Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘപരിവാറിനെതിരെ കൂട്ടായ്മ രൂപീകരിക്കാൻ യോഗം വിളിച്ചപ്പോൾ സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ഒരുവിഭാഗം; പുതിയ സംഘടനയിലെ പ്രവർത്തകർക്ക് സംഘപരിവാറിൽ നിന്ന് എല്ലാവിധ സംരക്ഷണവും നൽകാമെന്ന് ഉറപ്പ് നൽകി എസ്ഡിപിഐ; ഇവരെ ആരാണ് വിളിച്ചതെന്ന് ചോദിച്ച് സിപിഐ; കോഴിക്കോട്ടെ കൂട്ടായ്മ തുടക്കത്തിൽ തന്നെ അടിച്ചുപിരിഞ്ഞത് ഇങ്ങനെ

സംഘപരിവാറിനെതിരെ കൂട്ടായ്മ രൂപീകരിക്കാൻ യോഗം വിളിച്ചപ്പോൾ സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ഒരുവിഭാഗം; പുതിയ സംഘടനയിലെ പ്രവർത്തകർക്ക് സംഘപരിവാറിൽ നിന്ന് എല്ലാവിധ സംരക്ഷണവും നൽകാമെന്ന് ഉറപ്പ് നൽകി എസ്ഡിപിഐ; ഇവരെ ആരാണ് വിളിച്ചതെന്ന് ചോദിച്ച് സിപിഐ; കോഴിക്കോട്ടെ കൂട്ടായ്മ തുടക്കത്തിൽ തന്നെ അടിച്ചുപിരിഞ്ഞത് ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: ശബരിമല വിഷയത്തിൽ ഉൾപ്പെടെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയാണ് ഒരു വിഭാഗം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ചേർന്ന് കോഴിക്കോട്ട് ഒരു കൂട്ടായ്മ രൂപപ്പെടുത്താൻ ആഗ്രഹിച്ചത്. സംഘപരിവാർ ഫാസിസത്തിനെതിരെ കോഴിക്കോട്ട് വലിയ പ്രതിഷേധ കൂട്ടായ്മ ഉൾപ്പെടെ സംഘടിപ്പിക്കാൻ സംഘടന തീരുമാനിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു വാട്സ് ആപ്പ് ഗ്രൂപ്പും സംഘടന ആരംഭിച്ചത്.

സംഘപരിവാർ അക്രമങ്ങൾക്കെതിരെ എന്ന പേരിൽ ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിൽ എ പ്രദീപ് കുമാർ എം എൽ എ, പി സി വിഷ്ണുനാഥ്, കെ കെ രമ, എം എൻ കാരശ്ശേരി, ബൈജു മേരിക്കുന്ന്, ബിന്ദു തങ്കം കല്ല്യാണി, പി എം ശ്രീകുമാർ, കമാൽ വരദൂർ, ഡോ: ആസാദ്, അംബിക, കെ അജിത, വി പി സുഹറ, പി സുരേന്ദ്രൻ, പി ഗീത ഉൾപ്പെടെ പ്രമുഖരായ നിരവധി പേരെ ഉൾപ്പെടുത്തിയിരുന്നു. സി പി എമ്മുകാരും സിപിഐക്കാരും ആർ എം പിക്കാരും കോൺഗ്രസുകാരുമെല്ലാം ചേർന്ന് സംഘപരിവാർ ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കുവാനുള്ള തീരുമാനത്തിലായിരുന്നു. ശക്തമായ ചർച്ചകളും അഭിപ്രായങ്ങളം ഗ്രൂപ്പിൽ ഉയർന്നുവരുകയും ചെയ്തു.

ഇതിനിടയിലാണ് പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സംഘപരിവാർ മാത്രമല്ല സി പി എമ്മുകാരും അക്രമാകാരികളാണെന്നും അവരുടെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ഗ്രൂപ്പിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ ആർ എം പി നേതാക്കൾ ഉൾപ്പെടെ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ ഇത് സംഘപരിവാറിനെതിരെയുള്ള കൂട്ടായ്മയാണെന്നും സി പി എമ്മിനെതിരെ പ്രതിഷേധിക്കാൻ വേറെ ഗ്രൂപ്പുണ്ടാക്കണമെന്നും പറഞ്ഞ് മറ്റൊരു വിഭാഗവും രംഗത്ത് വന്നു. ഇതോടെ തന്നെ ഗ്രൂപ്പിൽ തർക്കങ്ങൾ ശക്തമായി.
ഒടുവിൽ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയെക്കുറിച്ച് ആലോചിക്കാൻ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സംഘടനയുടെ ആദ്യ യോഗം ചേർന്നു. എന്നാൽ ഈ യോഗത്തിലേക്ക് എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും എത്തിയതോടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ വലിയ വിള്ളൽ സംഭവിക്കുകയായിരുന്നു.

നേരത്തെ തേജസ് പത്രത്തിൽ പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകർ കൂട്ടായ്മയിലുണ്ടായിരുന്നു. അവരാണ് എസ് ഡി പി ഐ നേതാക്കളെ കൂട്ടായ്മയിലേക്ക് വിളിച്ചതെന്ന് ഒരു വിഭാഗം പറയുന്നു. പരിപാടിക്കെത്തിയ എസ് ഡി പി ഐ നേതാക്കൾ യോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. സംഘപരിവാറിനെതിരെ ശക്തമായി നേരിടുന്ന ഏക സംഘടന എസ് ഡി പി ഐ ആണെന്നും പുതിയ സംഘടനയിലെ പ്രവർത്തകർക്ക് സംഘപരിവാറിൽ നിന്ന് എല്ലാവിധ സംരക്ഷണവും എസ് ഡി പി ഐ ഉറപ്പ് നൽകുമെന്നും ഇവർ വ്യക്തമാക്കി. ഇതിനെ ഗ്രൂപ്പിനെ പലരും എതിർത്തു. ആരാണ് എസ് ഡി പി ഐക്കാർക്ക് സംസാരിക്കാൻ അവസരം നൽകിയതെന്ന് ചോദിച്ച് ഇവർ രംഗത്ത് വന്നു.

ആർ എസ് എസിനെപ്പോലെ മറ്റൊരു തീവ്രവാദ സംഘടനയാണ് എസ് ഡി പി ഐയും. അവരുടെ സഹായത്തോടെ സംഘപരിവാറിനെ നേരിടേണ്ട ഗതികേട് സംഘടനയ്ക്ക് ഇല്ലെന്ന് ഇവർ വാദിച്ചു. സിപിഐ നേതാവായ ബൈജു മേരിക്കുന്ന് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചതോടെ സംഘപരിവാർ ഫാസിസത്തിനെതിരെ രൂപപ്പെടുത്തിയ സംഘടന തുടക്കം തന്നെ പൊളിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് നടത്താൻ നിശ്ചയിച്ച പ്രതിഷേധ പരിപാടിയും ഒഴിവാക്കി. വാട്സ് ആപ്പ് കൂട്ടായ്മയിൽ നിന്ന് ഓരോരുത്തരായി ഒഴിഞ്ഞുപോയതോടെ സംഘപരിവാറിനെതിരെ രൂപപ്പെടുത്തിയ വാട്സ് ആപ്പ് ഗ്രൂപ്പും പൊളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. അങ്ങിനെ സംഘപരിവാർ ഫാസിസത്തിനെതിരെ അതിശക്തമായ രീതിയിൽ രൂപപ്പെട്ട ഒരു സംഘടന കൂടി ആദ്യ പരിപാടി സംഘടിപ്പിക്കുന്നതിന് മുമ്പേ തന്നെ തകർന്നടിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP