Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെ സർക്കാരിന് തലവേദനയായി അഗസ്ത്യാർകൂട സ്ത്രീപ്രവേശന തർക്കവും; ഹൈക്കോടതി വിധി അനുകൂലമായതോടെ യുവതികൾ മല കയറാൻ ഒരുങ്ങുന്നതിനിടെ എതിർപ്പുമായി ആദിവാസി വിഭാഗമായ കാണികൾ; പാർശ്വവൽകരിക്കപ്പെട്ടവരുടെ പക്ഷത്തെന്ന് ആണയിടുന്ന പിണറായി സർക്കാർ ആദിവാസികളുടെ വിശ്വാസം സംരക്ഷിക്കുമോ? അതിരുമല കടന്ന് ചരിത്രം കുറിക്കാൻ ഇത്തവണ സ്ത്രീകൾക്കാവുമോ? പുതിയ വിവാദം ഇങ്ങനെ

ശബരിമല യുവതീപ്രവേശന വിഷയം കത്തിനിൽക്കുന്നതിനിടെ സർക്കാരിന് തലവേദനയായി അഗസ്ത്യാർകൂട സ്ത്രീപ്രവേശന തർക്കവും; ഹൈക്കോടതി വിധി അനുകൂലമായതോടെ യുവതികൾ മല കയറാൻ ഒരുങ്ങുന്നതിനിടെ എതിർപ്പുമായി ആദിവാസി വിഭാഗമായ കാണികൾ; പാർശ്വവൽകരിക്കപ്പെട്ടവരുടെ പക്ഷത്തെന്ന് ആണയിടുന്ന പിണറായി സർക്കാർ ആദിവാസികളുടെ വിശ്വാസം സംരക്ഷിക്കുമോ? അതിരുമല കടന്ന് ചരിത്രം കുറിക്കാൻ ഇത്തവണ സ്ത്രീകൾക്കാവുമോ? പുതിയ വിവാദം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം കത്തി നിൽക്കുന്ന സമയത്ത് തന്നെ പിണറായി സർക്കാരിന് പുതിയ തലവേദനയായി മാറുകയാണ് സ്ത്രീകളുടെ അസ്ത്യാർകൂട മലകയറ്റം. ജനുവരി 14 മുതൽ മാർച്ച് 1 വരെയാണ് അഗസ്ത്യാർകൂട യാത്ര. സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് വനം വകുപ്പിന്റെ ഉത്തരവ് നേരത്തയുണ്ടായിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവോടെയാണ് അത് നീങ്ങിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ സംഘടനകൾ നടത്തിയ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിനിടാക്കിയത്. എന്നാൽ, അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ ആദിവാസി വിഭാഗമായ കാണികൾ രംഗത്തെത്തി. അഗസ്ത്യമുനിയുടെ ആരാധനാലയത്തിൽ യുവതികൾ കയറിയാൽ അശുദ്ധമാകുമെന്നാണ് കാണി ഗോത്രവർഗ്ഗ വിഭാഗത്തിന്റെ ആരോപണം. യുവതികൾ പ്രവേശിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ആദിവാസി മഹാസഭ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനം വലിയ വിവാദമായിരിക്കെയാണ് അഗസ്ത്യാർമല കയറാൻ സ്ത്രീകളെ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സർക്കാരിനെയാണ് വെട്ടിലാക്കിയത്. എൻഎസ്എസും, ബിജെപിയും ആർഎസ്എസുമടക്കം ഇടതുസർക്കാരിനെതിരെ രണ്ടാം വിമോചന സമരത്തിന് തന്നെ കോപ്പുകൂട്ടുന്ന രാഷ്ട്രീയപശ്ചാത്തലത്തിലാണ് അഗസ്ത്യാർകൂട യാത്രയും വിവാദത്തിലാകുന്നത്. ശബരിമലയിൽ കർമസമിതിയും, ബിജെപിയും ആർഎസ്എസുമാണ് ശക്തമായ പ്രതിരോധം ഉയർത്തിയതെങ്കിൽ, അഗസ്ത്യാർകൂടത്തിൽ ആദിവാസി വിഭാഗമായ കാണികളാണ് എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അഗസ്ത്യാർകൂടത്തിലേക്കുള്ള വഴിയിൽ സ്ത്രീകൾ അതിരുമല കടക്കാൻ പാടില്ലെന്നാണ് കാണികളുടെ വിശ്വാസം. അഗസ്ത്യമുനി ബ്രഹ്മചാരിയാണെന്നും സ്ത്രീകളുടെ സാന്നിധ്യം അദ്ദേഹത്തിന് അഹിതകരമാണെന്നുമാണ് കാണികളുടെ വിശ്വാസം. അതേസമയം, ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം വനംവകുപ്പ് അഗസ്ത്യാർകൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമലവരെ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവിറക്കി. തുടർച്ചയായ സ്ത്രീകളുടെ ആവശ്യത്തെത്തുടർന്നാണ് വനംവകുപ്പ് ഇത്തരത്തിൽ ഉത്തരവ് ഇറക്കാൻ തയ്യാറായത്. എന്നാൽ, അഗസത്യാർകൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി വിഭാഗം എതിർപ്പുയർത്തിയതോടെ വനം വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അഗസ്ത്യാർകൂട യാത്രയ്ക്ക് ഇത്തവണ മുതൽ സ്ത്രീകൾക്കും വനംവകുപ്പ് അനുമതി നൽകിയിരുന്നു. നിരവധി സ്ത്രീകൾ രജിസ്റ്റർ ചെയ്തിരിക്കെയാണ് എതിർപ്പുമായി കാണി വിഭാഗം രംഗത്തെത്തിയത്.
അതേസമയം പ്രതിഷേധങ്ങളെ ഭയന്ന് പിന്മാറില്ലെന്ന് യുവതികൾ വ്യക്തമാക്കിയിട്ടുണ്ട്. അഗസ്ത്യാർകൂടത്തിലെ സ്ത്രീകളുടെ യാത്രയ്ക്കെതിരെ നേരത്തെ കാണി വിഭാഗം രംഗത്തു വന്നതിനു പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചായിരുന്നു സ്ത്രീകൾക്കും മറ്റ് യാത്രക്കാരെ പോലെ മലകയറാൻ കോടതി അനുമതി നൽകിയത്. ഇതോടെ വനംവകുപ്പും വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാം.

എന്നാൽ സ്ത്രീകൾക്ക് പ്രത്യേക പരിഗണനയൊന്നും ഉണ്ടാകില്ലെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്റെ വനിതാ ഗാർഡുമാർ ഉണ്ടാകുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു. ബേസ് ക്യാമ്പിൽ സ്ത്രീകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്. ട്രക്കിങ്ങിന് സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം അതേപടി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വർഷത്തിൽ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ്.ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാർകൂടത്തിൽ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്.

നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നിൽ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയർന്നിരുന്ന വാദങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകൾ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാർ, തമിഴ്‌നാട്ടിലെ കളക്കാട്, മുണ്ടൻതുറ കടുവസങ്കേതം എന്നീ വനമേഖലകൾ അതിരിടുന്ന പ്രദേശമാണ്.

ട്രക്കിങ് അപകടം പിടിച്ചത്

ഒരുദിവസം പരമാവധി 100 പോരെയാണ് ട്രക്കിങ്ങിന് അനുവദിച്ചിരിക്കുന്നത്. 14 വയസിന് മുകളിലുള്ളവർക്കാണ് ട്രക്കിങ്ങിന് അനുമതി. നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ ട്രക്കിങ്ങിന് പോകാവൂയെന്ന് വനം വകുപ്പ് ശുപാർശ ചെയ്യുന്നുണ്ട്. ആചാരപരമായ കാര്യങ്ങളേക്കാൾ സ്ത്രീകളുടെ സുരക്ഷയാണ് വനംവകുപ്പിനെ അലട്ടുന്നത്. വനത്തിൽ ടൊയ്‌ലറ്റ് സൗകര്യങ്ങൾ അടക്കമുള്ളവ ഉണ്ടാകില്ലെന്ന കാര്യം അവർ ശ്രദ്ധയിൽ പെടുത്തുന്നുണ്ട്. എന്നാൽ, തങ്ങൾക്ക് പ്രത്യേക ടൊയ്‌ലറ്റ് സൗകര്യങ്ങൾ ആവശ്യമില്ലെന്നാണ് വിവിധ വനിതാഗ്രൂപ്പുകൾ പറയുന്നത്.കാട്ടിൽ പുരുഷന്മാർക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങളില്ല. അതുകൊണ്ട് തന്നെ തങ്ങൾക്കും അത്തരം പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ട ആവശ്യമില്ലെന്നും സംഘടനകൾ പറയുന്നു.

തങ്ങൾ ആദിവസികളുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരാധനയല്ല തങ്ങളുടെ ലക്ഷ്യമെന്നും അവർ പറയുന്നു. മല കയറ്റത്തിന് എന്തെങ്കിലും മാനദണ്ഡം പാലിക്കേണ്ടതുണ്ടെങ്കിൽ അത് ശാരീരിക ക്ഷമത മാത്രമായിരിക്കണമെന്ന് പൊലീസ് ഓഫീസറും വിമൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് ഭാരവാഹിയുമായ വിനയ പറയുന്നു. അന്വേഷി (കോഴിക്കോട്), വിമെൻ ഇന്റഗ്രേഷൻ ആൻഡ് ഗ്രോത്ത് ത്രൂ സ്പോർട്സ് (മലപ്പുറം), പെണ്ണൊരുമ (കണ്ണൂർ) തുടങ്ങിയ സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് ദിവസംവരെ വനത്തിലൂടെ യാത്ര ചെയ്താൽ മാത്രമേ അഗസ്ത്യാർകൂടത്തിലെത്താൻ സാധിക്കൂ. ദുർഘടമായ പാതയാണ്

കഴിഞ്ഞ തവണ അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് വനിതാസംഘടനകൾ അഗസ്ത്യാർകൂടം കയറുമെന്ന് പറഞ്ഞിരുങ്കിലും പിൻവാങ്ങുകയായിരുന്നു. എന്നാൽ, എത്തിയാൽ തടയാൻ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ബോണക്കാട് ചെക്ക് പോസ്റ്റിൽ ആദിവാസികൾ സജ്ജരായി എത്തുകയും ചെയ്തു. അഗസ്ത്യാർകൂട സന്ദർശനത്തിന് സ്ത്രീകൾക്കും അവസരം നൽകണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടക്കകുകയും ചെയ്തു. എന്നാൽ, അതിരുമല വരെ പോകാൻ മാത്രമേ കോടതി അനുമതി നൽകിയിരുന്നുള്ളു. അഗസ്ത്യാർ കൂടത്തിന്റെ നെറുകയിലേക്ക് കയറാൻ അനുമതി ലഭിക്കുന്ന അവസ്ഥയിൽ മാത്രമേ തങ്ങൾ അഗസ്ത്യാർകൂടം കയറൂ എന്നായിരുന്നു വനിതാ സംഘടനകളുടെ നിലപാട്. ഏതായാലും ഇത്തവണ കോടതി വിധി അനുകൂലമാണ്. എന്നാൽ, ആദിവാസി മഹാസഭ പ്രതിഷേധവുമായി രംഗത്തെത്തിയത് മലകയറ്റത്തിന് തടസ്സമാകുമോയെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, ആദിവാസി മഹാസഭയ്ക്ക് ബിജെപിയും ആർഎസ്എസും പിന്തുണ നൽകിയേക്കും. സർക്കാരിനെ അടിക്കാനുള്ള വടിയായി ഈ വിഷയം ഉപയോഗിക്കാനായിരിക്കും ബിജെപി ശ്രമിക്കുക. ആദിവാസികളുടെ വിശ്വാസാചാരത്തെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും സൂക്ഷമതയോടെ മാത്രമേ ഇടപെടാൻ കഴിയുകയുള്ളു. എന്നാൽ, ശബരിമല വിധി നടപ്പാക്കാൻ കച്ചകെട്ടിയിറങ്ങിയ സർക്കാരിന് അഗസ്ത്യാർകൂട പ്രവേശനം അനുവദിച്ച കോടതി വിധി കണ്ടില്ലെന്ന് നടിക്കാനുമാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP