുക ദുഷ്‌കരമാകും. അതേസമയം ബോട്ടിൽ ഇത്തരമൊരു ദീർഘയാത്രയ്ക്ക് പുറപ്പെട്ടതിനാൽ തന്നെ ഇവരുടെ സുരക്ഷയെപ്പറ്റിയും ആശങ്ക ഉയർന്നിട്ടുണ്ട്. കടൽ മാർഗം കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തും എന്നതിനു യാതൊരു ഉറപ്പും ഇല്ലെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

ഇന്ത്യൻ സമുദ്രാതിർത്തി പിന്നിട്ടാൽ പിന്നീട് ശ്രീലങ്കൻ സേനയുടെ പരിധിയിലാണ് എത്തിപ്പെടുക. അവിടെയാണെങ്കിൽ റോന്തുചുറ്റൽ ശക്തവുമാണ്. ഇന്ത്യയിൽ നിന്നുള്ള മീൻപിടിത്തക്കാർ അതിർത്തി ലംഘിക്കുമ്പോൾ ഇവരുടെ പിടിയിൽ പെടുന്നത് സ്ഥിരം സംഭവവുമാണ്. അതിനാൽ തന്നെ ഇതിനുള്ള സാധ്യതകളും ആരായുന്നു. കടൽ കൊള്ളക്കാരുടെ പിടിയിൽ അകപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല. പഴകിയ ബോട്ടുകൾ ഇത്തരം യാത്രയ്ക്ക് തിരഞ്ഞെടുക്കുമ്പോൾ ആപത്തിനും സാധ്യതയേറെയാണ്. ഇടയ്ക്കു വച്ച് ബോട്ട് തകരുകയോ നിന്നുപോകുകയോ ചെയ്യാം. ഇത്തരത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ യാത്രക്കാർക്കു ദുരന്തം സംഭവിച്ച ചരിത്രവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

ഏതായാലും വൻ മനുഷ്യക്കടത്ത് സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും മികച്ച ആസൂത്രണത്തിലാണ് കടത്തെന്നുമുള്ള സൂചനകളാണ് ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് താമസം ഒരുക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇതിനിടെ ഡൽഹിയിൽ സംഘാംഗങ്ങളുടേതെന്ന് സംശയിക്കുന്ന വീടുകളിൽ പൊലീസ് പരിശോധന നടത്തി. ചിലയിടത്തുനിന്ന് വിദേശയാത്ര നടത്തിയതിന്റെ ചില വിവരങ്ങൾ ലഭിച്ചതല്ലാതെ കാര്യമായ പ്രയോജനം ഉണ്ടായിട്ടുമില്ല. വിദേശത്തേക്കു പോകുന്നു എന്നറിയിച്ച് മകൻ പോയതായി ഒരാളുടെ പിതാവ് പറഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP