Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റയടിക്ക് ഇരട്ടപ്രമോഷൻ കിട്ടിയപ്പോൾ ജീവനക്കാർക്ക് കോളടിച്ചെങ്കിലും ഖജനാവിൽ നിന്ന് ചോരുന്നത് കോടികൾ; സുപ്രീംകോടതിയിലെ കേസുകൾ പിൻവലിച്ച് സ്വയം തോറ്റ് പിണറായി സർക്കാർ; ഖാദി ബോർഡിന്റെയും യൂണിയനുകളുടെയും വഴിവിട്ട നീക്കത്തിന് കൂട്ടുനിന്നപ്പോൾ പുലിവാല് പിടിച്ചത് വ്യവസായ വകുപ്പ്; 54 ഉദ്യോഗസ്ഥർക്ക് ഹയർ ഗ്രേഡ് നൽകിയതിനെതിരെ ഇനി കേസുകൊടുത്താൽ കോടതിയിൽ നിന്ന് കൊട്ടുകിട്ടുമോയെന്നും സംശയം

ഒറ്റയടിക്ക്  ഇരട്ടപ്രമോഷൻ കിട്ടിയപ്പോൾ ജീവനക്കാർക്ക് കോളടിച്ചെങ്കിലും ഖജനാവിൽ നിന്ന് ചോരുന്നത് കോടികൾ; സുപ്രീംകോടതിയിലെ കേസുകൾ പിൻവലിച്ച് സ്വയം തോറ്റ് പിണറായി സർക്കാർ; ഖാദി ബോർഡിന്റെയും യൂണിയനുകളുടെയും വഴിവിട്ട നീക്കത്തിന് കൂട്ടുനിന്നപ്പോൾ പുലിവാല് പിടിച്ചത് വ്യവസായ വകുപ്പ്; 54 ഉദ്യോഗസ്ഥർക്ക് ഹയർ ഗ്രേഡ് നൽകിയതിനെതിരെ ഇനി കേസുകൊടുത്താൽ കോടതിയിൽ നിന്ന് കൊട്ടുകിട്ടുമോയെന്നും സംശയം

എം മനോജ്കുമാർ

തിരുവനന്തപുരം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ വഴിവിട്ട നീക്കത്തിനു കൂട്ടുനിന്ന വ്യവസായ വകുപ്പ് പ്രതിസന്ധി മറികടക്കാൻ കഴിയാതെ കുഴയുന്നു. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ ഖാദി ബോർഡിന്റെ നിയമവിരുദ്ധ നടപടിയാണ് ഇപ്പോൾ വ്യവസായ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നത്. ഖാദി ബോർഡിനെ വിശ്വാസത്തിൽ എടുത്താണ് ഈ കാര്യത്തിൽ സുപ്രീംകോടതിയിൽ നിലനിന്ന മൂന്നു കേസുകളും സർക്കാർ പിൻവലിച്ചത്. നടപടി തെറ്റാണ് എന്ന് ഇപ്പോൾ വ്യവസായ വകുപ്പിന് മനസിലായെങ്കിലും ഈ കത്രിക പൂട്ടിൽ നിന്നും വ്യവസായ വകുപ്പിന് രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. 'ഈ സർക്കാരിന്റെ കാലത്താണ് ഈ നടപടി വന്നതെങ്കിലും അന്ന് വ്യവസായ വകുപ്പിൽ ഇ.പി.ജയരാജൻ ആയിരുന്നില്ല. എ.സി.മൊയ്തീൻ ആയിരുന്നു മന്ത്രി. മറുനാടൻ മലയാളിയിൽ വാർത്ത വന്നശേഷം ഫയലുകൾ വരുത്തി പരിശോധിച്ചിരുന്നു'-വ്യവസായമന്ത്രി ഇ.പി.ജയരാജന്റെ പ്രൈവറ് സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ മറുനാടനോട് പ്രതികരിച്ചു.

ഖാദി ഡയറക്ടർ ബോർഡ് ഈ കാര്യത്തിൽ വിശദമായ ഒരു നോട്ട് അന്നത്തെ മന്ത്രി എ.സി.മൊയ്തീന് നൽകിയിരുന്നു. ഡയറക്ടർ ബോർഡ് തീരുമാനത്തെ വിശ്വാസത്തിൽ എടുത്ത്, ഈ നോട്ട് പ്രകാരമാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിച്ചത്. സുപ്രീംകോടതിയിൽ നിന്നും കേസുകൾ പിൻവലിച്ച സ്ഥിതിക്ക് ഈ കേസുകൾ രണ്ടാമതും പ്രസന്റ് ചെയ്യാൻ പ്രയാസമുണ്ട്. ഈ കാര്യത്തിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്-പ്രകാശൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ നടപടി വഴി കോടിക്കണക്കിനു രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിന് ഇപ്പോൾ വന്നിരിക്കുന്നത്. കേസ് പിൻവലിച്ചതോടെ, ശമ്പളയിനത്തിൽ ഇവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും സർക്കാർ ഇവർക്ക് നല്കേണ്ടി വരും. യൂണിയൻ നേതൃത്വവും ഖാദി ബോർഡും ഒത്തുകളി നടത്തിയാണ് സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾ പിൻവലിക്കാനുള്ള തീരുമാനവുമായി സർക്കാരിനെ സമീപിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നടപടി തെറ്റാണ് എന്ന് സർക്കാരിന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് ഹയർഗ്രെഡ് നൽകിയ നടപടി സർക്കാർ തടഞ്ഞത്. ഇതിനെതിരെ ജീവനക്കാർ കോടതിയിൽ പോയപ്പോൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ പൊരുതിയിരുന്നു.

ഇങ്ങിനെ ഒരു കീഴ് വഴക്കം വന്നാൽ അത് സർക്കാർ സർവീസിനെ ദോഷകരമായി ബാധിക്കും എന്ന് മനസിലാക്കിയാണ് സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജികൾ ഫയൽ ചെയ്തിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും ജീവനക്കാർക്കായിരുന്നു വിജയം. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ കഴിഞ്ഞ സർക്കാർ ഒരു കേസ് നല്കിയപ്പോൾ ഇപ്പോൾ അധികാരത്തിലിരുന്ന ഇടത് സർക്കാർ ഒപ്പം രണ്ടു കേസുകൾ കൂടി നൽകിയത്. ഈ കേസുകളാണ് ഒറ്റയടിക്ക് സർക്കാർ പിൻവലിച്ചത്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകിയ നിയമവിരുദ്ധ നടപടിയാണ് കേസ് പിൻവലിച്ചതോടെ നിയമവിധേയമാക്കി മാറ്റിയത്. ഒറ്റയടിക്ക് ഇരട്ട പ്രമോഷൻ ആണ് ഇവർക്ക് ലഭിച്ചിരിക്കുന്നത്. മന്ത്രി കെ.ടി.ജലീൽ അനധികൃതമായി ഒരു നിയമനമാണ് നടത്തിയതെങ്കിലും ഖാദി ബോർഡ് ഒറ്റയടിക്ക് 54 ഓളം ജീവനക്കാർക്കാണ് ശമ്പളയിനത്തിൽ കോടികളുടെ ലാഭമുണ്ടാക്കി നൽകിയത്.

പ്രളയത്തിൽ സർക്കാർ തകർന്നടിഞ്ഞു നിൽക്കുമ്പോഴാണ് നിയമവിരുദ്ധ നടപടികൾക്ക് ഒത്താശ നൽകി കോടികൾ സ്വന്തം മടിശീലയിൽ നിന്നും നിന്ന് സർക്കാർ ചോർത്തിക്കളയുന്നത്. സുപ്രീം കോടതിയിലെ കേസ് പിൻവലിച്ച് ജീവനക്കാർക്ക് ഒത്താശ നൽകിയത് സർക്കാർ തന്നെയാണെന്ന് വരുമ്പോഴാണ് കേരള ഭരണത്തിൽ എന്താണ് നടക്കുന്നത് എന്നതിന്റെ ഏകദേശ ചിത്രം വെളിവാകുന്നത്. നിയമവിരുദ്ധ പ്രമോഷൻ നിയമവിധേയമാക്കുന്നതിലൂടെ കോടികളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായിരിക്കുന്നത്. ഖാദി ബോർഡ് ജീവനക്കാർക്ക് നിയമവിരുദ്ധ ശമ്പളവും പ്രമോഷനും നൽകിയതിനെ തുടർന്ന് ഞെട്ടിയ സർക്കാർ തന്നെയാണ് ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസുകൾ നൽകിയത്. ആ കേസുകൾ ആണ് ഒറ്റയടിക്ക് പിൻവലിച്ചത്. രണ്ടു പതിറ്റാണ്ടായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിലനിൽക്കുന്ന കേസ് ആണ് സർക്കാർ ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്. ഖാദി ബോർഡിൽ ഹെഡ് ക്ലാർക്ക് എന്ന പോസ്റ്റ് ഇല്ല. യുഡിസി മൂത്താൽ ഹെഡ് ക്ലാർക്കിന്റെ ഇൻക്രിമെന്റ് നൽകാം. അതിനു ഹെഡ് ക്ലാർക്കിന്റെ പോസ്റ്റ് വേണമെന്നില്ല. ഹെഡ് ക്ലാർക്ക് മൂത്താൽ പ്രമോഷൻ നൽകുന്ന പോസ്റ്റ് ആണ് ജൂനിയർ സുപ്രണ്ട്. ഹെഡ് ക്ലാർക്ക് പോസ്റ്റ് ഇല്ലാ എന്ന് പറഞ്ഞാൽ ജൂനിയർ സൂപ്രണ്ടിന്റെ സാലറിയോ പോസ്റ്റോ നൽകാൻ സർവീസ് റൂളിൽ വകുപ്പില്ല.

ടൈം ബൗണ്ട് ഹയർ ഗ്രേഡ് സ്‌കീമിൽ ഇങ്ങിനെ തസ്തികയോ ശമ്പളമോ നൽകാൻ കഴിയില്ലാ എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നിട്ടും രണ്ടു പതിറ്റാണ്ടുമുൻപ് യൂണിയനുകളുമായി ഒത്തുകളി വഴി ഖാദിബോർഡ് നടപ്പാക്കിയതാണ് ഈ നിയമവിരുദ്ധ പ്രമോഷനും സാലറിയും. അന്ന് യുഡി ക്ലാർക്കിന്റെ സ്‌കെയിൽ തുടങ്ങുന്നത് 4000 രൂപയിലാണ്. ഹെഡ് ക്ലാർക്കിന്റെ സ്‌കെയിൽ തുടങ്ങുന്നത് 4600 രൂപയിലാണ്. ജൂനിയർ സൂപ്രണ്ടിന്റെ സ്‌കെയിൽ തുടങ്ങുന്നത് 5500 രൂപയിലാണ്. ബേസിക് സാലറിയാണ് ഇതെന്ന് ഓർക്കണം. ആ കാലത്ത് ജീവനക്കാർക്ക് ബേസിക് പേയിൽ വന്ന വ്യത്യാസം തന്നെ 1 500 രൂപയാണ്. 1998-2000 ലാണ് ഈ അനധികൃത പ്രമോഷൻ പ്രശ്നം തുടങ്ങുന്നത് എന്ന് ഓർക്കേണ്ടതുമുണ്ട്. അതിനു ശേഷം പേ റിവിഷൻ മൂന്നു തവണ മാറി. 2007 ൽ പേ റിവിഷൻ വന്നു. 2011 ൽ പേ റിവിഷൻ വന്നു. 2014 ൽ പേ റിവിഷൻ വേറെ വന്നു. കോടികളുടെ നഷ്ടം സർക്കാരിന് ശമ്പളയിനത്തിലും പെൻഷൻ ഇനത്തിലും സർക്കാരിന് വന്നു കഴിയുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ശമ്പളം, റിട്ടയർമെന്റ്, അതിനുശേഷമുള്ള ഫാമിലി പെൻഷൻ തുടങ്ങി എല്ലാ കാര്യത്തിലും വർധന വരുന്ന കാര്യമാണിത്. ഇതൊന്നും കണക്കിലെടുക്കാതെയാണ് ഇപ്പോൾ കേസ് പിൻവലിച്ചിട്ടുള്ളത്. 37 ഓളം പേർക്കാണ് അന്ന് നിയമവിരുദ്ധ പ്രമോഷൻ നല്കിയതെങ്കിലും 54 പേരോളമാണ് ഇതിന്റെ ഗുണഭോക്താക്കൾ. സർക്കാർ സെക്രട്ടറിതന്നെയാണ് ഈ നിയമവിരുദ്ധ പ്രമോഷൻ കണ്ടുപിടിച്ച് സർക്കാരിന് റിപ്പോർട്ടു നൽകുന്നത്, 2010-ലെ ഓഡിറ്റ് എൻക്വയറി റിപ്പോര്ട്ടിലും ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. 35 പേർക്ക് ഇങ്ങിനെ നിയമവിരുദ്ധ ഗ്രേഡ് നൽകിയതോടെ സർക്കാരിന് 47,62,271 ലക്ഷം രൂപ നഷ്ടം വന്നതാണ് ഓഡിറ്റ് എൻക്വയറി റിപ്പോർട്ടിൽ പറയുന്നത്. അധികമായി നൽകിയ തുക ശമ്പളത്തിൽ നിന്ന് തിരിച്ചു പിടിക്കാനും സെക്രട്ടറി സർക്കാരിന് റിപ്പോർട് നൽകിയിരുന്നു. ഹയർ ഗ്രേഡ് നല്കിയത് പുനഃക്രമീകരിക്കാൻ സർക്കാർ ഉത്തരവ് നൽകിയപ്പോഴാണ് ഇതിനെതിരെ ജീവനക്കാർ ഹൈക്കോടതിയിൽ പോയത്. ഇതോടെ ഈ സംഭവം കേസ് ആയി മാറുകയും ചെയ്തു.

ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സർക്കാർ നടപടി റദ്ദാക്കിയിരുന്നു. കേസ് തോറ്റതിന് പിന്നിൽ അന്ന് ലോ ഓഫീസർ ആയിരുന്ന ഉദ്യോഗസ്ഥനും പങ്കുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു. കാരണം ആ ഉദ്യോഗസ്ഥനും ഈ ഖാദി ബോർഡ് നടപടിയുടെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു എന്നായിരുന്നു അറിയാൻ കഴിഞ്ഞത്. ക്രമക്കേട് അന്വേഷിച്ച ഫിനാൻസ് ഇൻസ്‌പെക്ഷൻ വിംഗും ഖാദി ബോർഡ് അധികൃതരുടെ നടപടി തെറ്റാണ് എന്ന് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയിൽ ജീവനക്കാർ ഹർജി ഫയൽ ചെയ്തപ്പോൾ തന്നെ എന്തുകൊണ്ട് ഇത്തരം സംഭവം ഖാദി ബോർഡിൽ നടന്നു എന്ന് വ്യക്തമാക്കാൻ സർക്കാർ അന്വേഷണത്തിനു 2013 -ൽ തന്നെ ഉത്തരവിട്ടിരുന്നു.

നടപടികളിലുള്ള ക്രമക്കേട് വ്യക്തമായതിനെ തുടർന്നാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സർക്കാർ ഉത്തരവ് റദ്ദാക്കിയതോടെ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഖാദി ബോർഡ് നടപടി തെറ്റാണ് എന്ന് വ്യക്തമായതുകൊണ്ടാണ് ഹൈക്കോടതിയിലും ഒടുവിൽ സുപ്രീം കോടതിയിലും സർക്കാർ ഹർജിയുമായി പോയത്. ഈ ഹർജിയാണ് ഒത്തുകളി വഴി സർക്കാർ പിൻവലിച്ചിരിക്കുന്നത്. വഴിവിട്ട ആനുകൂല്യത്തിന് അർഹരായ ജീവനക്കാർ താത്കാലികമായെങ്കിലും സന്തോഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ടു വ്യവസായ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയുടെ ആഴം മനസിലാകുന്നതുകൊണ്ടാണ് ഇവർ ആശ്വാസം കൊള്ളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP