Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആത്മകഥാംശമുള്ള പുസ്തകം പ്രസിദ്ധീകരിച്ച് നിലപാട് വ്യക്തമാക്കും; രാഹുൽ തളരുന്നിടത്ത് തുണയായി ഇന്ദിരാ ഗാന്ധിയെ ഓർമ്മപ്പെടുത്തി മുമ്പിൽ നിൽക്കും; റായ്ബറേലിയിലും അമേഠിയിലും മാത്രം ഷൈൻ ചെയ്യുന്നത് വിട്ട് വടക്കേ ഇന്ത്യയിൽ എല്ലാം ഓടിയെത്തും; രോഗബാധിതയായ അമ്മയ്ക്ക് പകരം സഹോദരനെ തുണക്കാൻ ഇക്കുറി പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങും; ഇന്ദിരയുടെ മുഖച്ഛായയും സ്വഭാവ വിശേഷങ്ങളും ഉള്ള കൊച്ചുമകളെ കാത്ത് കോൺഗ്രസ് പ്രവർത്തകർ

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആത്മകഥാംശമുള്ള പുസ്തകം പ്രസിദ്ധീകരിച്ച് നിലപാട് വ്യക്തമാക്കും; രാഹുൽ തളരുന്നിടത്ത് തുണയായി ഇന്ദിരാ ഗാന്ധിയെ ഓർമ്മപ്പെടുത്തി മുമ്പിൽ നിൽക്കും; റായ്ബറേലിയിലും അമേഠിയിലും മാത്രം ഷൈൻ ചെയ്യുന്നത് വിട്ട് വടക്കേ ഇന്ത്യയിൽ എല്ലാം ഓടിയെത്തും; രോഗബാധിതയായ അമ്മയ്ക്ക് പകരം സഹോദരനെ തുണക്കാൻ ഇക്കുറി പ്രിയങ്കാ ഗാന്ധി രംഗത്തിറങ്ങും; ഇന്ദിരയുടെ മുഖച്ഛായയും സ്വഭാവ വിശേഷങ്ങളും ഉള്ള കൊച്ചുമകളെ കാത്ത് കോൺഗ്രസ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിന്ദി ഹൃദയ ഭൂമിയിൽ ആഞ്ഞെടിക്കുന്നത് രാഹുൽ തരംഗമാണ്. കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കാൻ പോന്ന കരുത്തുള്ള അതിശക്തമായ രാഷ്ട്രീയ കാറ്റ്. ഇതിന്റെ ആവേശം കെട്ടു പോകുന്നില്ലെന്ന് ഉറപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് തുണയായി പ്രിയങ്കയും ഉണ്ടാകും. രാജ്യത്തുടനീളം കോൺഗ്രസ് പ്രവർത്തകരിൽ ആവേശമെത്തിക്കാൻ പ്രിയങ്കയേയും നിറയ്ക്കാനാണ് രാഹുലിന്റേയും തീരുമാനം.

ഇന്ദിരയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തുയർന്ന അതേ വികാരം പ്രിയങ്കയും കോൺഗ്രസിൽ നിറയ്ക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയുടെ രൂപ സാദൃശ്യമാണ് പ്രിയങ്കയെ കോൺഗ്രസുകാരുടെ പ്രിയങ്കരിയാക്കുന്നത്. നടത്തത്തിലും ചലനത്തിലും എല്ലാം നമുക്ക് ഇന്ദിരയെ പ്രിയങ്കയിലൂടെ കാണാം. അതുകൊണ്ട് തന്നെ പ്രിയങ്കയിലൂടെ ഇന്ദിരാ ഗാന്ധിയുടെ ഓർമ്മപ്പെടുത്തലുണ്ടാക്കിയെടുത്ത് ഉത്തരേന്ത്യയെ കോൺഗ്രസ് പക്ഷത്ത് നിർത്താനാണ് നീക്കം. ഇതിനൊപ്പം തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ മേഖലയിലുമെല്ലാം പ്രിയങ്കയ്ക്ക് ചലനമുണ്ടാക്കാനാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സോണിയാ ഗാന്ധിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഏറെയുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയെ സജീവമാക്കി സോണിയയുടെ കുറവ് പരിഹരിക്കാൻ നീക്കം.

മോദിയെ നേരിടാൻ ബൂത്ത് തലം തൊട്ടുള്ള പ്രവർത്തനത്തെ ഏകോപിപ്പിക്കുക പ്രിയങ്കയാവും. 2019 കോൺഗ്രസിന്റെ സ്റ്റാർ പ്രചാരക പ്രിയങ്കാ ഗാന്ധിയായിരിക്കും. രാഹുൽ തന്റെ ടീമിൽ പ്രിയങ്കയെ ഉൾപ്പെടുത്തിയിട്ടുണ്ട്. 2014ൽ മോദിയെ ചിലയിടങ്ങളിൽ സമ്മർദ്ദത്തിലാക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു. കടുത്ത ഭരണവിരുദ്ധ തരംഗം ഉള്ളപ്പോൾ പ്രിയങ്ക രാഷ്ട്രീയ മൈലേജ് ലഭിക്കുമെന്ന് രാഹുലിന് അറിയാം. അതേസമയം മോദി റായ്ബറേലിയിലും അമേഠിയിലും പ്രചാരണത്തിന് എത്തുന്നുണ്ട്. 2014ൽ ഭർത്താവ് റോബർട്ട് വധേരയുടെ കേസുകൾ പിന്നാലെ ഉള്ളതിനാലാണ് അവർ തൽക്കാലം വിട്ടുനിന്നത്. എന്നാൽ 2019ൽ പ്രചാരണത്തിന്റെ പ്രധാന ശക്തികേന്ദ്രം പ്രിയങ്കയാവും. ഇന്ദിരയുടെ അതേ പ്രസംഗ ശൈലിയാണ് പ്രിയങ്കയ്ക്കുള്ളത്. പ്രിയങ്കയുടെ പ്രസംഗം നടക്കുന്ന വേദികളിൽ വൻ ജനാവലിയും ഉണ്ടാവാറുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് രാഹുൽ പുതിയ നീക്കങ്ങൾ നടത്തുന്നത്.

മുത്തശ്ശിയുടെ നിശ്ചയദാർഢ്യവും അമ്മയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്കയ്ക്കു രാഹുൽ ഗാന്ധിയുടെ വലംകയ്യായി നിലയറുപ്പിക്കും. തെരഞ്ഞെടുപ്പ് കാലത്ത് യുപിയിലെ അമേഠിയിലും റായ്ബറേലിയിലും മാത്രം പ്രചാരണം നടത്തുന്ന പതിവു രീതി വിട്ട് കൂടുതൽ മണ്ഡലങ്ങളിൽ പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പാക്കാൻ പാർട്ടി ശ്രമിക്കും. അനാരോഗ്യം അലട്ടുന്ന സോണിയ ഗാന്ധിയുടെ പകരക്കാരിയായി റായ്ബറേലിയിൽ മൽസരിപ്പിക്കുന്നതും പരിഗണനയിലാണ്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. പ്രിയങ്ക തന്റെ രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം മാർച്ചോടെ പുറത്തിറങ്ങും. 300 പേജുള്ള പുസ്തകത്തിന് 'എഗെൻസ്റ്റ് ഔട്ട്‌റേജ്' എന്നാണു പേരിട്ടിരിക്കുന്നതെന്നാണ് വിവരം. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പ്രിയങ്കയുടെ പുസ്തകമെഴുത്തി. മുത്തശ്ശിയെ ഓർമ്മപ്പെടുത്തുന്ന തരത്തിലെ പരാമർശങ്ങൾ പുസ്തകത്തിൽ ഉണ്ടാകും. ഇന്ദിരയെന്ന പേര് നൽകിയ ആവേശം നിറയ്ക്കുന്നതാകും പുസ്തകം. അച്ഛൻ രാഹുൽ ഗാന്ധിയുടെ ഓർമ്മയും മരണമുണ്ടാക്കി ആഘാതവുമെല്ലാം മനസ്സിലുണ്ടാക്കിയ വിങ്ങലും അത് നൽകിയ കരുത്തും വിശദീകരിക്കുന്നതാകും പുസ്തകം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി പദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ പ്രിയങ്ക നിർണായക പങ്കു വഹിച്ചിരുന്നു. മുഖ്യമന്ത്രി പദം ലഭിക്കാത്തതിൽ പ്രതിഷേധമുയർത്തിയ സച്ചിൻ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും അനുനയിപ്പിച്ചത് പ്രിയങ്കയാണ്. സച്ചിനും സിന്ധ്യയും ആയി കുട്ടിക്കാലം മുതലുള്ള സൗഹൃദം പ്രശ്‌നപരിഹാരം എളുപ്പമാക്കി. വരും നാളുകളിൽ സഖ്യകക്ഷികളുമായുള്ള ചർച്ചകളിലും പ്രിയങ്കയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കുറിക്കു കൊള്ളുന്ന മറുപടി നൽകിയാവും പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിൽ നിറയുക. 56ന്റെ നെഞ്ചളവല്ല, വിശാല ഹൃദയമാണു വേണ്ടതെന്നു 2014 ൽ പ്രിയങ്ക പറഞ്ഞത് നേതാക്കൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഇത്തരം പഞ്ച് ഡയലോഗുമായി കോൺഗ്രസുകാരിൽ ആവേശം നിറയ്ക്കാൻ പ്രിയങ്ക ഉണ്ടാകും. തന്റെ ഭർത്താവിനെ കേസിൽ കുടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കം കൂടി തിരിച്ചറിഞ്ഞാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്.

ഇന്ദിരയിലെ ശക്തയായ ഭരണാധികാരി പ്രിയങ്കയിലുമുണ്ടെന്ന് ബഹുഭൂരിഭാഗം കോൺഗ്രസുകാരും പറയുന്നു. അതിനാൽ പ്രിയങ്കയെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന വാദം ശക്തമാണ്. സോണിയ ഗാന്ധിയും സമ്മതം മുളിയാൽ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്തെങ്കിലും പ്രിയങ്ക രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് പൊതുവേ വിലയിരുത്തൽ. സോണിയയുടെ സിറ്റിങ് സീറ്റായ റായ് ബറേലിയിൽ തന്നെ അവർ സ്ഥാനാർത്ഥിയാകാനുള്ള സാധ്യതയും കൂടുതലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സോണിയയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമായത് പ്രിയങ്കയായിരുന്നു. ബിജെപിയുടെ വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള കരുത്ത് രാഹുലിനേക്കാൾ പ്രിയങ്കയ്ക്കാണ് കൂടുതലെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളും തന്റേടവും ജനക്കൂട്ടവുമായി സംവദിക്കുന്നതിലെ മികവും അവരെ വേറിട്ടു നിർത്തുന്നതായിരുന്നു കാരണം.

നേരത്തെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ചു മൽസരിക്കുമെന്ന നിർണ്ണായക തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത് പ്രിയങ്കാ ഗാന്ധിയുടെ ഇടപടെലായിരുന്നു. അഖിലേഷും പ്രിയങ്കയും നല്ല സുഹൃത്തുക്കളായിരുന്നു. ഇതു തന്നെയായിരുന്നു നിർണ്ണായകമായത്. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനമോ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനമോ പ്രിയങ്കയ്ക്ക് നൽകണമെന്ന ആവശ്യം ദീർഘകാലമായി കോൺഗ്രസിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP