Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് നൽകാൻ സർക്കാർ നീക്കം; ഇന്ദിരാഗാന്ധിയുടെയോ കരുണാകരന്റെയോ പേരു നൽകും; കളമൊരുങ്ങുന്നതു വൻഅഴിമതിക്ക്

കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് നൽകാൻ സർക്കാർ നീക്കം; ഇന്ദിരാഗാന്ധിയുടെയോ കരുണാകരന്റെയോ പേരു നൽകും; കളമൊരുങ്ങുന്നതു വൻഅഴിമതിക്ക്

തിരുവനന്തപുരം: നിർമ്മാണത്തിൽത്തന്നെ നിരവധി അഴിമതിയാരോപണങ്ങൾ ഉയർന്ന കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷനു നൽകാൻ സർക്കാർ നീക്കം. ദേശീയ ഗെയിംസ് അവസാനിക്കുന്നതോടെ സ്‌റ്റേഡിയം ക്രിക്കറ്റ് അസോസിയേഷനു കൈമാറി നിലവിലെ മൾട്ടി പർപ്പസ്് സ്‌റ്റേഡിയം എന്നത് ക്രിക്കറ്റ് സ്‌റ്റേഡിയമാക്കാനാണു നീക്കം നടക്കുന്നത്.

ഇതോടെ കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഗെയിംസ് സ്‌റ്റേഡിയം വന്നിട്ടും കായികതാരങ്ങൾക്ക് പ്രയോജനമില്ലാതാകുകയാണ്. ഇതിലൂടെ വൻ അഴിമതിക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. പൊതു സ്വകാര്യപങ്കാളിത്തത്തോടെയാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്‌റ്റേഡിയം പണിതീർത്തത്. 15 വർഷം ഇതിന്റെ ഉടമസ്ഥാവകാശം സ്വകാര്യ കമ്പനിക്കു നൽകുമെന്നും പിന്നീട് ഇതിന്റെ നടത്തിപ്പ്- സംരക്ഷണ അവകാശങ്ങൾ കേരള യൂണിവേഴ്‌സിറ്റിക്കു കൈമാറുമെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ വീണ്ടും അഴിമതി നടത്തുന്നതിനായി സ്‌റ്റേഡിയത്തെ കെസിഎയ്ക്ക് കൈമാറാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി കായികമന്ത്രിയും കെസിഎ ഭാരവാഹികളും ചില കോൺഗ്രസ് നേതാക്കളും ചർച്ച ആരംഭിച്ചു. വ്യവസ്ഥകൾ മറികടന്നുള്ള ഈ നീക്കം വൻ അഴിമതിക്കാണ് വഴിവയ്ക്കുക.

സാമ്പത്തികമായി ഏറെ കരുത്തരാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. 250 കോടി രൂപ പോലും മുടക്കി സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിവുള്ളവർ. കാര്യവട്ടത്തെ സ്ഥലം അവർക്ക് കൈമാറിയിരുന്നെങ്കിലും സ്‌റ്റേഡിയം അവരുടെ ചെലവിൽ പണിയുമായിരുന്നു. പ്രത്യേകിച്ച് കൊച്ചിയിൽ സ്വന്തമായി സ്റ്റേഡിയമെന്ന ആശയം നടക്കാത്തതിനാൽ. ഇതെല്ലാം അറിയാമായിരുന്നിട്ടും കാര്യവട്ടത്ത് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി സ്റ്റേഡിയം നിർമ്മിച്ചു. ഫുട്‌ബോൾ ഉൾപ്പെടെയുള്ള കളികളെ പ്രോൽസാഹിപ്പിക്കുമെന്നായിരുന്നു നിലപാട്. അതാണ് ഫലത്തിൽ അട്ടിമറിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന് തുച്ഛമായ പാട്ടത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നൽകാനൊരുങ്ങുന്നത്. ഫലത്തിൽ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ മറ്റ് കളികളൊന്നും സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയും വരും.

141 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഐ.എൽ. ആൻഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഡി.ബി.ഒ.ടി. (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) പ്രകാരമാണ് സ്റ്റേഡിയം നിലവിൽ വന്നിരിക്കുന്നത്. അതായത് 15 വർഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിർമ്മാണ കമ്പനിക്കായിരിക്കും. ഇതിനായി കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനി ഐ.എൽ.എഫ്. എസ്. രൂപം നൽകിയിട്ടുണ്ട്. കേരള സർവകലാശാലയുടെ കാമ്പസ്സിൽനിന്ന് പാട്ടത്തിന് ലഭിച്ച 37 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മച്ചത്. ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയിൽ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാർഷിക ഗഡുക്കളായിട്ട് നിർമ്മാണച്ചെലവും പലിശയും സർക്കാർ കമ്പനിക്ക് നൽകണമെന്നാണ് വ്യവസ്ഥ.

2027ഓടെ ഗഡുക്കൾ അടച്ചു തീരുമ്പോൾ ഏതാണ്ട് 400 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ സ്റ്റേഡിയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സർക്കാറിന് ലഭിക്കും. 15 വർഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സർവകലാശാലയ്ക്ക് കൈമാറും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ ഈ കണക്കുകൾ ശരിയാവുകയില്ല. ക്രിക്കറ്റ് നടത്തണമെങ്കിൽ അതിന് ബിസിസിഐ വയ്ക്കുന്ന നിബന്ധനകളാണ് ഇതിന് കാരണം. ഒന്നുകിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്വന്തം ഗ്രൗണ്ടിലോ അല്ലെങ്കിൽ ദീർഘകാല പാട്ടത്തിന് കൈവശം വയ്ക്കുന്ന കളിസ്ഥലങ്ങളിലോ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കൂ. അതിനാൽ ക്രിക്കറ്റ് കളി യാഥാർത്ഥ്യമാക്കാൻ കെസിഎയുടെ സഹായം ആവശ്യമാണ്. ഇതിന്റെ മറവിലാണ് ഐഎൽആൻഡ് എഫ്എസ് എന്ന നിർമ്മാണകമ്പനിയുടെ സമ്മതത്തോടെ ഗ്രൗണ്ട് കെസിഎയ്ക്ക് കൈമാറാൻ നീക്കം.

ഗ്രൗണ്ടിനായി ചെലവിട്ട തുക കേന്ദ്രസർക്കാർ വിഹിതമല്ലെന്നും സംസ്ഥാന സർക്കാറിന്റെ ഗെയിംസ് ബജറ്റിൽ നിന്നുമാണ് ചെലവാക്കുന്നതെന്നും ദേശീയ ഗെയിംസിനു മുമ്പ് സർക്കാർ വ്യക്തമാക്കിയരുന്നു. ക്രിക്കറ്റ് -ഫുട്്‌ബോൾ സ്‌റ്റേഡിയമായിട്ടാണ് ഇത് പണികഴിപ്പിച്ചതും. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള സ്‌റ്റേഡിയമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം. ഇവ യൂണിവേഴ്‌സിറ്റിക്ക് കൈമാറുകയാണെങ്കിൽ സർക്കാർ ഇതര കായിക മേളകൾ നടത്തുന്നതിനായി ഇവ വിട്ടുനൽകണമെന്നില്ല. ഈ സാഹചര്യത്തിൽ സ്‌റ്റേഡിയത്തിന്റെ പേരിൽ പണം ഉണ്ടാക്കാമെന്നതും നടക്കുന്ന കാര്യമല്ല.

ഇതു മനസിലാക്കിയാണ് സർക്കാർ പുതിയൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് കേരള യൂണിവേഴ്‌സിറ്റിക്ക് ഒരു സ്‌റ്റേഡിയമുള്ളതിനാൽ ഇത് വിട്ടു നൽകേണ്ടതില്ലെന്നും, നൽകിയാൽ ഇതും അന്യാധീനപ്പെട്ടുപോകുമെന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുയോജ്യമായ സ്‌റ്റേഡിയം കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മാത്രമാണ്. എന്നാൽ ഇതിനെക്കാൾ പത്തിരട്ടി മികച്ച സൗകര്യങ്ങളുള്ള സ്‌റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഇത് കെസിഎയ്ക്ക് നൽകുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും, ഐപിഎൽ, ട്വന്റി ട്വന്റി തുടങ്ങിയ മത്സരങ്ങൾക്കും വേൾഡ് കപ്പ് മത്സരങ്ങൾക്കും വേദിയാക്കുക വഴി വൻസാമ്പത്തിക ലാഭമുണ്ടാക്കാനാണ് കെസിഎയുടെ ശ്രമം.

ഇതിനായി പല കോൺഗ്രസ് നേതാക്കളെയും കെസിഎ ഭാരവാഹികൾ ഇതിനോടകം സമീപിക്കുകയും വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് സൂചന. സ്‌റ്റേഡിയത്തിന് കെ കരുണാകരന്റെയോ, ഇന്ദിരാഗാന്ധിയുടെയോ പേര് ഇടാനും കെസിഎ തന്നെ നിർദ്ദേശിച്ചതായാണ് സൂചന. ഇതാകുമ്പോൾ അഴിമതിയുണ്ടെന്നു പറഞ്ഞ് ഇടയുന്ന കോൺഗ്രസുകാരെയും പരിപോഷിപ്പിക്കാനാകുമെന്നും കെസിഎ കരുതുന്നു.

ദേശീയ ഗെയിംസ് കണക്കിലെടുത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതിയിൽ വിഭാവനം ചെയ്ത പല പ്രവർത്തികളും ബാക്കിയുണ്ട്. ടേബിൽ ടെന്നീസ്, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ടെന്നീസ് കോർട്ട്, പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, ഒളിമ്പിക് സൈസ് നീന്തൽക്കുളം, കൺവെൻഷൻ സെന്റർ തുടങ്ങിയവ പൂർത്തിയാവാനുണ്ട്. ദേശീയ ഗെയിംസിന്റെ സമാപനങ്ങൾക്ക് ശേഷമേ ഗ്രൗണ്ടിന്റെ പ്രധാന പണി തുടങ്ങു. ഐ.സി.സി. യുടെയും ഫീഫയുടെയും ാനദണ്ഡങ്ങളനുസരിച്ചാണ് ഗ്രൗണ്ട് തയ്യാറാക്കുക.

50000 കാണികൾക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടായിരിക്കും. ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റർ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേൽക്കൂര ഗാലറിയെ മറയ്ക്കുന്നത്. സാധാരണ 30 ശതമാനം വരെ മാത്രമേ വരാറുള്ളൂ. അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെൻസൈൽ ഫാബ്രിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP