Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേരിയബിൾ റേറ്റ് കുറച്ച് അൾസ്റ്റർ ബാങ്ക്; എതിരാളികൾക്ക് ഭീഷണി ഉയർത്തി വിപണിയിലെ ഏറ്റവും കുറവ് ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജും ഉടനെത്തും; പുതിയ കസ്റ്റമേഴ്‌സിനും നിലവിലുള്ള ഉപയോക്താക്കൾക്കും ബാധകം

വേരിയബിൾ റേറ്റ് കുറച്ച് അൾസ്റ്റർ ബാങ്ക്; എതിരാളികൾക്ക് ഭീഷണി ഉയർത്തി വിപണിയിലെ ഏറ്റവും കുറവ് ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജും ഉടനെത്തും; പുതിയ കസ്റ്റമേഴ്‌സിനും നിലവിലുള്ള ഉപയോക്താക്കൾക്കും ബാധകം

ഡബ്ലിൻ: നിലവിലുള്ള വേരിയബിൾ മോർട്ട്‌ഗേജുകളുടെ റേറ്റ് അൾസ്റ്റർ ബാങ്ക് കുറച്ചു. പുതുതായി മോർട്ട്‌ഗേജ് എടുക്കുന്നവർക്കും നിലവിലുള്ള ഉപയോക്താക്കൾക്കും റേറ്റിൽ കുറവ് അനുഭവിക്കാൻ സാധിക്കുമെന്ന് ബാങ്ക് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം പുതിയ ഫിക്‌സഡ് റേറ്റിലുള്ള മോർട്ട്‌ഗേജുകളും ബാങ്ക് ഉടൻ തന്നെ വിപണിയിലെത്തിക്കും. വിപണിയിൽ നിലനിൽക്കുന്നതിനെക്കാൾ റേറ്റ് കുറഞ്ഞവയായിരിക്കും ഇതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.  

തുടക്കക്കാർക്ക് ഹോം ലോൺ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്ക് പുതിയ ലെൻഡിങ് നിർദേശങ്ങൾ പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അൾസ്റ്റർ ബാങ്ക് പുതിയ മോർട്ട്‌ഗേജ് നയം വ്യക്തമാക്കിയിരിക്കുന്നത്. അൾസ്റ്റർ ബാങ്ക് റേറ്റുകൾ വെട്ടിച്ചുരുക്കിയത് മറ്റു ബാങ്കുകളേയും റേറ്റുകൾ കുറയ്ക്കാൻ നിർബന്ധിതരാക്കും. അടുത്തിടെ റേറ്റുകളിൽ മിക്ക ബാങ്കുകളും കുറവ് വരുത്തിയിരുന്നു. 19 അംഗ യൂറോ സോണിൽ അയർലണ്ടിലെ മോർട്ട്‌ഗേജ് നിരക്കുകൾ ഇപ്പോഴും ഉയർന്നു തന്നെയാണ് നിൽക്കുന്നത്.

ഏതാനും മാസങ്ങൾക്കു മുമ്പ് ബാങ്ക് ഓഫ് അയർലണ്ടും പെർമനന്റ് ടിഎസ്ബിയും കെബിസി ബാങ്കും അവരുടെ വേരിയബിൾ റേറ്റിൽ കുറവു വരുത്തിയിരുന്നെങ്കിലും അത് പുതിയ ഉപയോക്താക്കൾക്കും വേരിയബിൾ റേറ്റ് മോർട്ട്‌ഗേജിലേക്ക് മാറുന്നവർക്കും മാത്രമുള്ളതായിരുന്നു. അതിൽ നിന്നും തികച്ചും വിഭിന്നമായാണ് ഇപ്പോൾ അൾസ്റ്റർ ബാങ്ക് അവരുടെ വേരിയബിൾ റേറ്റിൽ കുറവു വരുത്തിയിരിക്കുന്നത്. പുതിയ ഉപയോക്താക്കൾക്കെന്ന പോലെ തന്നെ നിലവിലുള്ള കസ്റ്റമേഴ്‌സിനും ഇതു ബാധകമായിരിക്കും എന്നതാണ് പ്രത്യേകത. ക്രിസ്മസിനു മുമ്പു തന്നെ എഐബിയും ഇഎസ്ബിയും പുതിയ ഉപയോക്താക്കൾക്കും നിലവിലുള്ള ഉപയോക്താക്കൾക്കുമുള്ള റേറ്റുകൾ കുറച്ചിരുന്നു.

അൾസ്റ്റർ ബാങ്കിന്റെ സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് 0.2 ശതമാനം കുറച്ച് 4.3 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. 250,000 യൂറോ മോർട്ട്‌ഗേജുള്ള ഒരു കുടുംബത്തിന് ഇതോടെ വർഷം 350 യൂറോയുടെ ലാഭമുണ്ടാകും. ഇത് ഇപ്പോൾ വിപണിയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് പറയപ്പെടുന്നത്. രണ്ടു വർഷം കൂടിയാണ് ഇപ്പോൾ അൾസ്റ്റർ ബാങ്ക് വേരിയബിൾ റേറ്റിൽ കുറവു വരുത്തുന്നത്. മാർച്ച് ആദ്യം മുതലാണ് ബാങ്കിന്റെ ആയിരക്കണക്കിനു വരുന്ന കസ്റ്റമേഴ്‌സിന് ഇതിന്റെ പ്രയോജനം ലഭ്യമായി തുടങ്ങുക. ഈ മാസം അവസാനം ഫിക്‌സഡ് റേറ്റിലും കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അൾസ്റ്റർ ബാങ്ക് റേറ്റുകൾ കുറച്ചതോടെ സ്വന്തമായി വീടു സ്വപ്‌നം കാണുന്നവർക്ക് അതു സഫലമാക്കാനുള്ള സുവർണാവസരമാണെന്നും പഴയ കസ്റ്റമേഴ്‌സിന് പണം ലാഭിക്കാനുള്ള മാർഗമാണെന്നും ബാങ്ക് വക്താവ് ജിം റയാൻ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP