Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെപിസിസി ഒന്നു പറയും.. എഐസിസി മറ്റൊന്നു പറയും..! ഭക്തർക്കൊപ്പം എന്നു പറയുമ്പോഴും ഒന്നും ചെയ്യാനുമില്ല; 'ഓർഡിനൻസ് രാജ്' എന്നു മോദിയെ കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി യുവതീ പ്രവേശനത്തിൽ ഓർഡിനൻസ് ആവശ്യപ്പെടില്ലെന്ന നിലപാടിൽ; നിയമ നിർമ്മാണം എന്ന ആവശ്യം കേരള നേതാക്കൾ പറയുമ്പോഴും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും എതിർപ്പ്; സുകുമാരൻ നായരെ പേടിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നിത്തലയും; ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയലാഭം കൊയ്യുമ്പോൾ കാഴ്‌ച്ചക്കാരായി കോൺഗ്രസ്

കെപിസിസി ഒന്നു പറയും.. എഐസിസി മറ്റൊന്നു പറയും..! ഭക്തർക്കൊപ്പം എന്നു പറയുമ്പോഴും ഒന്നും ചെയ്യാനുമില്ല; 'ഓർഡിനൻസ് രാജ്' എന്നു മോദിയെ കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി യുവതീ പ്രവേശനത്തിൽ ഓർഡിനൻസ് ആവശ്യപ്പെടില്ലെന്ന നിലപാടിൽ; നിയമ നിർമ്മാണം എന്ന ആവശ്യം കേരള നേതാക്കൾ പറയുമ്പോഴും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും എതിർപ്പ്; സുകുമാരൻ നായരെ പേടിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നിത്തലയും; ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയലാഭം കൊയ്യുമ്പോൾ കാഴ്‌ച്ചക്കാരായി കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടക്കായ അവസ്ഥ..! അതാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. ഒരു വശത്ത് രാഷ്ടീയ നേട്ടം കൊയ്യാനുള്ള അവസരമായി കണ്ട് ബിജെപി അക്രമ സമരങ്ങളിലൂടെ അടക്കം കളം പിടിക്കുന്നു. മറുവശത്ത് കോൺഗ്രസ് അല്ല എതിരാളികൾ ബിജെപി ആണെന്ന് പറഞ്ഞ് രാഷ്ട്രീയ നേട്ടം കൊയ്ത് സർക്കാറും സിപിഎമ്മും. രണ്ട് തീവ്ര നിലപാടുകാർ രണ്ട് വശത്തു നിന്നു ശബരിമല വിഷയത്തിൽ കളം പിടിക്കുമ്പോൾ കാഴ്‌ച്ചക്കാരായി നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസുകാർ.

നിലവിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലപാട്. ഈ വിഷയത്തിൽ സർക്കാറുമായി തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കയാണ് എൻഎസ്എസ്. അതുകൊണ്ട് സുകുമാരൻ നായരെ പേടിച്ച് കൃത്യമായ നിലപാട് പോലും കൈക്കൊള്ളാൻ ചെന്നിത്തലയ്ക്ക് കഴിയുന്നില്ല. ഭക്തർക്കൊപ്പമാണ് സർക്കാർ എന്നു പറയുമ്പോൾ തന്നെ കോടതി വിധിയെ മാനിക്കുന്നു എന്നും ചെന്നിത്തല പറയുന്നു. അതേസമയം സർക്കാർ അത്യുത്സാഹം കാണിക്കുന്നു എന്നും ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും പറയുന്നു.

യുവതികൾക്ക് പ്രവേശിക്കാം എന്ന വിധി വന്ന വേളയിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ബിജെപിയും ആദ്യം സ്വാഗതം ചെയ്ത ശേഷം പിന്നീട് രാഷ്ട്രീയ സാധ്യത മുന്നിൽ കണ്ട് നിലപാട് തിരുത്തി. ഇതോടെ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി സംസ്ഥാനത്തെ കോൺഗ്രസുകാർ. ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ഈ വിഷയത്തിൽ 'വേണ്ട(ണം)' എന്ന നിലപാടിലാണ്. മതവിഷയം ആയതിനാൽ ഈ വിഷയത്തിൽ അധികം ഇടപെടാൻ ദേശീയ നേതാക്കൾക്ക് താൽപ്പ്‌ര്യമില്ല. ബിജെപി പാതയിൽ നീങ്ങിയാൽ അത് തിരിച്ചടിക്കുമെന്ന ഭയം ഒരു വശത്തുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന കോൺഗ്രസിലെ ഭൂരിപക്ഷം നേതാക്കളും മൗനത്തിലാണ്. ചെന്നിത്തലക്ക് പുറമേ ശിവകുമാർ, കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയവരാണ് യുവതി പ്രവേശനം വേണ്ട എന്ന നിലപാട് കൈക്കൊണ്ടത്. മറ്റ് നേതാക്കൾ തന്ത്രപരമായി മൗനം പാലിക്കുന്നു. അത്രയ്ക്ക് ആശയക്കുഴപ്പം പാർട്ടിലുണ്ട്.

ഭക്തർക്കൊപ്പം എന്നു പറയുമ്പോൾ തന്നെ അവർക്ക് വേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിനും പ്രതിപക്ഷ നേതാവിന് ഉത്തരമില്ല. അതേസമയം മൃദു സമീപനം ഈ വിഷയത്തിൽ സ്വീകരിക്കുമ്പോൾ തീവ്ര നിലപാടിലാണ് ബിജെപി. മറുവശത്ത് യുവതികളെ കയറ്റിയത് നേട്ടമായി തന്നെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും ഉയർത്തിക്കാട്ടുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കോൺഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാടിനെ പിന്തുണക്കണോ എന്ന കാര്യത്തിൽ അടിമുടി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

വിശ്വാസവും ആചാരവും മാറ്റി നിർത്താനാവില്ലെന്നും നിയമ നിർമ്മാണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായും കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സിങ് സുർജ്ജേവാല ഏറ്റവും ഒടുവിൽ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ ആചാരവും വികാരവും പരിഗണിക്കണം. കേരളത്തിലെ അക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രമസമാധാനം നിലനിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. സിപിഎമ്മും ബിജെപിയും ബോംബേറ് നടത്തുന്നു. ഇതിനെല്ലാം സർക്കാർ മൂകസാക്ഷിയാവുകയാണ്. പിണറായി സർക്കാർ മസിൽ പവർ കാണിക്കുകയാണ്. മോദി സർക്കാർ എരിതീയിൽ ഒഴിക്കുകയാണെന്നും സുർജ്ജേവാല പറഞ്ഞു.

ശബരിമല വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരാണ് ദേശീയ നേതൃത്വം എന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധ സൂചകമായി ലോക്‌സഭയിൽ കറുത്ത ബാഡ്ജ് ധരിച്ചെത്തിയ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ സോണിയ ഗാന്ധി ശാസിച്ചു എന്ന തരത്തിലും വാർത്തകളെത്തിയിരുന്നു. അതിനിടെ ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്ന് ആഗ്രഹിക്കുന്നതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറയുകയുകയുണ്ടായി.

'കോൺഗ്രസ് ദേശീയ പാർട്ടിയാണ്. പണ്ടത്തെ പല ആചാരങ്ങളും നീതീകരിക്കപ്പെടുന്നുണ്ടെങ്കിലും ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിലും ഇത്തരം വിധി നടപ്പാക്കുമ്പോൾ താഴേത്തട്ടിലെ യാഥാർത്ഥ്യമുൾക്കൊള്ളണം;' ഖേര പറഞ്ഞു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള സംസ്ഥാന തലത്തിന്റെ പ്രവർത്തനം ഹൈക്കമാന്റിന് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ നിലപാടുകളിലൂടെ വ്യക്തമാക്കുന്നത്.ബുദ്ധിയുള്ള ജനങ്ങൾ ശബരിമലയിൽ യുവതികൾ കയറണമെന്നാണ് ആഗ്രഹിക്കുന്നത്. അവർക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വ്യക്തമാക്കി.

അതേസമയം ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെപിസിസിക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിരുന്നു. ഇതിന് കാരണം പ്രധാനമായും കോൺഗ്രസ് ആവശ്യപ്പെടേണ്ടത് മോദി സർക്കാറിനോടാണ്. രാഹുൽ ഗാന്ധി തന്നെ ഓർഡിനൻസ് രാജ് എന്നു പറഞ്ഞ് മോദിയെയും കേന്ദ്രത്തെയും പരിഹസിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോൺഗ്രസ് നിലകൊള്ളുന്നത് എന്നതിനാൽ ഓർഡിനൻസ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ഈ വിഷയത്തിൽ നിയമ നിർമ്മാണം എന്ന ആആവശ്യത്തിലേക്ക് കോൺഗ്രസ് കടന്നത്.

അതേസയം ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം ശക്തമായിരുന്നു. കോൺഗ്രസോ യു.ഡി.എഫോ തീരുമാനമെടുക്കാതെയാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള എംപിമാർ ഓർഡിനൻസിനായി പ്രധാനമന്ത്രിയെ കാണുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. നാളത്തെ യു.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചക്ക് വരും. ശബരിമല വിഷയം പരിഹരിക്കാനുള്ള വഴി കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തുക മാത്രമാണെന്ന നിലപാടാണ് യു.ഡി.എഫിന് നേരത്തെ തന്നെയുള്ളത്. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ കോൺഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിരുന്നില്ല. ഇതിനിടയിലാണ് യു.ഡി.എഫ് എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എൻ.കെ പ്രമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തില്ലെന്ന് അറിയിച്ചതോടെ ആശയക്കുഴപ്പം പുറത്തുവന്നു. ഓർഡിനൻസിന്റെ കാര്യം ചർച്ചയിലില്ലെന്ന് ഇന്ന് കെ.സി വേണുഗോപാലും വ്യക്തമാക്കി.

അതേസമയം ഈവിഷയം പരമാവധി നേട്ടമാക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ശബരിമല യുവതീ പ്രവേശന വിധിക്കെതിരെയുള്ള റിവ്യൂ ഹർജി സുപ്രീംകോടതി തള്ളിയാൽ കേന്ദ്ര സർക്കാർ ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുമെന്ന് സൂചന. ഇക്കാര്യത്തിൽ കേരളത്തിലെ സംഘപരിവാർ നേതാക്കൾ ബിജെപി - ആർ.എസ്. എസ് കേന്ദ്രനേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തിയതായി അറിയുന്നു. തുടർന്നാണ് വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം ആലോചിക്കുന്നതത്രേ. 22നാണ് സുപ്രീംകോടി റിവ്യൂ ഹർജികൾ പരിഗണിക്കുന്നത്.

യുവതീ പ്രവേശനത്തിനെതിരെ കേരളത്തിൽ നടക്കുന്ന സമരത്തെ പരോക്ഷമായി ന്യായീകരിച്ചുള്ളതായിരുന്നു കഴിഞ്ഞ ദിവസം ഒരു വാർത്താ ഏജൻസിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയ അഭിമുഖത്തിലെ അഭിപ്രായ പ്രകടനം. റിവ്യൂ ഹർജിയിൽ കോടതി വിധി അനുകൂലമാവും എന്ന പ്രതീക്ഷയാണ് കേരളത്തിലെ സംഘപരിവാർ നേതാക്കൾ വച്ചുപുലർത്തുന്നത്. വിധി എതിരാവുകയാണെങ്കിൽ ഓർഡിനൻസ് ഇറക്കാം എന്ന് കേന്ദ്രത്തിൽ നിന്ന് ഇവിടത്തെ നേതാക്കൾക്ക് ഉറപ്പുകിട്ടിയതായും സൂചനയുണ്ട്.

അതേസമയം സാങ്കേതികവും നിയമപരവുമായുള്ള ചില കടമ്പകൾ ഓർഡിനൻസിനുണ്ടാവുമെന്നാണ് ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. അത് മറികടക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്നു എന്നാരോപിച്ച് ഓർഡിനൻസ് കൊണ്ടുവരുന്നതിനെതിരെ ഇടതുപക്ഷം പ്രചാരണം നടത്തുകയാണെങ്കിൽ അതിനെതിരെയും സംഘപരിവാർ രംഗത്തെത്തും. വിശ്വാസികളല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടുവരാൻ വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗിച്ചത് പ്രചരിപ്പിക്കാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP