Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാർത്തകൾ തള്ളി പത്മകുമാർ; കാലാവധി കഴിയുന്നത് വരെ ദേവസ്വം ബോർഡ് തലപ്പത്ത് തുടരും; ശബരിമലയെ തകർക്കാൻ നടക്കുന്നത് ആസൂത്രിതമായ ശ്രമങ്ങൾ; മാധ്യമവാർത്തകൾ അനുസരിച്ചാണെങ്കിൽ താൻ പലവട്ടം രാജിവെച്ചു കഴിഞ്ഞു; വ്യാജ പ്രചരണത്തിനെതിരെ ഇനി നിയമ പോരാട്ടമെന്നും പത്മകുമാർ

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാർത്തകൾ തള്ളി പത്മകുമാർ; കാലാവധി കഴിയുന്നത് വരെ ദേവസ്വം ബോർഡ് തലപ്പത്ത് തുടരും; ശബരിമലയെ തകർക്കാൻ നടക്കുന്നത് ആസൂത്രിതമായ ശ്രമങ്ങൾ; മാധ്യമവാർത്തകൾ അനുസരിച്ചാണെങ്കിൽ താൻ പലവട്ടം രാജിവെച്ചു കഴിഞ്ഞു; വ്യാജ പ്രചരണത്തിനെതിരെ ഇനി നിയമ പോരാട്ടമെന്നും പത്മകുമാർ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാർത്ത തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ രംഗത്ത്. രാജിയുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും പത്മകുമാർ മറുനാടൻ മലയാളിയോട് നിഷേധിച്ചു.

'മംഗള'മാണ് ഇപ്പോൾ രാജി വയ്ക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്തത്. മംഗളം വാർത്ത ശരിയാണെങ്കിൽ വരുന്ന നവംബർ 14നു എന്റെ രാജി പ്രാബല്യത്തിൽ വരും-പത്മകുമാർ പരിഹസിച്ചു. നവംബർ 14 നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുംവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കും.മാധ്യമവാർത്തകൾ പ്രകാരമാണെങ്കിൽ എത്രയോ തവണ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞിരിക്കുന്നു-പത്മകുമാർ പറയുന്നു.

ഇപ്പോൾ എന്റെ വ്യാജരാജി വാർത്ത ചമച്ച മംഗളം പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും. അതിന്റെ ഭാഗമായി വക്കീൽ നോട്ടീസ് അയക്കുമെന്നും പത്മകുമാർ പറഞ്ഞു. ശബരിമലയിൽ വിവാദമുണ്ടാക്കാൻ ആസൂത്രിതമായ നിരന്തര ശ്രമങ്ങൾ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥാനമേറ്റത് മുതൽ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ നിരന്തര ശ്രമങ്ങൾ നടക്കുന്നത്. എന്റെ രാജിവാർത്തയും ഇതിന്റെ ഭാഗമായാണ്. ഇനി രാജിയിലേക്ക് വന്നാൽ, എന്തിനാണ് രാജി വയ്ക്കുന്നത്. ഞാൻ രാജി വയ്ക്കേണ്ട എന്ത് പ്രശ്‌നമാണ് നിലവിലുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയി സ്ഥാനമേറ്റത് മുതൽ കാര്യങ്ങൾ കുഴപ്പമില്ലാതെ നീക്കിയിട്ടുണ്ട്.

പ്രശ്‌നങ്ങൾ ഒട്ടുവളരെ വന്നെങ്കിലും അതിനെയെല്ലാം എതിരിട്ട്, നേരിട്ട് മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ കാര്യത്തിൽ വ്യക്തിപരമായി താത്പര്യമുള്ള വ്യക്തികൂടിയാണ് ഞാൻ. ശബരിമലയും ഞാനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. ആ താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിയത്. എന്റെ കാലാവധി കഴിയുന്നത് വരെ ഈ കാര്യങ്ങൾ എല്ലാം നിലവിലെ രീതിയിൽ തന്നെ മുന്നോട്ടു പോകും. ശബരിമലയ്ക്ക് എതിരായി ഒട്ടേറെ വിവാദങ്ങൾ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ആ കൂട്ടത്തിൽ എന്നെ മനഃപൂർവം വാർത്തയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങിനെ കുഴപ്പങ്ങൾ ഉണ്ട് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. വാർത്തകൾ ശരിയാണെങ്കിൽ ഇപ്പോൾ പലപ്രാവശ്യം ഞാൻ രാജിവെച്ച് കഴിഞ്ഞിരിക്കുന്നു. നിങ്ങൾ ഫോൺ വിളിക്കുന്ന ഈ സമയത്ത് ഞാൻ എരുമേലി പേട്ടതുള്ളലിനു പോയിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവാഭരണഘോഷയാത്രയ്ക്ക് ഒപ്പം ചേരും. എന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ കൃത്യമായി, ഭംഗിയായി നിർവഹിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്. ഈ ബോർഡിന്റെ കാലാവധി തീരും വരെ ഞാൻ തുടരുക തന്നെ ചെയ്യും-പത്മകുമാർ പറയുന്നു.

ശബരിമലയിലെ യുവതീ പ്രവേശനവും അതേ തുടർന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സർക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതിൽ പത്മകുമാർ നിരാശനുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാർ രാജിവച്ചതായി വാർത്തകൾ വന്നിരുന്നത്. ഇപ്പോൾ പുതുതായി മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയാണ് പത്മകുമാർ മറുനാടനോട് നിഷേധിച്ചത്.

ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് പത്മകുമാറിന്റെ കുടുംബം. ശബരിമലയുമായി അടുപ്പവും ഈ കുടുംബത്തിനുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഭക്തർക്കും തന്ത്രിക്കുമെതിരെ നിലപാട് എടുക്കാൻ പത്മകുമാറിന് കഴിയാതെ വരുന്നത്. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് യോജിക്കാത്ത നിലപാടാണ് പത്മകുമാറിന്. വിധിക്കെതിരേ പുനഃപരിശോധനാഹർജി നൽകുമെന്നും തന്റെ വീട്ടിൽനിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാർ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടർന്ന്, ആദ്യനിലപാടിൽനിന്നു പിന്നാക്കം പോയ പത്മകുമാർ ഈ വിഷയത്തിൽ പലവട്ടം പിന്നീട് മലക്കം മറിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP