Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിൻ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ ഉദ്ഘാടനം 12ന് വൈകിട്ട് 4ന്; കേരളത്തിന്റെ തനത് പരമ്പര്യം വിളിച്ചോതുന്ന നിർമ്മിതികളാൽ സമ്പന്നമാക്കിയ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചിൻ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ ഉദ്ഘാടനം 12ന് വൈകിട്ട് 4ന്; കേരളത്തിന്റെ തനത് പരമ്പര്യം വിളിച്ചോതുന്ന നിർമ്മിതികളാൽ സമ്പന്നമാക്കിയ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിൻ അന്തർദേശീയ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ ഡിസംബർ 12ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ തുറക്കപ്പെടുന്നത് കേരളീയമായ പാരമ്പര്യകലയുടെ ചക്രവാളം. വിമാനത്താവളങ്ങളുടെ കണ്ടു മടുത്ത രൂപകൽപ്പനകളിൽ നിന്ന് മാറിച്ചിന്തിക്കുന്നുവെന്നതാണ് ഒന്നാം ടെർമിനലിന്റെ സവിശേഷത. ടെർമിനലിന്റെ രൂപശിൽപം വന്നെത്തുന്നവരുടെയും യാത്രയാകുന്നവരുടെയും മനസ്സിനെ മടുപ്പിക്കുന്ന അന്തരീക്ഷത്തിൽനിന്ന് പാരമ്പര്യത്തിന്റെ ഊർജ്ജത്തിലേക്ക് നയിക്കുന്നു.

ഇവിടത്തെ എട്ടുകെട്ടിന്റെ എടുപ്പുകളും നീളൻ വരാന്തകളും ചാരുബഞ്ചുകളും ആരെയും ആകർഷിക്കും. കേരളീയ വാസ്തുശൈലിയിലേക്കും കേരളീയ പാരമ്പര്യ പ്രകടനകലകളിലേക്കും പാരമ്പര്യചിത്രകലയിലേക്കുമുള്ള കവാടമായി മാറുകയാണ് ഇവിടം. കേരളീയ വാസ്തുവിദ്യയുടെ മനോഹാരിതയിൽ എട്ടുകെട്ടിന്റെ ശൈലിയിൽ നവീകരിച്ച ഇതിനുള്ളിൽ പരമ്പരാഗത ദൃശ്യരൂപങ്ങൾക്ക് പുനർജന്മം നൽകിയിരിക്കുന്നു. വിമാനമിറങ്ങി വന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മലയാളിയുടെ അടിസ്ഥാന സങ്കൽപ്പമായ ഓണദൃശ്യത്തിന്റെ ചിത്രമതിലാണ്.

കടന്നുവരുന്നവരുടെ മനസ്സിലേക്ക് വെളിച്ചം പരത്തിക്കൊണ്ട് ഇടനാഴിയുടെ ഇരുവശത്തും അറുപതോളം ചെരാതുകൾ ഒളിമിന്നുന്നു. യാത്രക്കാർ സുരക്ഷാപരിശോധനയ്ക്കായി കാത്തിരിക്കുന്ന രണ്ടാം നിലയിൽ അവിസ്മരണീയമായ കലാങ്കണം ഒരുക്കിയിരിക്കുന്നത്. കേരളീയമായ എട്ടുകെട്ടിന്റെ മുറ്റമാണ് തനിമയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. അതോടനുബന്ധിച്ച് നിർമ്മിച്ച പാരമ്പര്യ വിധിപ്രകാരമുള്ള കൂത്തമ്പലം, ഗൃഹാങ്കണം, ആൽത്തറ എന്നിവയെല്ലാം ഗ്രാമീണ അന്തരീക്ഷത്തിൽനിന്ന് പറിച്ചു നട്ടതുപോലെയാണ് അനുഭവപ്പെടുക.

പാരമ്പര്യതനിമയാർന്ന മേൽക്കൂരകൾ, മേച്ചിലുകൾ, ചുവരുകൾ, കൊത്തുപണികൾ, മണിച്ചിത്രത്താഴ് തുടങ്ങി കേരളീയ വാസ്തുശൈലിയുടെ ശിൽപഭംഗികൾ നഷ്ടമാവാതെ കാത്തൂസൂക്ഷിച്ചിരിക്കുക കൂടിയാണ്. കൂത്ത്, കൂടിയാട്ടം, നങ്ങ്യാർക്കൂത്ത്, തെയ്യം, ഓട്ടൻതുള്ളൽ, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങളെപ്പറ്റി ഏകദേശ ധാരണയും രൂപപ്പെടും.

കൂത്തമ്പലത്തിൽ ദുര്യോധനവധം ആട്ടക്കഥയിലെ ഏറ്റവും പ്രധാന സന്ദർഭമാണ് പുനർജീവൻ നൽകിയിട്ടുള്ളത്. പാണ്ഡവരും കൗരവരും തമ്മിലുള്ള ചൂതുകളിയുടെ രംഗം കഥകളി എന്ന കലാരൂപത്തെ കുറിച്ച്, കഥകളിവേഷത്തെ കുറിച്ചുള്ള വിവരണം കൂടിയായി മാറുന്നു. പച്ച, കത്തി, താടി, മിനുക്ക് തുടങ്ങിയ കഥകളിയിലെ പ്രധാന വേഷങ്ങൾ ഒന്നിച്ചു സമ്മേളിക്കുന്ന ദുര്യോധന വധത്തിലെ ഈ രംഗത്തിന് ഏറെ സവിശേഷതയുണ്ട്. കേരളീയ പ്രകടകലാരൂപങ്ങളെ ഭാവി തലമുറയ്ക്കായി കാത്തു സംരക്ഷിക്കുന്ന ഒരു മ്യൂസിയം ആയി തോന്നിയാൽ വിസ്മയിക്കാനില്ല. അതോടൊപ്പം കേരളീയ പാരമ്പര്യ ചിത്രകലാശൈലിയുടെ പ്രതിരൂപമായ ചുവർചിത്രകലയുടെ മാതൃകയും ഇവിടെയൊരുക്കിയിട്ടുണ്ട്.

എട്ടുകെട്ടിന്റെ ചുവരിൽ പുരാണ കഥാസന്ദർഭങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള 16 ഓളം ചുവർചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ശ്രീകൃഷ്ണനും ബലരാമനും ഗണപതിയും ശിവനും പാർവതിയുമെല്ലാം അടങ്ങുന്ന ഈ ചിത്രരൂപങ്ങൾ ഇന്ത്യൻ മിഥോളജിയുടെ വൈവിധ്യത്തെ കൂടി ആവിഷ്‌കരിക്കുന്നു. കൊച്ചിൻ അന്തർദേശീയ എയർപോർട്ടിലെ നവീകരിച്ച ഒന്നാം ടെർമിനൽ വിമാനത്താവളങ്ങളുടെ സാധാരണ രൂപശൈലിയിൽ നിന്ന് വ്യത്യസ്തമാകുന്നത് നാടിന്റെ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്ന രൂപകൽപ്പന കൊണ്ടുകൂടിയാണ്.

ഇവിടെയെത്തുന്ന ആഭ്യന്തര യാത്രക്കാർ അവരുടെ മനസ്സിന് അന്യമല്ലാത്ത ലോകത്തേക്ക് പ്രവേശിക്കുന്നതുപോലെ അനുഭവപ്പെടും. അത്രമേൽ പാരമ്പര്യത്തിന്റെ രൂപമാതൃകകളും പുരാവൃത്തങ്ങളും വർണ്ണങ്ങളും ഇഴ ചേരുകകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 12ന് തുറന്നുകൊടുക്കുന്നതോടെ മധ്യകേരളത്തിന് എന്നെന്നും അഭിമാനിക്കാവുന്ന ഒരു പാരിതോഷികം കൂടി ലഭ്യമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP