Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എസ്എൻഡിപി സിപിഎമ്മിനോട് അടുക്കുന്നത് വമ്പൻ തട്ടിപ്പുകൾ മറയ്ക്കാനോ? ഹരിതഗീതം കാർഷിക വായ്പാ പദ്ധതിയുടെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; സമാന കേസിൽ തോമസ് പീലിയാനിക്കൽ അകത്തായപ്പോൾ എസ്എൻഡിപി-ബിഡിജെഎസ് നേതാക്കൾ സുരക്ഷിതർ; ലോണിന് അപേക്ഷിക്കുക പോലും ചെയ്യാത്തവർ അടച്ച് തീർക്കേണ്ടത് ലക്ഷങ്ങൾ; പ്രതികൾക്കെതിരെ കേസെടുത്തിട്ടും നടപടിയെടുക്കാതെ പൊലീസും

എസ്എൻഡിപി സിപിഎമ്മിനോട് അടുക്കുന്നത് വമ്പൻ തട്ടിപ്പുകൾ മറയ്ക്കാനോ? ഹരിതഗീതം കാർഷിക വായ്പാ പദ്ധതിയുടെ പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; സമാന കേസിൽ തോമസ് പീലിയാനിക്കൽ അകത്തായപ്പോൾ എസ്എൻഡിപി-ബിഡിജെഎസ് നേതാക്കൾ സുരക്ഷിതർ; ലോണിന് അപേക്ഷിക്കുക പോലും ചെയ്യാത്തവർ അടച്ച് തീർക്കേണ്ടത് ലക്ഷങ്ങൾ; പ്രതികൾക്കെതിരെ കേസെടുത്തിട്ടും നടപടിയെടുക്കാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട് എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഹരിതഗീതം കാർഷിക വായ്പാ തട്ടിപ്പിന്നെതിരെ വിവിധ കോണുകളിൽ നിന്ന് പരാതികളും ആരോപണങ്ങളും പ്രവഹിച്ചെങ്കിലും നടപടി സ്വീകരിക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നതായി ആക്ഷേപമുയരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതലയുണ്ടെങ്കിലും ആ അന്വേഷണവും ഇഴയുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ അഞ്ചോളം എഫ്‌ഐആർ വന്നെങ്കിലും അന്വേഷണത്തിന് പൊലീസ് മടിച്ചു നിൽക്കുകയാണ്.

ഏകദേശം പത്തുകോടിയുടെ വായ്പാ വിതരണമാണ് ഹരിതഗീതം പദ്ധതിയുടെ പേരിൽ എസ്എൻഡിപി യൂണിയൻ നടത്തിയത്. ഇതിൽ മൂന്നുകോടിയുടെ വായ്പാ വിതരണത്തിലാണ് ആരോപണം ഉയരുന്നത്. വ്യാജപേരുകളിൽ ഗ്രൂപ്പ് ഉണ്ടാക്കി തട്ടിപ്പ് നടത്തി എന്നാണ് ആരോപണം. ഒരാളുടെ പേര്, മറ്റൊരാളുടെ അഡ്രസ്, വേറൊരാളുടെ ഫോട്ടോ. ഇത്തരം ഗ്രൂപ്പുകളുടെ പേരിൽ യൂണിയൻ ഭാരവാഹികൾ ആണ് കാശ് കൈപ്പറ്റിയത്. ഇതിനു ബാങ്കുകളുടെ ഒത്താശയും ആരോപിക്കപ്പെടുന്നുണ്ട്. പത്തുപേർ അടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് അതിന്റെ പേരിലാണ് തട്ടിപ്പ് അരങ്ങേറിയത്. ഗ്രൂപ്പുകളിൽ ഉള്ളവർ മിക്കവരും വ്യാജന്മാരായിരുന്നു. ജീവിച്ചിരിപ്പില്ലാത്തവരുടെ പേരുകളിൽ വരെ ലോൺ നൽകിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ തട്ടിപ്പിന്റെ അർത്ഥവ്യാപ്തികൾ വലുതാണ്. കുട്ടനാട്ടിലെ പാട്ടക്കർഷകരെ വട്ടിപ്പലിശയിൽ നിന്ന് രക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ നടന്ന വായ്പാ വിതരണ പദ്ധതിതന്നെ വൻ തട്ടിപ്പിന് വഴി തുറന്നു എന്നാണ് വ്യക്തമാകുന്നത്. യഥാർത്ഥ കർഷകർക്ക് അവർക്ക് ലഭ്യമാകേണ്ടിയിരുന്ന ആനുകൂല്യവും നഷ്ടപ്പെട്ടു എന്നത് വായ്പാ വിതരണ പദ്ധതിയുടെ ദുരന്തവും വെളിവാക്കുന്നു. പാവപ്പെട്ട കർഷകർ വ്യാജവായ്പയുടെ പേരിൽ വഞ്ചിക്കപ്പെടുകയും ചെയ്തു. ബാങ്ക് വായ്പ എടുക്കാതിരുന്നിട്ടും 5 ലക്ഷത്തിന്റെ വായ്പായുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചതിൽ അമ്പരന്ന് ഒരു ആത്മഹത്യ കൂടി കുട്ടനാട്ടിൽ നടന്നെങ്കിലും പൊലീസ് മൗനം തുടരുകയാണ്.

കാർഷിക വായ്പാ പദ്ധതിയിൽ നോഡൽ ഏജന്‌സികളായി മാറിയ കുട്ടനാട് എസ്എൻഡിപി യോഗവും കുട്ടനാട് വികസന സമിതിയും കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ഫാദർ തോമസ് പീലിയാനിക്കൽ നേതൃത്വം നൽകിയ കുട്ടനാട് വികസന സമിതിക്കെതിരെ ശക്തമായ പൊലീസ് നടപടികൾ വന്നപ്പോൾ എസ്എൻഡിപി യോഗത്തിന്നെതിരെ നടപടികൾ എടുക്കാതെ സർക്കാരും പൊലീസും ഒഴിഞ്ഞുമാറുകയായിരുന്നു. സിപിഎമ്മും എസ്എൻഡിപി യൂണിയനും തമ്മിൽ നിലനിൽക്കുന്ന രാഷ്ട്രീയ അടുപ്പമാണ് അന്വേഷണം തുടരുന്നതിൽ നിന്ന് പൊലീസിനെ പിന്തിരിപ്പിക്കുന്നത് എന്നാണ് തട്ടിപ്പിന്നിരയായവർ ആക്ഷേപിക്കുന്നത്.

കുട്ടനാട് വികസന സമിതിയുടെ തലപ്പത്തിരുന്നു സമാന വായ്പാ തട്ടിപ്പ് നടത്തിയ ഫാദർ പീലിയാനിക്കലിനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള പൊലീസ് നടപടികൾ ആണ് വന്നത്. പക്ഷെ എസ്എൻഡിപി യൂണിയനെ തൊടാൻ സർക്കാർ മടിച്ച് നിൽക്കുകയാണ്. ഇവിടെയും സർക്കാർ പിന്തുടരുന്ന ഇരട്ട നീതിയുടെ പ്രശ്‌നം വരുന്നു. കുട്ടനാട് വികസന സമിതിയെ കുരുക്കാൻ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചപ്പോൾ അതേയിടത്ത് എസ്എൻഡിപി കുട്ടനാട് യൂണിയന്റെ പേരിൽ ഹരിതഗീതം എന്ന വായ്പാ തട്ടിപ്പ് നടന്നപ്പോൾ പൊലീസ് പിന്നോട്ട് മാറി. ഇതിനാൽ പൊലീസിനെതിരെയും എസ്എൻഡിപി യോഗത്തിന്നെതിരെയും കടുത്ത അമർഷമാണ് കുട്ടനാട്ടിൽ നിന്നും ഉയരുന്നത്.

കുട്ടനാട് വികസന സമിതിക്ക് നേരെ ശക്തമായ നടപടികൾ വന്നപ്പോൾ രാഷ്ട്രീയ പിൻബലം കാരണം എസ്എൻഡിപി യൂണിയൻ പദ്ധതിക്കെതിരെ നടപടി വന്നില്ല. അതുകൊണ്ട് തന്നെ എസ്എൻഡിപി ഹരിതഗീതം വായ്പാ തട്ടിപ്പിന്നിരയായവർക്ക് നീതി ലഭിച്ചതുമില്ല. ഭർത്താവ് നഷ്ടപ്പെട്ട വിധവയുടെ ഏകമകനാണു എസ്എൻഡിപിയുടെ ഹരിതഗീതം വായ്‌പ്പാതട്ടിപ്പിൽ കുരുങ്ങി ആത്മഹത്യ ചെയ്തത്. കുട്ടനാട് കാവാലത്ത് അമ്മിണി സദാശിവന്റെ മകൻ സജയനാണു എസ് എൻഡിപി വായ്പാ തട്ടിപ്പിൽ കുരുങ്ങി ആത്മഹത്യ ചെയ്തത്. ആരോ എടുത്ത ലോണിന്റെ പേരിൽ ജപ്തി നോട്ടീസ് വന്നത് സജയന്റെ പേരിൽ ആയിരുന്നു.

സജയൻ ആരോട് അന്വേഷിച്ചിട്ടും വായ്പയുടെ വിശദാശങ്ങൾ ലഭിച്ചില്ല. അഞ്ചു ലക്ഷത്തിന്റെ ലോൺ തിരിച്ചടയ്ക്കണമെന്നു നോട്ടീസ് ലഭിച്ചപ്പോൾ സജയൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. 2016 ജൂലൈ 26 നായിരുന്നു സജയന്റെ ആത്മഹത്യ. സംഭവം പുലിവാലാകുമെന്നു പറഞ്ഞപ്പോൾ സജയന്റെ അമ്മയെ കണ്ട യൂണിയൻ നേതാക്കൾ ലോൺ തങ്ങൾ അടയ്ക്കാം എന്ന് ഉറപ്പ് നൽകുകയായിരുന്നു. എന്നാൽ ഈ മാസം നാലിന് അദാലത്ത് നോട്ടീസ് ലഭിച്ചപ്പോഴാണ് പിന്നെയും ചതിപ്പറ്റി എന്ന് സജയന്റെ 'അമ്മ മനസിലാക്കുന്നത്.

തുടർന്ന് ഈ മാസം 15 ആം തീയതി എസ്എൻഡിപി വായ്പാ തട്ടിപ്പിൽപ്പെട്ട സജയന്റെ മരണവും വായ്പാ തട്ടിപ്പും അന്വേഷിക്കണം എന്നാവശ്യപ്പെട്ടു അമ്മിണി സദാശിവൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. പതിനായിരം രൂപ ലോണിന്റെ പേരിൽ വാങ്ങിയവർക്ക് അഞ്ചു ലക്ഷം രൂപവരെ തിരിച്ചടവ് വന്നിരിക്കുകയാണ്. ഇങ്ങിനെ പറ്റിക്കപ്പെട്ടവർ രാമങ്കരി കോടതിയിൽ പരാതിയും നൽകിയിട്ടുണ്ട്. കാർഷിക വായ്പാ തട്ടിപ്പിൽ നീതി ലഭിക്കണം എന്നാണ് പരാതി നൽകിയവർ മറുനാടനോട് പ്രതികരിച്ചത്.

പക്ഷെ പൊലീസ് നടപടികൾ വൈകുകയാണ്. പക്ഷെ ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയുമാണ്. ചെറിയ തുകകൾ ലോൺ ഇനത്തിൽ കൈപ്പറ്റിയവർ അടച്ചു തീർക്കേണ്ടത് വൻ തുകകൾ ആണ്. ലക്ഷങ്ങളുടെ ലോൺ പാസായപ്പോൾ മുഴുവൻ തുകയും അടിച്ചു മാറ്റി ചെറിയ തുകകൾ മാത്രം തങ്ങൾക്ക് നൽകിയതിന് പിന്നിൽ എസ്എൻഡിപിയുടെയും ബിഡിജെസിന്റെയും നേതാക്കൾ ആണ് എന്ന് കബളിപ്പിക്കപെട്ടവർക്ക് അറിയാം. പക്ഷെ ഇപ്പോൾ രൂപപ്പെട്ടു വരുന്ന സിപിഎം-എസ്എൻഡിപി ബാന്ധവം നീതി തേടുന്നവർക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP