Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

മധ്യപ്രദേശിൽ ഫോട്ടോഫിനിഷിലേക്ക്; കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; രാജസ്ഥാനിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം; ഛത്തീസ്‌ഗഡിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ് കുതിപ്പ്; മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ തെലുങ്കാനയിൽ ടിആർഎസ് ഭരണം നിലനിർത്തിയപ്പോൾ കോൺഗ്രസിനെ അട്ടിമറിച്ച് മിസോറാമിൽ എംഎൻഎഫും; അന്തിമഫലം പുറത്തുവരാനിരിക്കവേ ബിജെപി കേന്ദ്രങ്ങളിൽ മ്ലാനതയും കോൺഗ്രസ് നേതാക്കളിൽ ആഹ്ലാദവും: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

മറുനാടൻ ഡെസ്‌ക്ക്

ന്യൂഡൽഹി: അഞ്ചുസംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഛത്തീസ്‌ഗഡിലും, രാജസ്ഥാനിലും കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ടിആർഎസ് സർക്കാർ രൂപീകരിക്കും. മിസോറാമിൽ, വൻഭൂരിപക്ഷം സ്വന്തമാക്കിയ എംഎൻഎഫ് അധികാരത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം കോൺഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അംഗീകാരം കൂടിയാണ് പാർട്ടിയുടെ തിരിച്ചുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റുവെന്ന വാദങ്ങൾക്കും ഇനി കരുത്തുകൂടും. 2019 ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ പ്രതിപക്ഷസഖ്യത്തിന് കോപ്പുകൂട്ടാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലം ഊർജ്ജം പകരുമെന്ന കാര്യത്തിൽ സംശയം വേണ്ട.

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും കടുത്ത പോരാട്ടമാണ് എക്‌സിറ്റ് പോളുകളിലും പ്രവചിച്ചിരുന്നത്. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോളുകൾ തറപ്പിച്ചുപറയുകയും ചെയ്തു. തെലങ്കാനയിലാകട്ടെ, ടിആർഎസിനും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷസഖ്യത്തിനും തുല്യസാധ്യതകളാണ് പല എക്‌സിറ്റ് പോളുകളിലും പ്രവചിച്ചത്. തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവുവിന്റെ ടിആർഎസ് വ്യക്തമായ ഭൂരിപക്ഷം നേടി എക്‌സിറ്റ് പോൾ ഫലങ്ങളെ അപ്രസക്തമാക്കി.

ഹിന്ദി ഹൃദയഭൂമിയിൽ കുതിച്ച് കോൺഗ്രസ്

ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദി ഹൃദയഭൂമി എന്ന് വിളിക്കുന്നത് ഉത്തർ പ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളെയാണ്. ഇതിൽ ഉത്തർപ്രദേശിൽ ബിജെപി തന്നെയാണ് അധികാരത്തിൽ നിൽക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചു. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. എങ്കിലും അവസാന വിജയി കോൺഗ്രസ് തന്നെയെന്ന സൂചനയാണ് ഫലസൂചകൾ നൽകുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനിൽ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗർബല്യങ്ങളെ മുതലാക്കി രാജസ്ഥാനിൽ കോൺഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഛത്തീസ്‌ഗഡിൽ രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച മുന്നേറ്റമാണ് കോൺഗ്രസിന് നടത്താനായത്. ഇവിടെ ബിജെപിയെ തന്നെ ഞെട്ടിക്കുന്നതാണ് മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പരാജയം. കോൺഗ്രസ് നേതാവായിരുന്ന അജിത് ജോഗിയിലേക്ക് ഭരണ വിരുദ്ധ വികാരം വിഭജിക്കപ്പെടുമെന്നും അത് ബിജെപിക്ക് അനുകൂലമായ സ്ഥിതിയുണ്ടാക്കുമെന്നുമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ജനം സമ്മതിദാനം വിനിയോഗിച്ചത് കോൺഗ്രസിന് വേണ്ടിയായിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നത് വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടികൾ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയിൽ തന്നെ മൃദുഹിന്ദുത്വ പാർട്ടിയായി സ്വയം അവതരിപ്പിച്ചാണ് കോൺഗ്രസ് പോരാടുന്നത്. ഇത് തുടർന്നാൽ വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ എത്താൻ ബിജെപിക്ക് ഏറെ വിയർപ്പൊഴുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്.

2019 ലോക് സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് കരുതാവുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങൾ കോൺഗ്രസ് തിരിച്ചുവരുന്നതിന്റെ സൂചനകൾ നൽകുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചാൽ ബിജെപിക്ക് വൻ തിരിച്ചടിയാവും.

മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്, ബിഎസ് പി നിർണായകം

മധ്യപ്രദേശിൽ ബിജെപിയും കോൺ്ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ്. ഓരോ സെക്കൻഡിലും ഫലങ്ങൾ മാറി മറിയുന്നു. കോൺഗ്രസിന്റെ
വോട്ടുവിഹിതം 51 ശതമാനം ഉയർന്നപ്പോൾ, ബിജെപിയുടെ വോട്ട് വിഹിതം 2013 ലേതിൽ നിന്ന് 53 ശതമാനം കുറഞ്ഞു. വടക്കൻ -തെക്കൻ മധ്യപ്രദേശിൽ  കോൺഗ്രസ്‌ തിളങ്ങിയപ്പോൾ, കിഴക്ക് -മധ്യമേഖലകളിൽ ബിജെപി കരുത്തുകാട്ടി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ലീഡ് നിലയിൽ കോൺഗ്രസ് മുന്നിലാണ്. 112 സീറ്റിൽ  കോൺഗ്രസും ബിജെപി 108 ലും ലീഡ് ചെയ്യുന്നു. ബിഎസ്‌പി നാലു സീറ്റുകളിലും ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. അന്തിമഫലം വരുമ്പോൾ ബിഎസ്‌പി കിങ്‌മേക്കറാകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. മൂന്ന് സീറ്റുകളിൽ സ്വതന്ത്രരും, സമാജ് വാദി പാർട്ടി രണ്ടു സീറ്റിലും, ഗോണ്ടവാനഗണതന്ത്ര പാർട്ടി, ബഹുജൻ സംഘർഷ് പാർട്ടി എന്നിവർ ഓരോ സീറ്റിലും ലീഡ് ചെയ്യുന്നു. അനിശ്ചിതാവസ്ഥ മുതലെടുക്കാൻ ബിജെപി നേതാക്കൾ ബിഎസ്‌പിയുടെ കൂട്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ബിജെപി -111
കോൺഗ്രസ് - 111
ബിഎസ്‌പി-4

തെലുങ്കാനയിൽ ടിആർഎസ് തന്നെ

തെലുങ്കാനയിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവെക്കുന്ന പ്രകടനവുമായി ടിആർഎസ് അധികാരത്തിലേക്ക് നീങ്ങുകയാണ്. കെ.ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് 86 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്. കോൺഗ്രസ് 22 സീറ്റുകളിലും എ.ഐ.എം.ഐ.എം 6 സീറ്റുകളിലും മുന്നിലാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദക്ഷിണേന്ത്യയുടെ മനസ്സറിയാൻ ഇറങ്ങിയ ബിജെപി സാന്നിദ്ധ്യം വെറും രണ്ട് സീറ്റിൽ ഒതുങ്ങി.വൻ തിരിച്ചടി നേരിട്ട ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടി രണ്ടുസീറ്റുകളിൽ ലീഡ് ചെയ്യുന്നുവെന്നതാണ് പുതിയ വാർത്ത.വടക്കൻ തെലങ്കാന, തെക്കൻ തെലങ്കാന, ഹൈദരാബാദ് മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ടി.ആർ.എസിന്റെ മുന്നേറ്റം. ടി.ആർ.എസ് പ്രവർത്തകർ തെലങ്കാനയിൽ ആഘോഷം തുടങ്ങി.

ഗജ്വലിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും സിർസിലയിൽ മകൻ കെ.ടി.രാമറാവുവും സിദ്ദിപ്പേട്ടിൽ ടി.ഹരീഷ് റാവുവും ലീഡ് ചെയ്യുന്നു. അമ്പർപേട്ടിൽ ബിജെപി. നോതാവ് കെ. കൃഷ്ണ റെഡ്ഡി ലീഡ് ചെയ്യുമ്പോൾ ചന്ദ്രയാങ്കുട്ടയിൽ കെ. ലക്ഷ്മൺ പിന്നിലാണ്. എ.ഐ.എം.ഐ.എം സ്ഥാനാർത്ഥി അക്‌ബറുദ്ദീൻ ഒവൈസിയും ഹുസൂർനഗറിൽ കോൺഗ്രസ് സ്ഥാനാർത്ഥി എൻ.ഉത്തംകുമാർ റെഡ്ഡി മുന്നിലാണ്.

ടിആർഎസ്-86
കോൺഗ്രസ്-22
മറ്റുള്ളവർ-0

ഛത്തീസ്‌ഗഡിൽ കോൺഗ്രസിന്റേത് അട്ടിമറി വിജയം

ശക്തമായ ത്രികോണ മത്സരമാണ് ഛത്തീസ്‌ഗഢിൽ ഉണ്ടാകുക എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസ്ഥ. ഇവിടെ ബിജെപിയുടെ പ്രതീക്ഷകൾ മുഴുവൻ രമൺ സിങ് എന്ന ജനകീയ മുഖ്യമന്ത്രിയിൽ ആയിരുന്നു. എന്നാൽ, ഇവിടെ കാര്യമായ നേതാക്കളില്ലാതെ മത്സരിക്കാൻ ഇറങ്ങിയ കോൺഗ്രസ് അട്ടിമറി വിജയമാണ് നേടുന്നത്. ഫലസൂചനകൾ പുറത്തുവരുമ്പോൾ 68 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ 12 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്.

അജിത് ജോഗിയും മായാവതി സഖ്യവും അടിപതറിയ കാഴ്ചയാണ് ഛത്തീസ്‌ഗഡിൽ. ഛത്തീസ്‌ഗഡ് രാഷ്ട്രീയത്തിലെ അതികായനാകുമെന്നു വിലയിരുത്തപ്പെട്ടയാളാണ് അജിത് ജോഗി. എന്നാൽ ഇത്തവണ മൽസരിച്ച, മകന്റെ മണ്ഡലമായ മർവാഹിയിൽ ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജോഗിയുടെ നില. മാത്രമല്ല, നിർണായക ശക്തിയാകുമെന്നു വിലയിരുത്തപ്പെട്ട മായാവതിയുമായുള്ള സഖ്യത്തിന് ഒരു സീറ്റിൽ പോലും ലീഡ് നേടാനാകാത്ത സ്ഥിതിയാണ്.

ആദ്യം മുതൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള പോരാട്ടം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് അജിത് ജോഗി മായാവതി സഖ്യത്തിന്റെ രംഗപ്രവേശം. സഖ്യം ഇരുപാർട്ടികൾക്കും ശക്തമായ ഭീഷണിയുയർത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പു നിരീക്ഷകരുടെയും വിലയിരുത്തൽ. വലിയ തോതിൽ സീറ്റുകൾ പിടിച്ചെടുക്കാൻ ഇവർക്കു കഴിയുമെന്നു വിലയിരുത്തലില്ലെങ്കിലും കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ഓരോ തിരഞ്ഞെടുപ്പിലും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, സഖ്യം നേടുന്ന സീറ്റ് നില വച്ച് വിലപേശലിനുള്ള സാധ്യതയായിരുന്നു മായാവതിയെയും ജോഗിയെയും നയിച്ചത്.

ബിജെപി-12

കോൺഗ്രസ്-68

രാജസ്ഥാനിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

രാജസ്ഥാനിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക് നീങ്ങുകയാണ്.
. ഇവിടെ കോൺഗ്രസ് 102 സീറ്റുകളിൽ മുന്നിട്ടു നിൽക്കുമ്പോൾ 72 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. ഇവിടെ സിപിഎം രണ്ട് സീറ്റുകളിൽ വ്യക്തമായ ലീഡ് തുടരുന്നുണ്ട്. ഇപ്പോഴത്തെ ഘട്ടത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താൻ സഖ്യകക്ഷികളെയും കൂട്ടുപിടിക്കേണ്ട അവസ്ഥയാണുള്ളത്.

 മുഖ്യമന്ത്രി വസുന്ധര രാജെ മുന്നേറുമ്പോൾ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരെല്ലാം പിന്നിലാണ്. രാജസ്ഥാനിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി അരുൺ ചതുർവേദി ജയ്പൂരിലെ സിവിൽ ലൈൻ മണ്ഡലത്തിൽ 3000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കൃഷി മന്ത്രി പ്രഭു ലാൽ സൈനിയും 2000 വോട്ടുകൾക്ക് പിന്നിലാണ്. രാജസ്ഥാനിലെ അൻത സീറ്റിൽ നിന്നായിരുന്നു ഇദ്ദേഹം ജനവിധി തേടിയത്. രാജസ്ഥാനിലെ തന്നെ ജലവിഭവ വകുപ്പ് മന്ത്രിയായ രാംപ്രതാപ് 1000 വോട്ടുകൾക്ക് പിന്നിലാണ്. ഹനുമൻഗർ മണ്ഡലത്തിൽ നിന്നായിരുന്നു ഇദ്ദേഹം മത്സരിച്ചത്.

ബിജെപി-72

കോൺഗ്രസ്-102

മിസോറാമിനെ കൈവിട്ട് കോൺഗ്രസ്, മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തോൽവി സമ്പൂർണമായി. 10 വർഷം ഭരിച്ച കോൺഗ്രസിന് പത്തിൽ താഴെ സീറ്റ് മാത്രമാണ് ലഭിച്ചത്. വൻ ഭൂരിപക്ഷത്തോടെയാണ് മിസോ നാഷണൽ ഫ്രണ്ട് അധികാരത്തിലേക്ക് എത്തുന്നത്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർത്ഥികളാണ്. ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിനായി വേണ്ടത് 21 സീറ്റുകളാണ്. ഇവിടെ 26 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നഎംഎൻഎഫ് വിജയത്തിലേക്ക് നീങ്ങുന്നു. കോൺഗ്രസ് അഞ്ചിടത്ത് ഒതുങ്ങി.

മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി ലാൽ തൻഹാവ്‌ലയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായിരുന്നു ലഭിച്ചത്. 34 സീറ്റുകൾ കോൺഗ്രസിന് കിട്ടി. അന്ന് മിസോ നാഷണൽ ഫ്രണ്ടിന് അഞ്ച് സീറ്റ് മാത്രമാണ് കിട്ടിയത്. മിസോ പീപ്പിൾസ് കോൺഫറൻസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

കോൺഗ്രസ്-5
എംഎൻഎഫ്-26

മറ്റുള്ളവർ-0

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP