Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടകാണിച്ച് ഫോട്ടോ ഇട്ടതിന്റെ പേരിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഇന്ത്യ! രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെ; ബിബിസി റിപ്പോർട്ട് ഏറ്റെടുത്ത് സർവ്വ പശ്ചാത്യമാധ്യമങ്ങളും; ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പരിതപിച്ചവർക്കെല്ലാം നുണവാർത്തയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരും സോഷ്യൽ മീഡിയയിൽ എത്തുന്നു; ബിബിസിക്കെതിരെ പരാതി നൽകുമെന്ന് പ്രവാസി മലയാളി ഭക്തരും; ശബരിമല വിവാദം ബ്രിട്ടണിലേക്കും പടരുമ്പോൾ

തുടകാണിച്ച് ഫോട്ടോ ഇട്ടതിന്റെ പേരിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഇന്ത്യ! രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെ; ബിബിസി റിപ്പോർട്ട് ഏറ്റെടുത്ത് സർവ്വ പശ്ചാത്യമാധ്യമങ്ങളും; ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പരിതപിച്ചവർക്കെല്ലാം നുണവാർത്തയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരും സോഷ്യൽ മീഡിയയിൽ എത്തുന്നു; ബിബിസിക്കെതിരെ പരാതി നൽകുമെന്ന് പ്രവാസി മലയാളി ഭക്തരും; ശബരിമല വിവാദം ബ്രിട്ടണിലേക്കും പടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ശബരിമലയിൽ എത്താൻ ശ്രമിച്ചത് വഴി വിദേശ മാധ്യമ കണ്ണിൽ പോലും ധീര പരിവേഷം കിട്ടിയ രഹ്ന ഫാത്തിമ ഇപ്പോൾ ജയിലിൽ എത്തിയത് കാൽവണ്ണ കാണും വിധം ഫേസ്‌ബുക്കിൽ ഫോട്ടോ ഇട്ടതിനാൽ ആണെന്ന ബിബിസി റിപ്പോർട്ട് വിവാദത്തിൽ. അൽപം വൈകി പുറത്തു വിടുന്ന വാർത്ത ആണെങ്കിലും വാർത്തയുടെ ലിങ്ക് ഫേസ്‌ബുക്ക് പേജിൽ ഇട്ട ബിബിസിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാരുടെ കമന്റുകൾ പൊങ്കാല ഇടുകയാണ്. ഇതോടെ ശബരിമല വിഷയം ബ്രിട്ടണിലും ചർച്ചയാവുകയാണ്.

സ്വാഭാവികമായും ഇന്ത്യൻ വംശജരാണ് കമന്റുകളുമായി എത്തുന്നതെങ്കിലും ബ്രിട്ടീഷുകാരുടെ കമന്റുകൾക്കും കുറവില്ല. ശബരിമലയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ബിബിസി വായനക്കാർ സ്വാഭാവികമായും രഹ്ന ഫാതിമക്കാണ് പിന്തുണ നൽകുന്നത്. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബിബിസി ഡൽഹി ലേഖിക ഗീത പാണ്ഡേ
ആയതിനാൽ ശബരിമലയിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള അജ്ഞത മൂലമല്ല പക്ഷപാതം പിടിച്ചുള്ള റിപ്പോർട്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് വാർത്തയെ എതിർക്കുന്നവർ നിലപാട് എടുക്കുന്നത്. ചേരിതിരിഞ്ഞു വായനക്കാർ വാഗ്വാദം ആയതോടെ ബിബിസിക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിൽ മലയാളികളായ അയ്യപ്പ ഭക്തരും ഉണ്ട്.

രഹ്ന ഫാത്തിമ അറസ്റ്റിൽ ആയതും തുടർന്ന് ജയിലിൽ എത്തിയതും വ്യാഴാഴ്ചയാണ് ബിബിസി ഏറ്റെടുത്തത്. അയ്യപ്പ വേഷത്തിൽ നഗ്‌നത തോന്നിപ്പിക്കും വിധം ഫോട്ടോയെടുത്തു സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻപ് പൊലീസ് സഹായത്തോടെ രഹ്ന ഫാത്തിമ സന്നിധാനം വരെ എത്തിയ കാര്യവും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. കേസിനെ തുടർന്ന് 32 കാരിയായ രഹ്നയെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും തുടർന്ന് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലിൽ അടക്കുക ആയിരുന്നു എന്നുമാണ് രഹ്നയുടെ സുഹൃത്തായ എസ് എ ആരതിയെ ഉദ്ദരിച്ച് ബിബിസി വ്യക്തമാക്കുന്നത്. വിവാദമായ ഫോട്ടോ ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് രഹ്ന സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചത്.

രഹ്നയുടെ നഗ്‌നമായ കാൽ വണ്ണയുടെ പ്രദർശനം മത വിശ്വാസികളുടെ എതിർപ്പ് ഉണ്ടാക്കിയതിനും അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തിയതിനും ആണെന്നും പൊലീസ് വ്യക്തമാക്കിയതായി ബിബിസി ലേഖിക വാർത്തയിൽ തുടരുന്നു. പുരുഷന്മാർ നെഞ്ചു തുറന്നു കാട്ടുന്നതും മുണ്ടു ഉടുക്കുമ്പോൾ കാൽ കാണാൻ കഴിയും വിധം പ്രദർശിപ്പിക്കും പോലെയേ ഈ സംഭവവും കാണേണ്ടത് ഉള്ളൂ എന്നാണ് രഹ്നായ്ക്കു വേണ്ടി സുഹൃത്ത് ആരതി പറയുന്നത്.

ബലാൽക്കാരം ചെയ്യുമെന്നതടക്കമുള്ള ഭീക്ഷണി നേരിടുകയാണ് തന്റെ സുഹൃത്തെന്നും ആരതി പറയുന്നു. അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ ആർത്തവകാലമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തരുത് എന്ന് പറയുന്നത് നീതിക്കു ചേർന്നതല്ല എന്ന ഫെമിനിസ്റ്റ് നിലപാട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശത്തിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നതും ആയിരങ്ങൾ പൊലീസ് കേസ് നേരിടുന്നതും ചിലർ ഇപ്പോഴും ജയിലിൽ കഴിയുന്നതും സൂചിപ്പിച്ചാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

എന്നാൽ റിപ്പോർട്ടിൽ രെഹ്ന ഫാത്തിമ ചെയ്തത് ശരിയെന്ന ധ്വനി ഉണ്ടാക്കും വിധം ബിബിസി റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വായനക്കാരിൽ ചിലർ എത്തിയതോടെ ചൂട് പിടിച്ച വാഗ്ദ്ധ്വാമാണ് ബിബിസി ഫേസ്‌ബുക്ക് പേജിൽ നടക്കുന്നത്. വാർത്തയിൽ ആയിരക്കണക്കിന് ലൈക്കും ആയിരത്തിലേറെ കമന്റും അതിനൊപ്പിച്ച ഷെയറും ഉണ്ടായതോടെ വാർത്തക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിന്റെ ചുവടു പിടിച്ചു അയ്യപ്പ ഭക്തരായ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ചൂടേറിയ ചർച്ച നടക്കുകയാണ്.

ഹിന്ദു മലയാളി യുകെ എന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ വാർത്ത എത്തിയപ്പോൾ ഭക്തർക്ക് വേണ്ടി അറസ്റ്റിൽ ആയ ഒരാളുടെ പോലും പേര് പരാമർശിക്കാതെയാണ് ബിബിസി കൈകാര്യം ചെയ്തത് എന്ന് വികെ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടി. എന്നാൽ ആർത്തവത്തെ കുറിച്ച് പരാമർശം നടത്തിയപ്പോൾ പൊതുവിൽ ഹിന്ദു സമൂഹം എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആചാരം പുലർത്തുന്നു എന്ന മട്ടിൽ വികലമായാണ് റിപ്പോർട്ട് ചെയ്തതെന്നു എ കെ എന്നയാൾ ചൂണ്ടിക്കാട്ടി. ഗീത പാണ്ഡെയ്ക്കു ഹിന്ദു ആചാരങ്ങളെ കുറിച്ച് നിശ്ചയമായും ധാരണ ഉണ്ടായിരിക്കെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിനെ മനഃപൂര്വമായേ കാണാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നു.

ഇതേ തുടർന്ന് ന്യുകാസിൽ നിവാസിയായ എൻ എ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടിയത് ബിബിസിക്കെതിരെ നിയമപരമായി നീങ്ങണമെന്നണ്. ബിബിസി തുടർച്ചയായി ഇന്ത്യ വിരുദ്ധ വാർത്തകൾ നൽകുകയും ഒടുവിൽ ക്ഷമാപണം നടത്തിയതിന്റെ വാർത്ത പ്രസിദ്ധീകരിച്ച ഓപ് ഇന്ത്യ എന്ന വെബ് പോർട്ടൽ നൽകിയ വാർത്തയുമായി വീണ്ടും ഗ്രൂപ് സജീവമായി. ഇക്കാര്യത്തിൽ ബിബിസി അജണ്ട നിശ്ചയിച്ചാണ് വാർത്ത തുടർച്ചയായി നൽകുന്നതെന്ന് സട്ടനിൽ ഉള്ള ആർകെയും ഉദാഹരണ സഹിതം വ്യക്തമാക്കി. ഭാരതത്തിലെ നിയമ വ്യവസ്ഥയെ മാനിക്കാതെയാണ് ബിബിസി വാർത്തകളിൽ നിലപാട് സ്വീകരിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ ഇന്നലെ പ്രധാന സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്തത് ബിബിസിയുടെ രഹ്ന ഫാത്തിമ അറസ്റ്റ് വാർത്തയാണ്.

ബിബിസിയുടെ ഫേസ്‌ബുക്ക് പേജിൽ വിവാദം കൊഴുത്തപ്പോൾ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദവും ഓരോ കമന്റിനും നേരെ ഉണ്ടായി. നൂറു കണക്കിന് തുടർ കമന്റുകൾ പല കമന്റുകളിലും പ്രത്യക്ഷപ്പെട്ടു. ബിബിസിയെ തിരുത്താൻ രഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ഇന്ത്യൻ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് ആയിരുന്നു ശരിയെന്നു തെളിയിക്കാൻ ദി ഹിന്ദു അടക്കമുള്ള പത്രങ്ങളുടെ വാർത്തകളുടെ ലിങ്കും പ്രത്യക്ഷപ്പെട്ടു. ഇതോടെ ലോകത്തിന്റെ പലഭാഗത്തുനിന്നുമായി അനേകം മലയാളികളും വിശദീകരണവുമായി ബിബിസിയുടെ ഫേസ്‌ബുക്കിൽ എത്തി.

വാർത്ത പുറത്തു വന്നു രണ്ടു ദിവസമായിട്ടും ചർച്ചകളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. മറ്റു മതവിശ്വാസങ്ങളിൽ ഉള്ളവർ പോലും ബിബിസി വാർത്ത അബദ്ധജടിലമാണെന്നു ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP