Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാതെ നാട്ടുകാർ; ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാര് എന്ന ചോദ്യത്തിനും ഉത്തരമില്ല; കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ കണ്ട ബീജം പ്രതിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിലും തെളിഞ്ഞു; രക്തംപുരണ്ട പത്ത് കാൽപ്പാടുകൾ ആരുടേതെന്ന് ഇന്നും വ്യക്തമല്ല: ആലുവ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറയ്ക്കുമ്പോൾ നടുക്കുന്ന സംഭവത്തിലെ ദുരൂഹതകൾ ഇന്നും മായുന്നില്ല

ആറ് പേരെ ആന്റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വസിക്കാതെ നാട്ടുകാർ; ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാര് എന്ന ചോദ്യത്തിനും ഉത്തരമില്ല; കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ കണ്ട ബീജം പ്രതിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിലും തെളിഞ്ഞു; രക്തംപുരണ്ട പത്ത് കാൽപ്പാടുകൾ ആരുടേതെന്ന് ഇന്നും വ്യക്തമല്ല: ആലുവ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി കുറയ്ക്കുമ്പോൾ നടുക്കുന്ന സംഭവത്തിലെ ദുരൂഹതകൾ ഇന്നും മായുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി/ആലുവ: ആലുവ കൂട്ടക്കൊല കേസിലെ പ്രതി എം എ ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തം തടവുശിക്ഷയാക്കി മാറ്റിയയ വിധി വന്നത് ഇന്നലെയാണ്. ഇതോടെ പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ കുറിച്ച് ഓർത്തെടുക്കുകയായിരുന്നു നാട്ടുകാർ. ഒരു കുടുംബത്തിലെ ആറുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ഒരു നടക്കുത്തോടെയാണ് നാട്ടുകാർ ഓർക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ പോലും വീഴ്‌ച്ച വന്നോ എന്ന സന്ദേഹം ഉയർത്തുന്ന കാര്യങ്ങൾ ഇപ്പോഴുമുണ്ട്. ആറ് പേരെ ആന്റണി എങ്ങനെ ഒറ്റയ്ക്ക് കൊലപ്പെടുത്തി എന്നതിൽ തുടരുന്നു ഈ സംശയങ്ങൾ.

ജസ്റ്റിസ് മദൻ ബി.ലൊക്കൂർ അധ്യക്ഷനായ 3 അംഗ ബെഞ്ച് ഉപാധികളില്ലാതെയാണ് ആന്റണിയുടെ ശിക്ഷ ഇളവു ചെയ്തത്. കഴിഞ്ഞ 14 വർഷമായി ആന്റണി പൂജപ്പുര സെൻട്രൽ ജയിലിലാണ്. ആന്റണിയെ തൂക്കിലേറ്റാനുള്ള നടപടികൾ ജയിലിൽ പുരോഗമിക്കുന്നതായി 2015 വന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി. ജോർജ് സമർപ്പിച്ച ഹർജിയിലാണ് ശിക്ഷാ ഇളവ്. 2001 ജനുവരി 6ന് അർധരാത്രിയിൽ ആലുവ മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു ആന്റണിക്കെതിരായ കേസ്.

ആന്റണിക്ക് എന്തുകൊണ്ട് ഇളവു ലഭിച്ചു?

ആന്റണിയെ പോലൊരു കൊടുംകുറ്റവാളിക്ക് എന്തുകൊണ്ടാണ് വധശിക്ഷയിൽ നിന്നും ഇളവു ലഭിച്ചത് എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ആന്റണി കൊടുംകുറ്റവാളിയെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ തെറ്റാണ്. നേരത്തെ എന്തെങ്കിലും കുറ്റം ചെയ്തതിനു തെളിവില്ലെന്ന് കോടതി മുഖവിലയ്ക്കെടുത്തു. കുറ്റകൃത്യം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചെന്ന വിചാരണക്കോടതിയുടെ അനുമാനം തെറ്റാണ്. ഇത്തരമൊരു അനുമാനത്തെ ആധാരമാക്കി ശിക്ഷയുടെ തോത് തീരുമാനിക്കാനാവില്ല. ആന്റണിക്കു മനഃപരിവർത്തനത്തിനും പുനരധിവാസത്തിനും സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിനും സാധിക്കുമോ എന്നതു സുപ്രീം കോടതി ഉൾപ്പെടെ ഒരു കോടതിയും കണക്കിലെടുത്തില്ല. പരിവർത്തനമോ പുനരധിവാസമോ സാധിക്കില്ല എന്നാണെങ്കിൽ അതേക്കുറിച്ചും ചർച്ചയുണ്ടായിട്ടില്ല.

കേസിലെ വസ്തുതകൾ മാത്രമാണ് അപ്പീൽ തള്ളിയപ്പോൾ സുപ്രീം കോടതി പരിഗണിച്ചത്. ശിക്ഷയുടെ തോതു പരിഗണിച്ചില്ല. കുറ്റം ചെയ്‌തോ ഇല്ലയോ എന്നു തീരുമാനിക്കുന്നതിനു കുറ്റാരോപിതന്റെ സാമൂഹിക സാമ്പത്തിക സ്ഥിതി പരിഗണിക്കേണ്ടതില്ല. എന്നാൽ, ശിക്ഷയുടെ തോതു തീരുമാനിക്കുമ്പോൾ അക്കാര്യങ്ങൾ പരിഗണിക്കണം. വിചാരണക്കോടതിയും ഹൈക്കോടതിയും അതു ചെയ്തില്ല. കൂടാതെ ആന്റണിക്കു നേരത്തെ മതിയായ നിയമസഹായം ലഭിച്ചോ എന്നതിൽ കോടതി സംശയയും കോടതി പ്രകടിപ്പിച്ചതോടെയാണ് ശിക്ഷിൽ ഇളവു ലഭിച്ചത്.

അതേസമയം ഇന്നലെ മഹാരാഷ്ട്രയിൽ നിന്നുള്ള കേസിൽ ഇതേ ബെഞ്ച് മറ്റൊരു പ്രതിയുടെ വധശിക്ഷ ഇളവു ചെയ്ത് ജീവപര്യന്തമാക്കിയപ്പോൾ, പ്രതി ജീവിതാന്ത്യം വരെ തടവിലായിരിക്കണമെന്ന് എടുത്തുപറഞ്ഞു. അത്തരമൊരു ഉപാധി ആന്റണിയുടെ വിധിയിലില്ല. ആ നിലയ്ക്ക് സർക്കാർ തീരുമാനിച്ചാൽ ആന്റണിക്കു തടവുശിക്ഷയിൽ ഇളവു ലഭിച്ചേക്കാം. സുപ്രീം കോടതി അഭിഭാഷകൻ മനോജ് വി.ജോർജ്, പൂജപ്പുര സ്വദേശി ജയകുമാർ ആർ.നായരുടെ പേരിൽ പൊതുതാൽപര്യ ഹർജി നൽകിയതോടെയാണ് ആന്റണിയുടെ വിവരം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ പെടുന്നത്. ഈ ഹർജി പരിഗണിച്ചപ്പോൾതന്നെ വധശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു. എന്നാൽ, ആന്റണിയുടെ കാര്യത്തിൽ എന്തു പൊതുതാൽപര്യമെന്നു ചോദിച്ച് ജയകുമാർ നായരുടെ ഹർജി കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെയുള്ള പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ അരമണിക്കൂർ വാദം കേട്ട് തീർപ്പാക്കണമെന്ന് 2014ൽ മുഹമ്മദ് ആരിഫ് കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ ചുവടുപിടിച്ചാണ് ആന്റണിക്കുവേണ്ടി മനോജ് രണ്ടാമത്തെ പുനഃപരിശോധനാ ഹർജി നൽകിയത്.

ഡൽഹി ദേശീയ നിയമ സർവകലാശാലയിലുള്ള ഡെത്ത് പെനൽറ്റി ക്ലിനിക്കിന്റെ പ്രവർത്തകരും അഭിഭാഷൻ സഞ്ജയ് പരീഖും സഹായത്തിനെത്തി. ഡെത്ത് പെനൽറ്റി ക്ലിനിക്കുകാരാണ് ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ചത്. വിചാരണക്കോടതിയിലെ രേഖകൾപോലും പരിഗണിക്കാതെയാണ് സുപ്രീം കോടതി നേരത്തേ വധശിക്ഷ ശരിവച്ചതെന്ന് അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. ആന്റണിയുടെ കാര്യത്തിൽ കീഴ്‌ക്കോടതികളുടെ വിലയിരുത്തലിലും സുപ്രീം കോടതിയുടെതന്നെ നടപടിയിലും വീഴ്ചയുണ്ടെന്ന വാദം രണ്ടാമത്തെ പുനഃപരിശോധനാ ഹർജിയിൽ സുപ്രീം കോടതി സമ്മതിക്കുകയായിരുന്നു

ദുരൂഹതകൾ ബാക്കി നിൽക്കുന്ന കേസ്ഫയൽ

ഇപ്പോഴും ദുരൂഹതകൾ ബാക്കി നിൽക്കുന്ന കേസാണ് ആലുവ കൂട്ടക്കൊലയിലേത്. ഇരകളിൽ ഒരാൾക്കുപോലും രക്ഷപ്പെടാൻ അവസരം നൽകാതെ ഒരാൾക്ക് ഒറ്റയ്ക്ക് 6 പേരെ കൊലപ്പെടുത്താനാവുമോ? എന്ന ചോദ്യം ഇപ്പോഴും ഉയർന്നു നിൽക്കുന്നു. 17 വർഷമായി ജയിലിൽ കഴിയുന്ന ആന്റണിയുടെ കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ശാസ്ത്രീയമായി കുറ്റം തെളിയിച്ച അന്വേഷണ സംഘങ്ങൾക്കും വിചാരണക്കോടതിക്കും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. കാരണം, തെളിവുകൾ അത്രയ്ക്കു ശക്തമായിരുന്നു. ആദ്യം ഹൈക്കോടതിയും തുടർന്നു സുപ്രീംകോടതിയും ഈ കേസ് അപൂർവങ്ങളിൽ അത്യപൂർവമായി പരിഗണിച്ച് ആന്റണിയുടെ വധശിക്ഷ ശരിവച്ചതാണ്. പ്രതി സമർപ്പിച്ച ദയാഹർജി രാഷ്ട്രപതിയും തള്ളി. പിന്നീടു സുപ്രീംകോടതി തുറന്ന കോടതിയിൽ വീണ്ടും പ്രതിയുടെ ഹർജി പരിഗണിച്ചു.

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ്, ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, ഒടുവിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സിബിഐ ഈ മൂന്ന് അന്വേഷണ സംഘങ്ങളുടെ നിഗമനങ്ങളും സമാനമായിരുന്നു. 6 പേരെ കൊലപ്പെടുത്തിയത് ഒരാൾ ഒറ്റയ്ക്ക്. തെളിവുകൾ മുഴുവൻ ആന്റണിക്കു പ്രതികൂലം. കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസിയാണ് ആന്റണി. കൊല്ലപ്പെട്ട 6 പേരിൽ ഒരാൾ മാത്രമായിരുന്നു ആന്റണിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്ന മുതിർന്ന പുരുഷൻ. മറ്റ് 5 പേരിൽ 3 സ്ത്രീകളും 2 കുട്ടികളും. വീടിനുള്ളിൽ പതിയിരുന്ന് അപ്രതീക്ഷിതമായി അക്രമിച്ചതോടെ ആർക്കും ആന്റണിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

ഇന്നത്തെ ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിൽ പലതും ആദ്യമായി കേരള പൊലീസും സിബിഐയും പ്രയോഗിച്ച കേസാണിത് പ്രതിയുടെ രക്തസാംപിൾ പരിശോധന, നുണപരിശോധന ബ്രെയിൻ മാപ്പിങ്, ഒടുവിൽ കോടതി മുൻപാകെ കുറ്റസമ്മത മൊഴി.
കൊല്ലപ്പെട്ട കൊച്ചുറാണി, ബന്ധുകൂടിയായ പ്രതി ആന്റണിയെ സാമ്പത്തികമായി സഹായിക്കുമായിരുന്നു. ജോലി തേടി വിദേശത്തു പോകാനുള്ള തുക നൽകാമെന്ന വാക്കു കൊച്ചുറാണി പാലിക്കാതെ വന്നതിലുള്ള വൈരാഗ്യമാണ് അവരെ അടിച്ചു വീഴ്‌ത്താനും പേനാക്കത്തികൊണ്ടു പ്രത്യാക്രമണം നടത്തിയപ്പോൾ കൊലപ്പെടുത്താനും കാരണമായി അന്വേഷണ സംഘം കണ്ടെത്തിയത്. കൊച്ചുറാണിയെ കൊല്ലുന്നതു കണ്ട അമ്മ ക്ലാരയെയും വകവരുത്തി. അഗസ്റ്റിനും ഭാര്യ മേരിയും 2 കുഞ്ഞുങ്ങൾക്കൊപ്പം അന്നു സിനിമയ്ക്കു പോവുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. മടങ്ങിവരുമ്പോൾ കൊലപാതകത്തിൽ ആദ്യം സംശയിക്കുമെന്നതു തന്നെയാണ് സിനിമ കഴിഞ്ഞ് അവർ മടങ്ങിവരാൻ കാത്തിരുന്നതും കൊലപ്പെടുത്തിയതും.

അപ്പോഴും നാടിനെ നടുക്കിയ കൂട്ടക്കൊലക്കേസിലെ ദുരൂഹതകൾ അതേപടി നിലനിൽക്കുകയാണ്. ചില ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായിട്ടില്ല. കൊലപാതകം നടന്ന വീട്ടിൽ ചുവരിൽ രക്തം കൊണ്ടെഴുതിയ അമ്പും വില്ലും വരച്ചതാരാണ്? എന്നതാണ് ഇതിൽ പ്രധാന ചോദ്യം. കൂടാതെ മറ്റു സംശയങ്ങളും നിലനിൽക്കുന്നു. കൊല്ലപ്പെട്ട കൊച്ചുറാണിയുടെ സ്വകാര്യഭാഗങ്ങളിൽ ബീജത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത് ആന്റണിയുടേത് അല്ലെന്ന് ഡിഎൻഎ ടെസ്റ്റിൽ തെളിഞ്ഞു. ഉത്തരവാദി ഇന്നും അജ്ഞാതനാണ്.

രക്തം പുരണ്ട പത്ത് കാൽപ്പാടുകൾ കണ്ടിരുന്നു. അത് ആരുടേതാണെന്ന് ഇന്നും വ്യക്തമല്ല. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങളിലെ വിരലടയാളങ്ങൾ. ഒൻപതെണ്ണം ലഭിച്ചെങ്കിലും അഞ്ചെണ്ണം താരതമ്യം നടത്താൻ തക്കതല്ലെന്ന് പ്രോസിക്യൂഷൻ. രണ്ടെണ്ണം പ്രോസിക്യൂഷൻ അവഗണിച്ചു. അഗസ്റ്റിന്റെ ബന്ധുവിന്റെയും ആന്റണിയുടെയുമായിരുന്നു ബാക്കിയുള്ള വിരലടയാളങ്ങൾ. നേരിട്ട് തെളിവില്ലാത്ത കേസിൽ, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. ആന്റണിയുടെ വിരലടയാളം, കൊല്ലപ്പെട്ടവരുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയ പ്രതിയുടെ മുടി, സംഭവം നടക്കുമ്പോൾ ആന്റണി സ്വന്തം വീട്ടിൽ ഇല്ലായിരുന്നുവെന്ന മൊഴി എന്നിവ കോടതി കണക്കിലെടുക്കുകയായിരുന്നു.

പുലർച്ചെ മാഞ്ഞൂരാൻ വീടിനടുത്ത് ആന്റണിയെ കണ്ടെന്ന സാക്ഷിമൊഴികളും നിർണായകമായി. വീട്ടിൽ നിന്നെടുത്ത സ്വർണാഭരണവും പണവും ഉപയോഗിച്ചു കടം വീട്ടിയതും സൗദി അറേബ്യയിലേക്ക് പോകാൻ വിമാനടിക്കറ്റെടുത്തതും തെളിവായി. 2001 ജനുവരി ആറിന് രാത്രി പത്തിനു തുടങ്ങിയ കൊലപാതക പരമ്പര മൂന്നുമണിക്കൂർ എടുത്താണു പൂർത്തിയാക്കിയതെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ആദ്യം അഗസ്റ്റിന്റെ അമ്മ ക്ലാരയെയും സഹോദരി കൊച്ചുറാണിയെയും കൊലപ്പെടുത്തി. സിനിമയ്ക്ക് പോയിരുന്ന അഗസ്റ്റിനെയും ഭാര്യ ബേബിയെയും കുട്ടികളായ ജെസ്‌മോനെയും ദിവ്യയെയും കാത്തിരുന്ന് ആന്റണി കൊലപ്പെടുത്തിയെന്നും തെളിഞ്ഞിരുന്നു.

കൊലപാതകം നടന്നത് പണം നൽകാത്തതിന്റെ പേരിൽ

സാമ്പത്തിക തർക്കങ്ങളായിരുന്നു കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പുറത്തുവന്ന വാർത്ത. ആറുപേരുടെ കൊലപാതകം വലിയ ചർച്ചയായി. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്റ്റിൻ. കൂട്ടക്കൊലയ്ക്കുശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു. കേസന്വേഷണത്തിനായി റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് എം. സേതുരാഘവന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പി: ഏബ്രഹാം ചെറിയാൻ ഉൾപ്പെട്ട 30 അംഗ സ്‌ക്വാഡ് രൂപീകരിച്ചു.

ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന് അഗസ്റ്റിന്റെ ബന്ധുവായ ആന്റണിയാണു കൃത്യം ചെയ്തതെന്ന നിഗമനത്തിലാണു പൊലീസ് എത്തിയത്. പക്ഷേ, സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്നു മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി. ഇതേക്കുറിച്ച് അന്ന് കേസ് അന്വേഷിച്ച് സിഐ പറയുന്നത് ഇങ്ങനെ: ചന്ദ്രാക്ഷൻ അവിടെ നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി. കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു. തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി.

ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യയ്ക്ക് ഇല്ലായിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ ഒരു മിനി ടെലിഫോൺ എക്സ്ചേഞ്ച് സജ്ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്‌കണക്ട് ചെയ്തു.

ബി. ശശിധരനും ഡിവൈഎസ്‌പി ഏബ്രഹാം ചെറിയാനും മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ടു കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്ഥാനത്തിൽ സൗദിയിലെ സ്പോൺസർ ആന്റണിയെ കയറ്റിവിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.

ഫെബ്രുവരി പത്തിനാണ് ആന്റണിയെ അറസ്റ്റു ചെയ്യുന്നത്. പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. ഫെബ്രുവരി 11 മുതൽ 17 വരെ തീയതികളിൽ ആന്റണിയെ അജ്ഞാത കേന്ദ്രത്തിൽ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഫെബ്രുവരി 18നു കാലടി പ്ലാന്റേഷൻ കോർപറേഷൻ ഗസ്റ്റ് ഹൗസിൽ വച്ച് ആന്റണിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ആന്റണി ആദ്യം സഹകരിച്ചില്ല. പല കള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു.

കൊല്ലപ്പെട്ട അഗസ്റ്റിന്റെ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്നു ആന്റണി. ആലുവ നഗരസഭ ഓഫിസിൽ താല്ക്കാലിക ഡ്രൈവറായിരുന്ന ഇയാൾക്കു വിദേശത്തു ജോലിക്കു പോകാൻ കൊച്ചുറാണി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. അതു നൽകാത്തതിലുള്ള വൈരാഗ്യമാണു കൂട്ടക്കൊലയ്ക്കു കാരണമെന്നാണു പൊലീസ് കണ്ടെത്തിയത്.

സംഭവദിവസം രാത്രി ഒൻപതു മണിയോടെ ആന്റണി കൊല്ലപ്പെട്ട അഗസ്റ്റിന്റെ വീട്ടിലെത്തി. അപ്പോൾ അഗസ്റ്റിനും ഭാര്യയും മക്കളും സെക്കൻഡ് ഷോയ്ക്കു പോകാൻ ഒരുങ്ങുകയായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ ആന്റണി കൊച്ചുറാണിയോടു നേരത്തെ വാഗ്ദാനം ചെയ്തിരുന്ന പണം ആവശ്യപ്പെട്ടു. കൊടുക്കാതെ വന്നപ്പോൾ വാക്കത്തിയെടുത്തു വെട്ടി. തടയാനെത്തിയ ക്ലാരയെയും കൊന്നു. അഗസ്റ്റിനും കുടുംബവും തന്നെ കണ്ടതിനാൽ പിടിക്കപ്പെടുമെന്നു മനസ്സിലാക്കിയ പ്രതി അവർ സിനിമ കഴിഞ്ഞെത്തുന്നതു വരെ വീട്ടിൽ കാത്തിരുന്നു വകവരുത്തിയെന്നാണു കേസ്.

ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം ആന്റണിയെ തന്നെ പ്രതിസ്ഥാനത്തു നിർത്തി. എന്നാൽ, ഒരാൾക്ക് ഏകനായി ആറു കൊലപാതകങ്ങൾ നടത്താൻ കഴിയില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടപ്പോൾ ഹൈക്കോടതി ഉത്തരവിനെ തുടർന്നു സിബിഐ അന്വേഷണം ഏറ്റെടുത്തു. ഇതിനിടെ, മാസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിരുന്ന ഇയാൾ ഇടയ്ക്കു ജാമ്യത്തിലിറങ്ങിയപ്പോൾ ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒരു കടയിൽ ജോലി ചെയ്തിരുന്നു.

സിബിഐയും ആന്റണിയെ പ്രതി ചേർത്തു കുറ്റപത്രം നൽകി. 2004 ഒക്ടോബർ 18ന് ആണു സാക്ഷിവിസ്താരം തുടങ്ങിയത്. ആന്റണി കുറ്റക്കാരനാണെന്ന് എറണാകുളം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിൽ കൊലപാതകം (വകുപ്പ് 302), മോഷണം (379), കൊലപ്പെടുത്താൻ വേണ്ടി അതിക്രമിച്ചു കയറൽ (449), തെളിവു നശിപ്പിക്കൽ (201) എന്നീ കുറ്റകൃത്യങ്ങൾ പ്രതി ചെയ്തതായി കോടതി വിലയിരുത്തി. കേസിൽ 77 സാക്ഷികളെ വിസ്തരിച്ചു. ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. 90 രേഖകളും 94 തൊണ്ടിസാധനങ്ങളും ഹാജരാക്കി. സംഭവദിവസം രാത്രി വീട്ടിൽ ഇല്ലാതിരുന്നതിനു പ്രതി നൽകിയ വിശദീകരണം വ്യാജമാണെന്നു കോടതി വ്യക്തമാക്കി. തനിക്കു പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞ പ്രതി മാസം 10 രൂപ പലിശയ്ക്ക് 10,000 രൂപ കടം വാങ്ങിയതായും കോടതിക്കു ബോധ്യപ്പെട്ടു.

സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് ആന്റണിക്കു വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പിന്നീടു ശിക്ഷ സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രപതിക്കു ദയാഹർജി നൽകിയെങ്കിലും തള്ളി. പിന്നീടാണ് സുപ്രീംകോടതിയെ വീണ്ടും സമീപിച്ച് ശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചത്. പൂജപ്പുര ജയിലിൽ ആണ് ആന്റണിയെ പാർപ്പിച്ചിരിക്കുന്നത്.

ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട്ടിൽ ഇപ്പോൾ ഭാര്യയും മക്കളുമില്ല. സംഭവത്തെ തുടർന്നു ബന്ധം ഉപേക്ഷിച്ചുപോയ അവർ കേരളത്തിനു പുറത്താണ്. ഈ വീട് മറ്റൊരാൾ വാങ്ങി. കൂട്ടക്കൊല നടന്ന മാഞ്ഞൂരാൻ തറവാട് വർഷങ്ങൾക്കു ശേഷം പൊളിച്ചുനീക്കി. അഗസ്റ്റിന്റെ ഇരുമ്പുകട പ്രവർത്തിച്ചിരുന്ന മുറികൾ മറ്റൊരാൾ വാടകയ്ക്ക് എടുത്തു.

വധശിക്ഷ വിധിക്കുമ്പോൾ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കണമെന്ന് കോടതി

'സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം കുറ്റകൃത്യത്തെ ന്യായീകരിക്കുന്നില്ല. എന്നാൽ ശിക്ഷ വിധിക്കുമ്പോൾ അതു പരിഗണിക്കുക തന്നെ വേണം'.... ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തം കഠിനതടവാക്കി ഇളവുചെയ് വിധിയിൽ എഴുതിയ വരികൾ ഇങ്ങനെയാണ്. ആന്റണിയുടെ ദാരിദ്ര്യപശ്ചാത്തലം കൂട്ടക്കൊലപാതകത്തിനു കാരണമാണെന്നതു കാണാതിരിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞു വെച്ചത്. .

വിദേശത്ത് ജോലിക്കു പോകാനും കടം വീട്ടാനുമാണ് ആന്റണി കൊലപാതകം നടത്തിയത്. വധശിക്ഷ വിധിച്ചപ്പോൾ ഇക്കാര്യം പരിഗണിക്കുന്നതിൽ വിചാരണക്കോടതിക്കു വീഴ്ച പറ്റിയെന്ന് പരമോന്നത കോടതി വ്യക്തമാക്കി. നീതിയുടെ വൈകലും കോടതിയുടെ ആശങ്കയാണ്. 2001ലെ കേസിൽ കോടതി നടപടികൾക്ക് അന്തിമതീർപ്പുണ്ടാകാൻ പതിനേഴ് വർഷം വരെ നീണ്ടു. ക്രിമിനൽ നീതിനിർവഹണത്തിൽ കാലോചിതമായ പരിഷ്‌കാരം വരേണ്ടകാലം അതിക്രമിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി ദയാഹർജി തള്ളിയ കേസിലാണ് സുപ്രീംകോടതി ശിക്ഷായിളവ് നൽകിയെന്നത് അപൂർവതയാണ്. അടിമുടി ദുരൂഹത നിറഞ്ഞ കേസിൽ ആന്റണിയുടെ രക്ഷകരായി കൊല്ലപ്പെട്ടവരുടെ കുടുംബം അടക്കം എത്തിയെന്നതു ശ്രദ്ധേയമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളായ എം.ജെ. മത്തായി, എം വി വർഗീസ്, എം വി റാഫേൽ എന്നിവരാണ് ആന്റണിക്ക് അനുകൂലമായി സത്യവാങ്മൂലം സമർപ്പിച്ചത്. ജയിൽ അന്തേവാസികൾ, ക്രിസ്ത്യൻ പുരോഹിതർ, നാട്ടുകാർ എന്നിവരും ആന്റണിയുടെ മനംമാറ്റം കോടതിയെ അറിയിച്ചു. ആന്റണി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഇവരുടെ പക്ഷം. പ്രതിയുടെ മാനസാന്തരത്തിനുള്ള സാധ്യത കോടതിയും കണക്കിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP