Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഫീസിലെ ബലാത്സംഗമെന്ന ടൂറിസം ജീവനക്കാരിയുടെ പരാതിയിൽ സെക്ഷ്വൽ ഹരാസ്‌മെന്റ് കമ്മറ്റി തെളിവെടുപ്പ് നടത്തി; റിപ്പോർട്ട് ഫൈനൽ ആയത് കഴിഞ്ഞ മാസം; സർക്കാർ തീരുമാനം അനുസരിച്ച് നടപടി വരുമെന്ന് ടൂറിസം ഡയറക്ടർ ബാലകിരൺ; സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിയിൽ അതൃപ്തിയുമായി യുവതി; നടപടികൾ ഏകപക്ഷീയമെന്നു ആക്ഷേപം

ഓഫീസിലെ ബലാത്സംഗമെന്ന ടൂറിസം ജീവനക്കാരിയുടെ പരാതിയിൽ സെക്ഷ്വൽ ഹരാസ്‌മെന്റ് കമ്മറ്റി തെളിവെടുപ്പ് നടത്തി; റിപ്പോർട്ട് ഫൈനൽ ആയത് കഴിഞ്ഞ മാസം; സർക്കാർ തീരുമാനം അനുസരിച്ച് നടപടി വരുമെന്ന് ടൂറിസം ഡയറക്ടർ ബാലകിരൺ; സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിയിൽ അതൃപ്തിയുമായി യുവതി; നടപടികൾ ഏകപക്ഷീയമെന്നു ആക്ഷേപം

എം മനോജ് കുമാർ

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പീഡന പരാതിയിൽ വകുപ്പിലെ സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റി തെളിവെടുപ്പ് നടത്തുകയും ആ റിപ്പോർട്ട് സർക്കാരിന് കൈമാറുകയും ചെയ്തുവെന്ന് ടൂറിസം ഡയറക്ടർ പി.ബാലകിരൺ. നടപടി വരേണ്ടത് സർക്കാരിൽ നിന്നാണ്. ആ നടപടിക്ക് കാക്കുകയാണെന്നു പി.ബാലകിരൺ മറുനാടൻ മലയാളിയോട് പറഞ്ഞു. യുവതിയുടെ പരാതി ലഭിച്ചയുടൻ പരാതി സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിക്ക് കൈമാറിയിരുന്നു. അവർ തെളിവെടുപ്പ് നടത്തി. പരാതിക്കാരിയേയും ആരോപണ വിധേയനേയും മറ്റു ജീവനക്കാരെയും വിളിച്ച് വിസ്തരിച്ചിരുന്നു. അതിനു ശേഷം കമ്മറ്റി നൽകിയ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് കമ്മറ്റി ഫൈനൽ റിപ്പോർട്ട് കൈമാറിയത്. അത് ഉടൻ തന്നെ സർക്കാരിലേക്ക് അയക്കുകയും ചെയ്തു. ആരോപണ വിധേയനായ ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് കുമാർ ടി.ജിയ്‌ക്കെതിരെ നടപടി വരുമോ എന്ന ചോദ്യത്തിന് കമ്മറ്റിയുടെ ശുപാർശയനുസരിച്ചുള്ള നടപടികളാവും വരികയെന്നും ബാലകിരൺ പറഞ്ഞു. പക്ഷെ കമ്മറ്റിക്കെതിരെ വളരെ രൂക്ഷമായ വിമർശനമാണ് പരാതി നൽകിയ യുവതി സഹപ്രവർത്തകരോട് ഉന്നയിച്ചത്. ജോലി ചെയ്ത ടൂറിസം ഓഫിസിൽ വച്ച് നടന്ന ബലാത്സംഗത്തിന്നെതിരെയും ഇതിന്റെ പേരിൽ പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാര്യവുമായിരുന്നു പരാതിയിൽ പറഞ്ഞത്. പക്ഷെ സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റി ആരോപണവിധേയന്റെ വാദങ്ങൾ പിന്തുടർന്ന് ബ്‌ളാക്ക് മെയിൽ ചെയ്ത കാര്യങ്ങൾ ആണ് ആരാഞ്ഞത്.

തെളിവെടുപ്പിന് എത്തിയ മറ്റു ജീവനക്കാരോടും ഈ രീതിയിൽ ഉള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത്. ഇതറിഞ്ഞാണ് യുവതി സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിക്കെതിരെ സഹപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്. ടൂറിസം ജോയിന്റ് ഡയറക്ടർ, ഒരു കൗൺസിലർ, വകുപ്പിലെ ഒരു വനിതാ ക്ലർക്ക് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. പക്ഷെ യുവതിക്ക് ഈ കമ്മറ്റിയിൽ വിശ്വാസം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിയിൽ യുവതി അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തത്. അവർ ചോദ്യങ്ങൾ ആദ്യം തന്നെ തയ്യാറാക്കി. ആ ചോദ്യങ്ങൾ എന്നെ സഹായിക്കുന്നതായിരുന്നില്ല. പരാതിയോട് നീതി പുലർത്തുന്നതും ആയിരുന്നില്ല. എന്നാണ് യുവതി സഹപ്രവർത്തകരോട് പറഞ്ഞത്. യുവതി ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്‌ഐആർ ആയപ്പോൾ ആ എഫ്‌ഐആർ റദ്ദ് ചെയ്യാൻ അഭിലാഷ് ആയുധമാക്കിയതും ഈ സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റി റിപ്പോർട്ട് ആണെന്ന് സൂചനയുണ്ട്.

ബലാത്സംഗപരാതിയെ മറികടക്കാൻ അഭിലാഷ് ഉന്നയിച്ച പണം ചോദിച്ച് ബ്‌ളാക്ക് മെയിൽ എന്ന ആരോപണത്തിനു സമിതി മുൻഗണന നൽകിയതായാണ് സൂചന. അതുകൊണ്ട് തന്നെ യുവതി തന്റെ പരാതിയിൽ ഉള്ള സർക്കാർ നടപടി കാത്തിരിക്കുകയാണ്. അതറിഞ്ഞ ശേഷം മുന്നോട്ട് നീങ്ങാനാണ് യുവതിയുടെ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് താൻ ജോലി ചെയ്ത ടൂറിസം ഓഫീസിൽ വെച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകി നീണ്ട നാലുവർഷം പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതി നൽകിയ പരാതിയാണ് ഇപ്പോൾ ടൂറിസം വകുപ്പിൽ പുകയുന്നത്. ടൂറിസം വകുപ്പിലെ ജീവനക്കാരി നൽകിയ പരാതിയിൽ ഇതുവരെ നടപടിവന്നിട്ടില്ല. . കഴിഞ്ഞ വർഷം നവംബർ മാസം യുവതി മുഖ്യമന്ത്രിക്കും ടൂറിസം ഡയരക്ടർക്കും ഡിജിപിക്കും ടൂറിസം സെക്രട്ടറിക്കുമൊക്കെ പരാതി നൽകിയെങ്കിലും പരാതി പൂഴ്‌ത്തപ്പെട്ട അവസ്ഥയിലാണ്.

ടൂറിസം വകുപ്പിലെ സെക്ഷ്വൽ ഹറാസ്‌മെന്റ് കമ്മറ്റിയിൽ യുവതി വിശ്വാസം അർപ്പിച്ചതുമില്ല. സ്ത്രീ സമത്വം നിലനിർത്താനും സ്ത്രീ സുരക്ഷിതത്വത്തിനും വേണ്ടി സർക്കാർ തന്നെ വനിതാ മതിൽ പടുത്തുയർത്താൻ പോകുന്ന വേളയിലാണ് സ്ത്രീ പീഡന പരാതിയിൽ പരാതി നൽകി ഒരു വർഷമായിട്ടും നടപടിയില്ലാതെ വരുന്നത്. കഴിഞ്ഞ നവംബറിൽ ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിലേക്ക് വന്നു എഫ്‌ഐആർ ആയെങ്കിലും ഇതുവരെ പൊലീസ് നടപടിയും ഉന്നതനെതിരെ വന്നിട്ടില്ല. മജിസ്ട്രേറ്റിനു വരെ രഹസ്യമൊഴി നൽകിയ ഒരു സ്ത്രീ പീഡനക്കേസിനാണ് ഇത്തരം ഒരു അവസ്ഥ വരുന്നത്. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ യാണെങ്കിൽ ഒരു രോമത്തിനു പോലും കേടുവരാതെ സർവീസിൽ തുടരുകയുമാണ്. ഡിജിപിക്ക് നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് എഫ്‌ഐആർ ഇടുന്നത് തന്നെ പരാതി നൽകി ഏഴുമാസം കഴിയുമ്പോഴാണ്. എഫ്ആർ റദ്ദ് ചെയ്യാൻ പ്രതിയായ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് മേൽനടപടികൾ വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.

പക്ഷെ ഒരു സ്ത്രീ പീഡനക്കേസിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് യുവതിയുടെ പരാതി സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വെച്ച് മാനഭംഗത്തിനിരയായെന്നു യുവതി പരാതി നൽകിയിട്ടും പരാതിയിൽ നടപടി സ്വീകരിക്കാൻ ടൂറിസം വകുപ്പോ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. ആരോപണവിധേയനായ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷിനെതിരെയുള്ള പരാതി ടൂറിസം വകുപ്പ് പൂഴ്‌ത്തിയപ്പോൾ മ്യൂസിയം സ്റ്റേഷനിൽ ഉള്ള പരാതിയും പൂഴ്‌ത്തപ്പെട്ട അവസ്ഥയിലാണ്. നീതി തേടിയ യുവതിക്ക് പൊലീസിൽ നിന്നും, ജോലി ചെയ്യുന്ന ടൂറിസം വകുപ്പിൽ നിന്നും ലഭിക്കുന്നത് നിരന്തരം അവഗണന.

ഒപ്പം മാനസിക പീഡനവും. ലൈംഗിക പീഡന പരാതി നല്കിയതിന്റെ പേരിൽ ഒരു സ്ത്രീയ്ക്ക് നേരിടേണ്ട അവസ്ഥയാണിത്. ഡിജിപിക്ക് നൽകിയ പരാതി മ്യൂസിയം സ്റ്റേഷനിൽ എഫ്‌ഐആർ ആയത് യുവതി പരാതി നൽകി എഴ് മാസങ്ങൾക്ക് ശേഷവും. ഈ പരാതിയിൽ എഫ്‌ഐആർ ആയെങ്കിലും ടൂറിസം വകുപ്പിലെ ഉന്നതൻ ആയതിനാൽ മ്യൂസിയം പൊലീസും മേൽ നടപടികൾക്ക് മടിച്ച് നിൽക്കുന്ന അവസ്ഥയിലാണ്. എഫ്‌ഐആർ റദ്ദ് ചെയ്യാൻ പ്രതിയായ ടൂറിസം ഡെപ്യൂട്ടി ഡയരക്ടർ അഭിലാഷ് ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നടപടി വൈകുന്നത് എന്നാണ് മ്യൂസിയം സിഐ മറുനാടനോട് പ്രതികരിച്ചത്. മാനഭംഗക്കേസിൽ നീതി തേടിയ സ്ത്രീയുടെ മുന്നിൽ നീതി-നിയമ സംവിധാനങ്ങൾ പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.

ടൂറിസം വകുപ്പിൽ ജോലിയുള്ളപ്പോൾ തന്നെ ഭർത്താവുമായി പ്രശ്‌നങ്ങൾ നിലനിനിന്നിരുന്നു. ഇത് മനസിലാക്കിയാണ് അന്ന് തിരുവനന്തപുരത്ത് മാനേജർ പോസ്റ്റിലുണ്ടായിരുന്ന അഭിലാഷ് യുവതിയുമായി അടുക്കുന്നത്. തന്റെ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്നാണ് അഭിലാഷ് പറഞ്ഞത്. ഭാര്യയെ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഭാര്യയിൽ നിന്നും വിവാഹമോചനം ആഗ്രഹിക്കുന്നു. അതിനാൽ യുവതി വിവാഹമോചനം നടത്തിയാൽ വിവാഹം കഴിക്കാം. ഈ പ്രേരണയിലാണ് യുവതി വിവാഹമോചനത്തിനു ശ്രമിക്കുന്നതും വിവാഹ മോചനം നേടുന്നത്. തനിക്ക് മാനസികമായ ഒരു പിൻബലം നൽകുന്നു എന്ന രീതിയിലാണ് തന്റെ മേൽ ഉദ്യോഗസ്ഥനായ അഭിലാഷ് നിലകൊണ്ടത്. അഭിലാഷിന്റെ നിര്ബന്ധത്തെ തുടർന്നാണ് വിവാഹമോചന ശ്രമങ്ങൾ തനിക്ക് വേഗത്തിലാക്കേണ്ടി വന്നതും. ഈ സമയം യുവതി തിരുവനന്തപുരം യാത്രീ നിവാസിൽ ജോലി നോക്കുകയാണ്. ടൂറിസം വകുപ്പിൽ മാനേജർ പോസ്റ്റിൽ അഭിലാഷുമുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 2012-ൽ പീഡനം നടക്കുന്നതെന്നാണ് പരാതിയിൽ യുവതി വിശദീകരിക്കുന്നത്.

ആദ്യമായി പീഡനം നടന്നത് തിരുവനന്തപുരത്തെ ഓഫീസിലായിരുന്നു. ജോലി നോക്കുന്നതിനിടെ ആരുമില്ലാത്ത റൂമിലേക്ക് അഭിലാഷ് കടന്നു വരുകയും എന്നെ കടന്നുപിടിക്കുകയുമായിരുന്നു. പീഡനം എന്നല്ല അത് ഒരു ബലാത്സംഗം തന്നെയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാൻ അഭിലാഷ് വിവാഗ വാഗ്ദാനം നൽകി. 2012 ലെ ഈ ബന്ധമാണ് 2016 വരെ നീണ്ടുനിൽക്കുന്നത്. അതിന്നിടയിൽ യുവതിയെ പലയിടങ്ങളിൽ അഭിലാഷ് കൂട്ടിക്കൊണ്ടു പോവുകയും ശാരീരിക ബന്ധത്തിനു വിധേയമാക്കുകയും ചെയ്തു. ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ഒരു താലികെട്ടലും നടത്തി വിശ്വാസം ജനിപ്പിച്ച ശേഷമായിരുന്നു ഈ പീഡനങ്ങൾ അധികരിച്ചത്. അഭിലാഷിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കായി യുവതിയെ ചൂഷണം നടത്താനും അഭിലാഷ് മടിച്ചില്ല. പല രീതിയിൽ അഭിലാഷ് യുവതിയിൽ നിന്നും പണം പിടുങ്ങി. എച്ച്ഡിഎഫ്‌സി, പിഎഫ്, .കെഎസ്എഫ്ഇ എന്നിവിടങ്ങളിൽ യുവതിയെ വെച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ ആറുലക്ഷത്തോളം രൂപ യുവതിക്ക് അഭിലാഷ് നൽകാനും ബാക്കിയുണ്ട്.

യുവതി അഭിലാഷിനെതിരെ പരാതി നൽകിയതോടെ ടൂറിസം ഓഫീസിലെ പലരും യുവതിക്ക് എതിരായി. അഭിലാഷ് ആണെങ്കിൽ മാനസിക പീഡനത്തിനു യുവതിയുടെ മേലധികാരികൾ വഴി നിരന്തരം ശ്രമിക്കുകയും ചെയ്തു. നിരന്തര മാനസിക പീഡനങ്ങൾ വഴി ജോലി ചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ ഓഫീസിൽ ഉണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു. റിട്ടയർ ചെയ്യാനിരുന്ന മേലധികാരിയായ ഒരു സ്ത്രീയെ സ്വാധീനിച്ച് ടൂറിസം വകുപ്പിൽ യുവതിക്ക് എതിരെ പരാതി നൽകി. ഇതോടെ യുവതിയെ സസ്പെൻഷനിൽ നിർത്താനും അഭിലാഷിന് സാധിച്ചു. സസ്പെൻഷൻ നീണ്ടുനിന്നതോടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടു യുവതി പരാതി പറഞ്ഞു. ഇതോടെ യുവതിയുടെ സസ്പെൻഷൻ മന്ത്രി നേരിട്ട് ഇടപെട്ടു അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോൾ ആലപ്പുഴയിൽ ജോലി നോക്കുന്ന അഭിലാഷ് ഡെപ്യൂട്ടി ഡയരക്ടർ പദവി ഉപയോഗിച്ച് തനിക്ക് നേരെ നിരവധി പ്രശ്‌നങ്ങൾ ആണ് കുത്തിപ്പൊക്കുന്നത് എന്നാണ് യുവതി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP