Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതുവർഷം ബ്രിട്ടനിലെ മലയാളി പ്രവാസി ജീവിതങ്ങൾക്ക് സമ്മാനിക്കുന്നത് ആശങ്കകൾ മാത്രം; പ്രതീക്ഷകൾക്ക് പോലും വില നൽകേണ്ടി വരുന്ന കാലം; കടന്നു വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത മുഖം; ജോലി ഇല്ലാതാകാൻ ഒരു കാരണം കൂടി; ബ്രെക്‌സിറ്റ് എത്തുന്നതോടെ ഇടി വെട്ടിയവനെ പാമ്പും കടിക്കുന്ന അവസ്ഥ ആകുമെന്ന് കടുത്ത ആശങ്ക

പുതുവർഷം ബ്രിട്ടനിലെ മലയാളി പ്രവാസി ജീവിതങ്ങൾക്ക് സമ്മാനിക്കുന്നത് ആശങ്കകൾ മാത്രം; പ്രതീക്ഷകൾക്ക് പോലും വില നൽകേണ്ടി വരുന്ന കാലം; കടന്നു വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ കറുത്ത മുഖം; ജോലി ഇല്ലാതാകാൻ ഒരു കാരണം കൂടി; ബ്രെക്‌സിറ്റ് എത്തുന്നതോടെ ഇടി വെട്ടിയവനെ പാമ്പും കടിക്കുന്ന അവസ്ഥ ആകുമെന്ന് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: പുതുവർഷം എത്തുമ്പോൾ പ്രതീക്ഷകൾ സമ്മാനിക്കുന്ന വാർത്തകൾ കാത്തിരിക്കുന്നവർക്കായി അത്ര ശുഭകരം അല്ലാത്ത വാർത്തകളാണ് ബ്രിട്ടന്റെ സാമ്പത്തിക ലോകം സമ്മാനിക്കുന്നത്. ബ്രെക്‌സിറ്റ് സംഭവിക്കുന്ന വർഷം എന്ന നിലയിൽ 2019 മുൻപേ തന്നെ ശുഭ വിശ്വാസികളുടെ കരിമ്പട്ടികയിൽ ഇടം പിടിച്ചതാണെങ്കിലും കൂടുതൽ ഭയാനകമായ വാർത്തകളാണ് പുതുവർഷത്തിൽ പുറത്തു വരിക എന്ന ഭീതിയും വളരുകയാണ്.

ഓരോ പത്തു വർഷത്തിനിടയിൽ ഒരിക്കൽ സംഭവിച്ചിരിക്കണം എന്ന് പ്രമാണമുള്ളതു പോലെ മറ്റൊരു സാമ്പത്തിക മാന്ദ്യം കൂടി ബ്രിട്ടനെ തേടി എത്തുകയാണ് എന്ന ദുഃഖസൂചനകളാണ് ഇപ്പോൾ എവിടെയും. ഇടി വെട്ടിയവനെ പാമ്പു കടിച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ സത്യമായി വരികയാണ് ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം പുതുവർഷത്തിൽ. അതായതു രക്ഷപെടാൻ ഉള്ള ചെറു സാധ്യത പോലും അവശേഷിപ്പിച്ചാകും ബ്രക്‌സിറ്റിനു ഒപ്പം എത്തുന്ന സാമ്പത്തിക മാന്ദ്യം രാജ്യത്തെ കൊണ്ടെത്തിക്കുക എന്നാണ് പൊതുവെയുള്ള നിരീക്ഷണം.

മാർച്ചിൽ ബ്രക്‌സിറ്റ് ഒരു സത്യമായി ബ്രിട്ടീഷ് ജനതയുടെ മുന്നിൽ എത്തുകയും വ്യാപാര വാണിജ്യ മേഖല അതിന്റെ തിക്തത അനുഭവിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെയാണ് കൂനിന്മേൽ കുരുവായി സാമ്പത്തിക മാന്ദ്യം കൂടി എത്തുന്നു എന്ന സൂചനകൾ പുറത്തെത്തിയത്. കൃത്യമായ ഇടവേളകളിൽ ഓരോ സാമ്പത്തിക മാന്ദ്യം സംഭവിച്ചിരിക്കും എന്ന പ്രവചനം അടിസ്ഥാനമാക്കിയാണ് 2019 നെ മാന്ദ്യ വർഷമായും കണക്കിലെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടു പത്തു വർഷം പിന്നിട്ടിരിക്കുന്നു എന്നതാണ് ഇതിനു മതിയായ കാരണമായി സാമ്പത്തിക മേഖല ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ചിന്തിക്കാൻ കാരണമായ രോഗലക്ഷണങ്ങൾ പലതും ഇതിനകം സമ്പദ് രംഗം പ്രകടിപ്പിച്ചു കഴിഞ്ഞു എന്നതും വിദഗ്ധരുടെ നിരീക്ഷണങ്ങൾക്ക് അടിസ്ഥാനമാകുകയാണ്.

ഏറ്റവും ഒടുവിൽ സംഭവിച്ച സാമ്പത്തിക മാന്ദ്യം 2008ലായിരുന്നു എന്നതാണ് 2019നെ വില്ലനാക്കി മാറ്റുന്നത്. ഏവരും രാജ്യം കടന്നു പോകുന്ന 2018ൽ മാന്ദ്യം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും പലവട്ടം തലകുത്തിയ സമ്പദ് രംഗം ഒടുവിൽ തലനാരിഴക്ക് രക്ഷപ്പെടുക ആയിരുന്നു. ഒരു പ്രകൃതി ദുരന്തം സംഭവിച്ചാൽ എന്നതിനേക്കാൾ ഭീകരമാണ് സാമ്പത്തിക മാന്ദ്യം സമ്പദ് വ്യവസ്ഥക്ക് ഏൽപ്പിക്കുന്ന പരുക്കുകൾ. അതിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന കമ്പനികൾ പോലും ആവശ്യത്തിന് ഓർഡർ ലഭിക്കാതെ പൂട്ടേണ്ട സാഹചര്യം, ഇതുവഴിയുള്ള തൊഴിൽ നഷ്ടങ്ങൾ, പ്രവർത്തന മുരടിപ്പ് നേരിട്ട സ്ഥാപനങ്ങളുടെ സ്വാഭാവിക അന്ത്യശ്വാസം തുടങ്ങി ഒട്ടേറെ ദുർനിമിത്തങ്ങളാണ് ഓരോ മാന്ദ്യവും ജനതയ്ക്കു സമ്മാനിക്കുക. പലർക്കും വർഷങ്ങളോളം തൊഴിൽ ചെയ്ത മേഖല തന്നെ വിഷമത്തോടെ ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യും. സർക്കാരുകൾക്കും മറ്റും മാന്ദ്യത്തെ ചെറുക്കാനും പരിധിയുണ്ട് എന്നതാണ് സത്യവും.

മറ്റു സമ്പദ് വിശകലനത്തെക്കാൾ ശക്തമായും വ്യക്തമായും പറയാൻ കഴിയുന്നതാണ് മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പ്. അതിനാൽ ഓരോ മാന്ദ്യവും എത്തുമ്പോൾ ഉള്ള മുന്നറിയിപ്പുകൾ സാമ്പത്തിക ലോകം കിടിലത്തോടെയാണ് വീക്ഷിക്കുക. കഴിഞ്ഞ തവണ ഉണ്ടായ മാന്ദ്യത്തിൽ ഇന്ത്യയും ഉൾപ്പെടുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് മാന്ദ്യത്തിൽ പെടാതെ ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ഇങ്ങനെ സംഭവിക്കുക വളരെ വിരളമാണ് താനും. എന്നാൽ ബ്രിട്ടനാകട്ടെ നീണ്ട പത്തുവർഷത്തോളം സമയമെടുത്താണ് കഴിഞ്ഞ മാന്ദ്യത്തിൽ നിന്നു രക്ഷപ്പെട്ടതും. ഒന്നിൽ നിന്നു രക്ഷപ്പെട്ടെത്തുമ്പോഴേക്ക് അടുത്തതു കടന്നു വരുന്നു എന്നതും മാന്ദ്യം സംബന്ധിച്ച പ്രധാന വസ്തുതയാണ്. ജീവനക്കാരേക്കാൾ ഓരോ മാന്ദ്യവും തകർക്കുന്നത് നിക്ഷേപകരെയാണ്. ചിലർക്കൊക്കെ ജീവിത സമ്പാദ്യം അപ്പാടെ ഒലിച്ചു പോകുന്നതും മാന്ദ്യ കാലത്തു കാണേണ്ടി വരും.

രണ്ടാം ലോക യുദ്ധ ശേഷം ബ്രിട്ടൻ കാണേണ്ടി വന്ന ഏറ്റവും ശക്തമായ മാന്ദ്യമാണ് കഴിഞ്ഞ തവണ സംഭവിച്ചത്. രാജ്യത്തിന്റെ വളർച്ച നിരക്ക് പിന്നോട്ടടിക്കുകയും അതിന്റെ രൂക്ഷത നീണ്ട കാലം സമ്പദ് രംഗത്തെ വേട്ടയാടുകയും ചെയ്തു. ഇതിന്റെയൊക്കെ പരിണത ഫലം എന്ന നിലയിൽ പുതുവർഷത്തിൽ ബ്രിട്ടീഷ് സമ്പദ് രംഗം ആദ്യ അഞ്ചിൽ നിന്നും ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ഇന്ത്യ ഇടിച്ചു കയറി അഞ്ചാം സ്ഥാനം ഉറപ്പിക്കുമ്പോൾ ഏഴിൽ നിന്നും ആറിലേക്കു കയറി ബ്രിട്ടനെ ഒരു പടി കൂടി പിന്തള്ളാൻ ഫ്രാൻസാണ് രംഗത്തുള്ളത്. അമേരിക്കയും ചൈനയും ജപ്പാനും ജർമനിയും ആദ്യ നാല് സ്ഥാനങ്ങളിൽ ഇളക്കമില്ലാതെ തുടരുകയും ചെയ്യും.

ബ്രിട്ടന്റെ മുൻ മാന്ദ്യ വർഷങ്ങൾ പ്രത്യക്ഷപ്പെട്ടത് 70 കളുടെ മധ്യവും 80 കളുടെ തുടക്കവുമാണ്. വീണ്ടും തൊണ്ണൂറുകളുടെ തുടക്കവും 2000ന്റെ ഒടുക്കവും മാന്ദ്യം പരീക്ഷിക്കപ്പെട്ടു. കൃത്യമായ ഇടവേളകൾ കാത്തു സൂക്ഷിക്കുന്ന മാന്ദ്യം മുടക്കമില്ലാതെ എത്തും എന്നത് മാത്രമാണ് കൂടുതൽ വസ്തുതാപരം. പുതിയ മാന്ദ്യം പടിവാതിൽക്കൽ എന്ന നിഗമനത്തിനു ആദ്യ കാരണമായി മാറുന്നത് ഇക്കഴിഞ്ഞ ക്രിസ്മസാണ്. ബോക്‌സിങ് ദിനത്തിൽ റെക്കോർഡ് കച്ചവടം പ്രതീക്ഷിച്ചെങ്കിലും തുടർച്ചയായ മൂന്നാം വർഷവും ബോക്‌സിങ് ഡേ കച്ചവടം നിരാശപ്പെടുത്തിയപ്പോൾ വിപണി മാന്ദ്യത്തിന്റെ വരവ് കൂടിയാണ് ഉറപ്പിച്ചത്. പണപ്പെരുപ്പം കൂടി വിലക്കയറ്റം സർവ്വസാധാരണമാകുമ്പോൾ ജനം കടകളിൽ നിന്നകന്നു പണം മിച്ചം പിടിക്കാൻ നിർബന്ധിതരാകും. മാന്ദ്യത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നും ഇതാണ്.

നിസാര വിലയ്ക്ക് ലഭിച്ചിരുന്ന സാധനങ്ങൾ പോലും ഇരട്ടി വില നൽകേണ്ടി വരുന്ന സാഹചര്യമാണ് മാന്ദ്യത്തെ ഓർമ്മപ്പെടുത്തുന്നത്. ബ്രിട്ടനിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഇന്ധനം, തുടങ്ങി സർവ്വതും ഇപ്പോൾ വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഇതുവഴി ജനത്തിന്റെ പോക്കറ്റ് അനുദിനം കാലിയാകുകയാണ്. കടകളിൽ പോകാൻ പോലും ജനം ഭയപ്പെടുകയാണ്. പണം കിട്ടുന്നതറിയാതെ ചെലവായി പോകുന്ന വഴിയറിയാതെ ജനം അന്ധാളിക്കുമ്പോഴാണ് മായാജാലക്കാരനെ പോലെ മാന്ദ്യം ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെടുന്നതും. ബ്രിട്ടീഷ് വിപണിയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന വീട് വിൽപ്പനയും കാർ വിൽപ്പനയും സമാനതകൾ ഇല്ലാത്ത വിധം കുറഞ്ഞിരിക്കുകയാണ്. പലിശ നിരക്ക് കുറഞ്ഞിട്ടും വീട് വിൽപ്പനയിൽ മാന്ദ്യ ലക്ഷണം ഉണ്ടായതോടെ ഇത് സർവ മേഖലയിലും വ്യാപിക്കും എന്നുമുറപ്പാണ്.

ഇതോടൊപ്പം ഓഹരി വിപണി കൂപ്പു കുത്തുന്നതും പ്രകടമായ രോഗ ലക്ഷണം തന്നെയാണ്. മാസങ്ങളായി ഓഹരി വിപണി അശുഭ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസമായി ലണ്ടൻ വിപണി ഏറ്റവും താഴ്ന്ന സൂചികയിലാണ് വിപണനം നടക്കുന്നത്. പലിശ നിരക്ക് കൂട്ടാനുള്ള കേന്ദ്ര ബാങ്കിന്റെ സൂചനകളും മാന്ദ്യത്തിനു തന്നെയാണ് സൂചനയായി മാറുന്നത്. തിടുക്കത്തിൽ വീണ്ടും പലിശ നിരക്ക് കൂട്ടിലെങ്കിലും മാന്ദ്യം സംഭവിച്ചാൽ കേന്ദ്ര ബാങ്ക് മറിച്ചു തീരുമാനം എടുക്കുമോ എന്ന ഭയവും അസ്ഥാനത്തല്ല. അമേരിക്കയും ചൈനയും തമ്മിൽ ഉള്ള ശീതസമരം ശക്തമായാൽ യുകെ പോലുള്ള രാജ്യങ്ങൾ ആയിരിക്കും തിക്തത കൂടുതൽ അനുഭവിക്കേണ്ടി വരിക. ഇതും മാന്ദ്യത്തിന്റെ തീച്ചൂളയിൽ കൂടുതൽ കനൽ കത്തിക്കാൻ കാരണമായി തീരുകയും ചെയ്യും. യൂറോ സോണിലെ മറ്റു രണ്ടു ശക്തികളായ ജർമനിയും ഇറ്റലിയും കടന്നുപോകുന്ന വർഷത്തിന്റെ മൂന്നാം പാദത്തിൽ ആഗോള ഡിമാന്റിൽ നേരിട്ട മന്ദത സംബന്ധിച്ച സൂചനയും മറ്റൊരു മാന്ദ്യകാലം അടുത്താണ് എന്ന് കൂടിയാണ് ഓർമ്മിപ്പിക്കുന്നത്.

രാഷ്ട്രീയമായി തെരേസയും എതിരാളി കോർബിനും നേരിടുന്ന ബലക്ഷയവും മാന്ദ്യത്തിനു മതിയായ കാരണമായി തീരും. ദുർബലമായ രാഷ്ട്രീയ സാഹചര്യങ്ങൾ മാന്ദ്യത്തെ മാടി വിളിക്കുന്ന പ്രധാന ഘടകം കൂടിയാണ്. നിക്ഷേപ രംഗത്ത് ബ്രക്‌സിറ്റ് ഭീതിയിൽ അന്താരാഷ്ട്ര കമ്പനികൾ മടിച്ചു നിൽക്കുന്നതാണ് മറ്റൊരു പ്രധാന ഭീക്ഷണി. റിസ്‌ക് എടുക്കാൻ ആരും മടിക്കും എന്നതിനാൽ ഈ മടിച്ചു മാറൽ ബ്രക്‌സിറ്റ് രൂക്ഷത തീരും വരെ നിലനിൽക്കും എന്നുമുറപ്പാണ്. ഏറ്റവും ഒടുവിലായി ബ്രക്‌സിറ്റ് സംഭവിക്കുന്ന വർഷം എന്ന നിലയിൽ അകലെക്കൂടി പോകുന്ന മാന്ദ്യത്തെ പോലും അരികിലേക്ക് കൂട്ടി ചേർക്കും എന്ന ദുർവിധിയും 2019 സമ്മാനിക്കും എന്ന ആശങ്കയും വിദഗ്ദ്ധർ പങ്കിടുന്നു. ഇത്തരത്തിൽ ഒരു മാന്ദ്യം അരികിലെത്താതിരിക്കാൻ ഒരു കാരണവും മുന്നിൽ ബാക്കിയില്ല എന്നതാണ് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പുതുവർഷത്തിൽ ആശങ്ക സമ്മാനിക്കുന്ന വാർത്തയായി മാറുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP