Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കണം...അവർക്ക് മാത്രമായി സ്ഥലം കിട്ടേണ്ടതുണ്ടല്ലോ? ആലപ്പാട് കരിമണൽ ഖനനവിരുദ്ധസമരത്തിൽ മഠത്തിനെതിരെ കടുത്ത ആരോപണവുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ; പൊതുമേഖലയെ തകർക്കാൻ സ്വകാര്യമേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനടക്കം മൂന്നുപേരാണ് കുപ്രചാരണത്തിന് പിന്നിൽ; ഖനന വിരുദ്ധസമരം നടത്തുന്നവർ കഥയറിയാതെ ആട്ടം കാണുന്നുവെന്ന മന്ത്രിയുടെ പരാമർശവും വിവാദത്തിൽ

അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കണം...അവർക്ക് മാത്രമായി സ്ഥലം കിട്ടേണ്ടതുണ്ടല്ലോ? ആലപ്പാട് കരിമണൽ ഖനനവിരുദ്ധസമരത്തിൽ മഠത്തിനെതിരെ കടുത്ത ആരോപണവുമായി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ; പൊതുമേഖലയെ തകർക്കാൻ സ്വകാര്യമേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരനടക്കം മൂന്നുപേരാണ് കുപ്രചാരണത്തിന് പിന്നിൽ; ഖനന വിരുദ്ധസമരം നടത്തുന്നവർ കഥയറിയാതെ ആട്ടം കാണുന്നുവെന്ന മന്ത്രിയുടെ പരാമർശവും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അശാസ്ത്രീയമായി നടക്കുന്ന കരിമണൽ ഖനനത്തിനെതിരെയുള്ള ആലപ്പാട്ടുകാരുടെ സമരം എഴുപത് ദിവസം പിന്നിടുമ്പോൾ പൊതുജനപിന്തുണയേറുകയാണ്. ഇന്ത്യയുടെ മാപ്പിൽ നിന്നും ആലപ്പാട് പ്രദേശം അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ് നാടിനുവേണ്ടി ഖനനത്തിന് എതിരെ ആലപ്പാട് നിന്നും ശബ്ദം ഉയരുന്നത്. 1965 മുതൽ തുടങ്ങിയ ഐആർഐയുടെ കരിമണൽ ഖനനത്തിനെതിരെയുള്ള സമരം മറുനാടൻ മലയാളി ഏറ്റെടുത്തതോടെയാണ് പൊതുജനശ്രദ്ധയിലേക്ക് വന്നത്.

എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാൻ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ ആലപ്പാട് എന്ന പേരിൽ കുപ്രചാരണം നടത്തുന്നത് എന്നാണ് ഫിഷറീസ് -തുറമുഖ മന്ത്രിയും കുണ്ടറയിൽ നിന്നുള്ള ജനപ്രതിനിധിയുമായ ജെ.മേഴ്‌സിക്കുട്ടിയമ്മ പറയുന്നത്. ആലപ്പാട് ഖനനവുമായി ബന്ധപ്പെട്ട മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 50 വർഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായാണ് കുറച്ചുഭൂമി പോയിട്ടുള്ളതെന്നും പുലിമുട്ട് കെട്ടി ആഴക്കടൽ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കർഷിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.

പൊതുമേഖലയെ തകർക്കാൻ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളതെന്ന് മന്ത്രി പറയുന്നു. സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഷാജിയടക്കം മൂന്നുപേരാണ് ഈ കുപ്രചാരണത്തിന് പിന്നിൽ. മാതാ അമൃതാനന്ദമയി മഠത്തിനെ കുറിച്ചും മന്ത്രി ആരോപണം ഉന്നയിക്കുന്നു. 'അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവർക്ക് മാത്രമായിട്ട് സ്ഥലം കിട്ടേണ്ടതുണ്ട്, എന്നാണ് മന്ത്രിയുടെ ആരോപണം.

'പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാൻ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് സേവ് ആലപ്പാട് എന്ന് പറഞ്ഞ കാര്യങ്ങൾ കൊണ്ടുവരുന്നത്. സുനാമിയുടെ ഭാഗമായി അവടെയുള്ള ഭൂരിഭാഗം ആളുകളെയും പുനരധിവസിപ്പിച്ചതാണ്. തീരപ്രദേശത്തെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ട് എന്ന പറയേണ്ട കാര്യമില്ല.

50 വർഷമായി നടക്കുന്ന ഖനനത്തിന്റെ ഭാഗമായിട്ടാണ് പണ്ട് കുറച്ച് ഭൂമി പോയിട്ടുള്ളത്. അതിന് ശേഷം ഇവിടെ പുലിമുട്ട് കെട്ടി ആഴക്കടൽ ഖനനം മാത്രമേ പാടുള്ളുവെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്. ധാതുക്കൾ വേർതിരിച്ച് മണ്ണ് അവിടെ തന്നെ ഇടണമെന്നും വ്യവസ്ഥയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ല. കാട്ടിൽമേക്കതിൽ ക്ഷേത്രമൊക്കെ തകരാൻ പോകുന്നുവെന്ന തരത്തിൽ മതപരമായ രീതിയിലും പ്രചാരണം നടക്കുന്നുണ്ട്. കാട്ടിൽമേക്കതിലും ഇതുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ്.

കെഎംഎംഎൽ ചെയ്യുന്നത് മിനറൽസ് വേർതിരിച്ച് മണ്ണ് അവിടെ തന്നെയിട്ട് മനോഹരമായി കര നിലനിർത്തുകയാണ് ചെയ്യുന്നത്. കെഎംഎംഎൽ ചെയ്യുന്നത് പോലെ തന്നെ ഐആർഇയും എടുക്കണം. ഐആർഇ സീ വാഷ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഐആർഇ പുലിമുട്ട് നിർമ്മാണത്തിന് ടെൻഡർ കൊടുത്തു പണി ഉദ്ഘാടനം ചെയ്തത് താൻ തന്നെയാണെന്നും മന്ത്രി പറയുന്നു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം രണ്ടുമാസം കൊണ്ടുപൊട്ടിപ്പുറപ്പെട്ടതിന് പിന്നിൽ ആസൂത്രിത ശ്രമുണ്ട്.

നമ്മൾ അതിനെ നന്നായിട്ട് എടുക്കേണ്ടതുണ്ട്. അമൃതാനന്ദമയിക്ക് അവിടുന്ന് ആളെ ഓടിക്കേണ്ടതുണ്ടല്ലോ. അവർക്ക് മാത്രമായിട്ട് സ്ഥലം കിട്ടേമ്ടതുണ്ട്. അതുകൊണ്ട് പൊതുമേഖലയെ തകർക്കാൻ സ്വകാര്യ മേഖലയുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്ന മൂന്നുപേരാണ് ഇതിന് പിന്നിലുള്ളത്.ഒന്ന് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്ന ഷാജി. പിന്നെ രണ്ടുപേരും കൂടി ചേർന്ന് മൂന്ന് പേരാണ് ഇതിന് തുടക്കം കുറിച്ചത്. കൊല്ലം ജില്ലയക്ക് പുറത്തുള്ളവരാണ് ഇത് ഏറ്റുപിടിച്ചിരിക്കുന്നത്. കഥയറിയാതെ ആട്ടം കാണേണ്ട എന്ന രീതിയിൽ നമ്മൾ ഒരുഹാഷ്ടാഗ് ആരംഭിക്കുക.

ഇക്കാര്യത്തിൽ മന്ത്രിയെന്ന നിലയിൽ ഇത് ഏറ്റുപിടിക്കേണ്ട കാര്യമില്ല. ഇതിന് യോജിച്ച മറുപടി താൻ നൽകിക്കഴിഞ്ഞു. ഇക്കാര്യത്തിൽ ഐആർഇക്കാർ തന്നെ പ്രതികരിക്കട്ടെ. താനായിട്ട് ഇത് ഏറ്റുപിടിക്കുന്നില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറയുന്നു. നിലവിൽ പുലിമുട്ട് നിർമ്മാണം അവിടെ തുടങ്ങിക്കഴിഞ്ഞു. കഥയറിയാതെയാണ് ഇപ്പോൾ ആട്ടം കാണുന്നതെന്നും മന്ത്രി പറയുന്നു '

ആലപ്പാട് ഖനന വിരുദ്ധ സമരത്തിനു പിന്തുണയുമായി മാധ്യമങ്ങളും സിനിമാതാരങ്ങൾ വരെയുണ്ട്, ടൊവിനോ തോമസ്, പൃഥ്വിരാജ്, രജിഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിതാര, പ്രിയ വാര്യർ, ധനേഷ് ആനന്ദ്, ഫൈസൽ റാസി രജിഷാ വിജയൻ, സണ്ണി വെയ്ൻ, അനു സിതാര, പ്രിയ വാര്യർ, ധനേഷ് ആനന്ദ്, ഫൈസൽ റാസി തുടങ്ങി നിരവധി താരങ്ങൾ ആലപ്പാടിനായി രംഗത്തുണ്ട്. ഒരു ജനതയുടെ നിലനിൽപ് തന്നെ അപകടത്തിലായിട്ടും മാധ്യമങ്ങൾ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനേക്കുറിച്ചും മതത്തേക്കുറിച്ചുമുള്ള ചർച്ചകളിലാണെന്നുമാണ് പൃഥ്വിരാജ് ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

ആലപ്പാട് കരിമണൽ ഖനനം നടത്തുന്ന ഇന്ത്യൻ റെയർ എർത്ത് ഈ സമരം കൊണ്ടൊന്നും കുലുങ്ങുന്ന അവസ്ഥയിലല്ല. പെട്ടെന്ന് ഈ ഖനനം നിർത്താനും അവർക്ക് കഴിയുകയുമില്ല. പക്ഷെ ഖനനത്തിന് എതിരെ സമരം ശക്തിപ്രാപിക്കുകയാണ്. ഖനനം കാരണം ആലപ്പാട്ടെ ഭൂവിസ്തൃതി അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. നിലകൊണ്ട ഈ പ്രദേശം ഇപ്പോൾ കരിമണൽ ഖനനം മൂലം ഇപ്പോൾ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഖനനം ആലപ്പാടിന് മേൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ തോത് മനസിലാക്കാൻ കഴിയുന്നതാണ്. ഇപ്പോൾ അവശേഷിക്കുന്ന ഭാഗം കടലെടുക്കുന്നതിന് മുൻപ് ഖനനം നിർത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. കൊല്ലം കരുനാഗപ്പള്ളിയിൽ അറബിക്കടലിനും കായംകുളം കായലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വളരെ വീതി കുറഞ്ഞ പ്രദേശമാണ് ആലപ്പാട്. കടലിനും കായലിനും ഇടക്കുള്ള ഈ ഗ്രാമം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമായ ഇടവുമായിരുന്നു പക്ഷെ എല്ലാം ഖനനം കവർന്നു എടുത്തിരിക്കുന്നു. ആലപ്പാട്ടെ കടൽത്തീരത്തെ പഞ്ചാര മണൽ തരികൾക്ക് ഇപ്പോൾ കറുപ്പ് നിറമാണ്. എല്ലാം ഖനനം കാരണം.

ഗ്രാമവാസികളുടെ ഭൂമിയും കടലെടുത്തിരിക്കുന്നു. സീ വാഷ് എന്ന പ്രക്രിയ കാരണം. തീരത്ത് നിന്ന് മണൽ എടുക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കുഴികൾ ആലപ്പാട് റെയർ എർത്ത് നികത്തുന്നില്ല. തീരത്ത് മണൽ ഇല്ലാത്ത അവസ്ഥ വരുമ്പോൾ കടൽ ഒരിടത്ത് നിന്ന് മണൽ എടുത്ത് അത് നികത്തും. ഗ്രാമവാസികളുടെ കടലിനോട് ചേർന്ന വസ്തു നഷ്ടമാകുന്നത് ഇങ്ങിനെയാണ്. അവിടെനിന്നുള്ള മണൽ ആണ് കടൽ കോരി എടുക്കുന്നത്. അതോടെ അവിടം കടലാകുകയും ചെയ്യും. ഇങ്ങിനെയാണ് ആലപ്പാട് പ്രദേശത്തുള്ളവർക്ക് ഭൂമി നഷ്ടമാകുന്നത്. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷിവരെ ഇറക്കിയിരുന്ന മൂക്കുംപ്പുഴ പാടവും പനക്കടപ്പാടങ്ങളും ശരിക്ക് കായ്ഫലമുണ്ടായിരുന്ന കേരവൃക്ഷങ്ങളും അടുമ്പിവള്ളികൾ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലിൽ നഷ്ടമായി.

മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് ഇപ്പോൾ കഴിയില്ല. ഭൂ സ്വത്തുക്കൾ കടലാസിൽ മാത്രമായി ഒതുങ്ങുന്നു. ഓരോ സർവ്വേ കഴിയുമ്പോഴും റവന്യൂ റിക്കോർഡിൽ നിന്നും അവ നീക്കം ചെയ്യപ്പെടുകയാണ്. കാരണം വസ്തുക്കൾ കടലെടുത്തു കഴിഞ്ഞു. .കരിമണൽ ഖനനത്തിന്റെ നേർസാക്ഷിയായി പൊന്മന എന്ന ഗ്രാമം തകർന്നടിഞ്ഞു കിടക്കുന്നു.

ഖനനം നടത്തിയ പ്രദേശങ്ങൾ പൂർവ്വ സ്ഥിതിയിലാക്കുന്നില്ല. അതിനാൽ ഓരോ മേഖലയും തകരുന്നു. ഖനനം തൊട്ടടുത്ത പ്രദേശത്തേക്ക് നീങ്ങുന്നു. ആയിടവും നശിക്കുന്നു. ഇതാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്ന തുടർ പ്രക്രിയ. കമ്പനികളിൽ നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യസമ്പത്തിനേയും നശിപ്പിക്കുകയാണ്. കടലാമ ഉൾപ്പെടെയുള്ള നിരവധി ജീവിവർഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകർന്നിരിക്കുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതുജനാഭിപ്രായം മാനിക്കാതെയുമാണ് ഖനനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP