Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

89.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ആലപ്പാട്ട് ഗ്രാമം ഇപ്പോഴുള്ളത് 7. 6 ചതുരശ്ര കി.മീ മാത്രം! കരിമണൽ കുഴിച്ചെടുക്കുമ്പോൾ പ്രദേശത്തെ കടൽ വിഴുങ്ങുന്നു; രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോഴുള്ളത് മണൽക്കുഴികളും മണൽക്കൂനകളും മാത്രം; കടലിലും ഖനനം നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ദുരിതം; എതിർപ്പുയരുമ്പോൾ ഗൂഢലക്ഷ്യം ആരോപിച്ച് അടിച്ചൊതുക്കും; നശിച്ചു കൊണ്ടിരിക്കുന്ന ആലപ്പാട്ട് ഗ്രാമത്തിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ

89.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ആലപ്പാട്ട് ഗ്രാമം ഇപ്പോഴുള്ളത് 7. 6 ചതുരശ്ര കി.മീ മാത്രം! കരിമണൽ കുഴിച്ചെടുക്കുമ്പോൾ പ്രദേശത്തെ കടൽ വിഴുങ്ങുന്നു; രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോഴുള്ളത് മണൽക്കുഴികളും മണൽക്കൂനകളും മാത്രം; കടലിലും ഖനനം നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ദുരിതം; എതിർപ്പുയരുമ്പോൾ ഗൂഢലക്ഷ്യം ആരോപിച്ച് അടിച്ചൊതുക്കും; നശിച്ചു കൊണ്ടിരിക്കുന്ന ആലപ്പാട്ട് ഗ്രാമത്തിൽ മറുനാടൻ കണ്ട കാഴ്‌ച്ചകൾ

ആർ പീയൂഷ്

കൊല്ലം: സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമായി മാറിയിരിക്കുകയാണ് കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം. ഇന്ന് എഴുപത്തി രണ്ട് ദിവസം പിന്നിടുമ്പോൾ വിഷയം മാധ്യമങ്ങൾ ഏറ്റെടുക്കുന്നത് രണ്ട് ദിവസം മുൻപ് മാത്രമാണ്. സമൂഹ മാധ്യമങ്ങളിൽ ആലപ്പാട് നടന്നു വരുന്ന സമരത്തിന് പിൻതുണ ഏറിയത് തന്നെയാണ് ഇതിന് കാരണം. ഐ.ആർ.ഇ.എൽ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം നടത്തി വരുന്ന കരിമണൽ ഖനനം മൂലം ആലപ്പാട് എന്ന ഗ്രാമത്തിലുണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതിനെതുടർന്നാണ് സേവ് ആലപ്പാട് എന്ന സമരം രൂപപ്പെടുന്നത്.

സോഷ്യൽ മീഡിയയിലെ ഇടപെടൽ

സമരം ആരംഭിച്ചെങ്കിലും മാധ്യമങ്ങൾ തിരിഞ്ഞുപോലും നോക്കിയില്ല. ആ ഘട്ടത്തിലാണ് സമരസമിതി സോഷ്യൽ മീഡിയ എന്ന പ്ലാറ്റ് ഫോം തിരഞ്ഞെടുത്തത്. സമരത്തെപറ്റി വിശദമായി തന്നെ വാട്ട്സാപ്പ് വഴിയും ഫെയ്സ് ബുക്ക് വഴിയും പ്രചരിപ്പിക്കാൻ തുടങ്ങി. ഇതിനായി കൊല്ലത്തെ ട്രോൾ ഗ്രൂപ്പുകളായ ട്രോൾ കൊല്ലം, ട്രോൾ കരുനാഗപ്പള്ളി എന്നീ ഗ്രൂപ്പുകളെ സമീപിപ്പിക്കുകയും അവരുടെ സഹായത്തോടെ കൂടുതൽ ആളുകളിലേക്ക് സമരത്തെപറ്റിയും സമരത്തിന്റെ ആവശ്യകതയെപറ്റിയും വിവരങ്ങൾ എത്തിച്ചു. ഫെയ്സ് ബുക്കിൽ ഇതോടെ സേവ് ആലപ്പാട് ഹാഷ്ടാഗായി ഉയർന്നുവന്നു. ഇത് ഇൻസ്റ്റാഗ്രാമിലേക്കും പടർന്നു. ഇൻസ്റ്റാഗ്രാമിൽ പലരും സെലിബ്രിറ്റികളെ ടാഗ് ചെയ്തതോടെ പ്രമുഖ താരങ്ങളൊക്കെ പിൻതുണയുമായി രംഗത്തെത്തി. സൂപ്പർ സ്റ്റാർ പൃഥിരാജ് പോലും തന്റെ ഫെയ്സ് ബുക്കിലൂടെ ആലപ്പാടിനുള്ള പിൻതുണ നൽകി. ആദ്യമായി സിനിമ രംഗത്ത് നിന്നും പിൻതുണ ലഭിക്കുന്നത് ടൊവിനോയുടതായിരുന്നു. കൊല്ലത്തെ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ പിൻതുണ അറിയിച്ചത്. ഇതോടെയാണ് മറ്റു പലരും രംഗത്തെത്തിയത്.

നടനും സംവിധായകനും നിർമ്മാതാവുമായ സന്തോഷ് പണ്ഡിറ്റ് ആലപ്പാടെത്തുകയും പിൻതുണ അറിയിക്കുകയും ചെയ്തു. നാട്ടുകാർ നടത്തുന്ന നിരാഹാര സമരത്തിൽ ഒരു ദിവസം താനും കിടക്കാൻ തയ്യാറാണെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ വിഷയം കത്തിപടരുകയായിരുന്നു. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് സേവ് ആലപ്പാട് സമരം കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന് പുറത്തേക്കും. സമരം അറുപത്തി ഒൻപത് ദിവസം പിന്നിടുമ്പോഴും കണ്ണടച്ചിരുന്ന മാധ്യമ കോർപ്പറേറ്റുകൾക്ക് നേരെയായി പിന്നീട് പ്രതിഷേധം. ഇതോടെ അവർ കണ്ണുതുറന്നു. ഇപ്പോൾ മാധ്യമങ്ങളെ തട്ടിയിട്ട് ആലപ്പാടുകാർക്ക് നടക്കാൻ കഴിയാതെയായി.സമൂഹം നേരിടുന്ന പ്രശ്നംലോക ശ്രദ്ധയിലെത്തിക്കാൻ ചാനലുകളും പ്ത്രങ്ങളും ഇല്ലെങ്കിലും സോഷ്യൽ മീഡിയ എന്ന ഏറ്റവും വലിയ മാധ്യമത്തിന് കഴിയും എന്നതിന്റെ മറ്റൊരു നേർക്കാഴ്ചയാണ് ആലപ്പാട് കാണാൻ കഴിയുന്നത്. യുവാക്കളാണ് വിവിധ ഭാഗങ്ങളിൽ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചിരുന്ന പല പാർട്ടീ നേതാക്കളും ആലപ്പാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ എന്ന വലിയ ശക്തിയുടെ പിൻതുണ ഒന്നു കൊണ്ടു മാത്രം.

എന്താണ് ആലപ്പാട് നടക്കുന്ന സമരം?

തികച്ചും സമാധാനപരമായി നടക്കുന്ന സേവ് ആലപ്പാട് സമരം ആലപ്പാട് എന്ന ഗ്രാമം ഓർമ്മയാകാതിരിക്കാനാണ്. ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ നടത്തുന്ന കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കർ ഭൂമി കടലായി മാറി. ഈ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സി.ആർ.ഇസഡ്(Coastal Regulation Zone ;CRZ) നിയമം പോലും പാലിക്കാതെ മെഷിനറികൾ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോൾ പഞ്ചായത്തിന്റെ മുഴുവൻ കടൽ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണൽ ഈ കുഴികളിൽ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവർത്തനമാണ് ഭൂമി നഷ്ടപ്പെടാൻ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും യഥേഷ്ടം കായ്ഫലമുണ്ടായിരുന്ന കേര വൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി. ഭൂമിയൊക്കെയും കടൽ കാർന്നു തിന്നു.

ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും ഭൂമി നീക്കം ചെയ്യപ്പെടുന്നു. കരിമണൽ ഖനനത്തിന്റെ നേർ സാക്ഷിയായി പൊൻ മന എന്ന ഗ്രാമം തകർന്നടിഞ്ഞു. രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് മണൽക്കുഴികളും മണൽക്കൂനകളും മാത്രം. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയിൽ ഇപ്പോഴും ഖനനം നടന്നു കൊണ്ടിരിക്കുകയാണ്. ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിലാക്കാതെ ഓരോ മേഖലയും തകർന്നു കഴിയുമ്പോൾ തൊട്ടടുത്ത പ്രദേശം ഖനനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസ മാലിന്യങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യ സമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവി വർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുയാണ്. ദീർഘ കാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതു ജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.

ആലപ്പാട് പഞ്ചായത്തിന്റെ നിലനിൽപ്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളിൽ കടലും കായലും തമ്മിലുള്ള അകലം 5 മീറ്ററിലും താഴെ മാത്രം. കായലിന്റെയും കടലിന്റെയും ഇടയിൽ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫർ സോണാണ്. ഈ മണൽ ബണ്ട് തകർന്നു കഴിഞ്ഞാൽ കടൽ വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പർകുട്ടനാട്, മധ്യതിരുവിതാംകൂർ മൊത്തമായി കടൽ വിഴുങ്ങി കേരളം മറ്റൊരു മഹാ ദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഞങ്ങളുടെ വാർത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ഞങ്ങളുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാൻ സാധിക്കണം. 30 കി.മീ. ദൂരം വരുന്ന തീരദേശ മണൽ ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെങ്കിൽ കരിമണൽ ഖനനം സംപൂർണ്ണമായി അവസാനിപ്പിച്ചേ മതിയാകു. ഇതിനായാണ് ആലപ്പാടുകാർ കൈകോർത്തിരിക്കുന്നത്. മരണം വരെയും സമരം ചെയ്യും. ജനിച്ച മണ്ണിൽ മരിക്കുവാനുള്ള സമരം. പുതു തലമുറക്ക് ജീവിക്കുവാനുള്ള സമരം.

ഖനനം ചെയ്യുമ്പോൾ ആലപ്പാടിന് സംഭവിക്കുന്നത്

ഐ.ആർ.ഇ.എൽ നിലവിൽ ഖനനം നടത്തുന്നത് വെള്ളനാതുരുത്ത് ഭാഗത്താണ്. മിനറൽസ് സെപ്പറേഷൻ പ്ലാന്റിലേക്ക് മണൽ ലോറിയിൽ കയറ്റി എത്തിച്ച് സീ വാഷ് ചെയതാണ് കരിമണൽ വേർതിരിച്ചെടുക്കുന്നത്. വെള്ള മണൽ വേസ്റ്റായിട്ടാണ് കണക്കാക്കുന്നത്. മണൽ ശേഖരിക്കുന്നത് ഈ പ്ലാന്റിന് സമീപത്തെ കടലിൽ നിന്നാണ്. അതായത് പ്ലാന്റും കടലും തമ്മിൽ അഞ്ച് മീറ്റർ പോലും ദൂരമില്ല. ജെ.സി.ബി ഉപയോഗിച്ച് കടലിൽ നിന്നും മണ്ണുവാരും. കടലിന് ഒരു പ്രത്യേകതയുണ്ട്. ഒരു സ്ഥലത്തെ മണ്ണ് പോയാൽ കടൽ മറ്റെവിടെ നിന്നെങ്കിലും മണ്ണ് ഇവിടെ കൊണ്ട് നിക്ഷേപിച്ച് അവിടെ നികത്തും. ഇങ്ങനെ നികരുന്നിടത്തു നിന്നും വീണ്ടും മണ്ണ് കമ്പനി കുഴിച്ചെടുക്കും. ദൂരെ സ്ഥലത്തേക്ക് പോകാതെ തന്നെ ചെലവ് കുറച്ച് കമ്പനി ഇങ്ങനെ ദിനം പ്രതി ഖനനം ചെയ്യുന്നത് ടൺ ണക്കിന് മണ്ണാണ്. ഈ മണ്ണ് എവിടെ നിന്നാണ് കടൽ എടുക്കുന്നത് എന്നറിയാമോ. ആലപ്പാട് പഞ്ചായത്തിന്റെ തീരദേശത്ത് നിന്നുമാണ്. എങ്ങനെയാണ് അതിന് കമ്പനി കണ്ടെത്തിയ മാർഗ്ഗം?

കേരളത്തിന്റെ തീരപ്രദേശം തെക്കോട്ട് ചരിഞ്ഞാണ് കിടക്കുന്നത്. അതിനാൽ ഒഴുക്ക് തെക്കോട്ടാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് പുലിമുട്ടിടാതെ മൈനിങ്ങ് തുടങ്ങുന്ന ഭാഗത്തിന് വടക്കുവശത്തായി പുലിമുട്ട് നിർമ്മിച്ചു. എപ്പോഴും പുലിമുട്ടിന് തെക്കുവശത്തായിരിക്കും കടൽ മണ്ണ് നിക്ഷേപിക്കുക. ഇതി മനസ്സിലാക്കി തന്നെയാണ് കമ്പനി ഇവിടെ പുലിമുട്ട് നിർമ്മിച്ചത്. ജനവാസ മേഖലയിൽ കടലാക്രമണം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നത്. എന്നാൽ ആവപ്പാടിന്റെ ജനസാന്ദ്രതയുള്ള മേഖലയിൽ പുലിമുട്ട് ഇടുവാൻ കമ്പനി സമ്മതിക്കില്ല. അതിന് തടസമായി എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കും.

കമ്പനി നിർമ്മിച്ച ഈ പുലിമുട്ടിന് തെക്ക് വശത്തു നിന്നുമാണ് ഖനനം നടത്തുന്നത്. ഈ ഭാഗത്തേക്ക് വടക്കു നിന്നും കടചൽ വീണ്ടും മണ്ണ് കൊണ്ടു വന്ന് നികത്തും. അങ്ങനെയാണ് ഖനനം നടക്കുന്ന ഭാഗത്തിന് വടക്കു വശമുള്ള ഭാഗത്തെ തീരദേശം മുഴുവൻ കടൽ കാർന്നു കൊണ്ടുപോയത്. ഈ പുലിമുട്ടിന്റെ പ്രത്യേകത മനസ്സിലാക്കണമെങ്കിൽ ആലപ്പാടിന്റെ വടക്കു ഭാഗത്തുള്ള അഴീക്കൽ ബീച്ചിൽ പോകണം. വടക്കു ഭാഗത്തായിട്ടാണ് ഇവിടെ പുലിമുട്ട് അതിനാൽ തെക്കുഭാഗത്തുള്ള ബീച്ചിൽ ആവശ്യത്തിലധികം മണ്ണ് അടിഞ്ഞുകൂടി വലിയ തീരദേശം ഇവിടെയുണ്ട്. ഈ വിധ്യയാണ് ഐ.ആർ.ഇ.എൽ നടപ്പിലാക്കിയിരിക്കുന്നത്.

സമരത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ?

കടൽ കാർന്നു തിന്നുന്ന ഭൂമിയിൽ അതിജീവനത്തിനായി ഒരു കൂട്ടം മനുഷ്യർ നടത്തുന്ന സമരം തകർക്കാനായി ഒറ്റുകാരായ കുറച്ചുപേർ ആലപ്പാടുണ്ട്. ഐ.ആർ.ഇ ലിമിറ്റഡിൽ ജോലി ചെയ്യുന്ന അതേ നാട്ടുകാർ. സമരം ശക്തമാകുമ്പോൾ കമ്പനി ഖനനം നിർത്തിയാൽ തങ്ങളുടെ ജോലി നഷ്ട്ടപ്പോടുമോ എന്ന ഭീതിയാണ് അവരെ സമരത്തിനെതിരെ പ്രവർത്തിക്കാൻ നിർബ്ബന്ധിതരാക്കുന്നത്. കൂടാതെ കമ്പനി ഉദ്യോഗസ്ഥരുടെ ഭീഷണിയും. സമരത്തിന് എതിര് നിൽക്കുന്നവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെയാണ്.

സേവ് ആലപ്പാട് ക്യാമ്പയിൻ ഒരു തട്ടിപ്പോ? ഇതിന്റെ യാഥാർഥ്യം എന്ത്?

സേവ് ആലപ്പാട് എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഒരു വൻ ഫണ്ടഡ് ക്യാമ്പയിൻ ആണെന്ന് തന്നെ പറയേണ്ടി വരും. ഇതിന്റെ യാഥാർഥ്യം എന്താണെന്നു ചില കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരികാം.

സുനാമിക്ക് ശേഷം കേരളത്തിന്റെ പല തീരങ്ങളിലും വളരെ മിനറൽ റിച്ചായാ മണ്ണ് അടിഞ്ഞു കൂടി. അതിൽ തന്നെ ഏറ്റവും വില കൂടിയ മിനറൽസ് അടങ്ങിയ മണ്ണ് അടിഞ്ഞു കൂടിയ ഒരു സ്ഥലം ആണ് ആലപ്പാട്. അടിഞ്ഞു കൂടിയപ്പോൾ എന്ത് സംഭവിച്ചു എന്ന് വച്ചാൽ അവിടുത്തെ കുറെ ഗ്രാമങ്ങളും, ഭാഗങ്ങളും ഒക്കെ ഇല്ലാതെ ആയി. അവിടെ ഉള്ള നല്ലൊരു ശതമാനം ആളുകളെ സർക്കാർ മാറ്റി പാർപ്പിച്ചു. കുറച്ചു ആളുകൾ അവിടെ നിന്നും ഒഴിഞ്ഞു പോയില്ല. ഈ മണ്ണ് അവിടെ പോയി പുറത്തു നിന്നുള്ള ഒരാൾക്കും എടുക്കാൻ സാധിക്കുകയില്ല. അവിടെ താമസിക്കുന്ന കുറെ ആളുകൾ ഈ മണ്ണ് ചാക്കിലാക്കി പ്രൈവറ്റ് കമ്പനികൾക്കു ചാക്കിനു 400 - 500 എന്ന തോതിൽ വില്പന തുടങ്ങി. അതായതു ലക്ഷകണക്കിന് രൂപയുടെ മണ്ണാണ് ഇങ്ങനെ ചാക്കിൽ ആക്കി അനധികൃതം ആയി പ്രൈവറ് കമ്പനികൾക്കു വിൽക്കുന്നത്.

ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് വച്ചാൽ ഈ മൈനിങ് കേന്ദ്രസർക്കാരിന്റെ കീഴിൽ ആക്കുകയാണ് ചെയ്തത്. മൈനിങ് എന്ന് പറഞ്ഞാൽ അവിടെ നിന്നും മണ്ണ് ചുമന്നു കൊണ്ട് പോവുകയല്ല, ഈ കരി മണൽ കയറ്റി മിനറൽസ് വേർതിരിച്ചു വെള്ള മണൽ തിരിച്ചു പമ്പ് ചെയ്യുകയാണ്. ഈ മിനറൽസ് വേർതിരിക്കുന്നത് മൂലം ആ സ്ഥലം റേഡിയേഷൻ ഇല്ലാതെ ആകുകയും ചെയ്യും. ഈ മിനറൽസ് മുഴുവൻ റേഡിയേഷൻ ആണ്. ഇപ്പോൾ കേന്ദ്ര സർക്കാർ ഇവിടെ ഈ മണൽ ഖനനം ചെയ്യാൻ ഉള്ള അവകാശം കേന്ദ്ര സർക്കാർ സ്ഥാപനം ആയഐ.ആർ.ഇ അഥവാ ഇന്ത്യൻ റെയർ എർത്ത് എന്ന സ്ഥാപനത്തിന് നൽകി. അപ്പോൾ ഈ പ്രൈവറ്റ് കമ്പനികൾക്കു മിനറൽസ് ഉണ്ടാക്കാൻ ഉള്ള ഈ കരിമണൽ കിട്ടാതെ ആകും. അത് തടയാൻ വേണ്ടി ഈ പ്രൈവറ്റ് കമ്പനികൾ ഫണ്ട് ചെയ്തു നടത്തുന്ന ഒരു തട്ടിപ്പു ക്യാമ്പയിൻ മാത്രം ആണ് സേവ് ആലപ്പാട്.

അതായതു ഏറ്റവും കൂടുതൽ മിനറൽ റിച്ചായ ആലപ്പാടിലെ മണ്ണ് അവിടുത്തെ ലോക്കൽ ആളുകളെ വച്ച് കടത്തി മിനറൽസ് വേർതിരിച്ചു ഈ മിനറൽസ് കേന്ദ്രസർക്കാർ സ്ഥാപനം തന്നെ ആയ ഇന്ത്യൻ റെയർ ഏർത്തിനു മറിച്ചു വിറ്റു ഈ സ്വകാര്യ കമ്പനികൾ കോടികൾ കൊയ്യുകയാണ്.സെൻട്രൽ ഗവണ്മെന്റ് അവിടെ മൈനിങ് തുടങ്ങിയാൽ ഈ സ്വകാര്യ കമ്പനികളുടെ കോടികളുടെ കച്ചവടം നില്കും. അതിനെതിരെ അവർ ഫണ്ട് ചെയ്തു നടത്തുന്ന ഭൂലോക തട്ടിപ്പാണ് സേവ് ആലപ്പാട് ക്യാമ്പയിൻ. യാഥാർഥ്യം എന്താണെന്നു അറിയാതെ എല്ലാവരും ഇരുന്നു സേവ് ആലപ്പാട് എന്ന് അടിച്ചു വിട്ട് കൊണ്ടിരിക്കുകയാണ്. ആലപ്പാട് നിന്ന് ഈ മണ്ണെടുത്താൽ അവിടുത്തെ റേഡിയേഷൻ കുറയും എന്നല്ലാതെ ആലപ്പാടിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

ഇതാണ് സോഷ്യൽ മീഡിയയിൽ സമരത്തിനെതിരായി ഉയരുന്ന വാദങ്ങൾ. എന്നാൽ അങ്ങനെയല്ല. സുനാമി വരുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ആലപ്പാട് കരിമണൽ ഉണ്ടായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം 1965 ൽ സ്ഥാപിച്ച ചവറ ഐ.ആർ.ഇ ലിമിറ്റഡ് തന്നെയാണ്. 2004 ൽ ഉണ്ടായ സുനാമിയിലൂടെയാണ് മിനറൽസ് ഇവിടെ അടിഞ്ഞു കൂടിയത് എന്ന വാദം തന്നെ ഇതോടെ പൊളിയുകയാണ്. ഈ ആരോപണത്തിന് പിന്നിൽ ഐ.ആർ.ഇ.എൽ തന്നെയാണ്. അതിനുള്ള കാരണം കോടികളുടെ ബിസിനസ്സാണ് ഈ സ്ഥാപനം നടത്തുന്നത്. കരിമണൽ ഖനനം ചെയ്ത് കിട്ടുന്ന ധാതുക്കളൊക്കെയും സ്വകാര്യ കമ്പനികൾക്കാണ് വിൽക്കുന്നത്. കൂടാതെ വിദേശത്തേക്കും കയറ്റി അയക്കും. ഇത് വഴി ഉദ്യോഗസ്ഥരുടെ കീശയിലും കോടികൾ വന്ന് വീഴാറുണ്ട്.

കരിമണൽ ഖനനം ചെയ്യുമ്പോൾ ലഭിക്കുന്ന വസ്തുക്കൾ

പ്രധാനമായും അഞ്ചുതരം അസംസ്‌കൃത ധാതു ഉത്പന്നങ്ങളാണ് കേരളത്തിലെ നിക്ഷേപങ്ങളിൽനിന്നു ലഭിക്കുന്നത്. അവയിൽ ഇൽമനൈറ്റ്-ല്യൂക്കോക്സിൻ-റൂട്ടൈൽ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ടൈറ്റാനിയവും അതിന്റെ സംയുക്തങ്ങളും വളരെയധികം മേഖലകളിൽ ഉപയോഗിക്കപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉപയോഗം പെയിന്റുകളുടെ അത്യാവശ്യ ഘടകമായ ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മാണത്തിലാണ്. പേപ്പർ, പ്ലാസ്റ്റിക്, തുണി, പ്രിന്റിങ് മഷി, റബ്ബർ, കളിമൺ എന്നീ വ്യവസായ മേഖലകളിലും ടൈറ്റാനിയം ഡൈഓക്സൈഡ് ഉപയോഗിച്ചുവരുന്നു. ടൈറ്റാനിയം ലോഹവും ലോഹസങ്കരങ്ങളും അന്തർവാഹിനി, വിമാനം, മിസൈൽ, ഉപഗ്രഹപേടകങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് അവശ്യം വേണ്ടവയാണ്. ഇവ കൂടാതെ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഹൃദ്രോഗചികിത്സയിൽ ഉപയോഗിക്കുന്ന പേസ്മേക്കറുകൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും ടൈറ്റാനിയം ഉപയോഗിക്കപ്പെടുന്നു. വെൽഡിങ് ഇലക്ട്രോഡിനുള്ള ഒരു അസംസ്‌കൃത വസ്തുവാണ് റൂട്ടൈൽ.

സിർക്കോണിയം സിലിക്കേറ്റ് അഥവാ സിർക്കോൺ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടൈൽ, സാനിട്ടറി സാധനങ്ങൾ, കളിമൺപാത്രങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനാണ്. സിർക്കോൺ പൗഡർ, സിർക്കോണിയം ഓക്സൈഡ് അഥവാ സിർക്കോണിയ എന്നിവയാണ് സിർക്കോൺ ധാതുവിൽനിന്ന് പ്രാഥമികമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഡീസൽ എൻജിൻ, ലോഹങ്ങൾ മുറിക്കാനും തേച്ചുമിനുസപ്പെടുത്താനുമുള്ള ഉപകരണങ്ങൾ, സീലുകൾ, ഇൻസുലേഷൻ സാധനങ്ങൾ, പമ്പിനുള്ള സ്പെയർപാർട്ടുകൾ, കപ്പാസിറ്ററുകൾ, സെൻസറുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങളിൽ സിർക്കോണിയ ഉപയോഗിക്കുന്നു.

റെയർ എർത്ത് ക്ലോറൈഡ്, റെയർ എർത്ത് ഓക്സൈഡുകൾ, സീറിയം ഓക്സൈഡ്, ട്രൈസോഡിയം ഫോസ്ഫേറ്റ്, തോറിയം ഓക്സൈഡ് എന്നിവ വേർതിരിക്കാൻ മോണസൈറ്റ് ഉപയോഗിക്കുന്നു. ആലുവയിലുള്ള ഐ.ആർ.ഇ. ഫാക്റ്ററിയിലാണ് ഇത് സാധ്യമാകുന്നത്. അലൂമിനിയം സിലിക്കേറ്റ് അഥവാ സില്ലിമനൈറ്റ് എന്ന ധാതുമണൽ ഉപയോഗിക്കുന്ന പ്രധാന മേഖലകൾ സ്റ്റീൽ-ഗ്ലാസ് വ്യവസായം, കളിമൺ-സിമന്റ് ഫാക്റ്ററികൾ, ഉയർന്ന താപനില ആവശ്യമായ ചൂളകൾ, പെട്രോ കെമിക്കൽ സ്ഥാപനങ്ങൾ മുതലായവയാണ്. മണൽത്തരികളുടെ വലിപ്പവും ടൈറ്റാനിയം ഡൈഓക്സൈഡിന്റെ സാന്നിധ്യവുമാണ് സില്ലിമനൈറ്റിന്റെ സ്വഭാവഗുണത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

കേരളത്തിലെ ചവറയിൽ ഗാർനറ്റ് കാണപ്പെടുന്നില്ലെങ്കിലും ഇന്ത്യയുടെ ധാതുമണൽ സമ്പത്തിൽ അവഗണിക്കാൻ പറ്റാത്ത സ്ഥാനമാണ് ഗാർനറ്റിനുള്ളത്. ലോകത്തിലെതന്നെ പ്രധാന ഗാർനറ്റ് ഉത്പാദക രാജ്യമായി ഇന്ത്യ മാറിയേക്കാം. ടൈൽനിർമ്മാണത്തിലും പോളിഷിങ് ഉപകരണങ്ങളുടെ നിർമ്മാണത്തിലും ഗാർനറ്റ് ഉപയോഗിക്കപ്പെടുന്നു.

എന്താണ് പരിഹാരം?

ഖനനം പൂർണ്ണമായും നിർത്തുക എന്നതാണ് സമര സമിതിയുടെ ആവശ്യം. എന്നാൽ ഖനനം നിർത്തുവാൻ സാധ്യമല്ല. പകരം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഖനനം നടത്തുക. ഭൂമി ഏറ്റെടുക്കുന്നവർക്ക് തക്കതായ മൂല്യം നൽകുക. നിലവിൽ സെന്റിന് അൻപതിനായിരം രൂപയാണ് നൽകുന്നത്. ഒരു ചതുരശ്ര അടിയിൽ നിന്നും ലക്ഷങ്ങൾ വിലയുള്ള ധാതുക്കാളാണ് ഖനനം ചെയ്തെടുക്കുന്നത്. അതിനാൽ കൃത്യമായി മൂല്യ നിർണ്ണയം നടത്തി ഭൂമി ഏറ്റെടുക്കുക. ഏറ്റെടുക്കുന്ന ഭൂമി ഖനനത്തിന് ശേഷം പൂർവ്വ സ്ഥിതിയിലാക്കി ജനങ്ങൾക്ക് തിരികെ നൽകണം. കോടികളുടെ നിക്ഷേപമാണ് ആലപ്പാട് ഗ്രാമത്തിലുള്ളത്. ഇത് കൃത്യമായി സർക്കാരിലെത്താതെ മറ്റു പലരുടെയും പോക്കറ്റിലേക്കാണ് ഇതൊക്കെ പോകുന്നത്. മാനദണ്ഡങ്ങൽ പാലിച്ചു കൊണ്ട് ഖനനം നടത്തുക. അല്ലെങ്കിൽ പൂർണ്ണമായും നിർത്തുക.പ്രളത്തെ അതിജീവിച്ച അല്ല അതിജീവിപ്പിച്ച ഒരു സമൂഹമാണ് ഇവിടെയുള്ളത്. അവരെ സംരക്ഷിക്കേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ട്. സമരത്തിൽ മുഖം തിരിച്ചു നിൽക്കുന്ന സർക്കാർ എത്രയും വേഗം ഒരു സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തി വ്യക്തമായി പഠനം നടത്തി പരിഹാരം കണ്ടെത്തണം. ഇല്ലെങ്കിൽ ആലപ്പാട് ഇനി ഓർമയിൽ മാത്രമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP