Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പാട്ടെ കരിമണൽ ഖനനപ്രശ്‌നം പഠിക്കാൻ വീണ്ടും ആളെ വിടും മുമ്പ് സർക്കാർ കണ്ണുതുറന്നുവായിക്കട്ടെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട്! സമിതിയുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്: കിട്ടിയ അനുമതി മുതലാക്കി നടത്തുന്നത് അനിയന്ത്രിത ഖനനം; ആലപ്പാട് പഞ്ചായത്തിന്റെ വീതി ചിലയിടങ്ങളിൽ 100 മീറ്റർ പോലുമില്ല; ടിഎസ് കനാലും അറബിക്കടലും ഒന്നാകുന്ന അവസ്ഥ; ഖനനം തുടർന്നാൽ അപ്പർ കുട്ടനാട് വരെ കടലെടുക്കുമെന്നും ജനങ്ങൾക്ക് ആശങ്ക; മുല്ലക്കര അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് ഇങ്ങനെ

ആലപ്പാട്ടെ കരിമണൽ ഖനനപ്രശ്‌നം പഠിക്കാൻ വീണ്ടും ആളെ വിടും മുമ്പ് സർക്കാർ കണ്ണുതുറന്നുവായിക്കട്ടെ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോർട്ട്! സമിതിയുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്: കിട്ടിയ അനുമതി മുതലാക്കി നടത്തുന്നത് അനിയന്ത്രിത ഖനനം; ആലപ്പാട്  പഞ്ചായത്തിന്റെ വീതി ചിലയിടങ്ങളിൽ 100  മീറ്റർ പോലുമില്ല; ടിഎസ് കനാലും അറബിക്കടലും ഒന്നാകുന്ന അവസ്ഥ; ഖനനം തുടർന്നാൽ  അപ്പർ കുട്ടനാട് വരെ കടലെടുക്കുമെന്നും ജനങ്ങൾക്ക് ആശങ്ക; മുല്ലക്കര അദ്ധ്യക്ഷനായ സമിതി റിപ്പോർട്ട് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പതിറ്റാണ്ടുകളായി യാതൊരു തത്വദീക്ഷയുമില്ലാതെ തുടരുന്ന കരിമണൽ ഖനനം ആലപ്പാട്ടിനെ തകർത്തെറിയുമ്പോൾ എന്താണ് ആലപ്പാട്ടിന്റെ രക്ഷ? ഈ ചോദ്യം ആലപ്പാട്ടിനും കേരളത്തിനും മുന്നിലുള്ളപ്പോൾ പ്രതിവിധി കേരളത്തിലെ അധികാര വർഗം മനഃപൂർവം കാണാതിരിക്കുകയാണ്. ഇടത് സർക്കാരിലെ പ്രബല കക്ഷിയായ സിപിഐയുടെ പ്രമുഖ നേതാവ് മുല്ലക്കര രത്നാകരൻ അധ്യക്ഷനായുള്ള കേരളാ നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി ആലപ്പാട് സന്ദർശനം നടത്തുകയും പ്രശ്‌നം വിശദമായി പഠിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മുല്ലക്കര അധ്യക്ഷനായ നിയമസഭയുടെ പരിസ്ഥിതി കമ്മറ്റിയുടെ നിർദ്ദേശം കടലാസിൽ ഉറങ്ങുമ്പോഴാണ് ആലപ്പാട് ഇനിയെന്ത് എന്ന കാര്യത്തിൽ അനിശ്ചിതത്വം ഉയരുന്നത്.

ഒരു വർഷം മുൻപാണ് ആലപ്പാട്ട് പ്രശ്‌നത്തിൽ നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോർട്ടും ശുപാർശകളും പുറത്തു വരുന്നത്. ഈ റിപ്പോർട്ട് നേരാംവണ്ണം പഠിക്കാൻ കേരള സർക്കാർ തയ്യാറാകുകയോ റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ നടപ്പിലാക്കുകയോ ചെയ്തിരുന്നെങ്കിൽ ആലപ്പാട്ടിനെ അലട്ടുന്ന നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമായിരുന്നു. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ ഗൗരവകരമായ റിപ്പോർട്ടിന് കടലാസിന്റെ ഗൗരവം പോലും നൽകാൻ തയാറാകാത്തതുകൊണ്ടാണ് പ്രശ്‌നം പഠിക്കുമെന്നും ഇടപെടൽ നടത്തുമെന്നും വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറയേണ്ടി വന്നത്. കൂലങ്കഷമായി പ്രശ്‌നം പഠിച്ചും തെളിവെടുപ്പ് നടത്തിയുമാണ് അന്തിമ റിപ്പോർട്ട് നിയമസഭാ കമ്മറ്റി പുറത്തു വിട്ടത്. ആഴത്തിലുള്ള പ്രശ്‌ന പരിഹാരമാണ് ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു പരിസ്ഥിതി കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ളത്.

നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ഇപ്രകാരം

ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു ഒട്ടുവളരെ പ്രശ്‌നങ്ങളും പരാതികളും ഉയർന്നു വന്നതിനാൽ പ്രശ്‌ന പരിഹാരത്തിനായി ഭൂജലവകുപ്പിന്റെ കീഴിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരു മേൽനോട്ട സമിതി രൂപീകരിക്കണം. പരിസ്ഥിതി പ്രവർത്തകർ, വിഷയ വിദഗ്ദ്ധർ ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഈ സമിതിയിൽ അംഗങ്ങൾ ആകണം. ഇവർ ഖനനം വിലയിരുത്തി നടപടികൾ സ്വീകരിക്കണം. ഉചിതമായ പരിഹാര നടപടികൾ സ്വീകരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ ഖനനം ചെയ്യുന്ന കമ്പനികൾ കൃത്യമായി പാലിക്കണം. സർക്കാർ വകുപ്പുകൾ ഈ കാര്യങ്ങൾ നിരീക്ഷിക്കണം. പുലിമുട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആലപ്പാട്ട് നടപ്പിലാക്കണം.

മണൽതിട്ടകൾ കോരിയെടുക്കുന്ന സീ വാഷിങ് അവസാനിപ്പിക്കണം. ആറുമാസത്തിൽ കുറയാതെയുള്ള ഇടവേളകൾ സീ വാഷിംഗിനു നല്കണം. ഐആർഇ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഖനനം ചെയ്യണം. പരിസരവാസികളുടെ പരാതി ഐആർഇ പരിഹരിക്കണം. ഖനനം കഴിഞ്ഞ ഇടം പൂർവ സ്ഥിതിയിലാക്കി ഉടമകൾക്ക് കൈമാറണം. നഷ്ടപരിഹാരം നൽകാനുള്ളവർക്ക് അത് കൃത്യമായി നൽകാനുള്ള കാര്യങ്ങൾ ചെയ്യണം. നഷ്ടമായ കണ്ടൽ വനങ്ങൾക്കും ചെടികൾക്കും പകരം കണ്ടൽ വനങ്ങളും ചെടികളും ഐആർഐ വെച്ച് പിടിപ്പിക്കണം. ഉപ്പുവെള്ളം കയറി നശിച്ചുപോയ കൃഷിയിടങ്ങളുടെ കണക്ക് പരിശോധിച്ച് നഷ്ടം നല്കണം. കമ്പനി ലാഭവിഹിതത്തിൽ ഒരു ഭാഗം ആലപ്പാട്ടെ വികസനപ്രവർത്തനങ്ങൾക്ക് ഐആർഇ നീക്കിവയ്ക്കണം. ഖനനം നടന്ന സ്ഥലങ്ങളുടെ ഭൂവിസ്തൃതി കുറഞ്ഞ കാര്യങ്ങളിൽ ശാസ്ത്രീയ പഠനം നടത്തുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണം.ആലപ്പാട്ടെ പുനരുദ്ധാരണത്തിനു സമഗ്ര മാസ്റ്റർ പ്ലാൻ ഐആർഇ തയ്യാറാക്കണം.

നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോർട്ടും ശുപാർശകളും ആലപ്പാട്ടുകാർക്കും പൂർണ യോജിപ്പായിരുന്നു. നിയമസഭാ പരിസ്ഥിതി കമ്മറ്റി തെളിവെടുപ്പിന് എത്തുമ്പോൾ ഖനനത്തിന് എതിർപ്പ് എന്നപോലെ ഖനനത്തിന് അനുകൂലമായും ശക്തമായി വാദിക്കാനും ആലപ്പാട്ട് ജനങ്ങളുണ്ടായി. എതിർപ്പ് പരിഗണിക്കുമ്പോൾ തന്നെ അനുകൂല വാദങ്ങളും സമിതി ഗൗരവകരമായി പരിശോധിച്ചു. അതിനു ശേഷമാണ് എല്ലാവര്ക്കും സ്വീകാര്യമായ നിർദ്ദേശങ്ങളും നടപടികളും ശുപാർശകളും സമിതി നൽകിയത്.

പക്ഷെ ഒന്നുപോലും നേരെ ചൊവ്വെ പാലിക്കാൻ സർക്കാരോ കമ്പനിയോ തയ്യാറായില്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ആലപ്പാട്ട് സമരം ശക്തമാക്കേണ്ട ആവശ്യം നാട്ടുകാർക്ക് നേരിട്ടതും ഈ സമരത്തിൽ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായതും. ഖനനവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ പരാതികൾ മുക്കാൽ പങ്കും ശരിയാണെന്നു പരിസ്ഥിതി സമിതി കണ്ടെത്തുകയാണ് ഉണ്ടായത്. വളരെ ശക്തമായ ജനകീയ വാദങ്ങൾ ആണ് സമിതിക്ക് മുന്നിൽ വന്നത്. അതിനനുസൃതമായാണ് സമിതി ആലപ്പാട്ടെ ഖനനം വിലയിരുത്തുകയുംചെയ്തത്.

നിയമസഭാ പരിസ്ഥിതിയുടെ കണ്ടെത്തൽ ഇങ്ങനെ; പലതും ഞെട്ടിക്കുന്നതും

പരിസ്ഥിതിക്ക് നേർക്കുള്ള ഗുരുതരഭീഷണിയായാണ് ആലപ്പാട്ടെ കരിമണൽ ഖനനത്തെ പരിസ്ഥിതി സമിതി വിലയിരുത്തിയത്. . ആലപ്പാട്ടുള്ള രീതിയിൽ കരിമണൽ ഖനനം പോലുള്ള കാര്യങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം തുടർന്നാൽ ഇവിടുത്തെ ജീവജാലങ്ങൾ വരെ തുടച്ചു നീക്കപ്പെടും. ആലപ്പാട് വെള്ളനാ തുരുത്തിലും പന്മനയിലെ പൊന്മനയിലും അയണിവേലികുളങ്ങരയിലും ഐആർഐയും കേരളാ മിനറൽസ് ആൻഡ് മെറ്റൽസും കരിമണൽ ഖനനം നടത്തിവരുന്നുണ്ട്. 2020 വരെ ഇവിടെ ഖനനം നടക്കും. ഖനനത്തിനു അനുമതിയുണ്ടെങ്കിലും നിയമങ്ങൾ പാലിച്ചല്ല ഖനനം നടക്കുന്നതെന്ന് ആക്ഷേപമുണ്ടെന്നു സമിതി കണ്ടെത്തി.

അനിയന്ത്രിതമായ ഖനനം കാരണം ഒരു കാലത്ത് 17 കിലോമീറ്റർ നീളവും ഒരു കിലോമീറ്റർ വീതിയും ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വീതി ചിലയിടങ്ങളിൽ 100 മീറ്റർ പോലും ഇല്ലാതായി. കരിമണൽ ഖനനം കാരണം ആലപ്പാട് പ്രദേശത്തിന്റെ 80 ശതമാനവും നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ആലപ്പാടിനെ ചുറ്റിപ്പറ്റിയുള്ള ടിഎസ് കനാലും അറബിക്കടലും ഒന്നാകുന്ന അവസ്ഥ നിലനിൽക്കുന്നു. ഖനനം തുടർന്നാൽ കരുനാഗപ്പള്ളിയുള്ള മറ്റു ഭാഗങ്ങളും ഓണാട്ടുകര ഉൾപ്പെടെയുള്ള അപ്പർ കുട്ടനാട് വരെ കടലെടുക്കുമെന്നും ജനങ്ങൾ ആശങ്കപ്പെടുന്നതായി സമിതി റിപ്പോർട്ടിൽ പറയുന്നു. 5000 ത്തോളം പേർ ഖനനത്തിന്റെ പേരിൽ ആലപ്പാട് വിട്ടു. മത്സ്യബന്ധനം അസാധ്യമായി. മത്സ്യലഭ്യതയ്ക്ക് കുറവ് വന്നു. കണ്ടൽക്കാടുകളും ജലസ്രോതസ്സുകളും നശിച്ചു.

സിആർസെഡ് സോണിൽ നിർമ്മാണത്തിന് അനുമതിയില്ല; എന്നിട്ടും നിർമ്മാണം

കോസ്റ്റൽ റെഗുലേഷൻ സോണിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക് തന്നെ നിലനിൽക്കെയാണ് ആലപ്പാട് പ്രദേശത്ത് ഐആർഇ ഗോഡൗൺ നിർമ്മിച്ചിരിക്കുന്നത്. ഈ നിർമ്മാണം അനധികൃതമാണ്. ഖനന പ്രദേശത്തുള്ള ഒരു ക്ഷേത്രവും വിദ്യാലയവും ഇവിടെ മാറ്റി സ്ഥാപിച്ചിട്ടുമുണ്ട്. അത് ജനങ്ങളുടെ സമ്മതമില്ലാതെയാണെന്നും സമിതി കണ്ടെത്തി. ജനങ്ങളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്. ഖനനത്തിന് ശേഷം ഖനന പ്രദേശം പ്രത്യേക ഭാഗങ്ങളായി തിരിച്ച് ഹരിതമേഖലയാക്കണമെന്നുള്ള നിർദ്ദേശം ഐആർഇ പാലിച്ചിട്ടില്ല. വട്ടക്കായലിനു സമീപമുള്ള പ്രദേശങ്ങളിൽ ചെടികൾ നടണമെന്നും വ്യവസ്ഥയുണ്ട്. ഇത് പാലിച്ചിട്ടില്ല. സ്വാഭാവികമായ കണ്ടൽക്കാടുകൾ ഖനനം കാരണം ആലപ്പാടിന് നഷ്ടമായി. തീരസംരക്ഷണത്തിന്റെ ഭാഗമായ കാറ്റാടി മരങ്ങളും നഷ്ടമായിട്ടുണ്ട്.

ആലപ്പാട് പഞ്ചായത്തിലെ 21 ഓളം റീ സർവേ നമ്പറുകളിൽ ഉണ്ടായിരുന്ന 80 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇല്ലാതായി എന്ന നാട്ടുകാരുടെ പരാതി ഒരളവ് വരെ ശരിയാണ്. തണ്ണീർത്തട പ്രദേശങ്ങളും കിണറുകളും ഖനനം കാരണം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തമായ മണൽക്കുന്നുകൾ ഖനനം മൂലം നഷ്ടപ്പെട്ടത് കടലാക്രമണ പ്രതിരോധ ശേഷി നഷ്ടമാക്കി. 2004 ലെ സുനാമിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വന്നത് ആലപ്പാട് മേഖലയ്ക്കായിരുന്നു. കരിമണൽ ഖനനം കാരണം കുടുംബങ്ങൾ ഭൂരഹിതരായി. മത്സ്യബന്ധനം ഉപജീവനമാക്കിയിരുന്ന കുടുംബങ്ങൾക്ക് വളരെ ദൂരെ മാറി താമസിക്കേണ്ടി വന്നു. ജനങ്ങളുടെ ഈ രണ്ടു പരാതിയിലും സമിതി വകുപ്പ് തലവന്മാരെ കണ്ടു തെളിവുകൾ ശേഖരിച്ചിരുന്നു. ഖനനപ്രദേശത്തിന്റെ തീരത്തോട് ചേർന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി. കുഴമ്പു രൂപത്തിലാകുന്നു എന്ന പരാതിയും സമിതി നിരീക്ഷിച്ചു.

കുഴമ്പു രൂപത്തിലുള്ള മാലിന്യ നിക്ഷേപം ഖനന ചട്ടങ്ങളുടെ നഗ്നമായ ലംഘനം

ആലപ്പാട് മത്സ്യ പ്രജനനത്തിനു ദോഷം വരുന്നതായി സമിതി കണ്ടെത്തി. കുഴമ്പു രൂപത്തിലുള്ള മാലിന്യ നിക്ഷേപം ഖനന ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. 2007-ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം കൊല്ലത്തെ ആലപ്പാട് അടക്കമുള്ള 160 ഹെക്ടർ പ്രദേശങ്ങളിൽ 20 വർഷത്തേക്ക് ഖനനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പക്ഷെ ഖനനം നടക്കുന്നത് വ്യവസ്ഥകൾ ലംഘിച്ചാണ് എന്ന കാര്യത്തിൽ സമിതിക്ക് മുൻപാകെ പരാതികളുണ്ട്.

പക്ഷെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഐആർഇ ഖനനം നടത്തുന്നതെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളിൽ അവർ സജീവമായി ഇടപെടുന്നുണ്ടെന്നും ലീസിനെടുത്ത സ്ഥലത്ത് മൂന്നു വർഷ ഖനനത്തിന് ശേഷം പൂർവസ്ഥിതിയിലാക്കി ഉടമസ്ഥർക്ക് തിരികെ നൽകുന്ന പദ്ധതി നടപ്പിലാക്കാൻ പോവുകയാണെന്നുമുള്ള പരിസരവാസികളുടെ അഭിപ്രായവും സമിതി ഗൗരവത്തോടെ കണ്ടു. ഐആർഇ അൻപത് വർഷമായി ഖനനം ചെയ്യുന്നുണ്ടെങ്കിലും ഖനന ശേഷം വീണ്ടെടുപ്പ് നടത്തിയിട്ടില്ലെന്ന് സമിതി കണ്ടെത്തി. ഐആർഇ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നിലനിൽക്കേണ്ടതുണ്ടെന്നും അത് സാമൂഹിക ഉത്തരവാദിത്തതിന്റെ ഭാഗമാണെന്നും പക്ഷെ ലാഭവിഹിതത്തിന്റെ പങ്കു ഐആർഐ ആലപ്പാട്ടെ സാമൂഹിക വികസനത്തിന് ചിലവഴിക്കണമെന്നും ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നല്കണമെന്നുമുള്ള ജനപ്രതിനിധികളുടെ അഭിപ്രായവും സമിതി ഗൗരവത്തിലെടുത്തു. കടൽത്തീരത്തുള്ള മണൽ കോരിയെടുക്കുന്ന സീ വാഷ് രീതി യിലുള്ള ഖനനം പാടില്ലെന്നുള്ള ആലപ്പാട് ആളുകളുടെ പരാതിയും സമിതിയുടെ മുൻപാകെ വന്നിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP