Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാമാങ്കത്തിന് നൽകിയത് മൂന്ന് മാസത്തെ ഡേറ്റുകൾ; ധ്രുവന് പകരക്കാരനാണോ താനെന്ന് ഇപ്പോഴുമറിയില്ല; സംവിധായകൻ സജീവ് പിള്ള തന്നെ എന്നാണ് കരുതുന്നത്; സത്യമറിയണമെങ്കിൽ ഷൂട്ടിങ് തുടങ്ങണം; 2018 ഒരുപാട് പാഠങ്ങൾ സമ്മാനിച്ച വർഷം; ഇനി ഓരോ ചുവടുവയ്പും ഈ പാഠങ്ങൾ ഉൾക്കൊണ്ടും; 'മാമാങ്കം' സിനിമയെ കുറിച്ചും പ്രതീക്ഷകളും മറുനാടനോട് തുറന്ന് സംവദിച്ച് ഉണ്ണി മുകുന്ദൻ

മാമാങ്കത്തിന് നൽകിയത് മൂന്ന് മാസത്തെ ഡേറ്റുകൾ; ധ്രുവന് പകരക്കാരനാണോ താനെന്ന് ഇപ്പോഴുമറിയില്ല; സംവിധായകൻ സജീവ് പിള്ള തന്നെ എന്നാണ് കരുതുന്നത്; സത്യമറിയണമെങ്കിൽ ഷൂട്ടിങ് തുടങ്ങണം; 2018 ഒരുപാട് പാഠങ്ങൾ സമ്മാനിച്ച വർഷം; ഇനി ഓരോ ചുവടുവയ്പും ഈ പാഠങ്ങൾ ഉൾക്കൊണ്ടും; 'മാമാങ്കം' സിനിമയെ കുറിച്ചും പ്രതീക്ഷകളും മറുനാടനോട് തുറന്ന് സംവദിച്ച് ഉണ്ണി മുകുന്ദൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി; ഇതുവരെ എന്തൊക്കെ സംഭവിച്ചു എന്നെനിക്കറിയില്ല. ഒന്നര വർഷം മുമ്പ് മാനേജർ തലത്തിലുള്ളവർ എന്നേ സമീപിച്ചിരുന്നു.അന്നേ ഡേറ്റ് പ്രശ്നമായിരുന്നു.ഇപ്പോൾ അവർ വീണ്ടും സമീപിച്ചു. സ്‌ക്രിപ്റ്റ് വായിച്ചു. കഥയും കഥാപാത്രവും ഇടഷ്ടപ്പെട്ടു. തുക സംബന്ധിച്ചും ധാരണയായി. മൂന്ന് മാസത്തേ ഡേറ്റും നൽകി. ഇന്നുവരെ എന്റെ അറവിൽ സംവിധായകൻ സജിവ് പിള്ള തന്നെ. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലേ താരനിരയിൽ പങ്കുചേർന്നതിനെക്കുറിച്ചും ചിത്രത്തെക്കുറിച്ചുയർന്ന വിവാദങ്ങളെക്കുറിച്ചും നടൻ ഉണ്ണിമുകുന്ദൻ മറുനാടനോട് പറഞ്ഞത് ഇ്ങ്ങനെയാണ്.

പുതുവർഷത്തിലെ തന്റെ ആദ്യചിത്രം മാമാങ്കമാണെന്നും ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥവും ഏറെ പ്രതീക്ഷ നൽകുന്നതുമാണ് ചിത്രത്തിലെ കഥാപാത്രമെന്നും ഉണ്ണി മുകുന്ദൻ മറുനാടനോട് വ്യക്തമാക്കി. ഫെബ്രുവരിയിൽ ചിത്രീകരണമാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. ഇതിനായി ശാരീരികമായി ചില തയ്യാറെടുപ്പുകളും തുടങ്ങി.മമ്മൂക്കയുമായി ചേർന്ന് അഭിനയിക്കാൻ അവസരം ലഭിച്ചതും ഏറെ സന്തോഷകരമാണ്. ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്ന് വെളിപ്പെടുത്തിയപ്പോൾ പലരും ചോദിച്ചു ധ്രുവന്റെ റോളാണോ ചെയ്യുന്നത്, എന്താ ധ്രുവനെമാറ്റിയത് എന്നൊക്കെ. വാസ്തവത്തിൽ ഇതേക്കുറിച്ചൊന്നും എനിക്കറിയില്ല.

ഇതുവരെ എന്തൊക്കെ ചിത്രീകരിച്ചു എന്ന് ഞാൻ സിനിമയുമായി ബന്ധപ്പെട്ട ആരോടും അന്വേഷിച്ചിട്ടില്ല. അതെക്കുറിച്ച് അറിയാൻ താൽപര്യം തോന്നിയിട്ടുമില്ല. ഏൽപ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുക എന്നതിൽ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത് .അതാണ് എന്റെ രീതി-ഉണ്ണി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ മാറി, മാറുന്നു എന്നിങ്ങിനെയുള്ള വാർത്തകൾ പല മാധ്യമങ്ങളിലും കണ്ടു. ഇതേക്കുറിച്ച് പലരും എന്നോടും ചോദിച്ചു. സിനിമയുമായി ബന്ധപ്പെട്ട് എന്നേ സമീപിച്ചവരാരും അത്തരത്തിലൊരുവിവരം പങ്കുവച്ചിട്ടില്ല. അതുകൊണ്ട് സംവിധായകൻ സജിവ് പിള്ള തന്നെയായിരിക്കുമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. ലൊക്കേഷനിൽ ചെന്നാൽ മാത്രമേ ഇക്കാര്യം നേരിൽ സ്ഥിരീകരിക്കാനാവു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മിഖായേൽ ആണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ജനുവരി 18-ന് റിലീസ് ചെയ്യും. ഇതിൽ വില്ലൻ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്. മുമ്പ് മമ്മൂക്ക നായകനായ മാസ്റ്റർ പീസിലും ലാലേട്ടൻ നായകനായ ജനത ഗാരേജിലും വില്ലൻ വേഷം ചെയ്തിരുന്നത് ശ്രദ്ധിക്കപ്പെട്ടു എന്നാണ് മനസ്സിലായിട്ടുള്ളത്. സ്ഥിരം വേഷങ്ങളിൽ നിന്നുമൊരുമാറ്റം അനുഭവപ്പെടുന്നുണ്ട്. വ്യസ്ത കഥാപാത്രങ്ങൾ എനിക്ക് നൽകാൻ സംവിധായകർ തയ്യാറാവുന്നു. കരിയറിലെ ശുഭസൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. 2018 ഒരുപാട് പാഠങ്ങൾ സമ്മാനിച്ച വർഷമാണ്.ഇനി ഓരോ ചുവടുവയ്പും ഈ പാഠങ്ങൾ ഉൾക്കൊണ്ടാവും-ഉണ്ണി നയം വ്യക്തമാക്കി.

ഫേസ്‌ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദൻ മാമാങ്കം എന്ന ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ആരാധകർ വലിയ തോതിൽ ഇതെല്ലാം ഏറ്റെടുത്ത് ആഘോഷിക്കുമ്പോഴാണ് താൻ ഇപ്പോൾ സിനിമയുടെ ഭാഗമല്ല എന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനയുമായി സംവിധായകൻ സജീവ് പിള്ള രംഗത്ത് വരുന്നത്. പുതുമുഖ സംവിധായകനായി രംഗപ്രവേശം ചെയ്ത സജീവ് പിള്ളക്ക് സിനിമയെക്കുറിച്ച് അടിസ്ഥാനപരമായ അറിവുപോലുമില്ലെന്ന് ആദ്യം മുതൽക്കേ അടക്കിപ്പിടിച്ച സംസാരങ്ങളുണ്ടായിരുന്നു. നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ടെന്നും അടൂർ ഗോപാലകൃഷ്ണന്റെ പ്രധാന സംവിധാന സഹായിയാണെന്നുമുള്ള അവകാശവാദത്തോടെയാണ് നിർമ്മാതാവിനെ സമീപിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടാം ഷെഡ്യൂൾ ഷൂട്ട് തുടങ്ങും മുൻപേ ചിത്രത്തിന്റെ എഡിറ്റർ ഉൾപ്പെടെയുള്ള ചില മുതിർന്ന ടെക്‌നീഷ്യൻസും ആർട്ടിസ്റ്റുകളും സംവിധായകന്റെ പരിചയക്കുറവിനെ കുറിച്ച് പരാതികൾ ഉന്നയിച്ചതായി പരക്കൈ പ്രചാരണം ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ വൻ നഷ്ടം ഒഴിവാക്കി സിനിമയെ രക്ഷിക്കാനും ആഗ്രഹിച്ച നിലവാരത്തിലേക്ക് ഉയർത്താനും പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി ഇടപെട്ടതോടെയാണ് അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതെന്നും പറയപ്പെടുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് ചിത്രത്തെ രക്ഷിക്കാനായി സജീവ് പിള്ളയെ പുറത്താക്കിയെന്നും പകരം പരിചയ സമ്പന്നനായ എം.പത്മകുമാറിനെ സംവിധാന ചുമതല ഏൽപ്പിച്ചതായും ഇപ്പോൾ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.നിർമ്മതാവ് അടക്കമുള്ളവർ ഇത് നിഷേധിച്ചിട്ടുമില്ല.

ദക്ഷിണേന്ത്യ മുഴുവൻ ആരാധകവൃന്ദം ഉള്ള ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം തനിക്കറിയില്ലെന്നു പറഞ്ഞതോടെ മമ്മൂട്ടി ആരാധകർ സജീവിനെതിരെ ശക്തമായ സൈബർ ആക്രമണം അഴിച്ചു വിട്ടിരുന്നു. നേരത്തേ ധ്രുവൻ എന്ന പുതുമുഖ നടനെ നീക്കം ചെയ്തതിനെക്കുറിച്ചും സമാന രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. ധ്രുവന് ഈഗോയാണെന്നും അതായിരിക്കാം മാറ്റിയതെന്നുമായിരുന്നു സജീവ് പിള്ളയുടെ ആദ്യ പ്രതികരണം. തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായെന്നും സജീവ് പിള്ളയെ മാറ്റിയെങ്കിൽ ചിത്രത്തിന്റെ സ്‌കെയിൽ തന്നെ മാറി അന്താരാഷ്ട്ര നിലവാരത്തിലെത്തുമെന്നും മറ്റുമാണ് ഇപ്പോൾ മമ്മൂട്ടി ആരാധാകരുടെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP