Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി.കെ.കുഞ്ഞാലിക്കുട്ടി വിരട്ടി; യൂത്ത് ലീഗ് മൗനം പാലിച്ചു; യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അണികൾ രംഗത്ത്; ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം

പി.കെ.കുഞ്ഞാലിക്കുട്ടി വിരട്ടി; യൂത്ത് ലീഗ് മൗനം പാലിച്ചു; യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അണികൾ രംഗത്ത്; ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം

ടി.പി.ഹബീബ്

കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ കല്യാണത്തിൽ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ പാർട്ടി നടപടി താൽക്കാലികമായി അവസാനിപ്പിച്ചപ്പോൾ ഗ്രേഡ് ഉയർത്തി പാണക്കാട് കുടുംബം ലീഗ് രാഷ്ട്രീയത്തിൽ കൂടുതൽ തിളക്കമുള്ളതായി. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് നിലപാട് കൊണ്ട് വീണ്ടും ലീഗ് രാഷ്ട്രീയത്തിൽ മിന്നി തിളങ്ങിയത്.പാർട്ടിയുടെ അവസാന വാക്കും നിലപാടും പാണക്കാട് തങ്ങൾ സ്വീകരിക്കുമെന്ന് വിശദീകരിക്കുമ്പോൾ തന്നെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ തെറ്റുകൾ തെറ്റായി വിളിച്ചു പറയുമെന്നുള്ള ശക്തമായ മുന്നറിപ്പാണ് പാണക്കാട് കുടുംബം കുഞ്ഞാലിക്കുട്ടിക്ക് നൽകിയത്. 

പ്രശ്നത്തിൽ സജീവവും സക്രിയവുമായി നിലകൊണ്ട പാണക്കാട് തങ്ങൾക്ക് നല്ല മൈലേജ് കിട്ടിയപ്പോൾ സംസ്ഥാന യൂത്ത് ലീഗ് നേതാക്കൾ എട്ട് നിലയിൽ പൊട്ടി തകരുന്ന കാഴ്ചയാണ് കണ്ടത്.പ്രശ്നം ചർച്ച ചെയ്യാനായി വിവിധ ചാനലുകാർ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അടക്കമുള്ള യൂത്ത് ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടങ്കിലും ഫോൺ പോലും എടുക്കാൻ തയ്യാറായില്ല.യുവജനയാത്രയിൽ കെ.ടി.ജലീലിനെതിരെ ജില്ലാ കേന്ദ്രങ്ങളിലെ പ്രസ് ക്ലബ്ബ് ഓഫീസുകളിൽ പത്രസമ്മേളനം വിളിക്കാൻ ഏറെ സമയം കണ്ടെത്തിയ ഫിറോസ് സ്വന്തം പാർട്ടിയിലെ തെറ്റിനെതിരെ പ്രതികരിക്കാൻ ധൈര്യമുണ്ടായിരിന്നില്ലെന്നാണ് അണികൾ വിശദീകരിക്കുന്നത്.കെ.ടി.ജെലീലിനെതിരെ മാത്രം പത്തിലതികം പത്രസമ്മേളനങ്ങളാണ് ഫിറോസ് വിളിച്ചു കൂട്ടിയത്.

ധൈര്യമുള്ള യൂത്ത് ലീഗ് എന്നതിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ കാണുമ്പോൾ മുട്ട് വിറക്കുന്ന യൂത്ത് ലീഗ് എന്ന നിലയിലേക്ക് എത്തുന്ന കാഴ്ചയാണ് പ്രവർത്തകർ കണ്ടത്. പാർലമെന്റിൽ നിന്നും മുങ്ങിയ വാർത്ത 'മറുനാടൻ മലയാളി' വാർത്തയാക്കിയതോടെയാണ് സംഭവം കൂടുതൽ ചർച്ചയായത്.എന്നാൽ പാർട്ടി തലത്തിൽ പ്രശ്നം ഒരുക്കാനുള്ള ശ്രമം കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. കുറേയേറെ മാധ്യമ പ്രവർത്തകരുമായി കുഞ്ഞാലിക്കുട്ടിയുടെ ഇതിനിടെ ബസപ്പെട്ടിരുന്നു.കൂടുതൽ വാർത്തകൾ വരാതിരിക്കാനുള്ള ശ്രമമായിരുന്നു കുഞ്ഞാലിക്കുട്ടി നടത്തിയത്.

സംസ്ഥാന യൂത്ത് ലീഗിലെ പ്രധാന ഭാരവാഹികളോട് ഭീഷണി സ്വരത്തിലാണ് കുഞ്ഞാലിക്കുട്ടി സംസാരിച്ചത്.പ്രശ്നത്തിൽ തനിക്ക് അനുകൂലമായി സംസാരിക്കാനായിരുന്നു ആദ്യ നിർദ്ദേശം.എന്നാൽ സോഷ്യൽ മീഡിയ കുഞ്ഞാലിക്കുട്ടിയെ കൊന്ന് കൊലവിളിച്ചതോടെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി രംഗത്ത് എത്തുന്നത് അണികളുടെ ശക്തമായ പ്രതിഷേധത്തിന് ഇടവരുത്തുമെന്ന അറിവും തിരിച്ചറിവും യൂത്ത് ലീഗ് നേതാക്കൾക്കുണ്ടായി. അതോടെയാണ് തികഞ്ഞ മൗനം പാലിക്കാൻ സംസ്ഥാന യൂത്ത് ലീഗ് നേതാക്കൾ തയ്യാറായത്. യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അടിയന്തിരമായി യോഗം ചേർന്ന് കുഞ്ഞാലിക്കുട്ടി വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്ന് ആവിശ്യപ്പെട്ടിരുന്നു.എന്നാൽ വാട്സ് അപ്പിലെ ചർച്ചകളോട് പ്രതികരിക്കാൻ ഫിറോസും നജീബും തയ്യാറായില്ല.ചില നേതാക്കളോട് പേഴ്സണൽ മെസേജ് വഴി ഇപ്പോൾ ഒന്നും പറയാതിരിക്കലാണ് ബുദ്ധി എന്ന് ഉപദേശിക്കുകയായിരുന്നു. പ്രശ്നം ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർക്കാൻ പോലും യൂത്ത് ലീഗ് നേതാക്കൾ നേതാക്കൾ തയ്യാറായിട്ടില്ല.

നേരത്തെ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ചില തീരുമാനങ്ങൾക്കെതിരെ യൂത്ത് ലീഗ് രംഗത്തിറങ്ങിയ ചരിത്ര മുഹൂർത്തങ്ങളാണ് യൂത്ത് ലീഗുകാർ ഓർക്കുന്നത്.മുടിചൂടാ മന്നനായ സി.എച്ചിനെതിരെ അന്നത്തെ യൂത്ത് ലീഗ് നേതാവായ കെ.പി.എ.മജീദ്സാഹിബ് രംഗത്തെത്തിയത് അവർ ആവേശപൂർവ്വം ഓർക്കുന്നു.ആണവക്കരാർ വിഷയത്തിൽ ലീഗ് നിലപാടിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു.എം.കെ.മുനീർ,സി.മമ്മൂട്ടി അടക്കമുള്ള യൂത്ത് ലീഗ് നേതാക്കൾ ലീഗിന്റെ നേത്യ പദവിയിലേക്കെത്തിയത് ലീഗ് നേത്യത്വത്തിന്റെ തെറ്റുകൾക്കെതിരെ പടപൊരുതി തന്നെയാണ്.

വിശ്വപ്രസിദ്ധ കോട്ടക്കൽ സമ്മേളനത്തിൽ 'സ്തുതിപാടകരാണ് മുസ്ലിം ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ചതെന്ന് ' കെ.എം.ഷാജി വിളിച്ചു പറഞ്ഞത് അന്നത്തെ ലീഗിന്റെ ചരിത്ര പുസ്തകത്തിൽ സ്വർണലിപികളാൽ എഴുതപ്പെട്ടതാണ്.അന്ന് പാണക്കാട് സാദിഖലി തങ്ങൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും കെ.എം.ഷാജി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു.തങ്ങളെ മുൻനിർത്തിയായിരുന്നു യൂത്ത് ലീഗ് അന്ന് പോരാട്ടം നടത്തിയത്.അന്തസ്സുള്ള യൂത്ത് ലീഗ് നേതാക്കളെ തങ്ങൾക്ക് എന്ന് ലഭിക്കുമെന്ന് എഫ്.ബിയിൽ ചോദിച്ച നിരവധി യൂത്ത് ലീഗ് പ്രവർത്തകരുണ്ട്.

ഫിറോസിനെയും നജീബിനെയും നേരിൽ വിളിച്ച് ചോദിച്ച പ്രവർത്തകർക്ക് ലഭിച്ച മറുപടി നിരാശാജനകമായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.സന്നിഗ്ധ ഘട്ടത്തിലും നീതിയും നിലപാടും പ്രഖ്യാപിക്കാതെ കുഞ്ഞാലിക്കുട്ടിയുടെ 'ഇഷ്ടത്തിന്' മൽസരിക്കുന്ന ചില നേതാക്കളെ കുറിച്ചാണ് പ്രവർത്തകർ ചർച്ച ചെയ്യുന്നത്.ഇന്നത്തെ യൂത്ത് ലീഗിനും അതേ അവസ്ഥ വന്നിട്ടും പി.കെ.ഫിറോസ് കുന്തം വിഴുങ്ങി നിൽക്കുന്നുവെന്നാണ് അണികൾ വിശദീകരിക്കുന്നത്.

കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.ബാബുമോന്റെ എഫ.ബി.പേജിൽ വന്ന കുറിപ്പ് യൂത്ത് ലീഗിന്റെ നേതാക്കളുടെ പ്രതിഷേധത്തിന്റെ ശക്തി എത്രമാത്രമെന്ന് വിളിച്ചു പറയുന്നതാണ്.പാർലിമെന്റ് സമ്മേളനത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ 80 ശതമാനം ഹാജറും കുഞ്ഞാലിക്കുട്ടിക്ക് 44 ശതമാനം ഹാജറുമാകുന്ന കഥയുടെ ഭീകരത ധൈര്യ സമേതം വിളിച്ചു പറഞ്ഞ ബാബുവിന്റെ വാക്കുകൾ യൂത്ത് ലീഗിന്റെ ധൈര്യത്തെയാണ് വരച്ചു കാണിക്കുന്നത്.എന്നാൽ അതിന്റെ ഏഴയലത്ത് പോലും സംസ്ഥാന നേതാക്കൾ എത്തിയില്ലെന്നതാണ് പ്രവർത്തകരെ നിരാശരാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP