Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി കസേര വീഴ്‌ത്തിയത് ഉള്ളി; വില നൂറിലെത്തിയപ്പോൾ അത് പ്രചാരണായുധമാക്കി അധികാരം പിടിച്ചത് കെജ്രിവാൾ; ഇത്തവണ ഒരു കിലോക്ക് കിട്ടുന്നത് വെറും ഒരുരൂപ; വിലത്തകർച്ചയും കർഷകന്റെ കണ്ണീരും ആയുധമാക്കി കോൺഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കുമ്പോൾ ബിജെപി പ്രതിരോധത്തിലേക്ക്; വിപണി നിയന്ത്രിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണായുധവും ഇതാകും: അവസാനം ഉള്ളി മോദിയെ കരയിപ്പിക്കുമോ?

ഷീലാ ദീക്ഷിതിന്റെ മുഖ്യമന്ത്രി കസേര വീഴ്‌ത്തിയത് ഉള്ളി; വില നൂറിലെത്തിയപ്പോൾ അത് പ്രചാരണായുധമാക്കി അധികാരം പിടിച്ചത് കെജ്രിവാൾ; ഇത്തവണ ഒരു കിലോക്ക് കിട്ടുന്നത് വെറും ഒരുരൂപ; വിലത്തകർച്ചയും കർഷകന്റെ കണ്ണീരും ആയുധമാക്കി കോൺഗ്രസും ഇടതുപക്ഷവും പ്രചാരണം ശക്തമാക്കുമ്പോൾ ബിജെപി പ്രതിരോധത്തിലേക്ക്; വിപണി നിയന്ത്രിച്ചില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പ്രചാരണായുധവും ഇതാകും: അവസാനം ഉള്ളി മോദിയെ കരയിപ്പിക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉള്ളിക്ക് ഇന്ത്യൻ തരഞ്ഞെടുപ്പിൽ എന്തുകാര്യമെന്ന് ആരും ചോദിക്കരുത്. കാരണം ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ണീർ വീഴ്‌ത്താൻ കെൽപുള്ളതാണ് ഈ ഉള്ളി എന്നത് ചരിത്രം. ഡൽഹിയിൽ കോൺഗ്രസിനെ കടപുഴക്കി ആ ആദ്മി പാർട്ടിയെ അധികാരത്തിലേറ്റിയത് ഉള്ളി യാണ്. ഇതേ ഉള്ളിയെ ഇപ്പോൾ ബിജെപി ഭയപ്പെടുകയാണ്. കാരണം മറ്റൊന്നുമല്ല. ഉള്ളി വില താഴേയ്ക്കും മുകളിലേക്കും പോകുന്നതിനനുസരിച്ചാണ് ഉത്തരേന്ത്യൻ രാഷ്ട്രീയ മാപിനികളും ചലിക്കുന്നത്.

ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഉത്പാദിപ്പിക്കുന്ന ഉള്ളിയുടെ 45 ശതമാനവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയും കർണാടകയുമാണ്. ഉത്തരേന്ത്യക്കാർക്ക് ഉള്ളിയില്ലാതെ ഒരു നേരത്തെ ഭക്ഷണം ആലോചിക്കാൻ പോലുമാകില്ല. അതുകൊണ്ടു തന്നെ ഉള്ളിയുടെ ഉത്പാദനവും വിലയും എന്നും ചർച്ചാ വിഷയമാണ് ഇവിടെ.

രാഷ്ട്രീയനേതാക്കളെ ഉള്ളി വില പേടിപ്പിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. കർഷകർക്ക് ഒരു കിലോ ഉള്ളിക്ക് ഒരു രൂപ മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. ഉള്ളി വില കുറഞ്ഞതിന്റെ പേരിൽ നടക്കുന്ന കാർഷിക പ്രതിഷേധങ്ങൾ കോൺഗ്രസ് ഏറ്റെടുത്തതാടെ മോദി സർക്കാറിന് അത് കനത്ത ഭീഷണിയായിരിക്കയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഉള്ളി ഒരു പ്രധാന അജണ്ടയായി വരുമെന്ന് ഉറപ്പായതോടെ ബിജെപിയുടെ നെഞ്ചിടിപ്പും ഉയരുകയാണ്.

ഉള്ളിവില നൂറെത്തിയപ്പോൾ വീണത് ഷീലാ ദീക്ഷിത്

പതിനഞ്ചു വർഷത്തോളം തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഉള്ളിവിലയിൽ തട്ടി വീണത് ചരിത്രം. അന്ന് ഉള്ളി വില കുത്തനെ ഉയർന്നതായിരുന്നു ഷീലാ ദീക്ഷിത് നേരിട്ട പ്രശ്നം. ഉള്ളി വില നൂറിനടുത്ത് എത്തിയത് തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കാനിടയുണ്ടെന്ന് കണ്ട് ഷീലാ ദീക്ഷിത അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും അവസരം വേണ്ട രീതിയിൽ ഉപയോഗിച്ച ആം ആദ്മി പാർട്ടി മുമ്പിൽ കോൺഗ്രസിന് കാലിടറുകയായിരുന്നു. ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും മധ്യപ്രദേശും ഉള്ളി പൂഴ്‌ത്തിവയ്ക്കുകയാണെന്നും വിലക്കയറ്റത്തിന് ഇതുകാരണമാകുന്നുവെന്നും ഷീലാ ദീക്ഷിത് അന്ന് വെളിപ്പെടുത്തി. എന്നാൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആ വർഷം മഴ കാരണം കൃഷി നശിച്ചതാണ് വില വർധനയിലേക്ക് നയിച്ചത്.

ഭരണ കക്ഷി ഉള്ളി വിലയുടെ പേരിൽ പഴി കേൾക്കുമ്പോൾ അവസരം നഷ്ടപ്പെടുത്താൻ എഎപി തയാറായില്ല. ഡൽഹി സർക്കാരിന്റെ 150 സഞ്ചരിക്കുന്ന വില്പനശാലകൾ 50 രൂപാ നിരക്കിൽ ഉള്ളി വിറ്റപ്പോൾ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി 40 രൂപ നിരക്കിൽ ഉള്ളി വിതരണം നടത്തി. ഉള്ളി വില നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തത് വൻ പരാജയമായി പ്രതിപക്ഷ പാർട്ടികൾ എടുത്തുകാട്ടുകയായിരുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകൾ മുൻകൂട്ടി ലഭിക്കുന്ന സർക്കാരിന് ഉള്ളിയുടെ ഉത്പാദനവും കയറ്റുമതിയും അതനുസരിച്ച് നിയന്ത്രിക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. അതേസമയം ഇടനിലക്കാർക്ക് ലാഭം കൊയ്യാനുള്ള അവസരം സർക്കാർ ചെയ്തുകൊടുക്കുകയാണെന്നും ഷീലാ ദീക്ഷിതിനെതിരേ ആരോപണം ഉയർന്നു.

ഉള്ളിയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില അന്യായമായി ഉയർന്നു നിൽക്കുന്ന സമയത്താണ് ഷീലാ ദീക്ഷിത് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1998-ൽ ഉള്ളി വിലയിൽ തടഞ്ഞ് കേന്ദ്രത്തിൽ ബിജെപി സർക്കാർ വീണത് ആ അവസരത്തിൽ ഷീലാ ദീക്ഷിത് എടുത്തുപറഞ്ഞുവെങ്കിലും തങ്ങൾക്ക് ഇതു സംഭവിക്കില്ലെന്നും മുഖ്യമന്ത്രിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്ത് ആക്കിക്കൊണ്ടാണ് അരവിന്ദ് കേജ്രിവാളിനു മുന്നിൽ ഷീലാ ദീക്ഷിത് അടിയറവു പറഞ്ഞത്. അന്ന് കേവലം രാഷ്ട്രീയ പ്രശ്നം മാത്രമല്ല, ക്രമസമാധാന വിഷയം കൂടി ആയി മാറിയിരുന്നു ഉള്ളി. തെക്കൻ ഡൽഹിയിലെ ഓഖല മാർക്കറ്റിൽ കുറഞ്ഞ വിലക്ക് ഉള്ളി വിറ്റതിന് ഒരു പച്ചക്കറി കച്ചവടക്കാരൻ ആക്രമിക്കപ്പെട്ടു. രാജസ്താനിൽ ഡൽഹി-ജയ്പൂർ ദേശീയപാതയിൽ 40 ടൺ പച്ചക്കറികളുമായി വന്ന ഒരു ട്രക്ക് കവർച്ചക്കാർ തട്ടിയെടുത്തു.

ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനും

ഡൽഹിയിൽ മാത്രമല്ല, ഉള്ളി സർക്കാരിനെ കരയിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും. മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ഉള്ളി വില രാഷ്ട്രീയ ചരിത്രത്തിൽ ഏറെ നിർണായകമാണ്. നിലവിൽ മഹാരാഷ്ട്രയ്ക്കു പുറമേ ഉള്ളിപ്പേടിയിൽ വിറയ്ക്കുന്നത് മധ്യപ്രദേശും രാജസ്ഥാനുമാണ്. അവിടെ കാർഷികമേഖലയുടെ തകർച്ച കർഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. സവാളയും വെളുത്തുള്ളിയും ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾ കൃഷിയിടങ്ങളിൽ തന്നെ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച സാധാരണം. ഇവിടുത്തെ പ്രധാന തെരഞ്ഞെടുപ്പു വിഷയവും ഉള്ളി തന്നെ.

കർഷക സമരങ്ങളും കർഷക ആത്മഹത്യകളും തെരഞ്ഞെടുപ്പിൽ മുഖ്യവിഷയങ്ങളായി കത്തി നിൽക്കുന്ന സമയം കൂടിയാണിത്. അതിനിടെ കാർഷിക വിളകൾക്ക് വേണ്ടത്ര വില കൂടി ലഭിക്കാത്ത സാഹചര്യം എല്ലാ രാഷ്ട്രീയപാർട്ടികളും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പ്രത്യേകിച്ച് ഭരണകക്ഷി. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ ഏറിയശേഷം കാർഷിക മേഖലയ്ക്ക് ഏറ്റ തിരിച്ചടി പാർട്ടിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. രണ്ടു വർഷം മുമ്പ് മോദി നോട്ട് നിരോധനം ഏർപ്പെടുത്തിയതും ജിഎസ്ടി പ്രാബല്യത്തിൽ വരുത്തിയതും ചെറുകിട, ഇടത്തരം കർഷകർക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ബിജെപി സർക്കാരുകൾക്ക് നിലവിൽ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെ. ഈ രണ്ടു സംസ്ഥാനങ്ങളിലും വെളുത്തുള്ളിക്ക് വില കുറഞ്ഞതും ബിജെപിയെ ഭയപ്പെടുത്തുന്നു.

വിവാദമായി വെളത്തുള്ളി കർഷകരുടെ ആത്്മഹത്യകളും

ഇരുസംസ്ഥാനങ്ങളിലും ഒരു കിലോ വെളുത്തുള്ളി വിറ്റാൽ കർഷകർക്ക് ഒടുവിൽ കൈയിലെത്തുന്നത് ഒന്നും രണ്ടും രൂപ മാത്രം. രാജ്യത്തെ മൊത്തം വെളുത്തുള്ളി ഉൽപ്പാദനത്തിന്റെ 45 ശതമാനവും പടിഞ്ഞാറൻ മധ്യപ്രദേശിലെ മാൾവ, രാജസ്ഥാനിലെ ഹദോത്തി മേഖലയിൽ നിന്നാണ്. വെളുത്തുള്ളി കിലോയ്ക്ക് 2016 സീസണിൽ കർഷകർക്ക് 100 രൂപയ്ക്ക് മുകളിൽ ലഭിച്ചു. ഒരു ക്വിന്റൽ വെളുത്തുള്ളി 13,000 രൂപയ്ക്ക് വരെ വിറ്റ കർഷകർ ഇവിടെയുണ്ട്. മറ്റ് വിളകളിൽ നഷ്ടമുണ്ടായാലും കരുതൽ ധനത്തിനായി വെളുത്തുള്ളി കൃഷി ചെയ്തിരുന്ന കർഷകരുമുണ്ട്. എന്നാൽ, 2016 നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെ എല്ലാം തകിടംമറിയുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ഈ വർഷം അഞ്ചു വെളുത്തുള്ളി കർഷകരാണ് ആത്മഹത്യ ചെയ്തത്.

ഉള്ളി, വെളുത്തുള്ളി ഉത്പന്നങ്ങൾക്ക് നേരിടുന്ന വിലയിടിവ് ഗ്രമീണ മേഖലയിൽ ജനരോഷം ആളിക്കത്താൻ സാഹചര്യമൊരുക്കും എന്ന തിരിച്ചറിവാണ് ബിജെപിയെ ഏറ്റവും ഭയപ്പെടുത്തുന്നത്. ബിജെപി സർക്കാരിന്റെ കാലത്തു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിടിവ് നേരിട്ടത് പാർട്ടിക്കേറ്റ വലിയ തിരിച്ചടി തന്നെയാണ്. കർഷകർക്ക് കിലോയ്ക്ക് ഒരു രൂപ മാത്രം ഉള്ളി വിലയായി തിരിച്ചു കിട്ടുമ്പോൾ അത് കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ഉയർത്തുന്നത് കനത്ത വെല്ലുവിളി തന്നെയാണ്.

ചരിത്രത്തിലില്ലാത്ത വിധം ഉള്ളിവില കൂപ്പുകുത്തുമ്പോൾ അത് കർഷകന്റെ നെഞ്ചിൽ തീയാളിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നും മറ്റും വൻ തോതിൽ ഉള്ളി വിപണിയിലെത്തുന്നതാണ് വിലയിടിവിന് പ്രധാനകാരണം. മാത്രമല്ല ഇത്തവണ നല്ല വിളവു ലഭിച്ചതും കൂടുതൽ അളവിൽ ഉള്ളി വിപണിയിലെത്താൻ കാരണമായി. ഉത്പാദന ചെലവുപോയിട്ട് സാധനം മാർക്കറ്റിലെത്തിക്കാനുള്ള വാഹനചെലവു പോലും കിട്ടുന്നില്ലെന്നാണ് കർഷകരുടെ പരാതി.

ഉള്ളിവില ഇടിഞ്ഞതിനെ തുടർന്ന് വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ച കർഷകന്റെ പ്രതിഷേധം രാജ്യവ്യാപകമായി ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. 750 കിലോ ഗ്രാം ഉള്ളി വിറ്റ കർഷകന് ആകെ ലഭിച്ച 1064 രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുത്താണ് കർഷകൻ പ്രതിഷേധിച്ചത്. നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ സഞ്ജയ് സത്തേയാണ് വേറിട്ട രീതിയിൽ പ്രതിഷേധമായെത്തിയത്. 2010ൽ കേന്ദ്ര കൃഷിമന്ത്രാലയം തിരഞ്ഞെടുത്ത മികച്ച കർഷകരിൽ ഒരാളായിരുന്നു സത്തേ. അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരവും സത്തേക്ക് ലഭിച്ചിരുന്നു. എട്ട് വർഷങ്ങൾക്കിപ്പുറം ഒരു കിലോ ഉള്ളിക്ക് വെറും ഒരു രൂപ മാത്രം ലഭിക്കുന്ന നിലയിലേക്ക് തന്നെ തള്ളിയിട്ടത് ഭരണകർത്താക്കളുടെ കഴിവ് കേടാണെന്ന നിലപാടിലാണ് സത്തേ.

ഇത്തവണ 750 കിലോ ഉള്ളിയാണ് കൃഷി ചെയ്തത്. നിപാദ് മൊത്തക്കച്ചവട മാർക്കറ്റിൽ കിലോയ്ക്ക് ഒരു രൂപയാണ് വില പറഞ്ഞത്. വില പേശി അത് 1.40 വരെ എത്തിച്ചു. എന്നിട്ടും 750 കിലോ വിറ്റപ്പോൾ 1064 രൂപ മാത്രമാണ് കൈയിൽ കിട്ടിയതെന്ന് സഞ്ജയ് സേത് പറയുന്നു. നീണ്ട നാല് മാസത്തെ കഷ്ടപ്പാടിന് തുച്ഛമായ തുക ലഭിക്കുന്നത് ശരിക്കും സങ്കടകരമായ കാര്യമാണ്. ഇതിൻ പ്രതിഷേധിച്ചാണ് വിറ്റു കിട്ടിയ തുക മുഴുവനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. തുക മണി ഓർഡറായി അയക്കുന്നതിനായി 54 രൂപ ചെലവായെന്നും സേത് കൂട്ടിച്ചേർത്തു.

ഈ സംഭവങ്ങളെല്ലാം കോൺഗ്രസ് ദേശീയ തലത്തിൽ പ്രചാരണായുധമാക്കുയാണ്. നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുള്ള മോദി സർക്കാറിന്റെ വികല നയങ്ങളാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞാണ് അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാദ്ധി കാര്യമായ കാമ്പയിൻ നടത്തിയത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കർഷക സമരങ്ങളിലും ഉള്ളിവില സജീവമായി ഉയർന്നതോടെ കേന്ദ്രം അക്ഷരാർഥത്തിൽ വിയർക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP