Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും

പൊലീസുകാർ കുട്ടിസഖാക്കളുടെ തല്ലുകൊണ്ടപ്പോഴും ഒതുക്കാനുള്ള പാർട്ടി ഇടപെടൽ അറിഞ്ഞ് ക്ഷോഭിച്ച് മുഖ്യമന്ത്രി; അഞ്ചു മണിക്ക് മുമ്പ് പ്രതികളെ പൊക്കാൻ കർശന നിർദ്ദേശം; സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങൾ കൺട്രോൾ റൂം പൊലീസുകാരൻ മായ്ചുകളയാൻ നടത്തിയ ശ്രമവും വിവാദമാകുന്നു: ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ചു അവശരാക്കിയ എസ്എഫ്ഐ നേതാക്കളുടെ പാർട്ടിഹുങ്കിന് പിടിവീഴും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ വെച്ച് പൊലീസുകാരെ കൂട്ടം ചേർന്ന് ഒരു പക്ഷം എസ്എഫ്‌ഐക്കാർ മർദ്ദിച്ച വാർത്തയും കേസൊതുക്കാൻ പാർട്ടി നേതൃത്വത്തിൽ ഉണ്ടായ ഇടപെടലിലും ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി തന്നെ ആഭ്യന്തരം ഭരിക്കുന്ന വേളയിലാണ് ഒരു വിഭാഗം കുട്ടിസഖാക്കൾ ചേർന്ന് പൊലീസുകാരെ മർദ്ദിച്ചത്. ട്രാഫിക് നിയമലംഘനം നടത്തിയതിന് ശാസിച്ച പൊലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച് അവശരാക്കിയത്. ഈ സംഭവത്തെ തുടർന്ന് പൊലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കി.

ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസുകാരെ മർദ്ദിച്ച എസ്എഫ്‌ഐക്കാരെ രക്ഷപെടുത്താൻ ജില്ലയിലെ മുതിർന്ന സിപിഎം നേതാവാണ് ഇടപെട്ടത്. ഇതറിഞ്ഞതോടെ മുഖ്യമന്ത്രി ക്ഷുഭിതനായത്. ആഭ്യന്തര വകുപ്പിന് ചീത്തപ്പേരുണ്ടാക്കിയ സംഭവത്തിൽ കർശനമായ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ഇന്ന് അഞ്ച് മണിക്കകം തന്നെ പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ പച്ചക്കൊടിയോടെ അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്. പ്രതികൾ യൂണിവേഴ്‌സിറ്റി കോളേജിൽ ഒളിച്ചിരിക്കയാണെങ്കിൽ അവിടെ കയറി പൊക്കാനും പൊലീസിന് പദ്ധതിയുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ പി പ്രകാശ് ഇക്കാര്യത്തിൽ കർശന നിർദ്ദേശം നൽകി

അതിനിടെ സംഭവം നടക്കുമ്പോൾ സിസി ടിവി ദൃശ്യങ്ങൾ ബ്ലർ ചെയ്യാനും ശ്രമമുണ്ടായി. കൺട്രോൾ റൂമിലിരുന്ന് ഇടതു അനുഭാവിയായ പൊലീസുകാരൻ മായ്ച്ചു കളയാൻ ശ്രമിക്കുകയായിരുന്നു. ഇത് വിവാദങ്ങൾക്കും ഇടയായി. പാർട്ടി പിൻബലത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച നടപടി വലിയ തോതിൽ പാർട്ടിക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യൻ മോഡൽ ആക്രമണം കേരളത്തിൽ നടന്നുവെന്ന ഈആരോപണം ഇപ്പോൾ തന്നെ ശക്തമാണ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഉന്നത പൊലീസുകാർ കർശന നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

പ്രതികളാവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് . ട്രാഫിക് നിയമം തെറ്റിച്ചത് ചോദ്യം ചെയ്ത പൊലീസിനെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിൽ തല്ലിയത് പൊലീസിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികൾക്ക് തീരുമാനമായത്. പൊലീസുകാരെ തല്ലിയ കേസ് അങ്ങിനെ പിൻവലിക്കാൻ സാധിക്കുന്ന കേസ് ആല്ലെന്നു ഒരു ഉന്നത ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ കേസിൽ ശക്തമായ നടപടികൾ തന്നെ വരും. എസ്എഫ്‌ഐക്കാർ രക്ഷപ്പെടുത്തിയ ആക്രമണത്തിൽ ഏർപ്പെട്ട മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടുക തന്നെ ചെയ്യും. ഇവർക്കെതിരെ ശക്തമായ വകുപ്പുകളും ചുമത്തും.- അദ്ദേഹം പറഞ്ഞു.

പൊലീസുകാർക്ക് ഡ്യൂട്ടിക്കിടയിൽ മർദ്ദനം ഏറ്റ സംഭവത്തിൽ പൊലീസിലും കടുത്ത അമർഷമുണ്ട്. പൊലീസുകാരെക്കൊണ്ട് പരാതി പിൻവലിക്കാൻ ശ്രമം നടന്നതാണ് പൊലീസിൽ അമർഷം ഉണ്ടാക്കാൻ കാരണം. പക്ഷെ വാർത്തകൾ വന്നതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിയുകയും ചെയ്തു. ഇതോടെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസും തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് വിവാദമായ സംഭവങ്ങളുടെ തുടക്കം. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേൺ എടുത്ത എസ്എഫ്‌ഐ പ്രവർത്തകരുടെ ബൈക്ക് പാളയം യുദ്ധസ്മാരകത്തിന് സമീപത്ത് ഇന്നലെ വൈകിട്ട് ട്രാഫിക് പൊലീസുകാരൻ തടഞ്ഞതാണ് എസ്എഫ്‌ഐക്കാരെ പ്രകോപിപ്പിച്ചത്. പൊലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എസ്എഫ്‌ഐക്കാർ കൂടുതൽ പേരെ വിളിച്ചു വരുത്തി.

ഇതോടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുകാർക്ക് കടുത്ത മർദ്ദനം തന്നെ ഏൽക്കേണ്ടി വന്നു. കൂടുതൽ പൊലീസ് എത്തിയെങ്കിലും ഒരു ഭാഗത്ത് എസ്എഫ്‌ഐ ആയതിനാൽ ശക്തമായ നടപടികൾ കൈക്കൊണ്ടതുമില്ല. ഇത് എസ്എഫ്‌ഐ പ്രവർത്തകർക്ക് ഉത്തേജനമാവുകയും പൊലീസുകാരെ തല്ലിയ നേതാക്കളെ അവർ പൊലീസിന് കൺമുന്നിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. ഈ നേതാക്കൾക്കെതിരെ ശക്തമായ നടപടി വരുമെന്ന് തന്നെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകളിൽ നിറയുന്നത്.

അതേസമയം മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മറുനാടൻ മലയാളിയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പൊലീസിന്റെ കയ്യിലും മർദ്ദന ദൃശ്യങ്ങളുണ്ട്. ഈ ദൃശ്യങ്ങൾ പ്രകാരം മുഖം തിരിച്ചറിഞ്ഞാവും അറസ്റ്റിനു ശ്രമിക്കുക. പൊടുന്നനെയുണ്ടായ എസ്എഫ്‌ഐ മർദ്ദനം പാർട്ടിക്കകത്തും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇടത് ഭരണത്തിൽ പാർട്ടിക്കാർ പൊലീസിനെതിരെ തിരിയരുതെന്ന പാർട്ടി നിർദ്ദേശം നിലവിലുള്ളതിനാൽ ഈ കാര്യത്തിൽ ഉള്ള അമർഷം പാർട്ടി നേതാക്കൾ മറച്ചു വെയ്ക്കുന്നുമില്ല.

സംഭവം ആഭ്യന്തരവകുപ്പിനെയും വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. പൊലീസിന്റെ മനോവീര്യം തകർക്കുന്ന നടപടി ഒന്നും കൈക്കൊള്ളില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇടയ്ക്കിടെ പറയുന്നത്. എന്നാൽ പ്രതിസ്ഥാനത്ത് സിപിഎമ്മും എസ്എഎഫ് ഐയും വരുമ്പോൾ അത് ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കും. ഇന്നലെ എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് എസ്എഫ്‌ഐക്കാരിൽ നിന്നും മർദ്ദനമേറ്റത്. 'യു'ടേൺ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരൻ അമൽകൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. നിയമലംഘനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പൊലീസുകാരനുമായി തർക്കിച്ച യുവാവ് യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ പിടിച്ചു തള്ളുകയായിരുന്നു

ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ഇതോടെ സംഘർഷം കൈവിട്ടുപോയി. യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാർത്ഥികൾ പാഞ്ഞെത്തി. ഇവർ എത്തിയ ഉടൻ രണ്ടുപൊലീസുകാരെയും വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് സ്ഥലത്തെത്തി ക്രിമിനലുകളായ വിദ്യാർത്ഥികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ. നേതാക്കൾ സ്ഥലത്തെത്തി വിരട്ടുകയായിരുന്നു. അവശരായ പൊലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹമാസകലം പരിക്കുണ്ട്. പക്ഷെ സംഭവം നടന്നു മണിക്കൂറുകൾക്ക് ശേഷമാണ് ശക്തമായ നടപടികൾ കൈക്കൊള്ളാൻ ഇപ്പോൾ പൊലീസ് തീരുമാനമെടുക്കുന്നത്. പൊലീസിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും എതിർപ്പുകൾ ശക്തമായ ശേഷമാണ് ഇപ്പോൾ നടപടികൾ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP