Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജി സുകുമാരൻ നായരെ ചൊല്ലി മാധ്യമപ്രവർത്തകരുടെ സംഘടനയിൽ തമ്മിലടി; താനാരുവാ എന്നുചോദിച്ച ചിത്രം വിചിത്രത്തിനെതിരെ കൈതരിച്ച് രാജിവയ്ക്കുന്നതായി മനോരമ അസിസ്റ്റന്റ് എഡിറ്റർ, ആക്ഷേപഹാസ്യപരിപാടിയല്ല സംഘടനയെന്ന് ഭാരവാഹികൾ; ചിത്രം വിചിത്രത്തിനെതിരെ കടുത്ത നടപടിക്ക് ജി സുകുമാരൻ നായരും

ജി സുകുമാരൻ നായരെ ചൊല്ലി മാധ്യമപ്രവർത്തകരുടെ സംഘടനയിൽ തമ്മിലടി; താനാരുവാ എന്നുചോദിച്ച ചിത്രം വിചിത്രത്തിനെതിരെ കൈതരിച്ച് രാജിവയ്ക്കുന്നതായി മനോരമ അസിസ്റ്റന്റ് എഡിറ്റർ, ആക്ഷേപഹാസ്യപരിപാടിയല്ല സംഘടനയെന്ന് ഭാരവാഹികൾ; ചിത്രം വിചിത്രത്തിനെതിരെ കടുത്ത നടപടിക്ക് ജി സുകുമാരൻ നായരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകളും ചാനലുകളുടെ നിലപാടുകളും പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. യുവതികൾ കയറണമെന്ന സുപ്രിംകോടതി വിധിയോട് അനുകൂലനിലപാടെടുത്ത് മുന്നേറുന്ന ചാനലുകളും അത് അചാരാലംഘനമാണെന്ന നിലപാടുള്ള ചാനലുകളും എന്ന രീതിയിൽ വാർത്താ മാധ്യമങ്ങളുടെ ഇടയിൽ തന്നെ ഈ വിധി വിഭാഗീയത ഉണ്ടാക്കിയിരുന്നു. എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകരുടെ ഇടയിലേക്കും ഇത് പടരുകയാണ് എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതികരണങ്ങൾ.

മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കളുടെ വാർത്താ സമ്മേളനം ബഹിഷ്‌കരിച്ച കെയുഡബ്ല്യൂജെയുടെ നടപടി വ്യാപക എതിർപ്പ് വിളിച്ചുവരുത്തിയതിന് പിന്നാലെ യുവതീപ്രവേശനത്തോടെതിർപ്പുള്ള ചില മാധ്യമപ്രവർത്തകർ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എംകെ വിനോദ് കുമാർ ഇതുസംബന്ധിച്ച് നടത്തിയ പരസ്യപ്രതികരണമാണ് എതിർപ്പുകൾക്ക് തുടക്കമിട്ടത്.

കെയുഡബ്ല്യൂജെയുടെ പക്ഷപാതപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് രാജിക്കത്തെഴുതിക്കൊണ്ടായിരുന്നു വിനോദ്കുമാറിന്റെ പ്രതികരണം. മാത്രമല്ല യുവതീ പ്രവേശനത്തിന്റെ തുടർച്ചയായി ചില മാധ്യമപ്രവർത്തകർ എടുക്കുന്ന നിലപാടുകൾ കണ്ടാൽ ആരായാലും സംഘടന ഉപേക്ഷിച്ചുപോകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മലയാളത്തിലെ ഒന്നാംനമ്പർ ചാനലിലെ മൂന്നാംകിട രാഷ്ട്രീയ തർക്കോവ്‌സ്‌കി എൻഎസ്എസ് ജനറൽസെക്രട്ടറിക്കെതിരായി നടത്തിയ ആക്ഷേപം കണ്ട് തന്റെ കൈതരിച്ചു എന്നും തെരുവിൽ ആരെങ്കിലും അതിന്റെ തുടർച്ചയായി പ്രതികരിച്ചാൽ സ്വയം കുറ്റപ്പെടുത്തിയാൽ മതിയെന്നും വിനോദ് കുമാർ പറയുന്നു.

യുവതികൾ കയറിയതിനെതിരെ ശുദ്ധികലശം നടത്തിയതോടെ രക്ഷപ്പെട്ടു എന്ന് പറഞ്ഞ ജി സുകുമാരൻ നായരെ താൻ ആരുവാടേ എന്ന ജഗതിയുടെ ഡയലോഗ് വഴി അധിക്ഷേപിച്ച സറ്റയർ അവതാരകന്റെ നിലപാടുപോലെയാണ് ഇപ്പോഴത്തെ കെയുഡബ്ല്യൂജെയുടെ നിലപാട് എന്നും അദ്ദേഹം പറയുന്നു. യുവതീ പ്രവേശത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യസിൽ സംപ്രേഷണം ചെയ്ത കെവി മധു അവതരിപ്പിച്ച ചിത്രം വിചിത്രം എന്ന ആക്ഷേപഹാസ്യപരിപാടിക്കെതിരായായിരുന്നു വിനോദ് കുമാറിന്റെ പ്രതികരണം.

എന്നാൽ മാധ്യമപ്രവർത്തകരുടെ വാട്‌സാപ്പ് കൂട്ടായ്മയിലടക്കം ഇതുസംബന്ധിച്ച് ചേരിതിരിഞ്ഞ തർക്കങ്ങൾ രൂപപ്പെട്ടിരിക്കുകയാണെന്നാണ് വിവരം. പ്രമുഖ മാധ്യമപ്രവർത്തകൻ ദിനേശ് വർമ, ആക്ഷേപഹാസ്യപരിപാടികളുടെ ഉള്ളടക്കം നോക്കി സംഘടനാപ്രവർത്തനം നടത്തുന്നവരെക്കുറിച്ചൊക്കെ എന്തുപറയാനാണ് എന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്നു. മാത്രമല്ല മാധ്യമപ്രവർത്തകർ നാടുനീളെ തല്ലുകൊണ്ട് വേദനിക്കുമ്പോൾ ഇത്തരക്കാർ എവിടെ പോയി എന്നും എതിർക്കുന്നവർ ചോദിക്കുന്നു. സംഘടനാപ്രവർത്തനം സംഘടനയിലെ അംഗങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ആക്ഷേപഹസ്യപരിപാടിയിൽ തന്റെ തമ്പുരാനെ കളിയാക്കുന്നു എന്നുംപറഞ്ഞ് രാജിവച്ചുപോകുന്നവർ പോകട്ടെയെന്നാണ് നിലപാടെന്നും ദിനേശ് വർമ പറയുന്നു.

അതേ സമയം എൻഎസ്എസും ജി സുകുമാരൻ നായരും ഏഷ്യാനെറ്റിനും ചിത്രംവിചിത്രത്തിനും അവതാരകന്റെയും നിലപാടിനുമെതിരെ കടുത്ത നിലപാടിലാണ് എന്നറിയുന്നു. തന്നെയും തന്റെ സംഘടനയെയും ഇത്തരം ഷോകളിലേക്ക് വലിച്ചിഴക്കുന്നത് ധാർമികതയല്ല എന്ന് അദ്ദേഹം അടുത്തുനിൽക്കുന്നവരോട് സൂചിപ്പിച്ചുവത്രെ. ടെലിവിഷനുകളിലെ ഹാസ്യപരിപാടികളിൽ ഉൾപ്പെടുത്തുന്നു എന്ന കാരണം കൊണ്ട് മൂന്നുവർഷം മുമ്പ് പത്രസമ്മേളനം തന്നെ വേണ്ട എന്നുവച്ച ചരിത്രം സുകുമാരൻ നായർക്കുണ്ട്. വനിതാമതിലിനെതിരെ പ്രതികരിക്കാൻ കഴിഞ്ഞ മാസം വിളിച്ച വാർത്താസമ്മേളനത്തോടെയാണ് അത് ലംഘിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ വീണ്ടും ഇത്തരം കടുത്ത നടപടിക്കൊരുങ്ങുന്നതായാണ് സൂചന.

മലയാള മനോരമ അസിസ്ന്റ് എഡിറ്റർ എംകെ വിനോദ് കുമാറിന്റെ രാജിക്കത്തിന്റെ പൂർണ രൂപം ഇങ്ങനെ

സുഹൃത്തുക്കളേ,

അപ്പോൾ, ഞാൻ മതിയാക്കുന്നു കെ യുഡബ്ല്യുജെ കൂട്ടായ്മ.

ഗ്രൂപ്പുകളിൽ ഇല്ലാതിരിക്കുകയോ ഉള്ളിടത്ത് നിശ്ശബ്ദമായിരിക്കുകയോ ആയതിനാൽ നിങ്ങളിൽ പലർക്കും അറിഞ്ഞു കൊള്ളണമെന്നില്ല.

മാധ്യമ പ്രവർത്തനത്തിന്റെ മാഹാത്മ്യത്താലുള്ള ഗർവ്വമല്ല, മറ്റുള്ളവരോടു സഹകരിക്കാതിരിക്കേണ്ട എന്ന മര്യാദ മാത്രമാണ് ഇത്രകാലവും കൂട്ടത്തിൽ നിൽക്കാൻ പ്രേരണയായത്. ഇനി ഞാൻ ഒറ്റയ്ക്കാണ്.

പലരിൽ നിന്നു പഠിച്ച പാഠങ്ങളും പകർന്നു കിട്ടിയ ധാർമ്മിക ബോധവും കൊണ്ടാവാം ,ആരെയും അകാരണമായി വേദനിപ്പിക്കരുതെന്ന ശാഠ്യവുമായി കാൽ നൂറ്റാണ്ട് പരുക്കേൽക്കാതെ കടന്നു വന്നു ഇവിടെ വരെ.

കാലം വല്ലാത്ത മാറ്റമാണ് നമ്മുടെ മേഖലയിൽ കൊണ്ടുവന്നത്.കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടു, സംഘികൾക്കും എൻഎസ്സ് എസ്സിനും ഒന്നും പ്രതികരിക്കാനാവാത്ത വിധം സ്തബ്ധരായിപ്പോയെന്നോ മറ്റോ. അത് ആ സുഹൃത്തിന്റെ വ്യക്തിപരമായ ആഹ്ലാദം മാത്രമാണ്. അതു വാർത്തയിൽ പ്രതിഫലിക്കുന്നിടത്താണ് അപകടം. ഒന്നാം നമ്പർ ചാനലിലെ ആക്ഷേപഹാസ്യക്കാരൻ മൂന്നാംകിട രാഷ്ട്രീയ തർക്കോവ്‌സ്‌കിയെക്കാൾ ആഹ്ലാദാവേശത്താൽ അടിച്ചിരുത്തിപ്പോകുന്നത് കേട്ടു അന്നു രാത്രി .എൻ എസ്സ് എസ്സ് ജനറൽ സെക്രട്ടറിയുടെ വിഷ്വൽ കാട്ടിയിട്ട് ' കൂരായണാ താനിവിടുത്തെ ആരുവാ, കുറച്ചു കാലമായി പറയണമെന്നു വിചാരിക്കുന്നു.... ' എന്നൊക്കെ ജഗതിയുടെ ഡയലോഗ് ചേർത്ത് അവഹേളനവും കഴിഞ്ഞ് സംഘ പരിവാറിനെ നാലു ചീത്തയും വിളിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം അനുഭവിച്ച ആത്മനിർവൃതി! ഇതാണ് ഇപ്പോൾ മാധ്യമ പ്രവർത്തനം.

പ്രതിഷേധിക്കുന്ന ശബ്ദത്തെ തലയ്‌ക്കെറിഞ്ഞു കൊല്ലുന്നവരുടെ നവോത്ഥാന, മാനവിക വാദങ്ങളെ ചോദ്യം ചെയ്യാനേ മുതിരാതെ 'അക്രമികളായ സംഘ പരിവാറുകാരെ ' വേട്ടയാടാനിറങ്ങിയവരാണല്ലോ നമ്മൾ. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത അക്രമം എന്നൊക്കെ വലിയ വായിൽ വിളമ്പുമ്പോൾ പ്രതിഷേധത്തെ തെരുവിൽ നേരിടാനിറങ്ങിയവരെപ്പറ്റി പാലിച്ച അപകടകരമായ മൗനം.' ഇവർ തല്ലുകൊള്ളേണ്ടവർ ' എന്നു നിശ്ചയിച്ചുറപ്പിച്ച പക്ഷഭേദം.ഇത് എന്റെ മാധ്യമ ബോധ്യത്തിൽ പെടുന്നതല്ല.

നൊന്ത ഹിന്ദുവിന്റെ നെഞ്ചിലെ മുറിവിലേക്ക് മുളകു തേക്കുന്ന ആ ആക്ഷേപഹാസ്യക്കാരനോട് എനിക്കും കൈ തരിച്ചു.പിന്നെ, വികാരമുള്ള ചെറുപ്പക്കാരുടെ കാര്യം പറയണോ? ഒരു മാധ്യമം കയ്യിലുണ്ടെന്നു കരുതി ആരെയും ഏകപക്ഷീയമായി അവഹേളിക്കാനുള്ള ലൈസൻസ് ആകുന്നില്ല. എല്ലാവരും ഉൾപ്പെടുന്ന സമൂഹത്തോടാണു നമ്മൾ സംവദിക്കുന്നതെന്നു മറന്ന് നഗ്‌നമായ പക്ഷപാതത്തോടെ നമ്മളങ്ങനെ കത്തിക്കയറുമ്പോൾ കയ്യിൽ മാധ്യമമില്ലാത്ത, കൈത്തരിപ്പുള്ളവർ തെരുവിൽ കണ്ടാൽ കണക്കു ചോദിച്ചെന്നിരിക്കും. അതിൽ നമ്മുടെ കുറ്റവും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്.

'കടക്കു പുറത്ത് ' എന്നു പറഞ്ഞപ്പോൾ പുറത്താക്കിയ നായയെപ്പോലെ വാലുമാട്ടി പുറകേ ചെന്ന നമ്മുടെ മാധ്യമപ്രവർത്തകബോധം എവിടെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു? അതിനു ശേഷവും മാസ്‌കറ്റ് ഹോട്ടലിൽ ആരോ വിളിച്ചെന്നു പറഞ്ഞ് ഓടിച്ചെന്ന് 'ആരു വിളിച്ചു ?' എന്നു കേട്ട് ഇളിഭ്യരായി ഇറങ്ങിപ്പോന്ന വരുടെ പ്രൊഫഷണൽ വികാരം ചിലരോടു മാത്രമേ ഉള്ളോ?

ബഹിഷ്‌കരണം എന്നു കേട്ടാൽ സംഘപരിവാർ വിരണ്ടു പോകും എന്നു കരുതിയിടത്ത് നമുക്കു പക്ഷേ, വല്ലാതെ തെറ്റി. എല്ലാം നിയന്ത്രിക്കുന്നവരാണു നമ്മൾ എന്ന അഹന്തയ്‌ക്കേറ്റ ആദ്യ തിരിച്ചടി. വേണ്ടെങ്കിൽ വേണ്ട എന്ന ഉറച്ച തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ അവർക്ക് കൂടുതൽ നേട്ടമായേനെ. പറയാനവസരം കിട്ടാതെ ചീത്ത കേൾക്കാൻ വേണ്ടി മാത്രം വന്നിരുന്ന മണ്ടന്മാർ. മാധ്യമങ്ങളുടെ എതിർപ്പിലൂടെയാണ് വളർന്നതെന്നു തിരിച്ചറിയാൻ വൈകിയവർ.

ഫ്രാക്ഷൻ എന്നൊക്കെ കേൾക്കുന്ന കാലവുമാണല്ലോ. എന്തായാലും കൃത്യമായ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ് ഇപ്പോഴത്തെ മാധ്യമ പ്രവർത്തനം.

ചിലർ എന്തു പറഞ്ഞാലും മിണ്ടാതെ കേട്ടുപോരിക, ചിലരെ ചോദ്യം ചോദിച്ചു ശ്വാസം മുട്ടിക്കുക, ചിലരെ പരിഹസിച്ചു കൊല്ലുക എന്നതാണല്ലോ ഇപ്പോഴത്തെ പത്ര സമ്മേളന രീതി.

ആയതിനാൽ ഇക്കാലത്തിന്റെ മാധ്യമ പ്രവർത്തകനല്ല എന്ന ബോധ്യത്തോടെയാണ് കൂട്ടായ്മ വിടുന്നത്.

സ്ഥാപനത്തിനു വേണ്ടി തെറ്റില്ലാതെ വാർത്ത എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്ന തൊഴിലാളിയായി മാത്രം തുടർന്നോളാം.

വിധിയെഴുതാം, വിചാരണ ചെയ്യാം, സംഘിയാണോ എന്നു നിങ്ങൾക്കു നിശ്ചയിക്കാം. (ആകുന്നത് അത്ര മോശം കാര്യമാണെന്ന തോന്നലും ഇല്ല.)

എന്തായാലും കേൾക്കാൻ ഞാനില്ല. പറഞ്ഞു മാത്രം ശീലിച്ചവരുടെ ഇടയിലായിരുന്നല്ലോ ഇതുവരെ.

കേട്ടതിനു നന്ദി.


എംകെവി.

മാധ്യമപ്രവർത്തകൻ ദിനേശ് വർമയുടെ പ്രതികരണം


മിഷ്ടർ വിനോദ്,

ഓരോരുത്തരുടെ മനസും രാഷ്ട്രീയവുമൊക്കെ അനുസരിച്ചായിരിക്കും നിലപാട്. അതവർക്ക് വിടുന്നു. ചാനലുകളിലെ ആക്ഷേപഹാസ്യ പരിപാടിക്കനുസരിച്ചു നിലപാടെടുക്കുന്ന ആദ്യത്തെ പത്രപ്രവർത്തകനാണ് നിങ്ങൾ. നല്ല നമസ്‌കാരം. തന്നെ നിത്യം കളിയാക്കുന്ന കുഞ്ചൻ നമ്പ്യാരെ വിളിച്ചുകൊണ്ടുവന്നു തുള്ളൽ അവതരിപ്പിച്ച രാജാക്കന്മാർ ഇവിടെയുണ്ടായിരുന്നു. ശങ്കേഴ്സിൽ പോയി എന്നെ വെറുതെ വിടരുതേ എന്ന് അപേക്ഷിച്ച പ്രധാന മന്ത്രിയായിരുന്നു ജവഹർലാൽ നെഹ്റു. പിണറായിയെ തച്ചിന് മാർക്കു

ചെയ്ത് സ്റ്റോറികളുടെ പരമ്പര തീർത്തിരുന്ന കാലം

ഓർമ്മയുണ്ടോ ? ശരിക്കും പ്ലാൻ ചെയ്ത കാലം ? ഞങ്ങളാരും യൂണിയൻ വിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ പിച്ചിച്ചീന്തിയ കാലവും അതിവിദൂരത്തല്ല. എത്ര ചന്ദ്രികക്കാർ യൂണിയൻ വിട്ടു ? കോൺഗ്രസ് നേതാക്കളെ കളിയാക്കിയാണ്

ഇന്ത്യയിൽ ' സറ്റയർ' പഠിക്കുന്നത് തന്നെ. അവരാരും യൂണിയൻ ഇട്ടെറിഞ്ഞു പോയില്ല. സഭയെ തേച്ചൊടിച്ച കാലമുണ്ടായിരുന്നു, ദീപികക്കാർ യൂണിയൻ വിട്ടോ ?

എന്താ സംഘി മനസുള്ളവർക്കു മാത്രം ഇതൊന്നും തിരിച്ചറിയാൻ കഴിയാതെ പോകുന്നത്? സ്വന്തം രാഷ്ട്രീയം, താല്പര്യം എന്നിവയൊക്കെ നിൽക്കുമ്പോഴും

യൂണിയന് ഒരു സ്പൈസ് ഉണ്ട് എന്ന കാര്യം മറക്കരുത്. അതുള്ളതുകൊണ്ടു മാത്രമാണ് ഇന്ന് കുറെ പത്രപ്രവർത്തകർ കഞ്ഞികുടിക്കുന്നത്, ഒരു കൂരയുണ്ടാക്കിയത്, മുറിവിൽ മരുന്ന് പുരട്ടുന്നത്. ആവശ്യങ്ങൾ ഒന്നുറക്കെ പറയാനെങ്കിലും കഴിയുന്നത്.

എല്ലാവരുടെയും സാലറി സ്ലിപ് ഒരുപോലെയാണെന്നു വിനോദ് കരുതരുത്. ആ സാധനം തന്നെയില്ലാത്തവരാണ് ഭൂരിപക്ഷവും. അപ്പൊ വിഷയം അതൊന്നുമല്ല, യഥാർത്ഥ സംഘികളുടേതിനേക്കാൾ ഇടുങ്ങിയതും വർഗീയവുമാണ് നിങ്ങളുടെ മനസ്. സ്വയം ചികിൽസിക്കൂ. ശബരിമലയുടെ പേരിൽ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ സംഘി നേതാക്കൾ പോലും പരസ്യമായും ഏറെപ്പേർ രഹസ്യമായും തള്ളിക്കളയുന്നു. ആ സമയത്ത്, ഒരു മാധ്യമ പ്രവർത്തകൻ ( അതും ഉള്ളിലെങ്കിലും സത്യാവസ്ഥ ബോധ്യപ്പെടേണ്ട മാധ്യമപ്രവർത്തകൻ ) അതിന്റെ പേരിൽ യൂണിയൻ വിടുമ്പോൾ ലജ്ജ തോന്നുന്നില്ല, നിങ്ങൾ എന്തെ നേരത്തെ പോകാത്തത് എന്നെ തോന്നുന്നുള്ളൂ.

ദിനേശ് വർമ്മ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP