Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തടിയൂരാനായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങൾ; ചന്ദ്രിക ഗവേണിങ് ബോർഡ് യോഗത്തിൽ ഇരുന്നത് അഞ്ച് മിനുട്ട് മാത്രം; യോഗം കടവ് റിസോർട്ടിൽ തന്നെ ചേർന്നത് മുൻനിശ്ചയിച്ച പ്രകാരം രവി പിള്ളയെ കാണാൻ; മുത്തലാഖ് ബില്ലിലെ ചർച്ചക്ക് നിൽക്കാതെ മുങ്ങിയ ലീഗ് എംപി പ്രവാസി വ്യവസായിയുമായി മണിക്കൂറുകൾ സംസാരിച്ചു; അഖിലേന്ത്യാ നേതാവായിട്ടും സംസ്ഥാനത്തെ കാര്യങ്ങൾ നോക്കേണ്ടി വരുന്നത് വലിയ കഷ്ടപ്പാടെന്ന് പറഞ്ഞതിൽ നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പ്

തടിയൂരാനായി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതെല്ലാം പച്ചക്കള്ളങ്ങൾ; ചന്ദ്രിക ഗവേണിങ് ബോർഡ് യോഗത്തിൽ ഇരുന്നത് അഞ്ച് മിനുട്ട് മാത്രം; യോഗം കടവ് റിസോർട്ടിൽ തന്നെ ചേർന്നത് മുൻനിശ്ചയിച്ച പ്രകാരം രവി പിള്ളയെ കാണാൻ; മുത്തലാഖ് ബില്ലിലെ ചർച്ചക്ക് നിൽക്കാതെ മുങ്ങിയ ലീഗ് എംപി പ്രവാസി വ്യവസായിയുമായി മണിക്കൂറുകൾ സംസാരിച്ചു; അഖിലേന്ത്യാ നേതാവായിട്ടും സംസ്ഥാനത്തെ കാര്യങ്ങൾ നോക്കേണ്ടി വരുന്നത് വലിയ കഷ്ടപ്പാടെന്ന് പറഞ്ഞതിൽ നേതാക്കൾക്കിടയിൽ കടുത്ത എതിർപ്പ്

ടി പി ഹബീബ്

കോഴിക്കോട്: മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസി വ്യാപാരിയുടെ മകളുടെ കല്ല്യാണത്തിൽ പങ്കെടുത്തതിന് പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണങ്ങൾ ഒരോന്നായി പൊളിയുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിലും ലീഗനുകൂല വാട്സ് അപ്പ് ഗ്രൂപ്പുകളിൽ നിന്നും ഉയരുന്നത്. ദുബായിൽ കുഞ്ഞാലിക്കുട്ടി നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമായും പറഞ്ഞത് പാർട്ടി പത്രമായ ചന്ദ്രികയുടെ ഗവേണിങ് ബോഡിയിൽ യോഗത്തിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് പാർലിമെന്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു. ചന്ദ്രികയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും ആ യോഗത്തിൽ തന്റെ സാന്നിധ്യം നിർബന്ധമാണ് എന്ന തരത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പ്രധാന യോഗമായിരുന്നതിനാൽ മൂന്ന് മണിക്കൂർ യോഗത്തിൽ താൻ പങ്കെടുത്തുവെന്നും കുഞ്ഞാലിക്കുട്ടി വശദീകരിച്ചിരുന്നു.

എന്നാൽ ചന്ദ്രികയുടെ യോഗം കുഞ്ഞാലിക്കുട്ടി തന്നെ താൽപര്യമെടുത്ത് വിളിച്ചു ചേർത്തത് കോഴിക്കോട് കടവ് റിസോർട്ടിലായിരുന്നു. വ്യവസായ പ്രമുഖൻ രവി പിള്ള കടവ് റിസോർട്ടിലെത്തുമെന്നും അവിടെ വെച്ച് രണ്ട് പേരും തമ്മിൽ കൂടിക്കാഴ്ച നടത്താനും കുഞ്ഞാലിക്കുട്ടി നേരത്തെ തീരുമാനെടുത്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ചന്ദ്രികയിലോ ലീഗ് ഓഫീസിലോ ഗവേണിങ് ബോഡി യോഗം ചേരാതെ കടവിലേക്ക് വിളിച്ചു ചേർത്തത്. സംസ്ഥാന ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, കോഴിക്കോട് ജില്ലാ നേതാക്കളായ ഉമ്മർപാണ്ടികശാല, എം.എ.റസാഖ് തുടങ്ങിയ ചന്ദ്രിക ഗവേണിങ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. അഞ്ച് മിനുട്ട് സമയം മാത്രമാണ് കുഞ്ഞാലിക്കുട്ടി യോഗത്തിൽ പങ്കെടുത്തത്. മൂന്ന് മണിക്കൂർ സമയം ചന്ദ്രികയിലെ യോഗത്തിൽ പങ്കെടുത്തുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ വിശദീകരിച്ചത്. എന്നാൽ മണിക്കൂറുകളോളം രവി പിള്ളയുമായി കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണെങ്കിലും കേരളത്തിലെ മുഴുവൻ കാര്യങ്ങളും താൻ തന്നെ നോക്കേണ്ടി വരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞ പ്രധാനപ്പെട്ട മറ്റൊരു കാര്യം. എന്ന് പറഞ്ഞാൽ പാണക്കാട് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും കെ.പി.എ.മജീദുമടങ്ങുന്ന സംസ്ഥാന തല നേതാക്കൾ ഒന്നും തന്നെ പ്രശ്നങ്ങൾ തീർക്കാൻ ശക്തരല്ലെന്നും എല്ലാം പ്രശ്നങ്ങളും ഞാൻ തന്നെ തീർക്കേണ്ടി വരുന്നുവെന്നും പറയാതെ പറയുകയായിരുന്നു പത്രസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി ചെയ്തത്. ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രദേശത്തിന്റെയും മധ്യസ്ഥന്റെ റോളും താൻ തന്നെ വഹിക്കുകയാണെന്നും അണികളിൽ എന്നും സ്വീകാര്യൻ ഞാൻ തന്നെയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്.

ലീഗ് രാഷ്ട്രീയത്തിൽ വിശ്വവിഖ്യാതമായ കോട്ടക്കൽ സമ്മേളനത്തിൽ വെച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയത രീതിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കുഞ്ഞാലിക്കുട്ടി ദുബൈയിലെ പത്രസമ്മേളനത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. അന്ന് കുഞ്ഞാലിക്കുട്ടിയെ എടുത്ത് താഴെയിട്ടവർ തന്നെ പിന്നീട് വന്ന തിരുവമ്പാടി ഉപതിരഞ്ഞെടുപ്പിൽ ഫണ്ട് കൈകാര്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ കുഞ്ഞാലിക്കുട്ടി തന്നെ വേണമെന്ന് ഉറക്കെ പറഞ്ഞ് അദേഹത്തെ തന്നെ സംസ്ഥാന ജനറൽ സെക്രട്ടറിയായി വേണമെന്ന ആവിശ്യം ഉന്നയിക്കുകയായിരുന്നു. അതിലൂടെയായിരുന്നു രാഷ്ട്രീയത്തിൽ നിന്ന് തന്നെ എടുത്ത് എറിയപ്പെട്ട കുഞ്ഞാലിക്കുട്ടി വീണ്ടും മുടിചൂടാമന്നനായി തിരിച്ചെത്തിയത്. അതേ അവസ്ഥയായിരിക്കും ലീഗിന് സംഭവിക്കുകയെന്ന മട്ടിലാണ് കുഞ്ഞാലിക്കുട്ടി കാര്യങ്ങൾ അവതരിപ്പിച്ചത്.

കുഞ്ഞാലിക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ലീഗിന്റെ പ്രാദേശിക നേതാക്കൾ രൂക്ഷമായ വിമർശനമാണ് നടത്തുന്നത്. പണക്കാരായി രാഷ്ട്രീയത്തിൽ വന്ന് എല്ലാം സമുദായത്തിനും പാർട്ടിക്കും നൽകി ഫക്കീറായി മരണപ്പെട്ട ഖാഇദെമില്ലത്ത് ഇസ്മായിൽ സാഹബും സീതി സാഹിബും സി.എച്ചും അടങ്ങുന്ന ത്യാഗി വര്യന്മാർക്ക് അപമാനകരമാണ് കുഞ്ഞാലിക്കുട്ടിയെന്നാണ് പ്രവർത്തകർ എഴുതുന്നത്. ഇവരൊക്കെ സംഘടനക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ്. എന്നാൽ ഒരു നേതാവിന് വേണ്ടി ഇത്രയും ത്യാഗം പാർട്ടി സഹിക്കേണ്ടി വന്നത് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി മാത്രമാണെന്ന് ലീഗ് പ്രവർത്തകർ പറയുന്നു. ഐസ്‌ക്രീം കേസിൽ വർഷങ്ങളോളം പാർട്ടി അതിന്റെ പേരിൽ വിശദീകരണം നൽകേണ്ടി വന്നു.

വർഷങ്ങളോളം അതിന്റെ പേരിൽ സിപിഎമ്മിന്റെ നേത്യത്വത്തിലുള്ള സർക്കാറുകൾക്കെതിരെ സമരം ചെയ്യാൻ പോലും ശേഷിയില്ലാതായി. സിപിഎം.വിരുദ്ധത ശക്തമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇ.ടി.മുഹമ്മദ്ബഷീർ, എം.കെ.മുനീർ, കെ.എം.ഷാജി എന്നിവരുടെ കഴുത്തിന് പിടിച്ച് അവരുടെ ശബ്ദം കുറക്കാൻ കൽപ്പിക്കുന്ന സമീപനമാണ് കുഞ്ഞാലിക്കുട്ടി ചെയ്യുന്നത്. മാറാട് കലാപം വന്നപ്പോഴും നാദാപുരത്ത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഫണം വിടർത്തിയാടിയപ്പോഴും ഒന്ന് ഉറക്കെ നിലവിളിക്കാൻ പോലും പ്രവർത്തകർക്ക് കുഞ്ഞാലിക്കുട്ടിയെ ലഭിച്ചില്ലെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

എല്ലാം സഹിക്കാമായിരുന്നുവെന്നും എന്നാൽ അതിന്റെ ആയിരത്തിൽ ഒരു അംശം പോലും കുഞ്ഞാലിക്കുട്ടി എന്ന തന്ത്രശാലി ലീഗിനും സമുദായത്തിനും തിരിച്ച് നൽകിയില്ലെന്നും പ്രവർത്തകർ വിശദീകരിക്കുന്നു.ന്യായീകരിച്ച് ന്യായീകരിച്ച് മടുത്തതായും എന്നാൽ പണം കാഴ്ക്കുന്ന മരങ്ങൾക്ക് താങ്കളെന്ന മാസ്റ്റർ ബ്രൈയിന്റെ നിറഞ്ഞ സാന്നിധ്യം ഏറെ സന്തോഷം പകരുന്നതായും അവരുടെ സന്തോഷം പാർട്ടി പ്രവർത്തകരുടെ കണ്ണീരാണെന്നും ആ കണ്ണീർ ശ്രദ്ധിച്ചില്ലെങ്കിൽ താങ്കളുടെ രാഷ്ട്രീയ ഭാവി തന്നെ ദഹിച്ച് ചാമ്പലാകുമെന്നുമാണ് ചില പ്രവർത്തകരുടെ വാട്സ് അപ്പ് സന്ദേശങ്ങളിൽ സങ്കടത്തോടെ പറയുന്നത്.

അതേസമയം പ്രധാനമായും കുഞ്ഞാലിക്കുട്ടി പത്ര സമ്മേളനത്തിൽ വിശദീകരിച്ചത് ചന്ദ്രികയുടെ ഗവേണിങ് ബോഡി യോഗമായിരുന്നുവെന്നാണ്. എന്നാൽ അത് തട്ടിക്കൂട്ടിയ യോഗമായിരുന്നു വെന്നതാണ് സത്യം. യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടവരാണ് പാണക്കാട് ഹൈദറലി തങ്ങൾ, എം.കെ.മുനീർ, പി.വി.അബ്ദുൽ വഹാബ് എംപി. എന്നിവർ. എന്നാൽ ഇവരാരും മിനുട്ടുകൾ മാത്രം ദൈർഘ്യമുള്ള യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പങ്കെടുത്ത ഏക എംഎ‍ൽഎ.പാറക്കൽ അബ്ദുല്ല, ജില്ലാ നേതാക്കളായ ഉമർ പാണ്ടികശാല, എം.എ.റസാഖ് മാസ്റ്റർ, ദേശീയ സമിതി അംഗം സൂപ്പി നരിക്കാട്ടേരി എന്നിവരായിരുന്നു.അതുകൊണ്ട് തന്നെ യോഗത്തിന്റെ മിനുട്‌സ്, യോഗ തീരുമാനങ്ങൾ എന്നിവ ഹാജരാക്കാൻ സാധിക്കാത്തതും അതുകൊണ്ടാണ്.

തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി ദുബൈയില്ല വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. ശത്രുക്കളെ സ്വയം സൃഷ്ടിക്കുക എന്നത് കുഞ്ഞാലിക്കുട്ടി എന്നും പയറ്റുന്ന തന്ത്രമാണ്. കുഞ്ഞാലിക്കട്ടി സ്വയം വരുത്തിവെച്ച മഹാ അപരാധത്തിൽ നിന്നും രക്ഷപ്പെടാൻ പുതിയ വഴികൾ തേടുന്നത് കൂടെയുള്ള നേതാക്കൾക്ക് തന്നെ നല്ലവണ്ണം ചിരിക്കാനുള്ള അവസരം ഒരുക്കുകയാണ്. ശത്രുക്കളെ സൃഷ്ടിച്ച് പ്രവ ർത്തകമാരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കാനുള്ള വിഫലശ്രമമാണ് നടത്തുന്നത്.

ഐസ് ക്രീം കേസിൽ ഫലപ്രദമായി ഉപയോഗിച്ച് വിജയിച്ച തന്ത്രമാണിത്. റഹൂഫിന്റെ വെളിപ്പെടുത്തൽ സമയത്ത് എം.കെ.മുനീറിനെയും ഇന്ത്യാവിഷൻ ചാനലിനെയും ശത്രുപക്ഷത്ത് നിർത്തിയാണ് കൂരമ്മ ബുദ്ധിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി അശ്വമേധം രചിച്ചത്. ഐസ് ക്രീം കേസ് കത്തി നിൽക്കുന്നതിനിടെ നടത്തിയ പത്രസമ്മേളനത്തിൽ പ്രവാചകമാർ പോലും ഇത്തരത്തിലുള്ള പീഡനത്തിനിരയായിട്ടുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞാലിക്കുട്ടി മതത്തിന്റെ അതിവൈകാരികത കത്തിച്ച് തന്റെ ഭാഗം രക്ഷപ്പെടുത്തിയെടുത്തത്. പ്രവാചകന്മാർ ആരും സ്ത്രീപീഡനത്തിന്റെ പേരിൽ പീഡനത്തിനിരയായിട്ടില്ലെന്ന ടി.കെ.ഹംസയുടെ പ്രസ്താവന അന്ന് ഏറെ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP