Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാന നേതാവിന് ലോക്‌സഭാ സീറ്റ് വാഗ്ദാനം ലഭിച്ചതോടെ പ്രധാന സഖ്യകക്ഷിയായ ബിഡിജെഎസ് രംഗം വിട്ടു; ഗൗരിയമ്മക്കൊപ്പം ചേർന്നാൽ ഇടതു മുന്നണി വഴി എംഎൽഎ പദവിയെന്ന സാധ്യത ഉദിച്ചതോടെ രാജൻ ബാബുവും വിടുന്നു; മാണിയോ പി സി ജോർജ്ജോ കൂടെ കൂട്ടിയാൽ വിടാൻ തയ്യാറെടുത്ത് പി സി തോമസ്; കൂടെയെന്ന് പറഞ്ഞു നടന്ന പി സി ജോർജ്ജും അവസാനം ചുവടുമാറ്റുന്നു; കേന്ദ്രത്തിൽ ബിജെപി ഭരണം വരില്ലെന്ന് ഉറപ്പായതോടെ തട്ടീം മുട്ടീം കൂടെ കൂട്ടിയ കടലാസു പാർട്ടിക്കാർ പോലും കേരളത്തിലെ എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നു

പ്രധാന നേതാവിന് ലോക്‌സഭാ സീറ്റ് വാഗ്ദാനം ലഭിച്ചതോടെ പ്രധാന സഖ്യകക്ഷിയായ ബിഡിജെഎസ് രംഗം വിട്ടു; ഗൗരിയമ്മക്കൊപ്പം ചേർന്നാൽ ഇടതു മുന്നണി വഴി എംഎൽഎ പദവിയെന്ന സാധ്യത ഉദിച്ചതോടെ രാജൻ ബാബുവും വിടുന്നു; മാണിയോ പി സി ജോർജ്ജോ കൂടെ കൂട്ടിയാൽ വിടാൻ തയ്യാറെടുത്ത് പി സി തോമസ്; കൂടെയെന്ന് പറഞ്ഞു നടന്ന പി സി ജോർജ്ജും അവസാനം ചുവടുമാറ്റുന്നു; കേന്ദ്രത്തിൽ ബിജെപി ഭരണം വരില്ലെന്ന് ഉറപ്പായതോടെ തട്ടീം മുട്ടീം കൂടെ കൂട്ടിയ കടലാസു പാർട്ടിക്കാർ പോലും കേരളത്തിലെ എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരില്ലെന്ന് സൂചനകളാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്നത്. ഇതോടെ കേരളത്തിൽ കഷ്ടപ്പെട്ടുണ്ടാക്കിയ എൻഡിഎ സഖ്യവും പലവഴിക്കായി പിരിയുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. നിലവിൽ കേരളത്തിലെ എൻഡിഎക്കൊപ്പമുള്ള പ്രധാന കക്ഷി ബിഡിജെഎസ് ആണ്. എന്നാൽ, ശബരിമല വിഷയത്തോടെ മുന്നണിയിലും ബിഡിജെഎസിലും വിള്ളലുണ്ടായിരിക്കയാണ്. തുഷാർ വെള്ളാപ്പള്ളിക്ക് സിപിഎം ലോക്‌സഭാ സീറ്റ് വെച്ചു നീട്ടി ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്. ഇതോടെ ബിഡിജെഎസ് എന്ന പാർട്ടി പലവഴിക്കായി പിരിയുമെന്നത് ഏതാണ്ട് ഉറപ്പായി.

അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിൽക്കുകയും വനിതാ മതിലിൽ പങ്കാളിയാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും ചെയ്തതോടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞിരിക്കയാണ് എൻഡിഎ മുന്നണിയിൽ. ഇതോടെ ഇടതു മുന്നണി വഴി എംഎൽഎ സാധ്യത പരീക്ഷിക്കാൻ വേണ്ടി രാജൻബാബുവും ബിഡിജെഎസ് വിട്ടു. കൂടാതെ മാണിയോ പി സി ജോർജ്ജോ ഒപ്പം കൂട്ടിയാൽ പോകാൻ തയ്യാറായി പി സി തോമസും രംഗത്തുണ്ട്. ബിജെപിക്ക് ഒപ്പമെന്ന് പറഞ്ഞ് പി സി ജോർജ്ജും കളം മാറിക്കഴിഞ്ഞു. ചെറിയ കടലാസുപാർട്ടക്കാർ പോലും കേരളത്തിൽ എൻഡിഎ സഖ്യം ഉപേക്ഷിക്കുന്ന അവസ്ഥയിലാണിപ്പോൾ.

വഴിപിരിഞ്ഞ രണ്ടു ജെഎസ്എസ് വിഭാഗങ്ങൾ ലയച്ച് ശക്തിപ്രാപിച്ച് ഇടതു മുന്നണിയിൽ കയറിക്കൂടാനാണ് നീക്കം. കെ.ആർ.ഗൗരിയമ്മയും പഴയ സഹപ്രവർത്തകൻ എ.എൻ.രാജൻ ബാബുവും തമ്മിൽ ചർച്ച നടത്തി. ഗൗരിയമ്മയുമായി വഴിപിരിഞ്ഞ് എൻഡിഎ ഘടകകക്ഷിയായ രാജൻ ബാബുവിന്റെ പാർട്ടി എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് രാജൻ ബാബു ഗൗരിയമ്മയെ സന്ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഗൗരിയമ്മയുടെ വീട്ടിലെത്തിയ രാജൻ ബാബു 2 മണിക്കൂറോളം ചർച്ച നടത്തി.

ഇരുവിഭാഗങ്ങളും ലയിക്കുന്ന കാര്യം ചർച്ച ചെയ്‌തെന്ന് രാജൻ ബാബു പറഞ്ഞു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നു ഗൗരിയമ്മ മുൻപും ആവശ്യപ്പെട്ടിരുന്നു. ലയനമാണു പ്രധാന ചർച്ചാവിഷയം. ഏതു മുന്നണിക്കൊപ്പമെന്നു പിന്നീടു തീരുമാനിക്കുമെന്നും രാജൻ ബാബു പറഞ്ഞു. എൽഡിഎഫ് ഘടകകക്ഷിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗൗരിയമ്മയും കൂട്ടരും. എന്നാൽ, കഴിഞ്ഞ ദിവസം മുന്നണി വിപുലീകരിച്ചപ്പോൾ ജെഎസ്എസിനെ പരിഗണിച്ചില്ല. ഇതിൽ ഗൗരിയമ്മ അതൃപ്തയാണ്. കഴിഞ്ഞ തവണ ഇടതുമുന്നണി ജെഎസ്എസിന് സീറ്റ് നൽകാൻ തയ്യാറാണെങ്കിലും മത്സരിക്കാൻ തക്ക സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. അടുത്ത തവണ ജെഎസ്എസ് വഴി സീറ്റൊപ്പിക്കാനുള്ള ശ്രമമാണ് രാജൻബാബു നടത്തുന്നത്.

അതേസമയം നിരന്തരം തലവേദന സൃഷ്ടിക്കുന്ന ബി.ഡി.ജെ.എസിനെ തള്ളാനും കൊള്ളാനും കഴിയാതെ ബിജെപി നേതൃത്വം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുതൽ പല സന്ദർഭങ്ങളിലും പാർട്ടിയെയും എൻ.ഡി.എയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ബി.ഡി.ജെ.എസിൻേറതെന്നും ബിജെപി വിലയിരുത്തൽ. ഏറ്റവുമൊടുവിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതെ വനിതാമതിലിനോട് സഹകരിക്കുമെന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടും തലവേദനയായി. ഇത് മുന്നണി വിടുന്നതിന്റെ സൂചനയാണെന്ന് ബിജെപിക്ക് ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്.

അയ്യപ്പജ്യോതി സംബന്ധിച്ച കാര്യം എൻ.ഡി.എ ചർച്ചചെയ്തില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളി, സർക്കാർ പ്രഖ്യാപിച്ച വനിതാമതിലിനെ പിന്തുണക്കുന്ന പ്രതികരണമാണ് നടത്തിയതും. വനിതാമതിലിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെയാണെങ്കിലും അവരെ തള്ളിപ്പറയാൻ ബിജെപി നേതൃത്വത്തിന് സാധിക്കുന്നില്ല. ശബരിമല അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതിൽ കാര്യമില്ലെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ സമാഗമമായിരുന്നില്ലെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്. അയ്യപ്പജ്യോതി എൻ.ഡി.എ ഔദ്യോഗികമായി തീരുമാനിച്ച പരിപാടിയല്ല.

മുന്നണി കൂടിയാലോചിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിൽ ബി.ഡി.ജെ.എസ് പങ്കാളിയാവും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തരകാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. ബി.ഡി.ജെ.എസും എസ്.എൻ.ഡി.പി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുള്ള സംഘടനകളാണ്. അയ്യപ്പജ്യോതിക്ക് ബിജെപി അങ്ങോട്ട് പിന്തുണയറിയിച്ച് പോയതാണെന്നുമായിരുന്നു പിള്ളയുടെ വിശദീകരണം.

എന്നാൽ ബി.ഡി.ജെ.എസ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടിൽ ബിജെപിക്കുള്ളിൽ കടുത്ത അസംതൃപ്തിയുണ്ട്. മുന്നണിയുടെ ഭാഗമായി നിലകൊണ്ട് ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങൾ കൈക്കലാക്കിയ ശേഷം മുന്നണിയെ വഞ്ചിക്കുന്ന നിലപാടാണ് അവർ കൈക്കൊള്ളുന്നതെന്നും എൻ.ഡി.എ യോഗം ഉടൻ വിളിച്ച് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

അതിനിടെ വനിതാ മതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞത് ബിജെപിക്കുള്ളിലും വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വനിത മതിൽ സംഘടിപ്പിക്കുന്നത് ശബരിമല വിഷയത്തിലല്ലെന്ന് അതിന്റെ സംഘാടകർ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ പിന്നെ അതിൽ തുഷാർ പങ്കെടുക്കുന്നത് തെറ്റാകുന്നത് എങ്ങനെയാണെന്നും ശ്രീധരൻ പിള്ള ചോദിക്കുന്നു. ഇതിനെതിരെ ബിജെപിയിൽ തന്നെ ഒരു വിഭാഗം രംഗത്ത് വന്നു കഴിഞ്ഞു.

ശ്രീധരൻപിള്ളയുടെ പ്രസ്താവനയിൽ ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി. വനിതാ മതിൽ സംബന്ധിച്ച് ബിഡിജെഎസിൽ ഭിന്നത. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട്.തുഷാർ പറഞ്ഞത് എസ്എൻഡിപിയുടെ അഭിപ്രായമാണ്. തുഷാറൊഴികെയുള്ള ബിഡിജെഎസ് ഭാരവാഹികളെല്ലാം അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തു.

വനിത മതിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെയാണെന്നും ബിഡിജെഎസ് യോഗം കൂടാതെയാണ് തുഷാർ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ മതിൽ സർക്കാർ പരിപാടിയാണെന്നും പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നുമുള്ള തുഷാറിന്റെ അഭിപ്രായമാണ് അക്കീരമൺ തള്ളിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടല്ല ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലെന്നും തുഷാർ പറഞ്ഞിരുന്നു.

എസ്എൻഡിപി ആദ്യം മുതൽ തന്നെ വനിത മതിലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇതിന പിന്നാലെയാണ് യോഗം വൈസ് പ്രസിഡന്റും എന്നാല് അതേ സമയം എൻഡിഎ ചെയർമാനായ തുഷാർ വെള്ളാപ്പള്ളിയും മതിലിന് എത്തുന്നത്. ഇത് വെള്ളാപ്പള്ളിയും ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളിയും പ്രബല വിഭാഗവും ഇടത്പക്ഷത്തേക്ക് എത്തുന്നുവെന്ന വാർത്തയും വരുന്നത്. തുഷാറിനെ ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാൻ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ വനിതാ മതിലിൽ തീരുമാനം തുഷാറിന് വിട്ട് മൃദുനിലപാടെടുത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP