Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബെൻസ് ഒരു ഡസനോളം; ആഡംബര വീടുമുണ്ട്; എന്നിട്ടും സാധാരണകാറിൽ യാത്ര ചെയ്ത് തറയിൽ കിടന്നുറങ്ങും; എല്ലാവർക്കും സഹായിയും; ബാറുടമകൾക്ക് 5 കോടി രൂപ നൽകിയെന്ന് പറയുന്ന സുനിൽസ്വാമിയുടെ ആസ്തിയിൽ ഞെട്ടി എൻഫോഴ്‌സ്‌മെന്റ്

ബെൻസ് ഒരു ഡസനോളം; ആഡംബര വീടുമുണ്ട്; എന്നിട്ടും സാധാരണകാറിൽ യാത്ര ചെയ്ത് തറയിൽ കിടന്നുറങ്ങും; എല്ലാവർക്കും സഹായിയും; ബാറുടമകൾക്ക് 5 കോടി രൂപ നൽകിയെന്ന് പറയുന്ന സുനിൽസ്വാമിയുടെ ആസ്തിയിൽ ഞെട്ടി എൻഫോഴ്‌സ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സുനിൽ സ്വാമിയെ തട്ടിപ്പ് സ്വാമിയെന്ന് ആരും വിളിക്കില്ല. സുതാര്യമാണ് പ്രവർത്തനമെല്ലാം. പക്ഷേ എങ്ങനെ കോടീശ്വരനായെന്ന് ചോദിച്ചാൽ ആർക്കും അറിയില്ല. കശുഅണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചുവടുറപ്പിച്ച പാലക്കാട്ടുകാരനായ സുനിൽ സ്വാമിയെന്ന സ്വാതിക കോടിശ്വരന്റെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റിനേയും ഞെട്ടിച്ചു. എല്ലാ രേഖകളും കൃത്യമെന്ന് പറയുന്ന സ്വാമി എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിൽ പതറിയതു പോലുമില്ല. ധനമന്ത്രി കെ എം മാണിക്ക് കോഴ നൽകാൻ ബാറുടമയ്ക്ക് 5 കോടി രൂപ നൽകിയെന്നത് ഭാവനാ സൃഷ്ടിമാത്രമാണെന്ന് സുനിൽ സ്വാമി പറഞ്ഞു.

വീടിന് മുന്നിൽ ഒരു ഡസനോളം ബെൻസ് കാറുകൾ നിരന്നുകിടക്കുന്നുണ്ട്. പക്ഷേ അതിലൊന്നിലും സുനിൽ സ്വാമി യാത്ര ചെയ്യാറില്ല. അതിസമ്പന്നനാണങ്കിലും ആർഭാടരഹിതമാണ് സുനിൽ സ്വാമിയുടെ ജീവിതം. റെയ്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥർക്കും ഇതെല്ലാം പുതിയ അനുഭവമായിരുന്നു. വീട് ആഡംബര പൂർണമാണെങ്കിലും വെറും തറയിൽ കിടന്നാണത്രേ സ്വാമി ഉറങ്ങാറുള്ളത്. എല്ലാം ശബരിമല അയ്യപ്പന് സമർപ്പിച്ച ജീവിത രീതി. പക്ഷേ എങ്ങനെയാണ് പാലക്കാട് നിന്നെത്തി കോടിശ്വരനായി സുനിൽ സ്വാമി മാറിയത് എന്ന് ആർക്കും അറിയില്ല. രണ്ട് സഹോദരന്മാർ ഉരുക്ക് വ്യവസായവുമായി ബന്ധപ്പെട്ട് ചെന്നൈയിലുണ്ട്.

കശുഅണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് 15 വർഷം മുൻപാണ് സുനിൽ സ്വാമി കൊല്ലത്ത് എത്തുന്നത്. പരിചയമുള്ളവർക്ക് ഉപകാരിയാണ് സുനിൽ സ്വാമി. പലിശയ്ക്ക് അല്ല പണം കൊടുക്കുക. ആവശ്യം കഴിഞ്ഞ് തിരികെ നൽകിയാൽ മതിയെന്നാണ് അടുപ്പക്കാരെ സഹായിക്കുമ്പോൾ പറയാറുള്ളത്. അതുകൊണ്ട് തന്നെ ആർക്കും പരാതിയില്ല. ഇനി കാശ് മടക്കികൊടുത്തില്ലെങ്കിലും ചോദിക്കുകയുമില്ല. പക്ഷേ കാശ് തിരിച്ചു കിട്ടുമെന്ന് ഉറപ്പുള്ളവർക്ക് മാത്രമേ വലിയ തുകകൾ സ്വാമി സഹായമായി നൽകാറുള്ളൂ. ശബരിമലയിലെ സാന്നിധ്യത്തിലെ വിവാദങ്ങൾ സ്വാമിക്ക് അറിയാം അതുകൊണ്ട് തന്നെ കൃത്യമായി കണക്കുകളും പണമിടപാടിന് സൂക്ഷിക്കുന്നു.

കൊല്ലത്തും കൊച്ചിയിലും ഓഫീസുകളുള്ള സ്വാമിയുടെ പ്രധാന ബിസിനസ് കശുഅണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടാണ്. കശുഅണ്ടി വ്യവസായികൾക്ക് കയറ്റുമതിക്കുള്ള ഇൻസെന്റീവ് തരപ്പെടുത്തുന്നത് ഈ ഓഫീസുകൾ വഴിയാണ്. ഇൻസെന്റീവിന്റെ നിശ്ചിത ശതമാനമാണ് സ്വാമിയുടെ കമ്മിഷൻ. പലപ്പോഴും കമ്മിഷൻ കഴിച്ചുള്ള തുക മുൻകൂർ നൽകുന്നത് പല വ്യവസായികൾക്കും സ്വാമിയെ പ്രിയങ്കരനാക്കി. ഉത്തരേന്ത്യയിലെ ശബരിമല ഭക്തരായ കോടീശ്വരന്മാരുമായുള്ള ബന്ധവും സുനിൽ സ്വാമിക്ക് ബിസിനസിൽ കരുത്തായി.

സുനിൽ സ്വാമിക്ക് 'ശബരിസ്വാമി' യെന്നും വിളിപ്പേരുണ്ട്. ശബരിമലയിൽ എപ്പോഴൊക്കെ നടതുറന്നിരിക്കുന്നുവോ സുനിൽസ്വാമി അയ്യപ്പസന്നിധിയിൽ എത്തും. നടതുറക്കുമ്പോൾ എത്തുന്ന സ്വാമി നട അടച്ചിട്ടേ മടങ്ങൂ. മണ്ഡല-മകരവിളക്ക് കാലം മുഴുവൻ സമയവും സന്നിധാനത്തിൽ ഉണ്ടാവും. ശബരിമലയിലെ ഏത് വികസന പ്രവർത്തനത്തിനും ഉദാരമായി സംഭാവന നൽകും. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസറുടെ ഔദ്യോഗിക യാത്രയ്ക്ക് ഒരു ഇന്നോവ കാർ വാങ്ങി നൽകി. അഞ്ച് കോടിയുടെ അന്നദാന മണ്ഡപം.. അങ്ങനെ നീളുന്നു ശബരിമലയിലെ സുനിൽ സ്വാമിയുടെ സംഭാവനകൾ.

ഇതൊക്കെ കേട്ട എൻഫോഴ്‌സ്‌മെന്റിന് സുനിൽ സ്വാമിയുടെ കണക്കുകളിൽ പൂർണ്ണ വിശ്വാസം വന്നിട്ടില്ല. എല്ലാം അരിച്ചു പറക്കി പരിശോധിക്കും. എന്നാൽ മാണിക്ക് കോഴയായി 5 കോടി നൽകിയെന്ന ആരോപണം തെളിയിക്കാൻ ഒന്നും കിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റിന് അറിയാം. ആധികാരികമല്ലാത്ത ശബ്ദ രേഖയെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇല്ല. അതിനാൽ കൊടുത്തിട്ടില്ലെന്ന് സുനിൽ സ്വാമി പറഞ്ഞാൽ അത് മുഖവിലയ്ക്ക് എടുക്കാനേ കഴിയൂ. പ്രാഥമിക പരിശോധനയിൽ സ്വാമിയുടെ കണക്കുകളിൽ യാതൊരു അവ്യക്തതയും കണ്ടെത്തിയുമില്ല. ആസ്തിയും വരുമാനവുമായി തട്ടിച്ചു നോക്കാനാണ് അതുകൊണ്ട് തന്നെ എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.

ധനമന്ത്രി കെഎം മാണിക്ക് കൈക്കൂലി കൊടുക്കാൻ ബാറുടമകൾക്ക് അഞ്ചു കോടി രൂപ കടമായി നൽകിയതുകൊല്ലത്തുകാരനായ സുനിൽ സ്വാമിയെന്നാണ് ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലുള്ളത്. തികഞ്ഞ ശബരിമല ഭക്തനാണ് സുനിൽ സ്വാമി. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.

വർഷങ്ങളായി ശബരിമലയുമായുള്ള അടുപ്പം അറിഞ്ഞ് ദേവസ്വം അധികൃതർ ഒരിക്കൽ സന്നിധാനത്തിൽ സ്വാമിക്ക് ഒരു മുറി തരപ്പെടുത്തി നൽകി. പുതുതായി വന്ന ഒരു ദേവസ്വം ബോർഡ് അംഗം മുറിയിൽ നിന്ന് സ്വാമിയെ പുറത്താക്കി. സുനിൽ സ്വാമി ഒരു പരിഭവവും കാട്ടാതെ കൊടും മഞ്ഞിലും മണ്ഡലകാലം മുഴുവൻ വരാന്തയിൽ കഴിഞ്ഞുകൂടി. അതാണ് സ്വാമിയുടെ അയ്യപ്പനോടുള്ള ഭക്തി. അതിനാണ് പ്രാധാന്യം. ബാക്കിയെല്ലാം അയ്യപ്പൻ തരുമെന്നാണ് സുനിൽ സ്വാമിയുടെ വിശ്വാസം. ആസ്തിയെ കുറിച്ചുള്ള ചോദ്യത്തിന് സുനിൽ സ്വാമി പരോക്ഷമായി നൽകുന്ന മറുപടി ഇതുമാത്രമാണ്.

ശബരിമലയിൽ എത്തുന്ന വിഐപികളും പ്രിയങ്കരനാണ് സുനിൽ സ്വാമി. മറ്റൊരു താൽപ്പര്യവുമില്ലാതെ ശബരിമലയിൽ അയ്യപ്പ ദർശനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി. സുനിൽ സ്വാമിയുടെ ഭക്തി അറിയാവുന്ന അയ്യപ്പഭക്തരായ കോടിശ്വരന്മാർ സുനിൽ സ്വാമി ചോദിച്ചാൽ എന്തും നൽകും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പർതാരങ്ങൾ മുതൽ മലേഷ്യൻ മന്ത്രി വരെയുള്ള സുനിൽ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു. ശബരിമലയുടെ വികസനത്തിന് ഈ സൗഹൃദമാകാം സുനിൽ സ്വാമിക്ക് തുണയാകുന്നതെന്നാണ് ആസ്തിയെ കുറിച്ചുള്ള വിലയിരുത്തൽ.

പക്ഷേ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സുനിൽ സ്വാമിക്ക് എതിരെയുണ്ട്. എല്ലാ പൂജയും മുന്നിൽ നിന്ന് തൊഴുന്നു. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടായി. ബാബാറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് ഒന്നും സംഭവിച്ചില്ല.

കൊടിമര ദേവപ്രശ്‌ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്‌നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ സസ്‌പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

എന്നും എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല.

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡലമകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്. എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകും. അതുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും.

ശബരിമലയിൽ സുനിൽ സ്വാമിക്ക് ശത്രുക്കൾ കുറവാണ്. ഒരു രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ലെയിസൺ ഓഫീസറായിരുന്നു വർഷങ്ങളായി വലം കൈ. എന്നാൽ കൊടിമര വിവാദത്തിൽപ്പെട്ടതോടെ ലെയിസൺ ഓഫീസർ വരാതെയായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അടുപ്പക്കാരനുമാണ്. എങ്ങനെ ഇത്രയധികം തുക സുനിൽ സ്വാമി ചെലവാക്കുന്നു എന്ന ചോദ്യത്തിന് ശബരിമലയിൽ നിന്ന് തന്നെ അവസരമുണ്ടെന്ന വിമർശനം ചിലരെങ്കിലും ഉയർത്തുന്നു. വിവിഐപികൾക്കും ശത കോടീശ്വരന്മാർക്കും സന്നിധാനത്ത് സുഖ ദർശനം ഉറപ്പാക്കി അവരുടെ സൗഹൃദ കൂട്ടായ്മയിലെത്തുന്നു. അതിനാൽ രാജ്യത്തെവിടെയും അധികാരത്തെ സ്വാധീനിക്കാൻ സുനിൽ സ്വമാക്ക് കഴിയുമത്രേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP