Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

എം മാധവദാസ്

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയുടെ അതേ ചേരുവയാണ് സൂര്യയുടെ അൻജാൻ. എന്നാൽ ഈ ചിത്രം കാണാൻ ചെന്നപ്പോൾ തീയേറ്റർ കൗണ്ടറിൽ ടിക്കറ്റിനായുള്ള തല്ലുംപിടിയും. ഒരു വിധം ടിക്കറ്റെടുത്ത് അകത്ത് ചെന്നപ്പോൾ തിയേറ്റർ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ടൈറ്റിൽ കാണിക്കാൻ ആരംഭിച്ചതോടെ തന്നെ ആരവമുയർന്നു. സൂര്യയെ സ്‌ക്രീനിൽ കണ്ടതും തിയേറ്റർ ഇളകി മറയുകയായിരുന്നു. അടുത്തിരുന്നയാൾ പറയുന്നത് കേട്ടു. ഈ തിയേറ്റർ ഇതുപോലെ നിറഞ്ഞിട്ട് എത്രകാലമായി. തമിഴക തൊഴിലാളികൾ ഇപ്പോൾ വലുതായൊമില്ലാത്ത കേരളത്തിൽ നമ്മുടെ ന്യൂജൻ ചത്തെുപിള്ളേർ തന്നെയാണ് അൻജാനു വേണ്ടി അലറിവിളിക്കുന്നത്. അതെ മലയാള സിനിമകൾക്ക് സാധിക്കാത്ത കാര്യമാണ് അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ സാധ്യമാക്കുന്നത്. ലിംഗുസ്വാമിയും സൂര്യയും ചേർന്നൊരുക്കിയ അൻജാനും ആദ്യദിവസങ്ങളിൽ കേരളത്തിൽ ഓളമുണ്ടാക്കി ക്കഴിഞ്ഞു.

ഈ സിനിമ മലയാളത്തിലാണ് പുറത്തിറങ്ങിയതെന്ന് സങ്കല്പിക്കുക. ആദ്യ ഷോ കൊണ്ട് തന്നെ ചിത്രം തിയേറ്ററിൽ തലകുത്തി വീഴുമായിരുന്നു. പക്ഷെ അൻജാൻ ഒരു തമിഴ് ചിത്രമാണ്. അതുകൊണ്ട് തന്നെ കഥയില്ലായ്മയോ സൂപ്പർ കത്തിയോ ഒന്നും പ്രേക്ഷകന് പ്രശ്‌നമല്ല. മലയാള സിനിമയിൽ ഇതുപോലെ വല്ല രംഗവും വന്നുപോയാൽ കൂവിത്തോല്പിക്കുന്ന പ്രേക്ഷകർ തന്നെയാണ് അൻജാനിലെ അസ്വാഭാവിക രംഗങ്ങൾ കയ്യടിച്ച് ആഘോഷിക്കുന്നതും. (മലയാളികളുടെ സാസ്‌ക്കാരിക ഹിപ്പോക്രസിയുടെ മറ്റൊരു രൂപം ഇതിലൂടെ കാണാം)

ചെറു സിനിമകളുടേതും ബ്രഹ്മാണ്ഡ ചിത്രങ്ങളുടേതുമായി രണ്ട് കൈവഴികളാണ് തമിഴ് സിനിമയിൽ ഇന്നുള്ളത്. തങ്കമീൻകൾ, ഹരിദാസ്, വരുത്തപ്പെട്ട വാലിബർ സംഘം, ജിഗർ തണ്ടാ തുടങ്ങിയ വ്യത്യസ്ത സിനിമകളുമായി ഒരു വിഭാഗം മുന്നോട്ടുപോകുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പണക്കൊഴുപ്പിൽ സൂപ്പർ ഹിറ്റുകളുണ്ടാക്കാൻ ശ്രമിക്കുകയാണ് മറ്റൊരു വിഭാഗം. താരസിംഹാസനത്തിനായുള്ള മത്സരത്തിൽ അതിനൊപ്പിച്ച കഥാപാത്രങ്ങളെ തിരയുകയാണ് യുവനായകന്മാർ. ജില്ലയും തലൈവയുമൊക്കെയായി ആടിത്തിമർക്കുന്ന വിജയിയെയും ബില്ലയും വീരവുമൊക്കെയായത്തെുന്ന അജിത്തിനെയും നേരിടാൻ സിങ്കമായും രാജു ഭായിയായുമൊക്കെ വേഷം കെട്ടേണ്ടിവരുകയാണ് സൂര്യയ്ക്ക്. വ്യത്യസ്ത റോളുകൾ തേടിയിരുന്ന ഈ നല്ല നടനും അങ്ങിനെ സ്ഥിരം തമിഴ് നായക വേഷങ്ങളിൽ തളച്ചിടപ്പെടുന്നു.

സൂര്യ, എൻ ലിംഗുസ്വാമി എന്നിവരുടെ പേരിന്റെ തിളക്കവുമായാണ് അൻജാൻ എത്തുന്നത്. കൊമേഴ്‌സ്യൽ ഫോർമുലയ്ക്കനുസരിച്ച് തയ്യാറാക്കിയതാണെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും സൂര്യയുടെ ചിത്രങ്ങളിൽ ഉണ്ടാകാറുണ്ട്. ഗജിനി, അയൻ തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. മാട്രാനും ഏഴാംഅറിവും മികച്ച ചിത്രങ്ങൾ എന്ന് വിലയിരുത്താൻ കഴിയില്‌ളെങ്കിലും കൊതിപ്പിക്കുന്ന വ്യത്യസ്തത അതിലുണ്ടായിരുന്നു. സ്‌റ്റൈലൻ മെയ്‌ക്കിംഗിലൂടെ കൈയടി നേടിയ സംവിധായകനാണ് ലിംഗു സ്വാമി. സൂര്യയുടെ അനുജൻ കാർത്തി നായകനായ പയ്യ എന്ന റോഡ് മൂവി തന്നെയാണ് ലിംഗുസ്വാമിയുടെ ക്രാഫ്റ്റിന് ഉദാഹരണം. എന്നാൽ ഇവർ രണ്ടു പേരും ചേർന്നപ്പോൾ ഉണ്ടായ അൻജാൻ പക്ഷെ സ്ഥിരം വഴികളിൽ തളച്ചിടപ്പെട്ട ഒരു മൂന്നു മണിക്കൂർ ചിത്രം മാത്രമാണ്. കഥയിലോ അവതരണത്തിലോ യാതൊരു പുതുമയും നൽകാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.

സൂര്യ, വിദ്യുത് ജമാൽ, മനോജ് ബാജ്‌പേയ് തുടങ്ങിയ മികച്ച നടന്മാർ ക്യാമറയ്ക്ക് മുമ്പിലും ലിംഗുസ്വാമി, സന്തോഷ് ശിവൻ തുടങ്ങിയ പ്രതിഭകൾ ക്യാമറയ്ക്ക് പിന്നിലും അണി നിരന്നെങ്കിലും ചിത്രം വെറുമൊരു സാധാരണ കാഴ്ച മാത്രമായി. സ്ഥിരം വഴികളിലൂടെ സഞ്ചരിക്കുന്ന കഥയും തിരക്കഥയും തന്നെയാണ് അൻജാന്റെ പ്രധാന പോരായ്മ. പലപ്പോഴും മെയ്‌ക്കിംഗിലൂടെ കഥയുടെ പോരായ്മകളെ മറികടക്കുകയാണ് തമിഴ് സിനിമ ചെയ്തിരുന്നത്. എന്നാൽ അൻജാനിൽ ആ മാജിക്കും ഫലവത്തായില്ല. പക്ഷെ സൂര്യയുടെ കടുത്ത ആരാധകർക്ക് വേണ്ടിയുള്ളതെല്ലാം കൃത്യമായി തുന്നിച്ചേർക്കാൻ ലിംഗുസ്വാമി മറന്നിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് ആഘോഷിക്കാൻ വേണ്ടതിലേറെ ചിത്രത്തിലുണ്ട്.

ഹിന്ദി സിനിമക്കാർക്ക് ഇപ്പോൾ പ്രിയം തമിഴ്‌നാട്ടിലെ രജനീകാന്തും കള്ളിമുണ്ടും തമിഴ് മൊഴിയുമൊക്കെയാണ്. ഷാരൂക്ക് ഖാൻ ഉൾപ്പെടെയുള്ളവർ ചെന്നൈ എക്‌സ്പ്രസിൽ തമിഴ്‌നാട്ടിലേക്ക് യാത്രതിരിച്ചുതുടങ്ങി. ഈ സമയം മുംബൈ അധോലോകം ഭരിക്കാൻ എത്തിയിരിക്കുകയാണ് സൂര്യയുടെ തമിഴ്‌നാട്ടുകാരനായ രാജു ഭായ്. നായകനിലെ കമൽഹാസനും തലൈവയിലെ വിജയ്ക്കും ശേഷം മുബൈ ഭരിക്കാൻ രാജു ഭായിയും. രാജു ഭായിയും കൂട്ടാളി ചന്ദ്രുഭായിയും മുബൈയിലെ വളർന്നുവരുന്ന അധോലോക രാജാക്കന്മാരാണ്. ഇവരോട് എതിരിടാൻ ഒരു ഇമ്രാൻ ഭായ് എത്തുന്നു. ഇനി വെടിക്കെട്ടിന്റെ പൂരമാണ്. തീതുപ്പുന്ന തോക്കുകൾ, വെടിയേറ്റ് വീഴുന്ന ഗുണ്ടകൾ, ആഡംബര കാറുകളിൽ മുബൈ വീഥികളിലൂടെ കുതിക്കുന്ന നായകനും വില്ലന്മാരും, പറക്കുന്ന ക്യാമറ.. ആകെക്കൂടി പടക്കക്കടയ്ക്ക് തീപ്പിടിച്ച അവസ്ഥ.

രാജുഭായിയെ അന്വേഷിച്ച് സഹോദരൻ കൃഷ്ണ മുംബൈയിൽ എത്തുന്നതോടെയാണ് അൻജാന്റെ കഥ ആരംഭിക്കുന്നത്. കൃഷ്ണയുടെ അന്വേഷണത്തിലൂടെ രാജു ഭായ് എന്ന വമ്പൻ അധോലോക നായകന്റെ ചിത്രം വരച്ചിടാനാണ് ചിത്രത്തിന്റെ ഒന്നാം പകുതി മുഴുവൻ ഉപയോഗിച്ചിട്ടുള്ളത്. ഇതിനിടെ പുട്ടിന് തേങ്ങയിടുന്നതുപോലെ അഞ്ചെട്ട് പാട്ടുകളും സംഘട്ടനങ്ങളും കോമഡിയുമെല്ലാം തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. വിജയുടെ ചിത്രങ്ങളിലേതുപോലെ കഥയുമായി ബന്ധമില്ലാത്ത കോമഡി ട്രാക്ക് സൂര്യ ചിത്രങ്ങളിൽ ഉണ്ടാകാറില്ല. അൻജാനും ഇക്കാര്യത്തിൽ ആശ്വാസമാകുന്നുണ്ട്.

രാജുഭായിയും ചന്ദ്രുവും സ്മഗ്‌ളിംഗും കൊലപാതകവുമെല്ലാമായി മുംബൈയിലെ ഛോട്ടാരാജാക്കന്മാരായി കഴിഞ്ഞുപോവുകയാണ്. ഇതിനിടെ വമ്പൻ ഡോണായ ഇമ്രാൻ ഭായിയുമായി ഇവർക്ക് ഉടക്കേണ്ടിവരുന്നു. ഇതോടെ ചന്ദ്രുവിന്റെയും ഭായിയുടെയും ജീവിതം മാറി മറയുകയാണ്. ഈ ഏറ്റുമുട്ടലിനിടയ്ക്ക് പൊലീസ് കമ്മീഷണറുടെ മകളുമായി രാജു ഭായി പ്രേമത്തിലാകുന്നുമുണ്ട്. ഏറ്റുമുട്ടൽ ഒരുവഴിക്കും പ്രേമവും ഡാൻസുമൊക്കെ അതിന്റെ വഴിക്കും പോകുന്നു.

ഗുണ്ടയെ പ്രണയിക്കുന്ന സുന്ദരിയുടെ കഥയ്ക്ക് തമിഴിൽ പഞ്ഞമില്ല. സുന്ദരിയും വിദ്യാസമ്പന്നയുമായ നായികയെ മറ്റ് ചില ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടുത്തിയതിലൂടെയോ അതോ സുന്ദരിയെ തട്ടിക്കൊണ്ടുവന്നതിലൂടെയോ ഒക്കെയാണ് ഇവർ തമ്മിൽ പ്രണയം ഉടലെടുക്കുക. പിന്നെ സുന്ദരി നമ്മുടെ ഗുണ്ടയുടെ മനസ്സ് മാറ്റും. അവനെ നേർവഴിക്ക് നടത്തും. ഇതൊക്കെയാണ് സ്ഥിരം തമിഴ് ഫോർമുലകൾ. എന്നാൽ ഇവിടെ കാര്യങ്ങൾക്ക് അല്പം വ്യത്യാസമുണ്ട്. നായകനെ നേർവഴിക്ക് നടത്താനൊന്നും നമ്മുടെ നായിക മിനക്കെടുന്നില്ല. പകരം ഏറ്റുമുട്ടലുകളുടെയും സംഘർഷത്തിന്റെയും നാളുകളിൽ ബിക്കിനിയും ട്രൗസറുമൊക്കെ ഇട്ട് ആടി അവന് ആശ്വാസം പകരുകയാണ് നമ്മുടെ നായിക. നായിക സ്‌ക്രീനിൽ വരുന്ന ഓരോ രംഗത്തും നായകന് വേണ്ടി നായികയായ സാമന്ത വസ്ത്രമഴിച്ചിട്ട് ആടുന്നുണ്ട്. ഗാനങ്ങളും ഗാനരംഗങ്ങളുമൊന്നും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. നാ മുത്തുകുമാറിന്റെ വരികൾക്ക് യുവൻ ശങ്കർരാജ ഈണമിട്ട് സൂര്യയും ആൻഡ്രിയ ജെർമ്മിയും ചേർന്ന് പാടിയ 'ഏക് ദോ തീൻ ചാർ ഒത്തിക്കൊട്' എന്ന ഗാനം മാത്രമാണ് കേട്ടിരിക്കാൻ രസമുള്ളത്.

രാജു ഭായിയുടെ സഹപ്രവർത്തകൻ ചന്ദ്രു കൊല്ലപ്പെടുന്നു. പകരം വീട്ടാൻ പോയ രാജു ഭായും വെടിയേറ്റ് പുഴയിൽ വീഴുന്നു. എന്നാൽ കാലങ്ങൾക്ക് ശേഷം കൃഷ്ണയായി എത്തുന്ന രാജുഭായി തന്റെ ശത്രുവായ ഇമ്രാൻ ഭായിയെയും സംഘത്തെയും തകർത്തെറിഞ്ഞ് സ്‌ളോ മോഷനിൽ നടക്കുമ്പോൾ ചിത്രം പൂർത്തിയാവുകയും ചെയ്യുന്നു.

ആവർത്തന വിരസമായ രംഗങ്ങളും ഏച്ചുകെട്ടിയ പ്രണയ നാടകവുമെല്ലാം നിറയുന്ന അൻജാനെ കണ്ടിരിക്കാൻ പാകത്തിലാക്കുന്നത് സൂര്യ എന്ന നടന്റെ മികച്ച പ്രകടനം മാത്രമാണ്. സൗമ്യനായ കൃഷ്ണയെയും രൗദ്രഭാവം നിറഞ്ഞ രാജു ഭായ് എന്ന അധോലോക നായകനെയും ഏറെ മനോഹരമായി സൂര്യ അവതരിപ്പിച്ചിരിക്കുന്നു. കഥയും തിരക്കഥയുമെല്ലാം പാളിയെങ്കിലും ഓരോ സീനിലും സൂര്യയ്ക്ക് നിറഞ്ഞാടാൻ അവസരം ഒരുക്കി ലിംഗുസ്വാമി മാറി നിൽക്കുകയും ചെയ്യുന്നു. സൂര്യ എന്ന താരത്തെ ആസ്വദിക്കണമെങ്കിൽ നിങ്ങൾക്ക് അൻജാന് ടിക്കറ്റെടുക്കാം. താരത്തിന്റെ സ്‌റ്റൈലൻ പ്രകടനങ്ങൾ ആസ്വദിക്കാം. കുറേ വെടിക്കെട്ട് ആക്ഷനും ഗ്‌ളാമർ ഗാനരംഗങ്ങളും കണ്ട് തിയേറ്റർ വിട്ടിറങ്ങാം.

മലയാളത്തിനുമുമ്പേ ന്യൂ ജനറേഷൻ തരംഗമത്തെിയത് തമിഴ് സിനിമയിലാണ്. പ്രമേയത്തിലും പരിചരണത്തിലും വ്യത്യസ്തതകളുമായി പുതിയ പുതിയ മുഖങ്ങൾ തീയേറ്റർ കീഴടക്കുമ്പോൾ അതിന്റെ കടക്കൽകത്തി വെക്കലായിപ്പോയി, നല്ല സിനിമയെ സ്‌നേഹിക്കുന്നയാളെന്ന് അറിയപ്പെടുന്ന സൂര്യയുടെ ഈ പടപ്പ്. പഴയ രജനീകാന്ത്, സത്യരാജ്, വിജയകാന്ത് യുഗം തിരിച്ചുവരികയാണോ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP