Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല സമരം നയിക്കാൻ അമൃതാനന്ദമയി; സഹായത്തിന് സെൻകുമാറും; യുവതികളെ തടയാൻ ദേശീയ കർമ്മസമിതി; റിട്ട.ജസ്റ്റിസ് എൻ.കുമാർ സമിതി ദേശീയ അദ്ധ്യക്ഷൻ; പ്രിയദർശനും മാർത്താണ്ഡൻ പിള്ളയും കമ്മിറ്റി അംഗങ്ങൾ; ആചാരസംരക്ഷണത്തിനായി അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്കും; ദേശീയതലത്തിലേക്ക് സമരം നീക്കുന്നത് മനിതി പോലുള്ള കൂട്ടായ്മകളുടെ വരവോടെ; ആക്ടിവിസ്റ്റ് കൂട്ടായ്മകളെ നിരീക്ഷിക്കാനും യുവതികളുടെ വരവ് തടയാനും നിതാന്ത ജാഗ്രത

ശബരിമല സമരം നയിക്കാൻ അമൃതാനന്ദമയി; സഹായത്തിന് സെൻകുമാറും; യുവതികളെ തടയാൻ ദേശീയ കർമ്മസമിതി; റിട്ട.ജസ്റ്റിസ് എൻ.കുമാർ സമിതി ദേശീയ അദ്ധ്യക്ഷൻ; പ്രിയദർശനും മാർത്താണ്ഡൻ പിള്ളയും കമ്മിറ്റി അംഗങ്ങൾ; ആചാരസംരക്ഷണത്തിനായി അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്കും; ദേശീയതലത്തിലേക്ക് സമരം നീക്കുന്നത് മനിതി പോലുള്ള കൂട്ടായ്മകളുടെ വരവോടെ; ആക്ടിവിസ്റ്റ് കൂട്ടായ്മകളെ നിരീക്ഷിക്കാനും യുവതികളുടെ വരവ് തടയാനും നിതാന്ത ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി ദേശീയ കർമസമിതി രൂപീകരിച്ചു. ശബരിമല സമരം നയിക്കാൻ മാതാ അമൃതാനന്ദമയി അടക്കമുള്ളവർ രംഗത്തെത്തും. മുൻ ഡിജിപി ടി.പി.സെൻകുമാറും സമിതി നേതൃസ്ഥാനത്തുണ്ട്. ശബരിമലയിലെ ആചാരസംരക്ഷണം ഉറപ്പാക്കുകയാണ് സമിതിയുടെ മുഖ്യലക്ഷ്യം. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റും മനിതി പോലുള്ള സംഘടനകൾ ശബരിമല കയറാൻ എത്തിയതും, അതുണ്ടാക്കിയ വൻപ്രതിഷേധവും കണക്കിലെടുത്താണ് ദേശീയതലത്തിലേക്ക് സമരം മാറ്റുന്നത്. ബെംഗളൂരുവിൽ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെയും ആചാര്യമാരുടെയും യോഗത്തിലാണ് ശബരിമല കർമസമിതി ദേശീയ സമിതിക്ക് രൂപം നൽകിയത്.

കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് എൻ.കുമാറാണ് ദേശീയ അദ്ധ്യക്ഷൻ. കൊളത്തൂർ അദ്വൈതാശ്രമം  മഠാധിപതിസ്വാമി ചിദാനന്ദപുരിയാണ് യോഗത്തിൽ വിഷയാവതരണം നടത്തിയത്. ദേശീയ ഭാരവാഹികളുടെ പട്ടികയിലാണ് മാതാ അമൃതാനന്ദമയി ഉള്ളത്. കാഞ്ചി ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി, പന്തളം കൊട്ടാരം രാജപ്രതിനിധി പി.ശശികുമാർ വർമ, ചിന്മയാ മിഷനിലെ സ്വാമി മിത്രാനന്ദജി, മുൻ പിഎസ്‌സി ചെയർമാനും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ.തെ.എസ്.രാധാകൃഷ്ണൻ, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം.ജയചന്ദ്രൻ, ടി.പി.സെൻകുമാർ, തുടങ്ങിയവർ ഭാരവാഹികളാണ്.

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആർ.കുമാറാണ് സമിതി ജന.സെക്രട്ടറി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എൻ.കെ.നീലകണ്ഠൻ മാസ്റ്റർ, കേരള വനിതാ കമ്മീഷൻ മുൻ അംഗം ഡോ.ജെ.പ്രമീളാ ദേവി, സംവിധായകൻ പ്രിയദർശൻ, ന്യൂറോ സർജൻ ജെ.മാർത്താണ്ഡൻ പിള്ള തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളാണ്.

ശബരിമല ആചാരസംരക്ഷണത്തിനായി 26 ന് കാസർകോഡ് ഹൊസങ്കടിയിൽ നിന്ന് അയയ്യപ്പജ്യോതി ആരംഭിക്കുകയാണ്. അയ്യപ്പജ്യോതി മറ്റു 14 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ശബരിമല കർമസമിതി തീരുമാനം. അയ്യപ്പഭക്തർ കൂടുതലായി വരുന്ന കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെയാണ് കർമസമിതി പ്രചാരണത്തിനായി കേന്ദ്രീകരിക്കുന്നത്. ദേശീയതലത്തിൽ കർമസമിതി വ്യാപിപ്പിക്കാനുള്ള തീരുമാനം ഈ മാസം 19 നാണ് തീരുമാനിച്ചത്.

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കുന്നത് ആചാരവിരുദ്ധമാണെന്ന പ്രചാരണം ഇതരസംസ്ഥാനങ്ങളിൽ ശക്തമാക്കും. ഇതിനൊപ്പം മനിതി പോലുള്ള ആക്ടിവിസ്റ്റ് സംഘടനകൾ മല കയറാനെത്തുന്നത് തടയാനും ലക്ഷ്യമിടുന്നു. ഇത്തരം കൂട്ടായ്മകളെ നിരന്തരമായി നിരീക്ഷിക്കാനും, അവരെ പിന്തിരിപ്പിക്കുന്നതിന് ജാഗ്രത പാലിക്കാനും കർമസമിതി ലക്ഷ്യമിടുന്നു. 26 ന് ആരംഭിക്കുന്ന അയ്യപ്പജ്യോതി വഴി ഇതരസംസ്ഥാനങ്ങളിലെ പ്രചാരണത്തിന് വേഗം കൂട്ടാമെന്നാണ് ശബരിമല ദേശീയ കർമസമിതിയുടെ കണക്കുകൂട്ടൽ. നേരത്തെ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തരുടെ അഭ്യർത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു.

ആചാരസംരക്ഷണത്തിനായുള്ള ദേശീയ സമിതിയിൽ മാതാ അമൃതാനന്ദമയിയും, മുൻ ഡിജിപി ടി.പി.സെൻകുമാറും അംഗങ്ങളാണ്. മാതാ അമൃതാനന്ദമയി നേതൃസ്ഥാനത്തേക്ക് വരുന്നതോടെ അമ്മയുടെ ഭക്തരും വലിയതോതിൽ സമരത്തിൽ അണിചേരും. സംസ്ഥാനതലത്തിൽ സ്വാമി ചിദാനന്ദപുരിയാണ് നേരത്തെ ശബരിമലയിലെ ആചാരസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുവരുന്നത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ ദർശിക്കാൻ യുവതികളെത്തുന്നത് ആചാരവിരുദ്ധമാകുമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ള സ്വാമി ചിദാനന്ദരപുരിയുടെ വാക്കുകൾക്ക് ഭക്തർ പൊന്നുംവില കൽപിക്കുകയും ചെയ്യുന്നു. മാതാഅമൃതാനന്ദമയി ദേശീയകർമസമിതിയിൽ എത്തിയതോടെ, മറ്റുസംസ്ഥാനങ്ങളിലെ ആചാരസംരക്ഷണ പ്രചാരണം കൂടുതൽ സുഗമമാകുമെന്ന് നേതൃതലത്തിലുള്ളവർ കരുതുന്നു. അമൃതാനന്ദമയീമഠത്തിന് ദേശീയതലത്തിലുള്ള സ്വീകാര്യതയും കർമസമിതിയുടെ പ്രവർത്തനത്തിന് മുതൽക്കൂട്ടാവും. ഇതിനൊപ്പം അയ്യപ്പജ്യോതിയിൽ എൻഎസ്എസ് കൂടി സഹകരിക്കുന്നതോടെ വലിയതോതിൽ ആചാരസംരക്ഷണ പ്രചാരണം സാധ്യമാവുകയും ചെയ്യും.

ആചാരസംരക്ഷണ പ്രവർത്തനങ്ങളെ അനുകൂലിക്കുകയും വനിതാമതിലിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്ത മുൻ ഡിജിപി ടി.പി.സെൻകുമാർ ദേശീയ കർമസമിതി അംഗമായി എന്നതാണ് മറ്റൊരുസവിശേഷത. ഇടതുസർക്കാരിന്റെ വനിതാ മതിലിനെതിരെ രൂക്ഷവിമർശനമാണ് സെൻകുമാർ കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കാൻ ഉപകരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോത്ഥാനം സാധ്യമാക്കിയതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന താനും നൽകിയിരുന്നു. പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭാരതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും സെൻകുമാർ പറഞ്ഞിരുന്നു. സെൻകുമാറിന്റെ പങ്കാളിത്തം ദേശീയതലത്തിലുള്ള ഏകോപനത്തിനും ആസൂത്രണത്തിനും സഹായകമാകുമെന്നും കർമസമിതി കണക്കുകൂട്ടുന്നു.

കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ് എൻ.കുമാർ

ആചാരലംഘനത്തിന് ഇനി ശ്രമമുണ്ടായാൽ പ്രത്യാഘാതം അതിരൂക്ഷമാകുമെന്ന് ശബരിമല കർമ്മസമിതി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആചാരലംഘനശ്രമങ്ങളോടുള്ള പ്രതികരണങ്ങൾ ഇതുവരെ സമാധാനപരമായിരുന്നത് കർമ്മസമിതിയുടെ ഇടപെടൽ കൊണ്ടാണ്. എന്നാൽ ഇനി ഭക്തരെ നിയന്ത്രിക്കുക സാധ്യമല്ല. ഉന്നതപൊലീസ് ഉദ്യോഗസ്ഥർ യുവതീപ്രവേശനത്തിനായി ഗൂഢാലോചന നടത്തിയിട്ടുണ്ട്.
യുവതി പ്രവേശനം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം .ഇതിനായി മാവോവാദികളെ സർക്കാർ കൂട്ടുപിടിച്ചു. ഇതുസംബന്ധിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നും കർമസമിതി ആവശ്യപ്പെടുന്നു.

ഹൊസങ്കടി ശ്രീധർമശാസ്താ ക്ഷേത്രം മുതൽ പാറശാല വരെ അയ്യപ്പജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളിയിക്കാവിള, മാർത്താണ്ഡം, തക്കല, പാർവതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റർ ദൂരമാണ് കൂട്ടിയത്. 731.4 കിലോമീറ്റർ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റർ ദൂരമാകും അയ്യപ്പജ്യോതി തെളിയുക. അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക.ഒരു മീറ്റർ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററിൽ ഒരാൾ എന്ന നിലയിൽ വിശ്വാസികൾ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങൾ ഇതോടൊപ്പം നടക്കുന്നുണ്ട്. ലക്ഷകണക്കിന് വിശ്വാസികൾ ജ്യോതിയിൽ പങ്കാളികളാകും. ശബരിമല വിഷയത്തിൽ ഇരുളടഞ്ഞ മനസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ മനസ്സിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പജ്യോതി തെളിക്കുന്നതെന്നാണ് കർമസമിതി നേതാക്കൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP