Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള 'വൈറൽ വ്യക്തിത്വങ്ങൾ'; 'വൈറൽ 2019' ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർ

ആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള 'വൈറൽ വ്യക്തിത്വങ്ങൾ'; 'വൈറൽ 2019' ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം : അവന്റെ വെളിച്ചം നിങ്ങൾക്ക് വഴികാട്ടിയായി മുൻപേ പോകും എന്ന ബൈബിൾ വചനത്തെ ഓർമ്മിപ്പിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് സംഭവിച്ചത്. ഗതാഗതക്കുരുക്കിൽപെട്ട് മുന്നോട്ട് പോകാൻ കഴിയാതെ കിടന്ന ആംബുലൻസിന് മുന്നിലൂടെ ഓടി മറ്റു വണ്ടികൾ മാറ്റാൻ നിർദ്ദേശം നൽകി വഴിയൊരുക്കിയ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത് കുമാറിനെ പറ്റി മാധ്യമങ്ങളിൽ വാർത്ത വായിച്ചവർക്ക് രോമാഞ്ചവും കണ്ണിൽ അൽപം കണ്ണീരൂം ഉണ്ടായിട്ടുണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ ആ അനുഭവം തിയേറ്ററിൽ കൂടി ലഭിക്കുമെന്ന കാര്യം കൂടി അറിഞ്ഞോളൂ. അതെ സാഹസികമായി ജീവൻ രക്ഷിക്കാൻ രഞ്ജിത് ഓടിയ ഓട്ടം ഇപ്പോൾ വെള്ളിത്തിരയിലാണ് ചെന്നു നിൽക്കുന്നത്.  വൈറൽ 2019 എന്ന മലയാള ചിത്രത്തിലുടെയാണ് രഞ്ജിത്ത് കുമാർ പ്രേക്ഷക ഹൃദയങ്ങളിലും കയറിക്കൂടാൻ പോകുന്നത്.

ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ നൗഷാദ് ആലത്തൂരാണ് വൈറൽ 2019 നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ സംഭവങ്ങളെയും കഥാപാത്രങ്ങളെയും അണിനിരത്തിയാണ് വൈറൽ 2019 ഒരുങ്ങുന്നത്. ജീവിക്കാനായി മീൻ വിൽക്കേണ്ടി വന്ന ഹനാനെയാണ് ചിത്രത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത്. സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കേണ്ട ദിവസത്തിന്റെ തലേന്ന് അപകടത്തിൽ കാലൊടിഞ്ഞ സൗഭാഗ്യ എന്ന പ്ലസ് വൺകാരിയും ജന്മനാ രണ്ടു കൈകളുമില്ലാത്ത, കാലുകൾകൊണ്ട് ചിത്രം വരച്ച് ഗാനം ആലപിച്ച് വൈറലായി മാറിയ പ്രണവ്, പട്ടുറുമാൽ പരിപാടിയിലൂടെ ശ്രദ്ധേയയായ ഹസ്ന, കമൽഹാസൻ നേരിട്ട് അഭിനന്ദിച്ച ഉണ്ണി ആർ എന്ന ഗായകൻ എന്നിവരേയും ചിത്രത്തിലേക്ക് തിരഞ്ഞെടുത്തിരുന്നു.

ഇവരെ കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ നിരവധി പേർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിലുണ്ട്.എട്ട് നവാഗത സംവിധായകർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരെയും തിരക്കഥാകൃത്തിനേയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്.

ജീവനായി ജീവൻ പണയം വച്ച ഒരു കിലോമീറ്റർ ഓട്ടം

ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസ് കോട്ടയം ടൗണിന് മുന്നിൽ വച്ചാണ് ട്രാഫിക് ബ്ലോക്കിൽ പെട്ടത്. മുന്നോട്ട് പോകാൻ ഒരു ഇഞ്ച് സ്ഥലം പോലും ഇല്ലാത്ത തരത്തിൽ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴാണ് രക്ഷകനെപ്പോലെ ആ പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കാൻ അവതരിച്ചത്.

ആംബുലൻസിന് മുന്നിൽ ഒരുകിലോമീറ്ററോളം ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരൻ ആംബുലൻസിന് വഴിയൊരുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായി. ആംബുലൻസിലുണ്ടായിരുന്നവർ തന്നെയാണ് ഈ വിഡിയോ പകർത്തി സോഷ്യൽ മീഡിയ പങ്കുവച്ചത്. ആ പൊലീസുകാരൻ ആരെന്ന് തേടിയും വീഡിയോയ്ക്ക് താഴെ അന്വേഷണം എത്തി.വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത് രാധാകൃഷ്ണൻ ആയിരുന്നു വീഡിയോയിലെ ആ താരം. എന്നാൽ അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോഴും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നു പറഞ്ഞ് പുഞ്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന 34കാരൻ.

കോട്ടയം എ.ആർ. ക്യാമ്പിലെ സി.പി.ഒ ആയ രഞ്ജിത്തിന് ഏറ്റുമാനൂർ സ്റ്റേഷനിലെ ഹൈവേ പൊലീസിന്റെ വാഹനത്തിലായിരുന്നു അന്ന് ഡ്യൂട്ടി. കോട്ടയം ടൗണിന് മുൻപ് ബി.എസ്.എൻ.എ. ഓഫീസിന് മുന്നിൽ വച്ചായിരുന്നു ആംബുലൻസ് ബ്ലോക്കിൽ പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു. പതിവായി ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലമാണ്. വാഹനങ്ങളുടെ നീണ്ട നിര കാരണം മുന്നോട്ട് ഓടി വാഹനങ്ങളെ മാറ്റി വഴിയൊരുക്കാനേ പറ്റുമായിരുന്നുള്ളൂ. അങ്ങനെയാണ് ആംബുലൻസിന് മുന്നിൽ ഓടി വാഹനങ്ങളെ മാറ്റേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു.

ആംബുലൻസിൽ ഡ്രൈവർ അഫ്സൽ ഉസ്മാനും നഴ്സ് ശ്യാമും സഹായിയും അഫ്സലിന്റെ സഹോദരനുമായ മുഹമ്മദ് ആഷിക്കുമാണ് ഉണ്ടായിരുന്നത്. ആഷിക്കാണ് വീഡിയോ എടുത്ത് ഫേസ്‌ബുക്കിൽ ഇട്ടത്. തങ്ങളെ സഹായിച്ച പൊലീസുകാരന് ആഷിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.തന്റെ ജോലിയോടും ആംബുലൻസിലുണ്ടായിരുന്ന രോഗിയോടും രഞ്ജിത്ത് കാണിച്ച ആത്മാർഥതയ്ക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP