Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിൽ വളർന്ന് ഡെന്റൽ ഡോക്ടറാകാൻ ബംഗളൂരുവിൽ പഠിക്കുമ്പോൾ സിനിമാ മോഹം തലയ്ക്ക് പിടിച്ചു; മോഡലിങ്ങിൽ തിളങ്ങി നിൽക്കവേ സുകാഷ് ചന്ദ്രശേഖറെ പരിചയപ്പെട്ടപ്പോൾ തട്ടിപ്പുകളുടെ മഹാറാണിയായി; രാജ്യവ്യാപക തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയത് റോൾസ് റോസ് ഫാന്റവും ആസ്റ്റൻ മാർട്ടിനും അടക്കം അനേകം ആഡംബരക്കാറുകളും വില്ലകളും;രണ്ട് അംഗരക്ഷകർക്കൊപ്പം ജീവിച്ചിട്ടും ശത്രുക്കളുടെ കണ്ണിൽ നിന്നും മായാനായില്ല; കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ നിറയുന്നത് ചീഞ്ഞളിഞ്ഞ അധോലോക ബന്ധങ്ങൾ

ദുബായിൽ വളർന്ന് ഡെന്റൽ ഡോക്ടറാകാൻ ബംഗളൂരുവിൽ പഠിക്കുമ്പോൾ സിനിമാ മോഹം തലയ്ക്ക് പിടിച്ചു; മോഡലിങ്ങിൽ തിളങ്ങി നിൽക്കവേ സുകാഷ് ചന്ദ്രശേഖറെ പരിചയപ്പെട്ടപ്പോൾ തട്ടിപ്പുകളുടെ മഹാറാണിയായി; രാജ്യവ്യാപക തട്ടിപ്പുകളിലൂടെ സ്വന്തമാക്കിയത് റോൾസ് റോസ് ഫാന്റവും ആസ്റ്റൻ മാർട്ടിനും അടക്കം അനേകം ആഡംബരക്കാറുകളും വില്ലകളും;രണ്ട് അംഗരക്ഷകർക്കൊപ്പം ജീവിച്ചിട്ടും ശത്രുക്കളുടെ കണ്ണിൽ നിന്നും മായാനായില്ല; കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്‌പ്പിൽ നിറയുന്നത് ചീഞ്ഞളിഞ്ഞ അധോലോക ബന്ധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജന്മനാ തട്ടിപ്പുകാരനായ സുകാഷുമായി പ്രണയത്തിലായതോടെയാണ് ലീന തട്ടിപ്പിന്റെ രാജകുമാരിയായി മാറിയത്. തമിഴ്‌നാട്ടിൽ ടിടിവി ദിനകരന് രണ്ടില ചിഹ്നം ലഭിക്കാനായി ഇടനിലക്കാരനായി പ്രവർത്തിച്ച വ്യക്തിയാണ് സുകാഷ് ചന്ദ്രശേഖർ എന്ന ആൾ രൂപം. സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയായിരുന്നു. ഈ അടുപ്പം പിന്നീട് പ്രണയമായും പിന്നീട് സുകാഷിന്റെ തട്ടിപ്പിന്റെ പങ്കാളിയായി മാറുകയും ആയിരുന്നു. ഇതോടെ സുകാഷിനെയും വെല്ലുന്ന തട്ടിപ്പുകാരിയായി ലീന മാറുകയും ചെയ്തു. രണ്ട് അംഗരക്ഷകർക്കൊപ്പമാണ് ഇപ്പോൾ യാത്ര. മുംബൈ അധോലോകത്തിന്റെ ഭീഷണിയും ഉണ്ടായിരുന്നു. ഇതാണ് കൊച്ചിയിലെ വെടിവയ്‌പ്പിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബൈക്കിലെത്തിയ സംഘം വെടിവച്ചത് ഏറെ ചർച്ചയായി കഴിഞ്ഞു. കൊച്ചിയിലെ അധോലോകത്തിന്റെ സാന്നിധ്യാമാണ് ഇതിലൂടെ ചർച്ചയാകുന്നത്. മുകൾനിലയിൽ പ്രവർത്തിക്കുന്ന 'ദി നെയ്ൽ ആർട്ടിസ്ട്രി' എന്ന ബ്യൂട്ടി പാർലറിന്റെ കോണിപ്പടിയിലാണ് സംഭവം. എന്നാൽ ശബ്ദമുണ്ടായതല്ലാതെ വെടിവെപ്പ് നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇവിടെയില്ല. നടി സ്ഥലത്തുണ്ടായിരുന്നില്ല. മുഖം മറച്ചിരുന്ന പ്രതികളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടവന്ത്ര സെയ്ന്റ് ജോസഫ്സ് പള്ളിക്കു സമീപം പനമ്പിള്ളി നഗർ യുവജന സമാജം റോഡിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയ്ക്കു ശേഷമാണ് സംഭവം. പൊലീസും വെടിവയ്‌പ്പ് കേട്ട് ഞെട്ടി. അക്രമികൾ കടന്നുകളയും മുൻപു മുംബൈ അധോലോക ക്രിമിനൽ 'രവി പൂജാരി'യുടെ പേര് ഹിന്ദിയിൽ എഴുതിയ കടലാസുകഷണം ഇവർ സലൂണിനു മുന്നിൽ ഉപേക്ഷിച്ചിരുന്നു.

കോടികളുടെ തട്ടിപ്പ്, അതിനായുള്ള ആസൂത്രണം, ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങൾ... ലീന മരിയ പോളിന്റെ ജീവിതം ആരേയും ഞെട്ടിക്കുന്നതാണ്. തട്ടിപ്പുകളും കേസുകളും പിന്നാലെയുണ്ടെങ്കിലും അതിലൊന്നിലും കുലുങ്ങാത്ത പ്രകൃതം. എപ്പോഴും രണ്ട് അംഗരക്ഷകരുടെ കൂടെയാണു നടപ്പ്. സിനിമാക്കഥ പോലെ തന്നെയായിരുന്നു ലീനയുടെ ജീവിതം. ദുബായിൽ പഠിച്ചുവളർന്ന ബിഡിഎസുകാരി എന്നു സിനിമാമേഖലയിൽ സ്വയം പരിചയപ്പെടുത്തിയ ലീന ഐഎഎസുകാരിയെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയതും അറസ്റ്റിലായതുമൊക്കെ സിനിമാക്കഥകൾക്കു സമാനം. ഇതിന് മുമ്പ് പലപ്പോഴും ലീനയും കൂട്ടാളി സുകാഷ ചന്ദ്രശേഖറും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പത്തുകോടിയുടെ തട്ടിപ്പു കേസിൽ ലീനയും സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും 2015ലാണ് ആദ്യം അറസ്റ്റിലാകുന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് (ഇക്കണോമിക് ഒഫൻസസ് വിങ്) ഇവരെ പിടികൂടിയത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനൽകുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അതിന് ശേഷം പലപ്പോഴും ഇവർ വിവാദങ്ങളെലെത്തി.

അധോലോക ബന്ധങ്ങളായിരുന്നു ലീനയുടെ ജീവിതത്തിൽ ദുരൂഹത നിറച്ചത്. കൊച്ചയിലെ വെടിവയ്‌പ്പിൽ പൊലീസിന്റെ അന്വേഷണം നീങ്ങുന്നതു ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച്. ഫൊറൻസിക് വിദഗ്ധരും പൊലീസിന്റെ ബാലിസ്റ്റിക്ക് വിഭാഗവും നടത്തിയ പരിശോധനയിൽ വെടിയുണ്ടയോ പെല്ലറ്റുകളോ വെടിമരുന്നിന്റെ അംശമോ കണ്ടെത്താൻ കഴിഞ്ഞില്ല. എയർ പിസ്റ്റൾ ഉപയോഗിച്ചു വെടിവയ്ക്കുന്ന ശബ്ദമുണ്ടാക്കി ശ്രദ്ധയാകർഷിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നു സംശയിക്കുന്നു. ഇന്നലെ ഉച്ചയ്ക്കു 2.50നു നെയ്ൽ ആർട്ടിസ്ട്രി എന്ന സലൂണിൽ നാടകീയ സംഭവം നടക്കുമ്പോൾ ലീന സ്ഥാപനത്തിലുണ്ടായിരുന്നില്ല.എന്നാൽ, ഒരാഴ്ച മുൻപു തനിക്കു വധഭീഷണിയുള്ളതായി ലീന പൊലീസിൽ പരാതിപ്പെടുകയും സുരക്ഷയ്ക്കുവേണ്ടി മൂന്നു അംഗരക്ഷകരെ നിയോഗിക്കുകയും ചെയ്തിരുന്നു.

നടി ലീന മരിയ പോളിന് എന്തെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്ന് പരിശോധിക്കുമെന്ന് കൊച്ചി ഡപ്യൂട്ടി കമ്മിഷണർ ജെ. ഹിമേന്ദ്രനാഥ് പറഞ്ഞു. ചെന്നൈയിലുള്ള നടി ഞായറാഴ്ച എത്തും. ഇവരുടെ വിശദ മൊഴി രേഖപ്പെടുത്തിയാലെ ഇത് വ്യക്തമാകൂ. എയർ പിസ്റ്റളോ കളിത്തോക്കോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തോന്നുന്നു. വെടിയുടെ എന്തെങ്കിലും അവശിഷ്ടം ഉണ്ടോയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെയേ വ്യക്തമാകൂ. പേടിപ്പിക്കാനുള്ള ഒരു ശ്രമമായിട്ടാണ് തോന്നുന്നത്. ഞായറാഴ്ചയോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. അക്രമികൾ വന്ന വണ്ടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്-അദ്ദേഹം പറഞ്ഞു. മിക്ക ദിവസവും ബ്യൂട്ടി പാർലറിലെത്തിയിരുന്ന ലീന മരിയ പോൾ ഏതാനും ദിവസങ്ങളായി സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരുടെയൊപ്പമാണ് എത്തിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കൊച്ചിയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിവയ്‌പ്പ്!

ലീനയുടെ സ്ഥാപനത്തിൽ വെട്വവച്ച ബൈക്കിൽ കറുത്ത നീളൻ കോട്ടും ഹെൽമറ്റും ധരിച്ചെത്തിയ 2 പേരുടെ ദൃശ്യങ്ങൾ സമീപത്തെ കടയുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഇവർ സ്ഥാപനത്തിലെത്തിയതിനു തെളിവുണ്ടാക്കാനാണു നിരീക്ഷണ ക്യാമറയ്ക്കു മുന്നിൽതന്നെ ബൈക്ക് പാർക്കു ചെയ്തതെന്നു പൊലീസ് സംശയിക്കുന്നുണ്ട്.

ഒരാഴ്ച മുൻപ് എറണാകുളം കലൂർ മണപ്പാട്ടിപ്പറമ്പിലെ കെട്ടിട നിർമ്മാണ സൈറ്റിലും മൂന്നംഗ സംഘം കരാറുകാരനു നേരെ വെടി ഉതിർത്ത സംഭവമുണ്ടായിരുന്നു. ഇതു രഹസ്യമാക്കി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ രണ്ടാമത്തെ സംഭവമുണ്ടായത്. ശബ്ദം മാത്രം കേൾക്കുന്ന തരത്തിലുള്ള എയർ പിസ്റ്റളാണ് ഉപയോഗിച്ചതെന്ന് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. ഈ കെട്ടിടത്തിന്റെ താഴത്തെ കെട്ടിടത്തിൽ നടൻ ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബ് പ്രവർത്തിക്കുന്നുണ്ട്. മുകൾ നിലയിൽ ഒരു ദന്താശുപത്രിയും ബ്യൂട്ടി പാർലറുമാണുള്ളത്.

മുമ്പ് തട്ടിപ്പു കേസുകളിൽ അറസ്റ്റിലായിട്ടുള്ളയാളാണ് ലീന മരിയ പോൾ. ചെന്നൈയിലെ കേസിൽ അവരെ ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു. കോബ്ര, റെഡ് ചില്ലീസ്, ഹസ്ബൻഡ്സ് ഇൻ ഗോവ, ജോൺ എബ്രഹാം നായകനായ ഹിന്ദി ചിത്രം മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളിൽ ലീന അഭിനയിച്ചിട്ടുണ്ട്.

മോഹിച്ചത് സൂപ്പർ നടിയാകാൻ

തൃശൂരുകാരിയാണു ലീന. ആഢ്യ കുടുംബത്തിലാണു ജനിച്ചത്. ദുബായിൽ എൻജിനിയറാണ് അച്ഛൻ. രണ്ടു സഹോദരിമാരിൽ ഒരാൾ ഡോക്ടറാണ്. ലീന ദന്തഡോക്ടറും. എന്നാൽ ജീവിക്കാൻ നല്ല സാഹചര്യം മുന്നിലുണ്ടായിട്ടും സിനിമാ മോഹം തലയ്ക്ക് പിടിച്ച ലീന പിന്നീട് തട്ടിപ്പിന്റെ താരറാണിയായി മാറുക ആയിരുന്നു. ബംഗളൂരുവിൽ ബിഡിഎസിന് പഠിക്കുമ്പോഴാണ് ലീന സുഹാസ് ചന്ദ്രശേഖറിനെ പരിചയപ്പെടുന്നത്. ഇതോടെയാണ് ലീന തട്ടിപ്പിന്റെ ലോകത്ത് എത്തിയത്.

ഹിന്ദി സിനിമയിലെ പ്രശസ്തനായ സംവിധായകൻ എന്നു പറഞ്ഞാണു  സുകാഷ്‌ ലീനയെ പരിചയപ്പെട്ടത്. ബംഗളുരുവിലെ ഒരു ജൂവൽറി ഉടമയെയും പരിചയപ്പെടുത്തി. ഈ ജുവൽറിയുടെ പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ചു. നേരിൽ കാണണമെന്ന് ഇൻർനെറ്റിലൂടെ ക്ഷണിച്ചു. ബോംബെയിലെ ഒരു മോഡൽ സുന്ദരി എന്റെ അടുത്ത സുഹൃത്തായിരുന്നു. അവരുടെ കാമുകനും സുകാഷ്‌ ചന്ദ്രശേഖറും ഉറ്റസുഹൃത്തുക്കളായിരുന്നു. ഒടുവിൽ ബോംബെയിലെ പ്രസ്തുത സുഹൃത്തിന്റെ വീട്ടിൽവച്ച് ആദ്യമായി സുകാഷിനെ പരിചയപ്പെട്ടു. അതോടൊപ്പം ബോളിവുഡിലെ നായികാപദവിയിലേക്ക് ഉയർത്താമെന്നും അയാൾ വാഗ്ദാനം ചെയ്തു. വളരെ മാന്യമായ ഇടപെടലായിരുന്നു അയാളുടെ ഭാഗത്തുനിന്നും എനിക്ക് ലഭിച്ചത്. പക്ഷേ അയാളുടെ ഉള്ളിൽ ഒരു കൊടിയ മൃഗം പതിയിരിപ്പുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. മാത്രമല്ല, അയാളുടെ യഥാർത്ഥ മുഖമായിരുന്നില്ല ഞാൻ കണ്ടതും. എന്തായാലും ഹിന്ദി സിനിമയുടെ ഒരു സംവിധായകൻ കൂടിയാണല്ലോ അയാൾ? എന്ന നിലയ്ക്ക് അയാളുമായി അടുത്തുതുടങ്ങി. ഇതോടെ കഷ്ടകാലം തുടങ്ങി.

ഒരു തമിഴ്‌നടനും ഒരു നൃത്ത സംവിധായകനും കൂടി സുകാഷിനെ സന്ദർശിക്കാൻ മിക്കപ്പോഴും വരാറുണ്ടായിരുന്നു. ഇതെന്റെ ഊഹം ബലപ്പെടുത്താൻ സഹായിക്കുകയുണ്ടായി. സുഹാസിൽ ഞാൻ ഏറ്റം വിശ്വാസമർപ്പിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴും ഞാൻ സുഹാസുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുണ്ടായി. 2010 മുതൽ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിച്ചുപോന്നു. ചുരുക്കം ഹിന്ദി സിനിമയിൽ നായികയാകാൻ കൊതിച്ച ഞാൻ ഒടുവിൽ അയാളുടെ നായികയായിത്തീരുകയാണുണ്ടായത്. പക്ഷേ ഈ ബന്ധത്തിന് ഒരു സാധുത വേണമല്ലോ? നിയമപരമായി വിവാഹിതരാകാൻ ഞാൻ അയാളെ നിരന്തരം പ്രേരിപ്പിച്ചു. പക്ഷേ അയാൾ അപ്പോഴൊക്കെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് വഴുതിമാറുകയാണ് ചെയ്തത് തുടങ്ങിയ വെളിപ്പെടുത്തലുകൾ ലീന സിനമാ മംഗളത്തിലൂടെ നടത്തിയത് ഇങ്ങനൊണ്.

അയാളെന്നെ വിവാഹം വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നത് നിമിത്തം, കിടപ്പറയിൽ ഒരു യഥാർത്ഥ ഭാര്യയുടെ സമീപനവും സഹകരണവുമാണ് എന്നിൽനിന്നും ഉണ്ടായത്. ഞാൻ ഗർഭം ധരിച്ചു. രണ്ടുമാസമായപ്പോഴേയ്ക്കും അയാളുടെ ഭീഷണി മൂലം എനിക്ക് ഗർഭം അലസിപ്പിക്കേണ്ടതായി വന്നു. ''നമുക്ക് കുഞ്ഞുങ്ങൾ വേണം. നിന്നെക്കാൾ ആഗ്രഹം എനിക്കുണ്ട്. പക്ഷെ എനിക്ക് കുറച്ചുകൂടി സമയം വേണം.' അയാൾ ഇടയ്ക്കിടെ ഇങ്ങനെ പറയുമായിരുന്നു. രണ്ടാംതവണയും ഗർഭം ധരിച്ചപ്പോൾ, അതും അലസിപ്പിച്ചേ മതിയാകൂ എന്നയാൾ ശാഠ്യം പിടിച്ചു. അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ എന്റെ രണ്ടാമത്തെ കുഞ്ഞിനെയും ഞാൻ കൊല്ലുകയായിരുന്നു. അപ്പോഴൊക്കെ എന്റെ ഹൃദയം തേങ്ങുകയായിരുന്നു. എന്റെ ആത്മനൊമ്പരം ദൈവത്തിനു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇപ്പോഴും ഞാൻ ഗർഭിണിയാണ്. അതെ. എന്റെ ഋതുകാലങ്ങൾ മൂന്നാംതവണയും തെറ്റിക്കഴിഞ്ഞിരിക്കുന്നു. ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായപ്പോൾ മൂന്നാമത്തെ കുഞ്ഞിനെയും ഗർഭഛിദ്രം ചെയ്തു...

19 കോടി രൂപ വ്യാജരേഖകൾ ചമച്ച് ബാങ്കിൽ നിന്നും തട്ടിയെടുത്ത് ഒളിവിൽ പോയ നടി ലീനയെ ഡൽഹിയിലെ ഒളിസങ്കേതത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽനിന്ന് ലീനയുടെ പ്രതികരണം അമ്പരപ്പിക്കും വിധമുള്ളതായിരുന്നു. മറ്റുള്ളവരെ വഞ്ചിച്ചും ചതിച്ചും കോടാനുകോടികൾ സമ്പാദിച്ചതുപോലെ സുഹാസ് ചന്ദ്രശേഖരൻ എന്നെയും വഞ്ചിക്കുകയും ചതിക്കുകയുമാണുണ്ടായത് ലീന പറഞ്ഞു. ''അയാളൊരു ആഗോള ക്രിമിനൽ ആണെന്നറിഞ്ഞിട്ടും ഒരു പെരുങ്കള്ളനാണെന്നറിഞ്ഞിട്ടും ഒരു മാന്ത്രിക ശക്തിയെന്നോണം അയാളിൽ ഞാൻ ആവാഹിച്ചു പോകുകയാണുണ്ടായത്. ഞാനൊരു അഗാധ ഗർത്തത്തിന്റെ വക്കിലാണെന്ന് തത്സമയം ചിന്തിച്ചിരുന്നില്ല.- ലീന പറഞ്ഞിരുന്നു. ഇതിന് ശേഷവും തട്ടിപ്പിന്റെ വഴിയേ ലീന യാത്ര തുടങ്ങി. ഇതാണ് കൊച്ചിയിലെ വെടിവയ്‌പ്പിലേക്കും കാര്യങ്ങളെത്തിക്കുന്നത്.

കാനറാ ബാങ്കിനെ വഞ്ചിച്ച കഥ ഇങ്ങനെ

ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ചെന്നൈയിൽ കാനറാ ബാങ്കിനെ കബളിപ്പിച്ച് 19 കോടി രൂപ തട്ടിയെടുത്തതോടെയാണ് ലീനാ മരിയാ പോളിന്റെ പേരുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.

കുറ്റകരമായ ഗൂഢാലോചന, വഞ്ചന, ആയുധം കൈവശം വെക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്ത ഡെന്നൈ പൊലീസ് ഡൽഹിയിലെ ഫാം ഹൗസിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ വിലമതിക്കുന്ന 81 വാച്ചുകൾ ഒമ്പത് ആഡംബര കാറുകളും അന്ന് ഇവരുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തു. 2013ലായിരുന്നു സംഭവം. കേസിൽ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് സ്വാധീനം ഉപയോഗിച്ച് ലീന പുറത്തിറങ്ങി. പിന്നീട് 2015ലാണ് വീണ്ടും ലീനാ മരിയാ പോളിന്റെ പേര് വാർത്താ കോളങ്ങളിൽ നിറയുന്നത്.

ലീന നടത്തിയ തട്ടിപ്പുകളുടെ കഥയറിഞ്ഞ പൊലീസും വാ പൊളിച്ചിരുന്നു പോയി. കോടികളുടെ തട്ടിപ്പായിരുന്നു മുംബൈ കേന്ദ്രീകരിച്ച് ലീന നടത്തിയത്. മുംബൈയിൽ ലീനാ മരിയാ പോളിന്റെ തട്ടിപ്പിനിരയായവരിൽ കൂടുതലും ബോളിവുഡ് താരങ്ങളായിരുന്നു. ലീനയുടെ തട്ടിപ്പിൽ രാഖി സാവന്തിന് മാത്രം നഷ്ടമായത് രണ്ട് കോടി രൂപയായിരുന്നു. ലീനയുടെ സുഹൃത്ത് ചന്ദ്രശേഖറാണ് പണം നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചതെന്നും ഇരുവരുടെയും ആഡംബരജീവിതം കണ്ടപ്പോൾ വിശ്വാസം തോന്നിയതായും രാഖി പറഞ്ഞു. അങ്ങനെ രണ്ട് കോടി രൂപ നഷ്ടമായി.

'ലയൺ ഓക് ഇന്ത്യ' എന്നപേരിൽ തുടങ്ങിയ നിക്ഷേപസ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. 2014-15ൽ ആയിരത്തിൽ പരം പേരാണ് മുംബൈയിൽ ഇവരുടെ തട്ടിപ്പിനിരയായത്. മുംബൈ നഗരത്തിലെ പല പ്രമുഖ ഡോക്ടർമാരും തട്ടിപ്പിനിരയായിട്ടുണ്ട്. ലീനാ പോൾ, ചന്ദ്രശേഖർ എന്നിവരോടൊപ്പം ബോളിവുഡ് ഗാന രചിതാവ് ഹസ്രത്ത് ജയ്പുരിയുടെ മകൻ അക്തർ (55), അക്തറിന്റെ മകൻ അദിൽ (22), ബന്ധു നസീർ ജയ്പുരി, സൽമാൻ റിസ്വി (28) എന്നിവരും അറസ്റ്റിലായിരുന്നു. നിക്ഷേപകരെ ആകർഷിക്കാൻ ഇവരും പങ്കാളികളായി. ഹസ്രത്ത് ജയ്പുരിയുടെ മകൻ എന്നത് അക്തറിന് നിക്ഷേപകരുടെയിടയിൽ വിശ്വാസ്യത ഉണ്ടാക്കാൻ സഹായിച്ചു. ബോളിവുഡിനെ തട്ടിപ്പിനിരയാക്കാനുള്ള തന്ത്രമായിരുന്നു ഇത്. ചന്ദ്രശേഖറും ലീനയും ചെന്നൈയിൽ 19 കോടിയുടെ തട്ടിപ്പുകേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് മുംബൈയിലെത്തിയത്.

നയിക്കുന്നത് ആഡംബര ജീവിതം

ചന്ദ്രശേഖറും ലീനയും താമസിച്ചിരുന്ന ഗോരേഗാവിലെ ഇമ്പീരിയൽ ഹൈറ്റസിലെ ഫ്‌ളൂറ്റിന്റെ വാടക മാസം 75,000 രൂപയായിരുന്നു. ഇരുവരുടെയും പക്കൽനിന്ന് 6.5 കോടിയുടെ സ്വത്ത് പിടികൂടിയിട്ടുണ്ട്. 117 ആഡംബരവാച്ചുകൾ, 12 സെൽഫോണുകൾ, ഒമ്പത് ആഡംബരകാറുകൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു.

ബെംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കുകയും മോഡലിങ് ചെയ്യുകയും ചെയ്യുന്ന സമയത്താണു ലീന സുകാഷുമായി അടുക്കുന്നത്. സിനിമയിലും മോഡലിങ് രംഗത്തും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണു ലീനയെ ആകർഷിച്ചതെന്നാണു പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. ചെന്നൈയിലെ പ്രമുഖ നൃത്ത സംവിധായകനെയും ബോളിവുഡിലെ പ്രമുഖ സംവിധായകനെയും സുകാഷ് ലീനയ്ക്കു പരിചയപ്പെടുത്തിയിരുന്നു. ഇതോടെ സുകാഷിനെ വിശ്വസിച്ച ലീന അയാൾ നടത്തുന്ന തട്ടിപ്പുകൾക്കു കൂട്ടുനിൽക്കുകയായിരുന്നു. ലീന താമസിച്ചിരുന്ന ഫാം ഹൗസിൽ നിന്നു പിടിച്ചെടുത്ത ആഡംബര കാറുകളിലൊന്നിന്റെ നമ്പർ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

9 ആഡംബര കാറുകളും 81 വിലപിടിപ്പുള്ള റിസ്റ്റ് വാച്ചുകളുമാണു കണ്ടെടുത്തത്. റോൾസ് റോയ്സ് ഫാന്റം, ആസ്റ്റൻ മാർട്ടിൻ, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഔഡി തുടങ്ങിയ കാറുകളാണു പിടിച്ചെടുത്തത്. ഇതിൽ റോൾസ് റോയ്സ് ഫാന്റത്തിന്റെ നമ്പറാണു വ്യാജമാണെന്നു കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP