Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎമ്മിന് ലഭിച്ച രാഷ്ട്രീയ തിരിച്ചടിയായി കൊല്ലം ബൈപ്പാസ് വിഷയം; മോദി ഉദ്ഘാടനത്തിന് എത്തുന്നതിൽ സന്തോഷമെന്ന് സർക്കാർ പറയുന്നത് വീണിടത്ത് കിടന്നുരുളൽ മാത്രം; മുഖ്യമന്ത്രി ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാനുള്ള നീക്കം മുളയിൽ നുള്ളി എൻ കെ പ്രേമചന്ദ്രൻ; കൊല്ലത്ത് ആർഎസ്‌പിയും ബിജെപിയും കൈകോർത്തതോടെ ഉദ്ഘാടകൻ മോദിയായി; ഷിബുവിന്റെ ജനകീയ ഉദ്ഘാടന ഭീഷണി കൂടി ആയതോടെ സിപിഎമ്മിന് അടിപതറി; കൊല്ലം ബൈപ്പാസിലെ രാഷ്ട്രീയക്കളികൾ ഇങ്ങനെ

സിപിഎമ്മിന് ലഭിച്ച രാഷ്ട്രീയ തിരിച്ചടിയായി കൊല്ലം ബൈപ്പാസ് വിഷയം; മോദി ഉദ്ഘാടനത്തിന് എത്തുന്നതിൽ സന്തോഷമെന്ന് സർക്കാർ പറയുന്നത് വീണിടത്ത് കിടന്നുരുളൽ മാത്രം; മുഖ്യമന്ത്രി ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാനുള്ള നീക്കം മുളയിൽ നുള്ളി എൻ കെ പ്രേമചന്ദ്രൻ; കൊല്ലത്ത് ആർഎസ്‌പിയും ബിജെപിയും കൈകോർത്തതോടെ ഉദ്ഘാടകൻ മോദിയായി; ഷിബുവിന്റെ ജനകീയ ഉദ്ഘാടന ഭീഷണി കൂടി ആയതോടെ സിപിഎമ്മിന് അടിപതറി; കൊല്ലം ബൈപ്പാസിലെ രാഷ്ട്രീയക്കളികൾ ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് സിപിഎമ്മിന് നിനച്ചിരിക്കാതെ ലഭിച്ച രാഷ്ട്രീയ തിരിച്ചടിയായി മാറുകയാണ്. മോദി എത്തുമ്പോൾ പൊളിഞ്ഞു പോകുന്നത് ഇതുവരെ പിഴയ്ക്കാതെ പോയ സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളും കരുനീക്കങ്ങളുമാണ്. മുഖ്യമന്ത്രി ഫെബ്രുവരി മാസം രണ്ടാം തീയതി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്ന കൊല്ലം ബൈപ്പാസ് ആണ് പ്രധാനമന്ത്രി അതിനും 15 ദിവസം മുൻപ് ഈ മാസം 15 നു തന്നെ ഉദ്ഘാടനം ചെയ്യുന്നത്.

സ്ഥലം എംപിയായ എൻ.കെ.പ്രേമചന്ദ്രൻ ഒറ്റയ്ക്കും ബിജെപി എംപിസുരേഷ് ഗോപിയും ബിജെപി സംസ്ഥാന നേതൃത്വവും, ആർഎസ്‌പിയും യോജിച്ച് നീക്കങ്ങൾ നടത്തിയപ്പോൾ ഇതാദ്യമായി സിപിഎമ്മിന്റെ പദ്ധതികൾ ലക്ഷ്യം കാണാതെ പരാജയപ്പെടുകയാണ് . കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇങ്ങോട്ട് ആഗ്രഹം പ്രകടിപ്പിച്ചതിനാൽ അത് സന്തോഷത്തോടെ സർക്കാർ സ്വീകരിക്കുകയായിരുന്നു-മന്ത്രി ജി.സുധാകരൻ ഇങ്ങിനെ പറയുന്നുണ്ടെങ്കിലും ഇതെല്ലാം വീണിടത്ത് നിന്ന് കിടന്നുള്ള ഉരുളൽ ആയി മാറുകയാണ്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച കൊല്ലം ബൈപ്പാസ് പ്രൊജക്റ്റിനു പ്രധാനമന്ത്രി നേരിട്ട് എത്തുന്നത് എന്ന് പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ സുധാകരൻ വിശദീകരിക്കുന്നില്ല. കേന്ദ്രത്തോട് ആലോചിക്കാതെ കേന്ദ്ര പദ്ധതി സംസ്ഥാന സർക്കാർ ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിച്ച കാര്യത്തിനും മന്ത്രിക്ക് വ്യക്തമായ മറുപടിയില്ല. രണ്ടു രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് ആണ് പാളിപ്പോയത്. ഇത് സിപിഎമ്മിനും സർക്കാരിനും നിനച്ചിരിക്കാതെയുള്ള തിരിച്ചടിയുമായി. ഒട്ടുവളരെ കാര്യങ്ങൾ ആണ് കൊല്ലം ഹൈവേ പ്രോജക്ടിന്റെ അണിയറയിൽ രൂപപ്പെട്ടത്. കൊല്ലം ബൈപ്പാസിന്റെ കാര്യത്തിൽ സിപിഎമ്മിന്റെയും സർക്കാരിന്റെയും പ്രധാന നീക്കങ്ങൾ ആണ് ലക്ഷ്യം കാണാതെ പാളിപ്പോയത്. സാധാരണ പിഴയ്ക്കാതെ നടപ്പാക്കപ്പെടാറുള്ളതാണ് സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കങ്ങൾ.

പക്ഷെ കൊല്ലം ബൈപ്പാസിന്റെ കാര്യത്തിൽ അത് പിഴച്ചു. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ പൂർത്തീകരിക്കപ്പെട്ട ബൈപ്പാസ് ആണ് കൊല്ലം ബൈപ്പാസ്. നവംബർ മാസത്തിൽ തന്നെ ഈ ബൈപ്പാസിന്റെ ഉദ്ഘാടനം സർക്കാരിന് കേന്ദ്രത്തെ അറിയിച്ച ശേഷം ഒന്നാന്തരമായി കൊണ്ടാടാമായിരുന്നു. പക്ഷെ ഉദ്ഘാടനം വൈകിക്കാനാണ് സർക്കാർ ശ്രമിച്ചത്/ ഒന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളിയായ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ മണ്ഡലം. രണ്ടാമത് സർക്കാരിന് സ്വന്തം പ്രോജക്ട് ആയി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യിപ്പിക്കണം. കഴിയുമെങ്കിൽ കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റ കാലത്ത് ഉദ്ഘാടനം നടക്കരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷൻ വരും വരെ വൈകിപ്പിക്കുക.

അതിനു ശേഷം കേന്ദ്രത്തിൽ വരുന്ന അടുത്ത സർക്കാരിന്റെ സമയത്ത് ഉദ്ഘാടനം കെങ്കേമമാക്കുക. ബിജെപി സർക്കാർ കേന്ദ്രത്തിൽ വരാൻ സാധ്യതയില്ലെന്നാണ് നിലവിലെ സിപിഎം കണക്കുകൂട്ടൽ. ഇതും ഹൈവേയുടെ കാര്യത്തിൽ നിർണ്ണായകമായി. ഇതിനായാണ് പണിപൂർത്തിയായിട്ടും ഉദ്ഘാടനം വൈകിപ്പിക്കാൻ സർക്കാർ തലത്തിൽ തന്നെ നീക്കം നടന്നത്. പക്ഷെ സിപിഎം പദ്ധതികൾ പൊളിഞ്ഞു.

അതിനു പിന്നിൽ ആർഎസ്‌പിയുടെ നേതൃത്വത്തിലിരുന്നു ഷിബു ബേബി ജോണിന്റെ നീക്കങ്ങളും പ്രധാനമായിരുന്നു. പദ്ധതി വൈകിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നുണ്ടെന്ന് ആർഎസ്‌പിക്ക് ബോധ്യമായത് പദ്ധതി പൂർത്തിയായപ്പോൾ മൂന്നു മന്ത്രിമാർ കൊല്ലം ഹൈവേ പദ്ധതികൾ നോക്കിക്കാണാൻ എത്തിയപ്പോഴാണ്. നവംബർ മാസമാണ് ഈ മൂന്നു മന്ത്രിമാരും എത്തിയത്.

മൂന്നു മന്ത്രിമാരാണ് മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, രാജു, ജി.സുധാകരൻ. എന്നിവരാണ് എത്തിയത്. ഒരിക്കലൂം ഇല്ലാത്ത രീതിയിൽ മൂന്നു മന്ത്രിമാരുടെ ഒരുമിച്ചുള്ള സന്ദർശനം ആർഎസ്‌പി വൃത്തങ്ങളിൽ സംശയം ജനിപ്പിച്ചു. . സന്ദർശനം നടത്തിയ സമയത്ത് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരൻ പൊട്ടിത്തെറിച്ചു. തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊട്ടിത്തെറി. . തെരുവ് വിളക്ക് ഇല്ലാതെ എന്തിനു ഉദ്ഘാടനം ഇത് പറഞ്ഞായിരുന്നു പൊട്ടിത്തെറി. അപ്പോൾ അടുത്ത പരിപാടിയായി. തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ മേയറുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിക്കണം എന്ന ആവശ്യമായി. ഉദ്ഘാടനം അനന്തമായി നീട്ടിക്കൊണ്ടുപോകൽ ആയിരുന്നു ഈ പൊട്ടിത്തെറിയുടെ ലക്ഷ്യം എന്ന് ആർഎസ്‌പി നേതാക്കൾ തിരിച്ചറിഞ്ഞു.

തെരുവ് വിളക്കിനായി സർക്കാർ ടെൻഡർ വിളിച്ചു. ആ ടെൻഡർ ഒഴിവാക്കി വീണ്ടും ടെൻഡർ വിളിച്ചു. . പദ്ധതി ഉദ്ഘാടനം വൈകിക്കുക എൻ സിപിഎം ലക്ഷ്യം എന്ന് മനസിലായതോടെ ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ ജനകീയ ഉദ്ഘാടനം തങ്ങൾ നടത്തും എന്ന് പ്രഖ്യാപിച്ചു. ഷിബു ബേബി ജോണിന് പിന്തുണയുമായി യുഡിഎഫ് കൂടി എത്തി. സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വഴുതി മാറാൻ തുടങ്ങി. ഉദ്ഘാടനത്തിൽ രാഷ്ട്രീയം വന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ഉദ്ഘാടനം ഇല്ലാ എന്ന് ലക്ഷ്യമാക്കിയാണ് സിപിഎം നീക്കങ്ങൾ എന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പ്രശ്‌നത്തിൽ സ്ഥലം എംപിയായ എൻകെ.പ്രേമചന്ദ്രൻ ഇടപെട്ടു. പ്രേമചന്ദ്രൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരിയെ സന്ദർശിച്ചു.

ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകരുത് എന്ന് ആവശ്യപ്പെട്ടു. ആര് ഉദ്ഘാടനം നിർവഹിച്ചാലും പദ്ധതി വൈകിക്കരുത് എന്നാണ് പ്രേമചന്ദ്രൻ ഗഡ്കരിയെ കണ്ടു ആവശ്യപ്പെട്ടത്. ജനങ്ങൾ വെറുതെ കാത്തിരിക്കുകയാണ്. ജോലികൾ പൂർത്തിയായിട്ടുണ്ട്. പിന്നെ എന്തിനു ഉദ്ഘാടനം വൈകിപ്പിക്കുന്നത്. പ്രേമചന്ദ്രൻ ആരാഞ്ഞു. പൂർത്തിയായ ഹൈവേ അടച്ചു കെട്ടിയിരിക്കുകയാണ്. ജനങ്ങൾ ബഹളം വെയ്ക്കുന്നു. ഉദ്ഘാടനം വേണ്ടെങ്കിൽ വേണ്ട. പക്ഷെ ഹൈവേ തുറന്നു നല്കണം. ഇതാണ് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടത്. പൂർത്തിയായ റോഡ് തുറന്നു നല്കണം. അപ്പോൾ തന്നെ ജനുവരി മാസം ഉദ്ഘാടനം ഫിക്‌സ് ചെയ്ത് ഗഡ്കരി തീയതി തീയതി നൽകി. അതോടെ പ്രേമചന്ദ്രൻ റിലീസ് നൽകി. ജനുവരിയിൽ കൊല്ലം ഹൈവേ ഉദ്ഘാടനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിൻ ഗഡ്കരി ഉദ്ഘാടനം നിർവഹിക്കും.

ഇതോടെ ഇതിലെ രാഷ്ട്രീയം മനസിലാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ രംഗത്ത് വന്നു. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് എന്നായിരുന്നു സുധാകരന്റെ വാർത്താകുറിപ്പിന്റെ ഉള്ളടക്കം. ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും എന്നും കുറിപ്പിലുണ്ടായിരുന്നു. പക്ഷെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പോ, നിഥിൻ ഗഡ്കരിയോ അറിയാതെയായിരുന്നു തീയതി നിശ്ചയിക്കൽ. ഇതോടെ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇടഞ്ഞു. പ്രേമചന്ദ്രൻ കേന്ദ്ര മന്ത്രാലയത്തിന് കത്ത് നൽകി. ജനുവരി ഉദ്ഘാടനം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ കേരളത്തിലെ സംസ്ഥാന മന്ത്രി പറഞ്ഞിരിക്കുന്നത് ഫെബ്രുവരി ഉദ്ഘാടനം എന്നാണ്. നിജസ്ഥിതി അറിയാൻ താത്പര്യമുണ്ട്. ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകരുത്. ജനുവരി കഴിയുമെങ്കിൽ ജനുവരി ഉദ്ഘാടനം ചെയ്യണം. ഇതാണ് കത്തിലെ ഉദ്ഘാടനം. ഇതോടെ ബിജെപിയും രംഗത്ത് വന്നു. കേന്ദ്രം അറിയാതെയാണ് ഉദ്ഘാടനം.

സിപിഎം രാഷ്ട്രീയ കളികൾ നടത്തുന്നു. കേന്ദ്രത്തിന്റെ പദ്ധതി കേന്ദ്രത്തെ അറിയിക്കാതെ നടത്തുന്നു. ബിജെപി ആരോപണങ്ങൾ നീണ്ടു. കൊല്ലത്തുകാരനായ ബിജെപി രാജ്യസഭാ എംപി സുരേഷ് ഗോപിയും സജീവമായി രംഗത്തു വന്നു. പ്രശ്‌നത്തിൽ ഇടപെട്ടു . ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിക്ക് കത്ത് നൽകി. മാധ്യമ വാർത്തകൾ നിരന്തരം വന്നു. പിന്നീടാണ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനത്തിന് എത്തും എന്നുള്ള വാർത്തകൾ വന്നത്. പ്രേമചന്ദ്രൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ അതിനു പൂർണ സ്ഥിരീകരണം ലഭിച്ചില്ല. ഇന്നലെയാണ് പ്രേമചന്ദ്രൻ എംപിക്ക് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി തന്നെ എത്തും എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചത്.

ഈ കാര്യം കേരളാ സർക്കാരിന്റെ പ്രതിനിധിയായ കേരള റസിഡന്റ് കമ്മീഷണറെ അറിയിച്ചതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു. ഉദ്ഘാടനം വൈകുന്നതിൽ ഉള്ള അസ്വസ്ഥത കാരണമാണ് താൻ നിഥിൻ ഗഡ്കരിയെ സന്ദർശിച്ചതും കത്ത് നൽകിയതും എന്നാണ് കൊല്ലം എംപി എൻ/കെ.പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം കഴിയേണ്ട പ്രോജക്ട് ആണിത്. ജോലികൾ കഴിഞ്ഞതാണ്. പിന്നെ പ്രോജക്ട് എന്തിനു വൈകിക്കണം. സിപിഎമ്മിന് ഇതിന്റെ പിന്നിൽ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്-പ്രേമചന്ദ്രൻ പറയുന്നു. നിഥിൻ ഗഡ്കരിക്ക് ഹൈവേ കാര്യത്തിൽ കത്ത് നൽകിയിരുന്നു. ജനുവരി തന്നെ ഉദ്ഘാടനം വേണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മന്ത്രിയെ കണ്ടു കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഉദ്ഘാടനത്തിനു ആരുവേണമെന്നല്ല പറഞ്ഞത്. ഉദ്ഘാടനം പെട്ടെന്ന് വേണം എന്നാണ് പറഞ്ഞത്.

എന്റെ മണ്ഡലത്തിൽ നടക്കുന്ന പരിപാടിയാണിത്. അത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്താലും നന്നായി, പ്രധാനമന്ത്രി വന്നാലും നല്ലത്, ഇനി മന്ത്രിമാരായ ജി.സുധാകരനോ മേഴ്സിക്കുട്ടിയമ്മയോ ഉദ്ഘാടനം ചെയ്താലും സന്തോഷം തന്നെ. പൂർത്തിയായ പ്രോജെക്ട് അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിൽ മാത്രമാണ് എനിക്ക് എതിർപ്പ് വന്നത്. പ്രേമചന്ദ്രൻ പറയുന്നു.അയത്തിൽ-കല്ലും താഴത്ത് ബൈപ്പാസ് കമ്മീഷൻ ചെയ്തിട്ട് 20 വർഷമായി. അവിടെയും തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഉദ്ഘാടനം അന്ന് നീട്ടി വെച്ചില്ല. പിന്നെ എന്തിനാണ് നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പണി പൂർത്തിയായ ഒരു ഹൈവേ വൈകിക്കുന്നത്-പ്രേമചന്ദ്രൻ ചോദിക്കുന്നു. കൊല്ലം ഹൈവേയുമായി ബന്ധപ്പെട്ടു ഒരുമിച്ച് അല്ലെങ്കിലും സിപിഎമ്മിനും ഇടത് സർക്കാരിനും എതിരായി ആർഎസ്‌പിയും ബിജെപിയും കേന്ദ്ര സർക്കാരും ഒരുമിക്കുന്ന അവസ്ഥയാണ് വന്നത്.

സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ മനസിലാക്കിയതോടെയാണ് കേന്ദ്ര സർക്കാരും ഉണർന്നു പ്രവർത്തിച്ചത്. അതോടെയാണ് നിഥിൻ ഗഡ്ഗരി അല്ല പ്രധാനമന്ത്രി തന്നെ വന്നാൽ എന്ത് എന്ന ചോദ്യം കേന്ദ്ര സർക്കാർ തലത്തിൽ തന്നെ പൊന്തിവന്നത്. 500 കോടിയുടെ ഹൈവേ പ്രോജക്ട് ആണ്. പ്രധാനമന്ത്രി ഹൈവേ പ്രോജക്ടുകൾ ഉദ്ഘാടനം ചെയ്യുന്നത് സാധാരണമാണ്. അങ്ങിനെയെങ്കിൽ സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിക്ക് പ്രധാനമന്ത്രി തന്നെ എത്തിക്കാൻ കേന്ദ്ര സർക്കാർ തലത്തിൽ തന്നെ തീരുമാനമായി. അമ്പത് ശതമാനം കേന്ദ്രവും അമ്പത് ശതമാനം കേരളവും ഉൾപ്പെടുന്ന പദ്ധതിയാണിത്. കേരള സർക്കാരിന് ഏകപക്ഷീയമായി ഉദ്ഘാടനം തീരുമാനിക്കാനോ നടത്താനോ കഴിയില്ല. ഇത് വ്യക്തമായി അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യും എന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞ ഔദ്യോഗിക വാർത്താകുറിപ്പ് ഇറക്കിയ ഒരു ചടങ്ങു ഇടത് സർക്കാരിനെ കടത്തിവെട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കൊല്ലം ബൈപ്പാസ് ജോലികൾ ത്വരിതഗതിയിൽ മുന്നോട്ട് പോയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും എംപിയായിരുന്ന പീതാംബരകുറിപ്പും വ്യക്തിപരമായി താത്പര്യം എടുത്തിരുന്നു. നാല്പത് വര്ഷമായി മുടങ്ങികിടന്നിരുന്ന പ്രോജക്ട് ആണിത്. ഇപ്പോൾ രാഷ്ട്രീയ വിവാദങ്ങളുടെ വെളിച്ചത്തിൽ തെരുവ് വിളക്കുകൾ കത്തിയില്ലെങ്കിലും കൊല്ലം ഹൈവേ പ്രകാശിക്കുകയാണ്. നിനച്ചിരിക്കാതെ സിപിഎമ്മിന് സംഭവിച്ച ഒരു രാഷ്ട്രീയ തിരിച്ചടി കൊല്ലം ഹൈവേയിലെ ഈ പ്രകാശത്തിനു പിന്നിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP