Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ല; നടപടിക്രമങ്ങളെല്ലാം സുതാര്യം; വിലയെ പറ്റി അന്വേഷിക്കേണ്ട ആവശ്യവുമില്ല; യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശരി; അനിൽ അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കിയതിലും തെറ്റില്ല; റഫാൽ മറ്റൊരു ബോഫോഴ്‌സ് ആകില്ല; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി കോടതി; ആശ്വാസം മോദിക്ക് തന്നെ; കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി

യുദ്ധവിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ല; നടപടിക്രമങ്ങളെല്ലാം സുതാര്യം; വിലയെ പറ്റി അന്വേഷിക്കേണ്ട ആവശ്യവുമില്ല; യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം ശരി; അനിൽ അംബാനിയെ ഇന്ത്യൻ പങ്കാളിയാക്കിയതിലും തെറ്റില്ല; റഫാൽ മറ്റൊരു ബോഫോഴ്‌സ് ആകില്ല; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി തള്ളി കോടതി; ആശ്വാസം മോദിക്ക് തന്നെ; കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റഫാൽ യുദ്ധ വിമാനത്തിന്റെ ഗുണമേന്മയിൽ സംശയമില്ലാത്തതുകൊണ്ട് വിലയെ കുറിച്ച് പരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി. ഇതോടെ മോദി സർക്കാരിന് ആശ്വാസമെത്തുകയാണ്. റഫാലിൽ അന്വേഷണം വേണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. നടപടിക്രമങ്ങൾ പാലിക്കപ്പെട്ടു, അനിൽ അംബാനിയുടെ കമ്പനിയെ ഇന്ത്യൻ പാർട്ടണറായി കണ്ടെത്തിയതിലും തെറ്റില്ലെന്ന് സുപ്രീംകോടതി പറയുന്നു.

കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ ആയുധമാക്കുന്ന റഫാൽ യുദ്ധവിമാനക്കേസിൽ മോദിക്ക് ഏറെ ആശ്വാസമാകുന്ന വിധിയാണ് ഇത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസിൽ വിധിയെഴുതിയത്. വ്യോമസേനയിലെ ഉന്നതോദ്യോഗസ്ഥരെ നേരിട്ട് വിളിച്ചുവരുത്തി യുദ്ധവിമാനങ്ങളെക്കുറിച്ച് ചോദിച്ചശേഷമാണ് സുപ്രീംകോടതി കേസ് വിധിപറയാൻ മാറ്റിയത്. ഫ്രാൻസിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടിലെ അഴിമതി കോടതി നിരീക്ഷണത്തോടെ അന്വേഷിക്കണമെന്ന ഹർജികളാണ് തള്ളിയത്.

ദിവസങ്ങൾ നീണ്ട ചൂടേറിയ വാദങ്ങൾക്കൊടുവിലാണ് കോടതി ഉത്തരവിട്ടത്. വ്യോമസേനാ ഉപമേധാവിയും സഹമേധാവിയും വരെ കോടതിയിലെത്തി ചോദ്യങ്ങൾക്കു മറുപടി നൽകിയിരുന്നു. കോടതിക്കല്ല, വിദഗ്ദ്ധർക്കാണു കരാർ പരിശോധിക്കാൻ സാധിക്കുകയെന്നും മാധ്യമ റിപ്പോർട്ടുകളുടെയും ഹർജികളുടെയും അടിസ്ഥാനത്തിൽ തീരുമാനം പാടില്ലെന്നുമുള്ള നിലപാടാണ് സർക്കാർ സ്വീകരിച്ചത്. റഫാൽ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങൾ സർക്കാർ രഹസ്യരേഖയായാണു നൽകിയത്. 36 റഫാൽ വിമാനങ്ങൾക്ക് ഏകദേശം 60,000 കോടി രൂപയാണു ചെലവിടുന്നത്.

റഫാൽ ഇടപാടിന്റെ പൂർണവിവരങ്ങൾ പരസ്യമാക്കിയാൽ എതിരാളികൾ നേട്ടമുണ്ടാക്കുമെന്നാണ് കേന്ദ്രസർക്കാർ വാദം. ആയുധ ഇടപാടുകളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നും അത് വിദഗ്ധരാണ് ചെയ്യേണ്ടതെന്നും കേന്ദ്രം വാദിച്ചു. എന്നാൽ, ഇടപാടിലെ ഇന്ത്യൻ പങ്കാളിയെ (റിലയൻസ് ഡിഫൻസ്) തിരഞ്ഞെടുത്തതിൽ സർക്കാരിന് പങ്കില്ലെന്ന വാദത്തെ ബെഞ്ച് ചോദ്യംചെയ്തിരുന്നു. പങ്കാളിയെ നിശ്ചയിക്കുന്നതുകൂടി മുഖ്യകരാറിന്റെ ഭാഗമാക്കേണ്ടതായിരുന്നുവെന്ന് കോടതി അന്ന് വാക്കാൽ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ അന്തിമ വിധിയിൽ ഇത് വരുന്നില്ല. ഇതിലും കേന്ദ്ര സർക്കാരിനെ വെറുതെ വിടുകയാണ് സുപ്രീംകോടതി ചെയ്തത്.

റഫാൽ ഇടപാടിലെ നടപടിക്രമങ്ങൾ സർക്കാർ കോടതിയിൽ നൽകിയിരുന്നു. വിലവിവരം മുദ്രവെച്ച കവറിലും നൽകി. അഭിഭാഷകരായ എം.എൽ. ശർമ, വിനീത് ദണ്ഡ, പ്രശാന്ത് ഭൂഷൺ, എ.എ.പി. നേതാവ് സഞ്ജയ് സിങ്, മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. റഫാൽ ഇടപാടിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം ശക്തമായതോടെയാണ് സംഭവത്തിൽ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളും സന്നദ്ധപ്രവർത്തകരും രംഗത്തെത്തിയത്. ഹർജിയിൽ നവംബർ 14 മുതൽ വാദംതുടങ്ങി.

ഇതിനിടെ റഫാൽ ഇടപാടിനെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പരസ്യമാക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ആയുധ ഇടപാടുകളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ജോലിയല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്ന കേന്ദ്രം ഒടുവിൽ റഫാൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയിരുന്നു. ഇതിനുപിന്നാലെ യുദ്ധവിമാനങ്ങളെക്കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ വ്യോമസേനയിലെ ഉന്നതഉദ്യോഗസ്ഥരെ സുപ്രീംകോടതി വിളിച്ചുവരുത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് അന്തിമ വിധി പുറപ്പെടുവിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP