Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലാസിലെ നുരയും പതയും കേസിൽ കുടുങ്ങിയപ്പോൾ ചർച്ചകളിലെ താരമായി; വിൽക്കാൻ ശ്രമിച്ചത് ആൽക്കഹോൾ ഇല്ലെന്ന് അവകാശപ്പെട്ട ഒരു വർഷത്തോളം പഴക്കമുള്ള വൈനും; ടെക്കിയെ കടുക്കി വൈനിന്റെ അനധികൃത നിർമ്മാണവും വിൽപ്പനയും നിയമ ലംഘനമെന്ന് വിശദീകരിക്കാൻ എക്‌സൈസ്; ഒളിവിൽ പോയ ലിൻഡ ഗിൽബർട്ട് ഊരാക്കുടുക്കിൽ തന്നെ

ഗ്ലാസിലെ നുരയും പതയും കേസിൽ കുടുങ്ങിയപ്പോൾ ചർച്ചകളിലെ താരമായി; വിൽക്കാൻ ശ്രമിച്ചത് ആൽക്കഹോൾ ഇല്ലെന്ന് അവകാശപ്പെട്ട ഒരു വർഷത്തോളം പഴക്കമുള്ള വൈനും; ടെക്കിയെ കടുക്കി വൈനിന്റെ അനധികൃത നിർമ്മാണവും വിൽപ്പനയും നിയമ ലംഘനമെന്ന് വിശദീകരിക്കാൻ എക്‌സൈസ്; ഒളിവിൽ പോയ ലിൻഡ ഗിൽബർട്ട് ഊരാക്കുടുക്കിൽ തന്നെ

ആർ പീയൂഷ്

തിരുവനന്തപുരം: കേക്കും വൈനുമില്ലാതെ എന്ത് ആഘോഷണാണ് ക്രിസ്തുമസിനും പുതുവർഷത്തിനും. എന്നാൽ ഇക്കൊല്ലം വൈൻ കിട്ടാൻ വലിയ ബുദ്ധിമുട്ട് തന്നെയാണ്. കാരണം വൈൻ വിൽപ്പന തടയാൻ എക്സൈസ് സംഘം അരയും തസയും മുറുക്കി രംഗത്തുണ്ട്. കാരണം വൈൻ വിൽപ്പന നടത്താൻ സംസ്ഥാന സർക്കാരിന്റെ അംഗീകൃത വിതരണക്കാർക്കും മാത്രമാണ് അവകാശമുള്ളത്. അതായത് ബേക്കറികളിലും ഷോപ്പിങ് മാളുകളിലും വൈൻ വിൽപ്പന നടത്താൻ യാതൊരു അംഗീകാരവുമില്ല. അതിനാൽ എക്സൈസ് സംഘം ഈ വിവരം അറിഞ്ഞാൽ വിൽപ്പന നടത്തുന്നവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്താക്കാൻ കഴിയും. അതുപോലെ തന്നെ സോഷ്യൽ മീഡിയ വഴി മദ്യത്തിന്റെയും വൈനിന്റെയും പരസ്യം കടുത്ത ശിക്ഷ കിട്ടുന്ന വകുപ്പാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനി കുമാർ മറുനാടൻ മലയാളിയോട് പങ്കു വച്ചു.

വൈൻ എന്നാൽ അനധികൃത മദ്യമാണ്. ഇത് ഉണ്ടാക്കുന്നതും വിൽപ്പന നടത്തുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വർഷം തടവു ലഭിക്കുന്ന കുറ്റകൃത്യമാണ്. പലരും നിയമത്തിന്റെ അജ്ഞതകൊണ്ട് മുന്തിരി വാങ്ങി കറുകപ്പട്ട ഉൾപ്പെടെ ലഹരിക്കുപയോഗിക്കുന്ന വസ്തുക്കൾ ചേർത്താണ് വൈൻ നിർമ്മാണം. ഒരു വർഷക്കാലം പുളിപ്പിച്ചാണ് വൈൻ ഉൽപാദനം. അതുകൊണ്ട് അത്രത്തോളം വീര്യം അതിനുണ്ടാവും. ഇത്തരത്തിലുള്ള വൈൻ നിർമ്മാണം ക്രിസ്തുമസ് ന്യൂ ഇയർ വേളകളിൽ നടക്കാൻ സാധ്യതയുണ്ട്. അബ്കാരി ആക്ടിലെ സെക്ഷൻ 58 ഉൾപ്പെടയുള്ള വകുപ്പ് ചുമത്തുന്ന കുറ്റമാണ്. കേരളത്തിൽ വ്യാപകമായി ബേക്കറികളിലും മാളുകളിലും മറ്റും വൈൻ വിൽപ്പന നടക്കുന്നുണ്ട്. എന്നാൽ അവർക്കൊന്നും വൈൻ വിൽപ്പന നടത്താനോ നിർമ്മിക്കുവാനോ ഉള്ള അനുവാദം ഇല്ല.

കേരളത്തിൽ ക്രിസ്ത്യൻ സഭകൾക്കല്ലാതെ മറ്റാർക്കും വൈൻ നിർമ്മിക്കാനുള്ള ലൈസൻസ് എക്സൈസ് നൽകിയിട്ടില്ല. ആരാധനയ്ക്ക് വേണ്ടിയുള്ള മാസ് വൈൻ ലൈസൻസാണ് സഭകൾക്ക് നൽകിയിട്ടുള്ളത്. അരിഷ്ടാസവങ്ങൾ നിർമ്മിക്കാൻ പോലും നൽകിയിരിക്കുന്നത് ചികിത്സയുടെ ഭാഗമായിട്ട് നിർമ്മിക്കാനുള്ള ലൈസൻസാണ് നൽകിയിരിക്കുന്നത്. അതിന്റെ മറവിലും ചിലർ വൈൻ നിർമ്മിക്കാനുള്ള സാധ്യതയുണ്ട്. ദഹനപ്രക്രിയക്ക് വേണ്ടിയുള്ള മരുന്ന് എന്നരീതിയിലും മറ്റുമാണ് പലരും വൈൻ നിർമ്മിക്കുന്നത്. യാതൊരുവിധ സുരക്ഷാ മാനദൺങ്ങളും പാലിക്കാതെയാണ് ഇവയൊക്കെ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ അപകടമുണ്ടാക്കാനുള്ള സാധ്യത വളരെയേറെ കൂടുതലാണ്. ഇതിനെതിരെ അന്വേഷിച്ച് കർശന നടപടി എടുക്കാൻ സർക്കാരും എക്സൈസ് കമ്മീഷ്ണറും എക്സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈനിനെപറ്റിയും അതിന്റെ നിർമ്മാണത്തെപറ്റിയും അബ്കാരി ആക്റ്റിൽ പ്രത്യേകമായി നിർവ്വചിച്ചിട്ടുണ്ട്. അത് പ്രകാരം നിർമ്മിക്കുന്ന വൈനുകൾക്ക് കേരളത്തിൽ ലൈസൻസ് ആർക്കും നൽകിയിട്ടില്ല. സഭകൾക്ക് നൽകിയിരിക്കുന്ന മാസ് വൈൻ ലൈസൻസിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട് അത് പുറത്തുകൊടുക്കരുത് എന്ന്. ആരാധനകളുടെ ഭാഗമായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. കേരളത്തിൽ വേറെ വൈനറികളില്ല. കേരളത്തിൽ വരുന്ന വൈനുകൾ ഇതര സംസ്ഥാനങ്ങളിൽ നിർമ്മിക്കുന്നവയാണ്. അതാണ് കെഎസ്ബിസി വഴി സർക്കാർ വിൽക്കുന്നത്. നിയമപരമായ നികുതി അടച്ചും സുരക്ഷാ ലേബലുകൾ പതിപ്പിച്ചും വളരെ കർശനമായ വ്യവസ്ഥകൾ പാലിച്ചുമാണ് അത്തരം വൈനുകൾ കേരളത്തിലേക്ക് എത്തുന്നത്.

ലാബിലെ പരിശോദനയിൽ കൃത്യമായ ആൽക്കഹോളിന്റെ അളവ് സർക്കാർ നിർദ്ധേശിച്ചിരിക്കുന്ന അളവിൽ തന്നെയെന്ന് ഉറപ്പ് വരുത്തണം. അങ്ങനെയുള്ള ഗുണമേന്മയുള്ള വൈനുകളാണ് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തുന്നതും. ഇപ്പോൾ പുറത്ത് വിൽപ്പന ചെയ്യുന്നതെല്ലാം അനധികൃതമാണ്. ചിലർ പറയുന്നത് നോൺ ആൽക്കഹോളിക് ആണ് വൈൻ അതുകൊണ്ട് എന്ത് കുഴപ്പമാണ് ഉള്ളത് എന്ന്. അങ്ങനെയെങ്കിൽ വൈൻ എന്ന് പറഞ്ഞ് വിൽപ്പന നടത്തരുത്. ഇനി അധവാ അങ്ങനെ വിൽപ്പന നടത്തിയാൽ തെറ്റിദ്ധരിപ്പിച്ചതിന് വേറെ കേസെടുക്കും. അതുകൊണ്ട് ലഹരിയുള്ള എന്ത് സാധമമാണെങ്കിലും അത് വിൽപ്പന നടത്താൻ പാടില്ല. ക്രിസ്തുമസ് ന്യൂ ഇയർ വിൽപ്പനയ്ക്ക് ബേക്കറികളിൽ വൈൻ വരാനുള്ള സാധ്യതയുള്ളതിനാൽ കർശന പരിശോദന നടത്തുമെന്നും തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാർ മറുനാടനോട് പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് ക്രിസ്തുമസ്/പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനം, വിതരണം, കടത്ത്, മയക്കുമരുന്നുകളുടെ കടത്ത്, വിൽപ്പന, ഉൽപ്പാദനം എന്നിവ തടയുന്നതിന് ജില്ലാ ആസ്ഥാനത്തും താലൂക്ക് ആസ്ഥാനങ്ങളിലും എക്സൈസ് പ്രത്യേക പരിശോദന നടത്തും. ബാർ ഹോട്ടലുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്,വ്യാജമദ്യം,മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിങ് യൂണിറ്റ് ഏർപ്പെടുത്തി നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ജനുവരി അഞ്ചുവരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. വ്യാജമദ്യ ഉൽപാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ,അരിഷ്ടം നിർമ്മാണം, വിതരണം, ബേക്കറികൾ,മറ്റ് സ്ഥാപനങ്ങൾ വഴിയുള്ള അനധികൃത വൈൻ വിൽപ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങളെ സംബന്ധിച്ചും മയക്കുമരുന്നുകളുടെ വിൽപന സംബന്ധിച്ചും വിവരങ്ങൾ കൺട്രോൾ റൂമുകളിലും മറ്റ് ഉന്നത ഉദ്യോഗസ്ഥന്മാരേയും അറിയിക്കണം. ക്രിസ്തുമസിനോടനുബന്ധിച്ച് അനധികൃതമായി വൈൻ നിർമ്മിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാൻ പാടില്ലെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

ഫെയ്സ് ബുക്ക് വഴി വൈൻ വിൽപ്പന നടത്തിയ ടെക്കിയുടെ വീട്ടിൽ നിന്നും എക്സൈസ് സംഘം 70 ലിറ്റർ വൈൻ പിടികൂടിയിരുന്നു, മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് എക്സൈസ് നടപടി നേരിടുന്ന 'ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജി.എൻ.പി.സി.) എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയുടെ അഡ്‌മിന്മാരിൽ ഒരാളായ ടെക്നോപാർക്ക് ജീവനക്കാരി തൈക്കാട് ലെനിൻ നഗർ വിശാഖം ഹൗസിൽ ലിൻഡ ഗിൽഫ്രഡിന്റെ വീട്ടിൽനിന്നാണ് 106 കുപ്പികളിൽ സൂക്ഷിച്ചിരുന്ന 70 ലിറ്റർ വൈൻ കണ്ടെടുത്തത്. വീട്ടുടമയും ലിൻഡയുടെ അച്ഛനുമായ മൈക്കിൾ ഗിൽഫ്രഡിനെ അനധികൃതമായി വൈൻ സൂക്ഷിച്ചതിന് എക്സൈസ് സംഘം അറസ്റ്റുചെയ്തു റിമാൻഡ് ചെയ്തു. ലിൻഡ ഒളിവിലാണ്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വൈൻ വിൽപ്പന അനധികൃതമാണെന്ന് എക്‌സൈസ് വിശദീകരിക്കുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ലിൻഡ അനന്തപുരി രുചിക്കൂട്ടായ്മ എന്ന ഫേസ്‌ബുക്ക ഗ്രൂപ്പിൽ വൈൻ വിൽപ്പനയ്ക്ക് എന്ന പരസ്യം ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. വൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർ പോസ്റ്റിൽ നൽകിയിരിക്കുന്ന വാട്ട്സാപ്പ് നമ്പരിൽ ബന്ധപ്പെടണമെന്നും പറഞ്ഞിരുന്നു. ഒരു വർഷമായി നിർമ്മിച്ചു സൂക്ഷിച്ചതാണെന്നും വീര്യമുള്ളതാണെന്നും ആവശ്യക്കാർ വീട്ടിലെത്തിയാൽ നൽകാമെന്നും അറിയിച്ചു. ഇതനുസരിച്ച് എത്തിയവരിൽനിന്ന് ഒരു കുപ്പിക്ക് 350 രൂപ ഈടാക്കി വിൽക്കുകയും ചെയ്തു. വൈനിൽ ആൽക്കഹോൾ ഉണ്ടോ എന്ന് കമന്റ് ചെയ്തപ്പോൾ ഒരു വർഷത്തോളം പഴക്കമുള്ളതാണ് എന്നും ഇതിൽ ആൽക്കഹോൾ കലർത്തിയിട്ടില്ല എന്നും പറഞ്ഞിട്ടുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് തിരുവനന്തപുരം സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാർ സംഭവത്തെ പറ്റി അന്വേഷിക്കുകയും കേസെടുക്കുകയുമായിരുന്നു.

ജി.എൻ.പി.സി.ക്കെതിരെ എക്സൈസ് കേസെടുത്തപ്പോൾ ഫെയ്‌സ് ബുക്ക് കൂട്ടായ്മയെ ന്യായീകരിച്ച് ചാനൽ ചർച്ചകളിൽ രംഗത്തെത്തിയത് ലിൻഡയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈൻ നിർമ്മിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്. പള്ളികളിൽ വൈൻ സൂക്ഷിക്കുമ്പോൾ പോലും പ്രത്യേക അനുമതി ആവശ്യമാണ്. എക്സൈസ് നടപടികളെത്തുടർന്ന് ജി.എൻ.പി.സി. വഴിയുള്ള വൈൻ വിപണന സാധ്യത തടസ്സപ്പെട്ടപ്പോൾ ലിൻഡ മറ്റൊരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. 'അനന്തപുരി രുചിക്കൂട്ടായ്മ' എന്ന പേരിലാണ് പുതിയ അക്കൗണ്ട്. ഇതിലാണ് വൈൻ വില്പനയുടെ പരസ്യം വന്നത്. ഇത് ലിൻഡ മൊബൈൽ ഫോൺ വഴിയാണ് ചെയ്തതെന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ എക്സൈസ് കണ്ടെത്തി. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP