Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ

ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും രാജ്യം രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചു സംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്; ഇത് മോദിയുടെ ഭ്രാന്തൻ നയങ്ങൾക്ക് കിട്ടിയ തിരിച്ചടി തന്നെയാണ്; ഏകാധിപതികൾക്കായി ചരിത്രം കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് ഏവർക്കുമറിയാം; മുഹമ്മദ്ബിൻ തുഗ്ലക്കിൽ നിന്ന് മോദിയിലേക്കുള്ള ദൂരം: മറുനാടൻ എഡിറ്റോറിയൽ

എഡിറ്റോറിയൽ

മ്മുടെയൊക്കെ അഭിമാനമായ എഴുത്തുകാരൻ എംടി വാസുദേവൻ നായരോട് പാക്കിസ്ഥാനിൽ പോയ്ക്കൊള്ളാൻ പറയത്തക്ക നീചമായ മനസ്സുള്ളവർ ഈ കൊച്ചു കേരളത്തിൽ ഉണ്ടാകുമെന്ന് നമുക്കൊക്കെ ചിന്തിക്കാൻ പ്രയാസമായിരുന്നു. പക്ഷേ അതും സംഭവിച്ചില്ലേ. ഇന്ന് അയ്യപ്പനെ രക്ഷിക്കാനായി നിരാഹാരം കിടന്ന് ആശുപത്രിയിലായ ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് നോട്ട് നിരോധനക്കാലത്തെ മോദിവിരുദ്ധ പ്രസ്താവനയുടെ പേരിൽ, ആ മഹാസാഹിത്യകാരനോട് പാക്കിസ്ഥാനിൽ പോയ്‌ക്കൊള്ളാനുള്ള നൃശംസത പറയാൻ ധൈര്യമുണ്ടായത്. നോക്കണം, ഈ കേരളത്തിൽ ഇങ്ങനെയാണെങ്കിൽ ഉത്തരേന്ത്യയുടെ അവസ്ഥ പറയണോ!

ഇനി എംടിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം കേട്ടാൽ ഒരു സംഘപരിവാർ മനസ്സ് അങ്ങനെ ചിന്തിച്ചുപോകുന്നതിൽ തെറ്റൊന്നും പറയാൻ സാധിക്കില്ല. കാരണം നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ സാക്ഷാൽ മുഹമ്മദ് ബിൻ തുഗ്ലക്കിനോടാണ് എം ടി ഉപമിച്ചതെന്ന് അവർക്ക് തോന്നിപ്പോവും. ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് നടന്ന ചടങ്ങിൽ എംടി മോദിയുടെ പേരു പോലും പറഞ്ഞില്ല. പക്ഷേ പരിവാറുകാർക്ക് അങ്ങനെ തോന്നി. വിഡ്ഡിയും ഭ്രാന്തനുമായ ഒരു ഭരണാധികാരി എന്ന സ്‌കൂളിൽ പഠിച്ച അറിവിന്റെ പുറത്തിരിക്കുന്ന നമ്മോട്, എംടി തുഗ്ലക്കിന്റെ മറ്റൊരു മുഖം, ചരിത്രത്തിന്റെ പിൻബലത്തോടെ കാണിച്ചു തരികയാണ്. അങ്ങേയറ്റം ഏകാധിപതിയും അസഹിഷ്ണുവും ക്രൂരനുമായിരുന്നു തുഗ്ലക്ക്.

ശിക്ഷയെന്ന നിലയിൽ , താൻ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങൾ കൊട്ടാര വാതിലിൽ രണ്ടുദിവസം ഇടണമെന്ന് തുഗ്ലക്കിന് നിർബന്ധമുണ്ടായിരുന്നത്രേ! സന്ദർശകർ അതു കടന്നുവേണം തന്റെ അടുത്ത് എത്താൻ. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എംടി ഉദ്ധരിക്കുന്നുണ്ട്. തന്റെ ഭരണ പരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമർശിക്കുന്നത് കേൾക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഒരു ദിവസം കൊട്ടാരത്തിൽ ഒരാൾ തുഗ്ലക്കിനെ വിമർശിക്കുന്ന എന്തോ ഒരു സാധനം കൊണ്ടിട്ട് കടന്നു കളഞ്ഞത്രേ. വിവരം അറിഞ്ഞപാടെ തുഗ്ലക്ക് തീരുമാനിക്കുന്നു. ഇനി ഇവിടം വേണ്ട. ഉടൻ തലസ്ഥാനം മാറ്റുന്നു. പതിനായിരങ്ങൾ പെരുവഴിയിലാവുന്നു.

ഈ പ്രസംഗത്തിന്റെ കൂട്ടത്തിൽ എംടി നാണയവ്യവസ്ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സർക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധ നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല. ഒരിടത്തും എംടി മോദിയെന്ന വാക്ക് ഉച്ചരിച്ചിട്ടു പോലുമില്ല.

എന്നിട്ടും എഎൻ രാധാകൃഷണന് എന്തുകൊണ്ട് തോന്നി തുഗ്ലക്ക് എന്ന് പറഞ്ഞത് മോദിയെ ആണെന്ന്? അവിടെയാണ് കാര്യങ്ങളുടെ കിടപ്പ്. തുഗ്ലക്കിന്റെ എല്ലാ ദുർഗുണങ്ങളും ഒന്നൊഴിയാതെ കിട്ടിയ വ്യക്തിയാണ് മോദിയെന്നത് സങ്കടകരമാണ്. ഒരു കാര്യവും പഠിക്കാനുള്ള മനസ്സില്ല. അസഹിഷ്ണുത, ധാർഷ്ട്യം, ഏകാധിപത്യം. ഇത് ഒരു ജാനാധിപത്യമായിപ്പോയതുകൊണ്ടും ഭരണഘടനയും നിയമവ്യവസ്ഥയും ഉള്ളതുകൊണ്ടും വെട്ടിക്കൊല്ലാനും ജഡങ്ങൾ പാർലിമെന്റ് മന്ദിരത്തിനു മുന്നിൽ രണ്ടുദിവസം ഇടാനും കഴിയുന്നില്ലെന്ന് മാത്രം!

നോക്കുക രണ്ടുപേരുടെയും മോഡസ് ഓപ്പറെൻഡി ഒരുപോലെയാണ്. എങ്ങനെയാണ് മോദി പോപ്പുലർ ആയതെന്ന് നോക്കുക. പ്രൊഫസർ സി രവിചന്ദ്രൻ തൊട്ട് അരുന്ധതിറോയി വരെയുള്ളവർ ചൂണ്ടിക്കാട്ടിയപോലെ ഗുജറാത്ത് കലാപം തന്നെയാണ്. പൊലീസിനോട് നിഷ്‌ക്രിയനാകാൻ പറഞ്ഞ് കലാപകാരികൾക്ക് രണ്ടുദിവസം ഒത്താശ ചെയ്ത അന്ന് തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ഉയർച്ച. കേരളത്തിൽ പോലും എത്രയോ സംഘപരിവാറുകൾ പരസ്യമായി പറയുന്നു. 'മുസ്ലീങ്ങൾക്ക് പണി കൊടുക്കാൻ സാക്ഷാൻ മോദി തന്നെ വേണം.'- നമ്മുടെ സാക്ഷാൽ വൽസൻ തില്ലങ്കേരിയുടെ വൈറലായ പ്രസംഗം ഓർമ്മയില്ലേ. 'കൃഷ്ണനും രാമനും എത്രപേരെ കൊന്നിരിക്കുന്നു. ഇത്രയും പേരെ കൊല്ലാൻ കഴിഞ്ഞെങ്കിൽ സാക്ഷാൽ മോദി ഭഗവാൻ തന്നെയാണ്'- ഇതേ ഫിയർ സൈക്കോസിസിൽ നിന്നുവരുന്ന വീരാരാധനയാണ് തുഗ്ലക്കും ഉപയോഗിച്ചത്.

ഇനി നോട്ടുനിരോധനം നോക്കുക. തുഗ്ലക്കിനെപ്പോലെ ഒരു പഠനം മോദിയും നടത്തുന്നില്ല. ഏതോ ഒരു പരിവാര സംഘടന നിർദ്ദേശിച്ചു. അദ്ദേഹം നടപ്പിലാക്കി. തലസ്ഥാനം മാറ്റിയപോലെ ജനം വരിനിന്ന് മരിച്ചു. പശുവിന് മനുഷ്യനേക്കാർ വില വന്നു. ആൾക്കൂട്ട ആക്രമണങ്ങൾ പതിവായി. സദാചാരഗുണ്ടകളും ഗോരക്ഷാ ഗുണ്ടകളും എന്തിന് കലാപം പോലും ആസൂത്രണം ചെയ്യുന്നവർ ഉണ്ടായി. തുഗ്ലക്കിനെപോലെ വിർശിക്കുന്നവരെ മോദിക്കും കണ്ടുകൂടാ. തലസ്ഥാനം ഗുജറാത്തിലേക്ക് മാറ്റാത്തത് നമ്മുടെ ഭാഗ്യം. അർണബ് ഗോസ്വാമിയെപ്പോലുള്ള സ്തുതിപാഠകർ ചക്കരയാണുതാനും. സ്വതന്ത്രചിന്തകരെയും യുക്തിവാദികളെയും തേടി വെടിയുണ്ടകളെത്തി. ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന് ശാസത്രഞ്ജൻ വരെ സിദ്ധാന്തിച്ച് നമ്മെ നാണം കെടുത്തി. നഗ്ന സന്യാസിമാർ നിയമസഭകളിൽ പ്രസംഗിച്ച് സനാതനമായ ദുർഗന്ധത്തിന് മാറ്റുകൂട്ടി. ഒ വി വിജയന്റെ ധർമ്മപുരാണത്തിലെ പ്രജാപതിയെ ഓർത്തുപോവുന്നു.

എല്ലാ ഏകാധിപതികളും എറ്റവും വലിയ ഭീഷണി ഉയർത്തുക സ്വന്തം പാർട്ടിക്കാർക്കാണ്. ഇന്ന് ബിജെപിയിൽ മോദിക്കെതിരെ ഒരു ഈച്ച പോലും അനങ്ങില്ല. എല്ലാം അങ്ങുന്ന് തീരുമാനിക്കും. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികൾക്കിടയിൽ മോദിജിയെ, സ്റ്റേജിൽ വാഴവെട്ടിയിട്ടപോലെ കിടന്ന് നമസ്‌ക്കാരം നടത്തുന്ന സ്ഥാനാർത്ഥികളെ കണ്ട് വിദേശ മാധ്യമ പ്രവർത്തകരൊക്കെ അമ്പരന്നു. എല്ലാ എകാധിപതികളെയും പോലെ ഏകപക്ഷീയമാണ് മോദിയുടെ ഭാഷയും. മാധ്യമങ്ങളെ കാണില്ല. ചോദ്യങ്ങളോട് പ്രതികരിക്കില്ല. റേഡിയോ തുറന്നുവെച്ചതു പോലെ.

എന്താണ് മോദിയും പാർട്ടിയും നമുക്കായി ചെയ്തത്? എടുത്തു പറയാൻ ഏത് പദ്ധതിയുണ്ട്? മേക്ക് ഇൻ ഇന്ത്യയും സ്വച്ഛ് ഭാരത് പദ്ധതിയും എവിടെ വരെയായി? എവിടെ യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകൾ? കർഷകർക്ക് ക്ഷേമം ഉണ്ടായോ? മന്മോഹൻസിങ്് ഒരു വിധത്തിൽ ശരിപ്പെടുത്തിക്കൊണ്ടുവന്നിരുന്ന സാമ്പത്തിക മേഖലയെ തകർത്തു തരിപ്പിണമാക്കി എന്നാണ് ഈ കഴിഞ്ഞ നാലര വർഷത്തിനിടെ സംഭവിച്ചത്. നോട്ടു നിരോധനം എന്ന മാന്മേഡ് ഡിസാസ്റ്റർ രാജ്യത്തെ പത്തുപതിനഞ്ച് വർഷത്തേക്കാണ് ഒറ്റയടിക്ക് പിറകോട്ട് അടിപ്പിച്ചത്. ഇന്ധന വില കത്തിക്കയറി. ഉള്ളിക്ക് വില 25 പൈസായായി. കർഷകർ തലങ്ങും വിലങ്ങും കീടനാശിനിയടിച്ചും കെട്ടിത്തൂങ്ങിയും മരിച്ചു.

പക്ഷേ, അപ്പോഴും നമോ കാമ്പയിൻ തുടരുകയാണ്. ഇപ്പോൾ അഞ്ച് സംസ്ഥാനങ്ങളിൽ വട്ടപൂജ്യമായിട്ടും അവർ പറയുന്നത് കേൾക്കൂ. ഇത് മോദിക്കുള്ള തിരിച്ചടിയല്ല, ഉത്തരേന്ത്യൻ കാവി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കൊള്ളരുതായ്മകൾ കൊണ്ടു സംഭവിച്ചതാണെന്ന് പറയുന്നവർ ഛത്തീസ്‌ഗഡിലെ തെറ്റില്ലാതെ ഭരിച്ച രമൺസിങ്ങിനെ അനുഭവം നോക്കണം. എടുത്തുപറയാൻ ഒരു നേതാവു പോലും മില്ലാത്തിടത്താണ് മൂന്നിൽ രണ്ടുഭൂരിപക്ഷത്തോടെ കോൺഗ്രസ് ജയിക്കുന്നത്. മോദിയുടെ അന്തംവിട്ട സ്വകാര്യവത്ക്കരണവും നോട്ടുനിരോധനവും അടക്കമുള്ള ഭ്രാന്തൻ നയങ്ങളുമാണ് അവിടെ കോൺഗ്രസിനെ തകർത്തത്.

മോദി സർക്കാർ ഖനികൾ ദേശസാത്ക്കരിച്ചതിനെ തുടർന്ന് കൽക്കരി മേഖലയിലെ തൊഴിലാളികൾ അക്ഷരാർത്തത്തിൽ പട്ടിണിയിലായിരുന്നു. 1973ലാണ് ഇന്ദിരാഗാന്ധി കൽക്കരി മേഖല ദേശസാൽക്കരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നരേന്ദ്ര മോദി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിച്ചു. ഇതോടെ റായ്ഖഡ് അടക്കമുള്ള കൽക്കരിപ്പാടം മേഖലയിൽനിന്ന് ആളുകൾ കൂട്ടത്തോടെ കുടിയൊഴിഞ്ഞ് പോവേണ്ടി വന്നു. നഷ്ടത്തിലാണെന്ന് പറഞ്ഞ് വേദാന്തയടക്കമുള്ള നവ കോർപ്പറേറ്റുകൾ തൊഴിലാളികളുടെ ചോറിലാണ് മണ്ണുവാരിയിട്ടത്. ഇതേ അവസ്ഥയായിരുന്നു ആദിവാസി മേഖലയിലും. ദാരിദ്രവും ചുഷണവും നടമാടിയതോടെ ഇവിടെ മാവോയിസ്റ്റുകളും ശക്തമായി.

ഖനി-ആദിവാസി മേഖലയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി ഉണ്ടായതെന്ന് വോട്ടിങ്ങ് പാറ്റേൺ നോക്കിയാൽ വ്യക്തം. സത്യത്തിൽ സ്വകാര്യവത്ക്കരണം അടക്കമുള്ള മോദിയുടെ നയങ്ങൾക്കാണ് രമൺസിങ്ങ് വിലകൊടുക്കേണ്ടി വന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ർക്കാരുകളുടെ അഴിമതിയും ദുർഭരണവും അതിനൊപ്പം മോദിയുടെ നയങ്ങളും ഏകാധിപത്യ പ്രവണതകളും കൂടിയായതോടെ തിരിച്ചടി ശക്തമാവുകയായിരുന്നു. ജനരോഷത്തിന്റെ ആ ട്രെൻഡ് കോൺഗ്രസിന്റെ ആഭ്യന്തര വീഴ്‌ച്ചകളും വടംവലിയുംമൂലം പൂർണമായും മുതലെടുക്കാൻ കഴിയാതെ പോവുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും ഈ രീതിയിലായിരുന്നു. എവിടെപ്പോയാലും സാധാരണക്കാരന്റെ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് രാഹുൽ സംസാരിച്ചത്. ഇന്ധന വിലവർധനയും കാർഷിക പ്രതിസന്ധിയും നോട്ടുനിരോധനവും ഖനി സ്വകാര്യവത്ക്കരണവും അടക്കമുള്ള നയങ്ങൾക്കെതിരെ ആയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നതും വ്യക്തമാണ്.

എല്ലാ ഏകാധിപതികൾക്കും ചരിത്രം ഒരു തിരിച്ചടി കരുതിവെച്ചിട്ടുണ്ട്. ഹിറ്റ്ലർ സ്റ്റാലിൻ മുതൽ ഏകാധിപതിയാവാൻ ശ്രമിച്ച ഇന്ദിരാഗാന്ധിയുടെ വരെ അനുഭവം നോക്കുക. ആ തിരച്ചടിക്കുള്ള സമയമായെന്ന് അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ പരാജയം ഓർമ്മിപ്പിക്കുന്നു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലക കൂടിയാണിത്. ഒരു മനുഷ്യന്റെ വിഭ്രാന്തികളിൽ നിന്നും അസഹിഷ്ണുതകളിൽ നിന്നും ഇന്ത്യ രക്ഷപ്പെടുന്നുവെന്ന സൂചനകളല്ലേ അഞ്ചുസംസ്ഥാനങ്ങളിലെ ബിജെപിയുടെ വട്ടപൂജ്യം തെളിയിക്കുന്നത്. അഴിമതിയും തമ്മിലടിയും മൃദുഹിന്ദുത്വവും മാറ്റിവെച്ച് കോൺഗ്രസിന് നെഹ്‌റുവിന്റെ മതേതര- ജനാധിപത്യധാര ഉയർത്തിപ്പിടിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കാം. ഏകാധിപതികളെ വാഴിക്കാൻ ഇന്ത്യൻ ജനാധിപത്യം തയ്യാറല്ലെന്ന് അടിവരയിടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി സംപൂജ്യരായതിലൂടെ വ്യക്തമാകുന്നത്.

എന്തുകൊണ്ട് ബിജെപി തോറ്റു എന്ന് ഇനിയും സംശയമുള്ളവർ ഇന്നത്തെ പത്രങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി. ഭാവിയിൽ പിഎസ്‌സി പരീക്ഷക്ക് വന്നേക്കാവുന്ന ഒരു ചോദ്യം പത്ര വാർത്തയായി മുൻ പേജിൽ കിടക്കുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ വിമാനങ്ങൾ ,മുബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ദിവസം ഏത്? കാരണം വ്യവസായ ഭീമന്റെ മകളുടെ കല്യാണം. അതിനു അകത്തെ പേജിൽ മറ്റൊരു 'ചെറിയ' വാർത്ത. ഒരു കിലോ സവാളയ്ക്ക് കർഷകന് കിട്ടിയത് 35 പൈസ!

വാൽക്കഷ്ണം: മുണ്ടുടുത്ത മോദിയെന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന കേരളാ വിപ്ലവ ശിങ്കത്തിനു ഭാഗികമായി ബാധകമായ കാര്യം തന്നെയാണ് ഈ എകാധിപത്യ പ്രവണത. മാധ്യമ നിരോധനം, മുഖ്യനെ വിമർശിച്ചതിനുള്ള ഫേസ്‌ബുക്ക് അറസ്റ്റ് മുതൽ എത്രയെത്ര സന്ദർഭങ്ങൾ. മോദിയെപ്പോലെ സകലരെയും നിഷ്പ്രഭമാക്കി, സ്വന്തം മന്ത്രിസഭാംഗങ്ങൾക്കു പോലും ശബ്ദം ഇല്ലാതാക്കുന്നു പിണറായിയും. ഈ പ്രവണതയും ഫാസിസത്തിലേക്കുള്ള ചുവടുവെപ്പാണ് എന്നു മാത്രമേ ഓർമ്മിപ്പിക്കാനുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP